ഇങ്ങനെയും ഒരു ക്ലൈമാക്സ്

 

 

ഇരട്ട ക്ളൈമാക്സുള്ള ചിത്രത്തിലെ ഏതു ക്ളൈമാക്സ് കാണും എന്ന ചിന്താക്കുഴപ്പത്തിൽപെട്ട പ്രേക്ഷകന്റെ അവസ്ഥലായിരുന്നു രാവിലെ മുതൽ ഞാൻ.

’ഊണിന്നാസ്ഥ കുറഞ്ഞു,നിദ്ര നിശയിങ്കൽ പോലുമില്ലാതെയായ്’’ എന്ന് പറഞ്ഞതു പോലെ ഒരു കാലിച്ചായയും കുടിച്ച് ഇരിപ്പു തുടങ്ങിയതാണ്.

മറ്റൊന്നുമല്ല കുറെ നാളായി പ്രിയതമ പറയുന്നതാണ് ഒരു ടൂർ പോകണമെന്ന്,പല ഒഴിവുകൾ പറഞ്ഞ് ഇതു വരെ ഒഴിഞ്ഞു മാറിയെങ്കിലും ഇത്തവണ അത് നടക്കുമെന്ന് തോന്നുന്നില്ല. കാരണം,കാലമിത് അവധിക്കാലം, കുട്ടികൾക്ക് മാത്രമല്ല, എനിക്കും ഒരാഴ്ച്ചയോളം അവധി.

‘’എന്തു തീരുമാനിച്ചു?’’

ഓർക്കാപ്പുറത്ത് ഒരു മിസൈൽ വീണതു പോലെ ഭാര്യയുടെ ശബ്ദം.

‘’ഞാനൊന്നാലോചിക്കട്ടെ’’ പറഞ്ഞു തീർന്നില്ല,അതിനു മുമ്പ് അവളുടെ ചോദ്യം.

’’ഇതെന്താ, ഇത്ര ആലോചിക്കാൻ, എവിടെയെങ്കിലും ബോംബിടുന്ന കാര്യം വല്ലതുമാണോ?’’

പ്രിയതമയെ സംബന്ധിച്ച് ഇതത്ര ആലോചിക്കേണ്ട കാര്യമൊന്നുമില്ല. അനന്തമജ്ഞാതമായ ചിലവുകളിൽ നിന്ന് മിച്ചം പിടിക്കുന്നതു കൊണ്ട് വേണം ടൂർ പോകാൻ.

‘’അച്ഛാ,നമുക്ക് ഊട്ടി കൊടൈക്കനാൽ വേണോ,അതോ ബാംഗ്ളൂർ മൈസൂർ മതിയോ?’’ മകന്റെ ചോദ്യം.

‘’നമുക്ക് തിരുവനന്തപുരത്തു പോയി മ്യൂസിയമൊക്കെ കണ്ട് വന്നാൽ പോരേ?’’

‘’അതു വേണ്ട,സ്ക്കൂളിൽ നിന്ന് ഇത്തവണ അങ്ങോട്ടേയ്ക്കാ പോണത്..’’

അതു ശരി, ഈശ്വരാ, ഇനി അതിനും ഞാൻ കാശുണ്ടാക്കണോ, ഈ സ്ക്കൂളുകാർക്ക് ടൂറെന്നൊക്കെ പറഞ്ഞ് ഇങ്ങനെ കറങ്ങേണ്ട കാര്യമുണ്ടോ?മര്യാദയ്ക്ക് പിള്ളേരെ പഠിപ്പിച്ചാൽ പോരെ, എന്ന് ഞാനോർത്തു.

‘’ഏതായാലും തിരുവനന്തപുരമാണെങ്കിൽ ഉടനെ നടക്കും, ഇല്ലെങ്കിൽ കുറച്ചു വൈകും..’’ ഒടുവിൽ ഞാൻ തീരുമാനം പ്രഖ്യാപിച്ചു.

അമ്മയും മക്കളും തമ്മിലുള്ള ആലോചനയ്ക്ക് ശേഷം തീരുമാനം വന്നു. തൽക്കാലം വൺഡേ ടൂറെങ്കിൽ വൺഡേ ടൂറ്, അടുത്ത ടൂറ് ഊട്ടിയിലേക്കോ ബാംഗ്ളൂരിലേക്കോ ആയിരിക്കുമെന്ന് ഞാൻ ഉറപ്പു കൊടുക്കണം… തൽക്കാലം രക്ഷപെടാനായി എന്ത് ഉറപ്പും കൊടുക്കാൻ ഞാൻ തയ്യാറായിരുന്നു.

‘’പിന്നെ,പിള്ളേരുമായി ബസ്സിൽ ഇടിച്ചു കേറി പോകാനൊന്നും പറ്റില്ല, നമുക്ക് ടാക്സിയിൽ പോകാം..’’ ഭാര്യയുടെ ആവശ്യം കേട്ട് ഞാനൊന്ന് ഞെട്ടി.

