ഓടിയനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് എഴുത്തുകരിയായ ഇന്ദുമേനോൻ ഈ കുറിപ്പിലൂടെ
ഉടലിൽ പ്രേമം ഒടിമറയുമ്പോൾ രാപ്പാലകളിൽ പൂവുകൾ…….
ഒടിയൻ അതിമനോഹരമായ ഒരു കഥയാണു. സിനിമാഭാഷ്യത്തിനത് വഴങ്ങുമോ എന്നെനിക്ക് അറിയുകയില്ല. ആ കഥയെ വിഷ്വലൈസ് ചെയ്യുമ്പോൾ ചിലതകരാറുകൾ സംഭവിച്ചിരിക്കാം. എല്ലാ സൃഷ്ടികളും സമഗ്രവും പൂർണ്ണവും മികച്ചതുമാകുക എന്ന സങ്കൽപ്പമൊക്കെ നടപ്പുള്ള കാര്യമല്ല. പുലിമുരുകനെ പോലെയുള്ള അശ്ലീല സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒടിയനെന്ന നാട്ടുസങ്കൽപ്പത്തെ കാണാനും കേൾക്കാനും തൊട്ടറിയാനും ആകില്ല. ചില സവർണ്ണഹിന്ദു പതിവ് പരിപ്പുകൾ അതിനകത്ത് സംവിധായകൻ വേവിക്കുന്നുണ്ട്. അതിന്റെ മണം മൂക്കു ചുളിപ്പിക്കും എന്നാലും ദളിതനായ നായകന്റെ അസാമാന്യമായ കരുത്തും മെയ്വഴക്കവും പ്രേമവും നിശ്ചയദാർഢ്യവും ഈ സിനിമ മുമ്പോട്ട് വെയ്ക്കുന്നുണ്ട്. കാമത്തിന്റെ രഹസ്യപ്പാലപ്പൂക്കളാണു സിനിമയിലുടനീളം ഉടൽ വിടർത്തി നായകൻ പ്രതിനിധാനം ചെയ്യുന്നത്.
സിനിമയുടെ സംവിധായകൻ ഒരു പരാസ്യസംവിധായകൻ ആയിരുന്നെന്നും സ്വന്തം ഉത്പന്നം, അതിലുള്ളതിനേക്കാൾ നന്നായ് പരസ്യം ചെയ്തുവെന്നതും മാറ്റി നിർത്തുക. നാടോടിക്കഥയുടെ മനോഹാരിത ഒടിയന്റെ കഥാതന്തുവിൽ ഉണ്ട്.. ഞാറു പാടം. ചേറുമണക്കുന്ന,പൂർവ്വികാത്മാക്കളെ കുടിവെച്ച അതിന്റെ കരയിൽ ഒരു കുടിൽ. കുടിലിൽ താമസിയ്ക്കുന്ന കള്ള് കുടിയ്ക്കുന്ന, മുത്തപ്പൻ വളർത്തിയ മെയ്യ് കണ്ണായും കണ്ണ് മനസ്സായും മനസ്സ് കാറ്റായും കാറ്റ് തീയായും മാറ്റാൻ കെൽപ്പുള്ള നീലക്കടുക്കനിട്ട ഒടിയൻ.. പ്രേമം ഹൃദയത്തിലുള്ളവരുടെ കണ്ണിലൂടെ നോക്ക്. അവൻ ആളുകളെ ഭയപ്പെടുത്താനല്ല ഇരുട്ടിൽ തന്റെ പ്രണയിനിയുടെജാലകത്തിലൂടുതിരുന്ന