മെറൂൺ ഡ്രസ്സിട്ട വിമാനസുന്ദരിയുടെ പ്രഖ്യാപനം കേട്ടാണ് ഞാൻ ഉണർന്നത്. പുറത്തേക്കു നോക്കിയതും കണ്ണ് നിറയെ കാണാനുള്ള പച്ചപ്പ്. ആദ്യമായാണ് തലസ്ഥാനനഗരിയിലേക്കു വിമാനത്തിൽ. ഇതിനു മുൻപ് ഒരു തവണ മാത്രമേ ഇവിടെ വന്നിട്ടുള്ളൂ. ആ യാത്ര വളരെ വ്യക്തമായി ഓർക്കുന്നു. കേരള എസ്പ്രെസ്സിൽ. ആ സമയത്തു ഇവിടെ താമസിച്ചിരുന്ന ഒരു കൂട്ടുകാരിയെ കാണാനും ചേട്ടൻറെ കല്യാണത്തിന് അവളെ ക്ഷണിക്കാനുമായിരുന്നു അത് . രണ്ടു ദിവസം അവളുടെ കൂടെ താമസിച്ചു നഗരം കറങ്ങി കണ്ടു. പദ്മനാഭസ്വാമി ക്ഷേത്രത്തിൻറെ അടുത്തുള്ള അഗ്രഹാരം മെസ്സിൽ നിന്നും കഴിച്ച ടിഫിനും ബാലരാമപുരത്തെ നെയ്തു കടകളും ഇപ്പോഴും ഓര്മ നില്കുന്നു.
വളരെ വൃത്തിയും വെടിപ്പുമുള്ള എയർപോർട്ട്. ടാക്സിയിൽ കയറി ഇരുന്നതും ഫോണിൽ മകന്റെ മെസ്സേജ്. ഹൌ ഈസ് യുവർ ബോയ് ഫ്രണ്ട്’സ് പ്ലേസ്? ഈ യാത്ര ആസൂത്രണം ചെയ്തപ്പോൾ മുതൽ അവൻ ആവേശത്തിലാണ്. ആകെ നാലഞ്ച് തവണയേ കേരളത്തിൽ അവൻ വന്നിട്ടുള്ളൂ എങ്കിലും കേരളം അവന്റെ ഇഷ്ട്ടപെട്ട നാടാണ്. ഹോട്ടലിന്റെ പേര് ടാക്സി ഡ്രൈവർക്കു പരിചയമുണ്ടായിരുന്നില്ല. സ്ഥലം എങ്ങനെ ഉണ്ടാകും എന്ന് ഒരു ആശങ്ക ഇല്ലാതില്ല. ഇൻറർനെറ്റിൽ കണ്ടു ബുക്ക് ചെയ്തതാണ്. നഗര അതിർത്തി വിട്ടതും ചെറിയ ചെറിയ കവലകളും, ഇരു വശത്തു കടകളും, ചെറിയ ചെറിയ സ്ഥാപനങ്ങളും. ഇതു കേരളത്തിന്റെ മാത്രം പ്രേത്യേകത ആണ്. നഗരത്തിൽ നിന്നും നാട്ടിൻപുറത്തേക്കുള്ള പരിവർത്തനം വളരെ സൂക്ഷ്മമായത്. നഗരം എവിടെ തുടങ്ങുന്നുവെന്നും എവിടെ അവസാനിക്കുന്നു എന്നും പറയാൻ ബുദ്ധിമുട്ടാണ്. മറ്റു സ്ഥലങ്ങളിലെ പോലെ ആളുകളുടെ വസ്ത്രധാരണത്തിലും നഗര ഗ്രാമ വ്യത്യാസം വളരെ ഇല്ല കേരളത്തിൽ.
