ഇനിയുമീ തറവാടിൻ മുറ്റത്ത്

 

 

 

 

ദൂരെ കാണുന്നു ഒറ്റയടിപ്പാത
പാതക്കപ്പുറം പുഞ്ചപ്പാടം
പാടവരമ്പും പടിക്കെട്ടും
കടന്നെത്തിടുന്നതോ
പഴയൊരാ തറവാടിൻ മുറ്റത്ത്

പിച്ച നടന്നതും ഓടിക്കളിച്ചതും
കാൽ തട്ടി വീണപ്പോൾ തേങ്ങി കരഞ്ഞതും
ഇന്നുമീ മൺതരികൾക്കോർമയുണ്ടോ

കാച്ചെണ്ണ മണമുള്ള ‘അമ്മ തൻ
ശ്രീത്വം തുളുമ്പുമാ വദനം
കണികണ്ടുണർന്ന പുലരികളും

‘അമ്മ കൊളുത്തും നിലവിളക്കിനു
ചാരത്തിരുന്നു
നാമം ചൊല്ലിയ സന്ധ്യകളും

പൂമുഖത്തു ചാരുകസേരയിൽ ഇരുന്നച്ഛൻ
കഥ പറഞ്ഞുറക്കിയ രാവുകളും

ഇനിയെവിടെ തിരയും ഞാൻ
തിരികെ ലഭിക്കാനായ്
ഹൃദയത്തിൽ സൂക്ഷിക്കുമീ ഓർമ്മകൾ

സ്നേഹം നിറഞ്ഞോരീ തറവാടിൻ
പൂമുഖത്തിന്നൊഴിഞ്ഞൊരാ
ചാരു കസേര മാത്രം
അകത്തളങ്ങളിൽ നിറയുന്നതോ
കാച്ചെണ്ണ തൻ വാത്സല്യ-
മൂറുന്നൊരോർമകൾ മാത്രം

വേണമിനിയുമൊരു ബാല്യവും കൗമാരവും
ഈ തറവാടിൻ മുറ്റത്തു തന്നെ
അമ്മതൻ കുഞ്ഞായിരിക്കണമിനിയും
അച്ഛൻറെ വാത്സല്യം നുകർന്നിടേണം

ഇനിയുമീ ഓർമകൾക്ക് ജീവനേകാൻ
കാലചക്രമേ തിരിച്ചൊന്നു കറങ്ങിടുമോ ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here