നാരങ്ങാ പ്രകാശത്തെ കാണുവാനും ഈ ഇരുട്ടിൽ താൻ അനാഥനല്ല എന്ന ബോധ്യം വരാനുമാണു രാത്രിയെ പുണരുന്നത്. അവൻ ഒടിയൻ പ്രേമത്തിന്റെ അടിമയാണു. കാമുകി തന്നെ ഉടമയാകുമ്പോൾ അടിമയുടെ പ്രേമം വിധേയത്വത്തിന്റെ ഉച്ചസ്ഥായിയായി മാറുന്നു. ഒരു തരം ഭക്തിപോലെ…
കൂട്ടുകാരിയ്ക്ക് താൻ കൊടുത്ത പൂവ് കുട്ടിവില്ലൻ ചെരിപ്പിട്ട് ചത്യ്ക്കുമ്പോൾ ഒടിയൻ അവൾക്കൊരു താമരപ്പൂക്കാലം കൊടുക്കുന്നു. ദേഷ്യം പിടിച്ച് കരിയാടായ് അവനൊരു പേടിസ്വപനമായ് മാറുന്നു… തുടക്കവുമതേ ഒടുക്കവുമതേ.. താമരവാസനിയ്ക്കുന്ന തേനുതിരുന്ന നാട്ടിൽ, തലയിലെ നരകൾ വാർദ്ധക്യവെള്ളി വീശിത്തുടങ്ങുമ്പോൾ ചർമ്മത്തിൽ ജരവരകൾ ക്രൂരമായ ഏകാന്തതവര്യ്ക്കുമ്പോൾ ,അപ്പോൾ പ്രഭയുടെ ഇരുട്ടിൽ അവൻ ഒടിമറഞ്ഞ് വരുന്നുണ്ട്. ഒടിയൻകാറ്റ് കയറിവരുന്നുണ്ട്. താമരപ്പൂക്കാലം മുറിയിൽ മണക്കുന്നുണ്ട്. അവളുടെ ചുണ്ടിൽ പ്രേമത്തിന്റെ മൂളിപ്പാട്ടുണ്ട്.
ഒടിയനും അവന്റെ രഹസ്യഒടിച്ചിയും അവരുടെ പ്രശ്നങ്ങളും പ്രേമത്തിന്റെ ഭാഷയിൽ പറയാൻ ശ്രമിക്കുമ്പോൾ അവൻ ഒടിമറയുന്നത് പുള്ളിമാനായാണു. കവിളുകളിലും കഴുത്തിലുംനീലക്കാക്കാപ്പുള്ളികളുള്ള കാമുകിയും അവളുടെ പുള്ളിമാനും തറവാട്ടിന്റെ പടിപ്പുരയും കടന്ന്, പുൽമേട്ടിലേക്ക് നീലസ്സാരിയുടുത്ത് സ്വപനത്തിലെന്ന വണ്ണം ഓടിപ്പോകുന്നുണ്ട്… മായാമാന്ത്രികമാനാണു ഓരോ സ്ത്രീയ്ക്കും അവളുടെ അടിയാളന്മാരിൽ നിന്നുണ്ടാകുന്ന കാമുകൻ. പ്രേമത്തെയല്ല അവൾക്ക് സമൂഹത്തിന്റെ ജാതിവെറിയേയാണു വെല്ലുവിളിയ്ക്കേണ്ടത്. കരിമ്പടത്തിൽ അവൾക്ക് വേണ്ടി അവൻ പുള്ളിവിടർത്തുന്ന ഒരു മാന്തൊലി മിനുക്കം നമുക്ക് കാണാനാകുന്നുണ്ട്.. പാണന്റെയും പറയന്റെയും കുലദൈവങ്ങൾ പാർക്കുന്ന അന്ത്യാളൻ കാവിൻ തമ്പിരാട്ടിയെ കൊണ്ട് പോകാമെന്നും അവൻ നെയ്ത കൈതോലപ്പായ നൽകാമെന്നും പറയുന്നു. അവളെ സന്തോഷിപ്പിക്കുവാൻ സ്വർണ്ണനിറമുള്ള മിന്നാമിന്നികളെ രാത്രിയുടെ നീലിമയിലേക്ക് ഊതിവിടുന്നു. മുടിയേറ്റും പനയും പുല്ലാഞ്ഞിക്കാടും കാട്ടി അവൻ അവന്റെ ജീവിതപരിസരത്തിന്റെ വശ്യതയാണു അവൾക്ക് നീട്ടുന്നത്. കരിമൻ നായരുടെ ഓക്കാനിപ്പിക്കുന്ന സവർണ്ണപണ പരിസരത്ത് നിന്നും, മുടിയിൽ ഒടിമറയുന്ന ഒരു രാക്കാറ്റായി അവൻ പിങ്കഴുത്തിൽ തൊടുന്നത് അവളെ ഭ്രമിപ്പിക്കുന്നു. മാനായ് കുതികൊണ്ടും മീനായ് നീന്തിയും പാലയുടെ കാമം അവൾക്ക് നൽകാമെന്നും ആലത്തൂർ കാവിൽ കൊണ്ടോകാം എന്നും അവൻ പ്രലോഭിപ്പിച്ചു കൊണ്ട് മാങ്കൂട്ടങ്ങൾക്കിടയിലൂടെ ഓടിയകലുകയാണു.വെള്ളച്ചാട്ടത്തിന്റെ തണുത്ത ഒഴുക്കിലവൾ വീണുപൂഴുന്നത് നമ്മൾ കാണുന്നു.
ഒടിയനിലെ ഒടിയൻ എന്ന സങ്കൽപ്പവും ഒടുവിൽ പൂർത്തീകരിക്കപ്പെടുന്ന പ്രേമവും നാട്ട് പുരാവൃത്തത്തിന്റെ മനോഹാരിതയുമാണു കാണാൻ ശ്രമിക്കേണ്ടത്. പുലിമുരുകനെ നോക്കി അശ്ലീല ചേഷ്ടകൾ കാണിക്കുന്ന ഒരു തടിച്ചിപ്പെണ്ണിനേയോ പോ മോനെ ദിനേശനേയോ, സവാരി ഗിരി ഗിരിയേയോ നമുക്ക് ഒടിയനിൽ കാണാനാകില്ല.
ഇതിലെ തമാശ എന്താണെന്നു വെച്ചാൽ പൊതുബോധത്തെ വിറളിപിടിപ്പിക്കുന്ന ചിലതുണ്ട്. ഇതിലെ നായരായ വില്ലൻ കറുപ്പാണു. പാണനോ പറയനോ ആയ നായകനാകട്ടെ ബോട്ടോക്ക്സ് ചെയ്ത അതിസുന്ദരനാണു. നായരെ സ്നേഹിക്കാൻ നായരു പെണ്ണുപോലുമില്ല.. ഒടിയനെന്ന മനോഹരനായ ദളിതനെ ആത്മാവുകൊണ്ട് സ്നേഹിക്കാൻ ആയിരം തമ്പ്രാട്ടിമാരുണ്ട് താനും. ഒറ്റക്കാഴചയിലെ സവർണ്ണപരിസരം അല്ല ഒടിയനിൽ ഉള്ളത്. നിലവിലുള്ള പൊതുബോധത്തെ അട്ടിമറയ്ക്കുന്ന ദളിത് മുഖമാണു അതിനുള്ളത്. ജന്മിയുടെ ക്രൂരതയിലും താൻപോരിമ സൂക്ഷിക്കുന്ന ചില ആത്മവീര്യങ്ങൾ എക്കാലത്തും അടിസ്ഥാനസമൂഹങ്ങൾക്ക് ശക്തിയായ് നിലകൊണ്ടിട്ടുണ്ട്. ഒടിയൻ എന്ന സങ്കൽപ്പം അത്തരത്തിലൊന്നണൂ. ജന്മിയെ അടിച്ച് തെറുപ്പിക്കുന്ന ആ മെയ്ക്കരുത്ത്, മൃഗരൂപിയുടെ ഇരുളൻ വന്യത, അതിൽ ഭ്രമിക്കുന്ന ജന്മിയുടെ പെണ്ണ്.. നവോത്ഥാനത്തിനും പന്തിഭോജനത്തിനുമൊക്കെ മുമ്പ് ഇവിടുത്തെ ജാതീയതയെ തകർക്കാൻ ശ്രമിച്ചവർ യഥാർത്ഥത്തിൽ ചില സ്ത്രീകളാണു. അവർ ജാതിബോധങ്ങൾക്കതീതരായ് നിന്ന് അവരുടേതിനേക്കാൾ താണ സാമൂഹ്യശ്രേണിയിലെ ഇഷ്ടപ്പെട്ട ആണിനെ പ്രേമിക്കുകയും കാമിക്കുകയും ചെയ്തിട്ടുണ്ട്.. ജാത്യാതീതമായ് പ്രേമിക്കുകയും സന്താനപരമ്പരകളെ ഉണ്ടാക്കുകയും ചെയ്തുവെങ്കിൽ മാത്രമേ ജാതി തുടർച്ചകൾ നഷ്ടപ്പെടൂ. പ്രതിലോമവിവാഹ്ങ്ങളാണു നവോദ്ധാനപ്രതീക്ഷ.
സാമൂഹ്യമാധ്യമങ്ങൾ എന്തിനാണു ഒടിയനെ ഇത്രമേൽ വിമർശിച്ചത് എന്നതിനു പല രാഷ്ട്രീയ വ്യക്തിപര കാരണങ്ങളുമുണ്ടായിരിക്കാം.
1.ഒടിയൻ ബ്രഹ്മാണ്ഡസിനിമയെന്ന് ആഗ്രഹിക്കാൻ അതിന്റെ ക്രൂവിനു അവകാശമുണ്ട്. പരസ്യം കണ്ട് വെളുക്കാൻ മരുന്ന് തേച്ച് കാത്തിരിക്കുന്ന മനോനിലക്കാർ ഒന്ന് ചിന്തിച്ചാൽ പരസ്യശക്തിയെന്തെന്ന് മനസ്സിലാകും. ഒരാളുടെ ആദ്യസിനിമയാണു. ആ നിലയ്ക്ക് നല്ല സിനിമയാണു. മികച്ചലോകൊത്തരം എന്നല്ല. നല്ല സിനിമ. തകരാറുകൾ ഒക്കെ ഉണ്ട് എങ്കിലും എനിക്കിഷ്ടപ്പെട്ടു.
2. ദലിത്/ഗോത്രസ്വത്വങ്ങളുടെ ആത്മാവിഷ്കാരം ഈ സിനിമയുടെ പ്രധാനതന്തുവാണു. അത്തരം പൊലിട്ടിക്സ്സുകൾ ജനാധിപത്യത്തിന്റെയും നവോദ്ധാനമൂല്യങ്ങളുടെയും ഒപ്പം നിൽക്കുന്നു. സ്ത്രീവിരുദ്ധവും, ദളിത്വിരുദ്ധവൗമായ ഘടകങ്ങൾക്കൊടുവിൽ ദലിത്, സ്ത്രീ മൂല്യങ്ങൾ വിജയിക്കുന്നതായി സിനിമ കാണിക്കുന്നുണ്ട്. സംവിധായന്റെയും നടിയുടേയും വ്യക്തിപരമായ അരാഷ്റ്റ്രീയതയും നടിയുടെ നിലപാടില്ലായ്മയും കലയുടെ രാഷ്റ്റ്രീയത്തെ റദ്ദ് ചെയ്യുന്നില്ല.