’’വൺ‍ഡേ ടൂറല്ലേ നമുക്ക് കാറിൽ തന്നെ പോകാം’’ മക്കളും പിന്തുണച്ചു. ഇനി ടാക്സി വിപത്തിൽ നിന്ന് എങ്ങനെ കര കയറും എന്ന് ആലോചിച്ചപ്പോഴാണ് സ്നേഹിതന്റെ ടാക്സി കാറിനെപ്പറ്റി ഓർമ്മ വന്നത്, ഒരു ദിവസത്തേയ്ക്ക് വണ്ടി മാത്രം വാടകയ്ക്ക് എടുക്കാം, ഞാൻ തന്നെ ഓടിച്ചാൽ ചിലവും കുറയ്ക്കാം..

അടുത്ത ദിവസം തന്നെ വിനോദയാത്രാ സംഘം യാത്ര പുറപ്പെട്ടു. രാത്രിയാണ് തലസ്ഥാനത്തെത്തിയത്.

’’ഇന്നിനി ടൂറൊന്നും നടക്കില്ല, നമുക്ക് എവിടെയെങ്കിലും റൂമെടുക്കാം’’
ഭാര്യയുടെ തീരുമാനം കേട്ടപ്പോൾ എല്ലാവർക്കും സന്തോഷം, ഹോട്ടലിലെ ബില്ല് വരും വരെ എനിക്കും സന്തോഷം.

റൂമെടുത്ത് എല്ലാവരെയും അകത്താക്കിയിട്ട് ഭക്ഷണം വാങ്ങാനായി ഞാൻ പുറത്തേക്കിറങ്ങി. തിരിച്ചു വന്നപ്പോൾ റിസപ്ഷനിലിരുന്ന ആൾ എന്നെയൊന്ന് സൂക്ഷിച്ചു നോക്കിയതായി ഒരു സംശയം.

വെറുതെ തോന്നിയതാവാം എന്ന് സമാധാനിച്ചു, അയാളുടെയടുത്ത് രണ്ട് മൂന്ന് ആജാനബാഹുക്കൾ നിൽപ്പുണ്ട്. ഒന്ന് എസ്.ഐ. ആണെന്ന് തോന്നുന്നു, എന്നെ ചൂണ്ടിയാണോ അവർ സംസാരിക്കുന്നതെന്ന് വീണ്ടും സംശയം, അതിന് ഞാൻ പിടി കിട്ടാപ്പുള്ളിയൊന്നുമല്ലല്ലോ ഇങ്ങനെ പേടിക്കാൻ… ഞാൻ സമാധാനിക്കാൻ ശ്രമിച്ചു.

അധികം കഴിഞ്ഞില്ല മുറിയിലെ ബെല്ല് ശബ്ദിച്ചപ്പോൾ ഡോർ തുറന്നു, റിസപ്ഷനിസ്റ്റാണ്.


‘’സാറേ,താഴേയ്ക്ക് ഒന്നു വരുമോ’’

‘’എന്താ പ്രശ്നം?’’ ആകാംക്ഷയോടെ ഞാൻ ചോദിച്ചു.


താഴെ ചെന്നപ്പോൾ എസ്.ഐ.പറഞ്ഞു.

‘’നിങ്ങളും വൈഫും ഒന്ന് സ്റ്റേഷൻ വരെ വരണം..’’

’’അതെന്തിനാ, ഞങ്ങൾ ടൂറ് വന്നതാ,bരാത്രിയായതു കൊണ്ട് റൂമെടുത്തതാ..’’


‘’അതെല്ലാം ഞങ്ങൾക്ക് മനസ്സിലായി,കുറെ നാളായല്ലേ ഇതു തുടങ്ങിയിട്ട്. വേലയിറക്കാതെ വൈഫിനെയും വിളിച്ചു കൊണ്ട് വന്ന് വണ്ടിയിൽ കയറ്’’

‘’ഞങ്ങൾ തട്ടിപ്പുകാരും വെട്ടിപ്പുകാരുമൊന്നുമല്ല,’’ പോക്കറ്റിൽ നിന്ന് ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും ഞാൻ എടുത്തു കൊടുത്തു.

അത് നോക്കിയിട്ട് എസ്.ഐ.ചോദിച്ചു.

‘’വണ്ടിയുടെ ബുക്കും പേപ്പറും എവിടെ?’’

ഞാൻ അത് എടുത്തു കൊണ്ടു കൊടുത്തു. അത് നോക്കിയിട്ട് പിടി കിട്ടാപ്പുള്ളിയെ കിട്ടിയ സന്തോഷത്തോടെ എസ്.ഐ.ഒന്ന് ചിരിച്ചു.

’’ഇത് തന്നെ കേസ്, വണ്ടി നിങ്ങളുടെതല്ലല്ലോ’’ ഞാൻ കാര്യമെല്ലാം പറഞ്ഞു. സംശയമുണ്ടെങ്കിൽ വിളിക്കാൻ സ്നേഹിതന്റെ നമ്പരും നൽകി.

എസ്.ഐ. സുഹൃത്തുമായി കുറെ നേരം സംസാരിച്ചു. സോറി പറഞ്ഞ് പുറത്തേയ്ക്കിറങ്ങിയപ്പോഴും കാര്യമെന്തെന്ന് എനിക്ക് മനസ്സിലായില്ല.
ഒടുവിൽ റിസപ്ഷനിസ്റ്റാണ് കാര്യങ്ങൾ വിവരിച്ചത്.

’’സാറിന്നത്തെ പത്രം വായിച്ചില്ലായിരുന്നോ..’’

അയാൾ കാണിച്ചു തന്ന വാർത്ത ഞാൻ നോക്കി.

’’കാർ മോഷണം, ദമ്പതികളെ പോലീസ് തിരയുന്നു, വിനോദയാത്രയ്ക്കെന്ന് പറഞ്ഞ് ടൂറിസ്റ്റ് ടാക്സി വിളിച്ചു കൊണ്ടു പോയി വഴിയിൽ വെച്ച് ഡ്രൈവറെ മയക്കി വഴിയിലുപേക്ഷിച്ച് കാർ തട്ടിക്കൊണ്ടു പോയ ദമ്പതികൾക്കായി പോലീസ് വല വീശിയിരിക്കുന്നു..’’ ആ വലയിലാണ് ഞാൻ പെട്ടതെന്നും ഊരിപ്പോന്നതെന്നും അപ്പോഴാണ് മനസ്സിലായത്.

‘’സാറിന്റെ ഈ കട്ടി മീശയാ കുഴപ്പിച്ചത്.  കട്ടിമീശയുള്ള ഒരാളാണെന്നാ ഡ്രൈവർ പറഞ്ഞത്. മുറിയെടുക്കാൻ സാർ വന്നപ്പോൾ മുതൽ അവർ വാച്ചു ചെയ്യുന്നുണ്ടായിരുന്നു..’’

റിസപ്ഷനിസ്റ്റ് പറഞ്ഞു തീരും മുമ്പ് ഞാൻ അടുത്ത സ്റ്റേഷനറിക്കടയിലേക്ക് നടന്നു. ഷേവിംഗ് സെറ്റുമായി റൂമിലേക്ക് വന്ന എന്നെ കണ്ട് ഭാര്യ ചോദിച്ചു.

’’എന്തിനാ അയാൾ വിളിച്ചത്, ഇതെന്താ ഷേവിംഗ് സെറ്റൊക്കെയായിട്ട്, നാളെ വീട്ടിൽ ചെന്നിട്ട് ഷേവ് ചെയ്താൽ പോരേ?’’

തുടരെയുള്ള ചോദ്യങ്ങൾ കാര്യമാക്കാതെ ഞാൻ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു, തികച്ചും അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ മീശയുടെ കഥ കഴിച്ചു. പ്രിയതമയുടെ മുഖം വല്ലാതെയായി, ആകും എന്നറിയാം, കാരണം എന്റെ മീശയുടെ ഭംഗി കണ്ടാണ് എന്നെ കെട്ടിയതെന്ന് അവൾ പലവട്ടം പറഞ്ഞിട്ടിള്ളുള്ളതാണ്.

മീശ നഷ്ടപ്പെട്ട എന്നെ നോക്കി ആശ നഷ്ടപ്പെട്ടവളെപ്പോലെയിരുക്കുന്ന ഭാര്യയോട് ഞാൻ കാര്യമൊക്കെ പറഞ്ഞു. ഇത്ര വലിയ പ്രശ്നങ്ങൾ താഴെ നടന്നിട്ട് ഒന്നുമറിഞ്ഞില്ലല്ലോ എന്ന് അവൾ അത്ഭുതപ്പെട്ടു.

’’ചേട്ടാ, ഇനി നമുക്ക് വീട്ടിലേക്ക് പൊയാലോ? ഉള്ള മൂഡ് പോയി’’ ഭാര്യ ചോദിച്ചു.

അപ്പോൾ ഒരു ടൂറിന്റെ ആവശ്യം സത്യത്തിൽ എനിക്കായിരുന്നു.


‘’ഏതായാലും ഇവിടെ വരെ വന്നതല്ലേ, ഒന്ന് കറങ്ങിയിട്ട് പോകാം’’

‘’അല്ല, ഇനി നാളെ മീശയില്ലാത്ത ഏതെങ്കിലും പ്രതികളെ തിരക്കി നടക്കുമ്പോഴാണ് നമ്മളെ കാണുന്നതെങ്കിലോ എന്നോർത്താണ്.’’

‘’അത്ര കടന്നൊന്നും ചിന്തിക്കണ്ട, വരുന്നത് വരുന്നിടത്ത് വെച്ച് കാണാം.’’

ഭക്ഷണം കഴിച്ച് കിടക്കുമ്പോൾ ഞാനോർത്തു. സ:കുടുംബം ‘സമീശ’നായി ടൂറിന് വന്ന ഞാൻ തിരിച്ചു പോകുന്നത് മീശരഹിതനായി. മീശയോടെ തുടങ്ങിയ ചിത്രത്തിന് ഒരു മീശരഹിത ക്ളൈമാക്സ്!

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമേരി_ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്
Next articleഇനി യാത്രയില്ല, മടക്കവും
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English