ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഓഫ് അമേരിക്ക ദേശീയതലത്തില്‍ ആറ് സെക്രട്ടറിമാരെ നിയമിച്ചു

 

 

 

 

 

ന്യൂയോര്‍ക്ക്: ഐ.ഒ.സി യുഎസ്എയുടെ സുഗമമായ നടത്തിപ്പിനും, ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വളരെ പരിചയ സമ്പന്നരായ ആറ് പുതിയ സെക്രട്ടറിമാരെ ദേശീയ തലത്തില്‍ അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാരില്‍ നിന്നും തെരഞ്ഞെടുത്തു. അവരുടെ ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ അംഗങ്ങളെ സമാഹരിക്കുന്നതിനും, കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നത്.

ലോകവ്യാപകമായി അനുഭവിച്ചുവരുന്ന കോവിഡ് 19 എന്ന മഹാമാരിയുടെ സമയത്തും, ജന്മനാടിനെ എങ്ങനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിലൂടെ ഒരു മതേതര രാജ്യമായി തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും എന്ന ചിന്തയോടെ കോവിഡ് 19-ന്റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് എ.ഐ.സി.സിയുടെ ഗ്ലോബല്‍ ചെയര്‍മാന്‍കൂടിയായ ഡോ. സാം പിട്രോഡയുടെ നേതൃത്വത്തില്‍ സൂം മീറ്റിംഗിലൂടെ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവരുമായി സംവാദങ്ങള്‍ നടത്തി വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉപദേശങ്ങളും പരസ്പരം കൈമാറിക്കൊണ്ട് ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരാനും, അതിനു വേണ്ടി എന്തൊക്കെ ചെയ്യുവാന്‍ സാധിക്കും എന്നിങ്ങനെയുള്ള ചര്‍ച്ചകളും നടത്തുകയുണ്ടായി.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തും പ്രവര്‍ത്തനപാടവവുമുള്ളവരും, വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ളവരുമായ പ്രഗത്ഭരായ രാജന്‍ പാടവത്തില്‍, ഹിരണ്‍കുമാര്‍ പട്ടേല്‍, രന്ദീപ് സിംഗ് സന്ധു, ഗുരിന്ദര്‍പാല്‍ സിംഗ്, അനുരാഗ് ഗവാഡെ എന്നിവരെ ഐ.ഒ.സി യു.എസ്.എയുടെ നാഷണല്‍ സെക്രട്ടറിമാരായി നിയമിച്ചു. കൂടാതെ എമി ഡണ്‍ഡുള്‍ക്കറെ മഹാരാഷ്ട്രയുടെ ചാപ്റ്റര്‍ പ്രസിഡന്റായും നിയമിച്ചു. ഓരോരുത്തരും സംഘടനയുടെ ഉന്നമനത്തിനായി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തി ഒട്ടനവധി പേരെ അംഗങ്ങളാക്കി സംഘടനയെ കരുത്തുറ്റതാക്കിക്കൊണ്ടിരിക്കുന്നു.

ഐ.ഒ.സി യു.എസ്.എയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. സാം പിട്രോഡ, എ.ഐ.സി.സി സെക്രട്ടറി ഇന്‍ ചാര്‍ജ് ഹിമാന്‍ഷു വൈയാസ്, ഐ.ഒ.സി നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം എന്നിവര്‍ പുതിയ ഭാരവാഹികളെ അഭിനന്ദിക്കുകയും, അനുമോദിക്കുകയും വേണ്ട ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഐ.ഒ.സി യു.എസ്.എ നാഷണല്‍ പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ഗില്‍സ്യന്‍ പുതിയ സെക്രട്ടറിമാരെ തന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സ്വാഗതം ചെയ്യുകയും, തന്നോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സെക്രട്ടറി ജനറല്‍ ഹര്‍ബചന്‍ സിംഗ് പുതിയ ഭാരവാഹികളുടെ നിയമനത്തിനുവേണ്ടി പ്രത്യേകം പരിശ്രമിക്കുകയും, ഒറ്റക്കെട്ടായി ഐ.ഒ.സി യു.എസ്.എയുടെ ബാനറില്‍ പ്രവര്‍ത്തിക്കുവാന്‍ ആഹ്വാനം ചെയ്തു.

ഐ.ഒ.സി യു.എസ്.എയുടെ സീനിയര്‍ വൈസ് പ്രസിഡന്റുമാരായ പുമന്‍ സിംഗ് ഇബ്രാഹിംപൂര്‍, രവി ചോപ്ര, ജനറല്‍ സെക്രട്ടറിമാരായ രാജേന്ദര്‍ ഡിച്ച്പ്പള്ളി, ആര്‍. ജയചന്ദ്രന്‍, നരീന്ദര്‍ സിംഗ് മുന്‍ഡാര്‍, സോഫിയ ശര്‍മ്മ, വൈസ് പ്രസിഡന്റുമാരായ പ്രദീപ് സമാലാ, പോള്‍ കറുകപ്പള്ളില്‍, ജോസ് ജോര്‍ജ്, ഹര്‍പാല്‍ സിംഗ് റ്റന്‍ഡാ, മാലിനി ഷാ എന്നിവരും മറ്റ് നിരവധി ചാപ്റ്റര്‍ പ്രസിഡന്റുമാരും, വിവിധ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരും പുതിയ ഭാരവാഹികളെ അഭിനന്ദിക്കുകയും അവരെ കോണ്‍ഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. രാജന്‍ പടവത്തില്‍ (സെക്രട്ടറി, ഐ.ഒ.സി യു.എസ്.എ) അറിയിച്ചതാണിത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here