3. ഒടിയൻ ഒരു പ്രേമമിത്തിന്റെ സിനിമയാണു. ഒറ്റുവിൽ ഇരുട്ടിൽ അവൾക്ക് താമരപ്പൂക്കാലം നൽകി അവൻ അദൃശ്യമാനായ് മുറിയ്ക്കുള്ളിൽ അവളിൽ ഉൾച്ചേരുന്നുണ്ട്. അലനെല്ലൂർ മലയിൽ കൊണ്ടോവാം എന്നവളുടെ കൈപിടിച്ച് സത്യം ചെയ്യുന്നു… വാവലുകൾ തേങ്കുടിയ്ക്കുന്ന മലവാഴത്തോപ്പു നിന്നെ കടത്തുമെന്നും അവൻ ആത്മാവുകൊണ്ട് ഉറപ്പു നൽകുന്നു..
4. സേട്ടനു എന്തുമാകാം സേട്ടന്റെ ഭാര്യയ്ക്കൊന്നുമായ്ക്കൂടെന്ന ഫാൻസ്സ് കൂവലുണ്ട്.
അധികാരത്തിനും നിലത്തിനും വേണ്ടി ബ്രാഹ്മണ്യത്തിനു ദാസ്യവേല ചെയ്ത പെണ്ണുടലല്ല, പാടത്തും തൊടിയിലും ചോര വിയർപ്പാക്കി ഉടലുരുക്കിപ്പാറയാക്കി രാത്രിയിലും കണ്ണിൽ തിളങ്ങുന്ന പ്രേമത്തോടെ അവളെ പ്രേമിയ്ക്കുന്ന പുലത്തിന്റെ ചെറുപ്പക്കാരനാണു യഥാർത്ഥസത്യം എന്ന തിരിച്ചറിവ് എല്ലാ പെൺ ഹൃദയങ്ങളിലും ഉണ്ടാവട്ടെ എന്നൊരു സന്ദേശം ഈ സിനിമ മുമ്പോട്ട് വെയ്ക്കുന്നുണ്ട്.
തമ്പാട്ടിയും സവർണ്ണപരിസരവും കരുമന്നായരും ചിറ്റവും ചതിയുമൊക്കെ കലാകാരന്മാരുടെ വ്യക്തിരാഷ്ട്രീയത്തിന്റെയും പൊതുബോധത്തിന്റെയും സ്ത്രീവിരുദ്ധതയുടേയും വെളിപ്പെടുത്തലും പ്രത്യക്ഷസാക്ഷ്യവുമാകുമ്പോൾ ദലിത് ശക്തിയുടെ വീറിന്റെ ആത്മാഭിമാനത്തിന്റെയും പകയുടേയും പ്രതികാരത്തിന്റെയും സവർണ്ണധാർഷ്ട്യങ്ങളോടുള്ള മറുപടിയാണു ഒടിയൻ സിനിമയുടെ ആത്മാവ്. കലാകാരനേക്കാൾ ഉയരത്തിലായിരിക്കും കല എന്നും കൂടീയുള്ള ശരിയുണ്ട് ഇതിൽ. കലാകാരൻ എന്തെങ്കിലും ആയാലും ഉള്ളിലെ കല ശ്രേഷ്ഠമായിരിക്കാം എന്ന പ്രത്യാശയുണ്ട്.
പ്രധാന നടി,നടൻ, സംവിധായകൻ എന്നിവർ സമീപകാലത്തായ് പ്രകടിപ്പിച്ച സ്ത്രീ,രാഷ്ട്രീയ വിരുദ്ധതകളോട് എതിർപ്പ് തോന്നുമ്പോഴും വിയോജിക്കുമ്പോഴും അവർ കലയിലൂടെ മുമ്പോട്ട് വെച്ച രാഷ്ട്രീയത്തിന്റെ സത്യവും ശരിയും പ്രേമഒടികളും ഞാൻ ഹൃദയപൂർവ്വൻ സ്വീകരിയ്ക്കുന്നു.
ഒടിയപ്രേമത്തിന്റെ ഒരു പഴയ പ്രേമലേഖനവും ഓർമ്മിക്കുന്നു.
മുരിങ്ങപ്പൂക്കളിൽ ഒടിയാ നിന്റെ കാളത്തല ഞാൻ ഒളിപ്പിക്കും
ഒടിയാ ഒടിയാ …
എന്റെ പ്രച്ഛന്നവേഷക്കാരാ…..
ഞാൻ 10 പൈസക്ക് ഇളവെടുത്തു കയറിയ
അതേ ബസ്സിൽ നീ മനുഷ്യരൂപത്തിൽ കയറിപ്പറ്റും
നിന്റെ കാളക്കുളമ്പു കാലുകളുടെ കട കട ചെത്തം
ശകടത്തിന്റെ യന്ത്ര ശബ്ദങ്ങളിൽ മുങ്ങും
നിന്റെ വലത്തെ മുൻകാൽ കയ്യെന്ന വണ്ണം
മുന്നീട്ടി ബസ്സ് നിർത്തിച്ചു നീ കയറും
കണ്ണാൽ എന്നെ പരതും
നീയൊരു ലൈലാക് ഷർട്ട്
ഹൃദയ ബട്ടണ്‍ വരെ തുറന്നു
അലസനായി കയറുന്നു
നീയൊരു പാറയുരച്ച ജീൻസ് ധരിച്ചിരിക്കുന്നു
കിളരം കൂടിയ നിന്റെ ശരീരത്തിൽ
അവ കാളത്തൊലിപോലെ പറ്റിക്കിടക്കുന്നു
കാളയയതിനാൽ നിനക്ക് മനുഷ്യച്ചന്തി ഇല്ല
നിന്റെ കൊമ്പുകൾ കഷണ്ടിയിലെ ഇത്തിരി
മുടിയിൽ വെട്ടിക്കൂട്ടിയിരിക്കുന്നു
കുരു പൊന്തിയ മുഴയെന്നു സഹയാത്രികനോട്
നീ പതിഞ്ഞു ചിരിക്കുന്നു
ബസ്സ് കുലുങ്ങുന്നു ….
നീയെന്നെ കണ്ടെത്തിയ കയറ്റത്തിൽ വച്ച്
ഞാനൊരു അറവുകാരിയുടെ കുശലതയോടെ
പുഞ്ചിരിക്കും
കയ്കൾ വെളിക്കിട്ടു മഴ നോക്കും
എന്റെ മുലകളെ നോക്കിയിരുന്നു നീ യാത്ര മറക്കും
ഒടിവേഷത്തിലാണെന്നു മറന്നേ പോകും
ഒളിവേഷത്തിലാണെന്നും മറക്കും
കാളക്കൂറ്റനാണെന്നറിയാതിരിക്കാൻ
നീ ആണുങ്ങളായ മനുഷ്യരെപ്പോലെ താടി വെക്കുമായിരിക്കും
കാളയുടെ താടിരോമം ആനവാൽ രോമം പോലെ
എഴുന്നു കുത്തി നില്ക്കും
മുള്ളൻ പന്നിയുടെ മൃതമുൾ പോലെ
നിന്റെ മുഖത്ത് തറഞ്ഞു നില്ക്കും
നീയെത് നഗരത്തിലാണ്?
ഇന്ത്യയിലെങ്കിൽ നീ മുസ്ലിമിന്റെ താടി വെച്ചോളൂ
ബ്രിട്ടനിലെങ്കിൽ കറുത്തനീഗ്രോമനുഷ്യന്റെ ചുരുണ്ട താടി
ശ്രീലങ്കയിൽ നീ തമിഴന്റെ പുലിരോമം മുഖത്തു സ്വീകരിക്ക്
ബിസ്കറ്റ് രുചിക്ക് ശേഷം ശാന്തമായ വെടിത്തുളകൾക്കും
പ്രേമത്തിനു ശേഷം പ്രാണേശമായ നുണയുദ്ധങ്ങൾക്കും
ലോകം എന്റെ നാവുരസുന്നുണ്ട്
എന്റെ കാളക്കൂറ്റാ
ഗാന്ധർവ്വം പടിയിറക്കാതെ കാളന്ധർവ്വം പയറ്റുന്നവനെ
ഞാൻ പാലച്ചുവട്ടിൽ വരികയില്ല
മുടിയൂരിപ്പാറ്റി ഊഞ്ഞാൽ ആയത്തിൽ നിനക്ക് വേണ്ടി
കാത്തുമിരിക്കില്ല
ഗന്ധർവ്വനും കാളയുമാകാൻ എത്ര കരിംരാത്രികൾ
നിനക്ക് ഞാൻ നീട്ടണം?
സുഡോക്കു കളങ്ങളുള്ള കാലത്തിന്റെ റ്റിക്കറ്റില്ലെ കയ്യിൽ
ചാരയുടുപ്പിട്ട ട്രാൻസ്ഫോം കണ്ടക്ടർ 6 രൂപയ്ക്കു തന്നത്?
ആനമാർക്കിനു ബദലായി നീ കാളയെ മാർക്ക് ചെയ്യടോ
കിടക്കയുടെ ഗൂഡഭൂഖണ്ഡങ്ങളിൽ
നീ കറുപ്പിൽ ,എന്റെ രണ്ടു കിളിമഞ്ജ്ജ്ാ്രോകൾ തിരയണം
ആഫ്രിക്കയിലെ നീരാളിക്കയ്യിൽ നിന്നും ഞാൻ കറുത്തുവരട്ടെ ..
എന്റെ മുലകൾ അഗ്നി പർവതം പോലെ തീച്ചിതറട്ടെ
നീ ഗന്ധർവ്വനോ മനുഷ്യനോ അല്ല
നീ എന്റെ കാളത്തലയാൻ
പ്രേമ മന്ത്രം ഉരുക്കഴിച്ചെന്നെ സ്നേഹപ്പെടുത്തിയവൻ
എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചവൻ
ആഭിചാരങ്ങൾ ചെയ്തു വെടിപ്പിച്ച നീളക്കണ്ണുകൾ
ശസ്ത്രക്രിയാ വിളക്കുപോലെ എന്റെ മുഖത്തിനു മുകളിൽ
പെട്ടന്ന് തെളിയും
എന്നെ ചുംബിക്കും മുമ്പ് നീ നിന്റെ മനുഷ്യരൂപം വെടിയേണ്ടി വരും തീർച്ച
ഈ വാഹനത്തിൽ നീ ഒടിയനാനെന്നു അറിഞ്ഞവൾ ഞാൻ മാത്രം
ഞാൻ നിന്നെ ഒരിക്കലും ഒറ്റുകയില്ല
നിന്റെ ഒടിവിദ്യകളിൽ പെട്ട് ഞാൻ ഞെരുങ്ങട്ടെ
ഞാൻ ചാകട്ടെ പോയി പണ്ടാരമടങ്ങട്ടെ
തെരുവ് വേതാളയിണയായി നീയെന്നെ
മുരിങ്ങയിൽ നിന്നും മോചിപ്പിക്കുക
എന്റെ മുലകളെ നോക്കിയിരുന്നു
നിന്റെ കുഞ്ഞുങ്ങൾ വളർന്നത് കണ്ടില്ലെന്നോ
നീ പ്രേതങ്ങൾക്ക് കർമ്മം ചെയ്തില്ലെന്നോ
നിനക്ക് ജ്വരവും ജരയും വന്നതറിഞ്ഞിലെന്നോ
മരിച്ചത് പോലും അറിഞ്ഞില്ലെന്നോ പറയരുത്
എന്ന്
ഒപ്പ്
എക്കാലത്തും ഒടിയനെ പ്രേമിച്ച ഒടിച്ചിയാവാൻ മോഹിച്ച ഒരുത്തി