ഡ്രൈവർ ബുദ്ധിമുട്ടില്ലാതെ സ്ഥലം കണ്ടുപിടിച്ചു. ചുവപ്പു നിറവും ഗ്ലാസ് ജനാലകളും ഉള്ള ഒരു മൂന്നു നില കെട്ടിടം. ശീതികരിച്ച കാറിൽ നിന്നും ഇറങ്ങിയതും മീന ചൂട് മുഖത്തു അടിച്ചു. ഹോട്ടൽ ലോബിയിൽ നിന്നും പെട്ടിയും ബാഗും എടുക്കാൻ ഒരു പതിനേഴു പതിനെട്ടു വയസുള്ള ഒരു ചെറുക്കൻ ഓടി വന്നു. പുറത്തു നിന്ന് കാണുമ്പോൾ കുഴപ്പമില്ലാത്ത സ്ഥലം പോലെ തോന്നി. വൃത്തിയുള്ള കിടക്കയും, ടോയ്ലറ്റും മാത്രമേ ഞാൻ പ്രതീക്ഷിച്ചിരുന്നുള്ളു. കേരള സാരി ഉടുത്തു, ചന്ദന കുറി തൊട്ടു, കറുത്ത നീള മുടിയുള്ള ഒരു ഇരുനിറകാരി മലയാളി സുന്ദരി റിസപ്ഷനിൽ. എന്നെ അവർ പ്രതിക്ഷിക്കുന്നുണ്ടായിരുന്നു. ഇന്നലെ കൂടി അദ്ദേഹം വിളിച്ചു ബുക്കിംഗ് വീണ്ടും ഉറപ്പിച്ചിരുന്നു. ഞാൻ തനിയെ യാത്ര ചെയുന്നത് അദ്ദേഹത്തിന് എപ്പോഴും ഉത്കണ്ഠ കൊടുക്കുന്ന ഒരു കാര്യമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ പറയുകയും വേണ്ട. പാവം! ഹോട്ടലിൽ നല്ല തിരക്ക്. താമസക്കാരും പ്രഭാത ഭക്ഷണം കഴിക്കാനെത്തിയവരും ഉണ്ട്. ഉത്സവ സമയം ആയതിനാലെന്ന് തോന്നുന്നു മുറികൾ ഒന്നും തന്നെ ഒഴിവില്ല എന്ന് റിസപ്ഷനിൽ പറയുന്നത് കേട്ടു.
പെട്ടി എടുക്കാൻ വന്ന ചെറുക്കൻ എന്നെ തന്നെ സാകൂതം നോക്കുന്നത് കണ്ടു എനിക്ക് ചിരി വന്നു. അവനെ നോക്കി ചിരിച്ചതും അവൻ നാണിച്ചു തല താഴ്ത്തി. റിസെപ്ഷനിലെ ഔപചാരികതകൾ തീർത്തു മുറിയുടെ താക്കോൽ വാങ്ങിയതും ആ ചെറുക്കൻ പെട്ടിയുമായി കൂടെ വന്നു. മീന ഭരണി ഉത്സവത്തിനു വന്നതാണോ ചച്ചി എന്ന് ഒരു പ്രേത്യേക രാഗത്തിൽ അവൻ ചോദിച്ചത് കേട്ട് എനിക്ക് ചിരി പൊട്ടി. അമ്പലത്തിലെ നട തുറക്കുന്ന സമയം ചോദിച്ചതും അവനു ഉത്സാഹമായി. അവൻ്റെ പേര് സൂരജ്. ഈ നാട്ടുകാരൻ തന്നെ. ഹോട്ടലിൽ ജോലിക്കു ചേർന്നിട്ടു ആറു മാസം ആയി. നാളെ ഒൻപതാം ദിവസം പള്ളിവേട്ട. പത്താം നാൾ ദേവിയുടെ ആറാട്ടു കഴിയുന്നതോടെ ഉത്സവത്തിന് തിരശീല വീഴുന്നു. കൊടിയേറ്റം കഴിഞ്ഞുള്ള ഒൻപതു നാളുകളിലും വിശേഷ പരിപാടികൾ അമ്പലമുറ്റത്തു അരങ്ങേറുമെന്നും ഇന്നു വളരെ പ്രസിദ്ധമായ ഒരു കൂട്ടരുടെ പാരായണം ഉണ്ടെന്ന വിവരവും അവൻ അറിയിച്ചു. പെട്ടിയും ബാഗ്‌ഗും സ്റ്റാൻഡിൽ വെച്ചതിനു ശേഷം അവൻ പോക്കറ്റിൽ നിന്നും ഒരു നോട്ടീസ് എടുത്തു നീട്ടി. വളരെ വിശദമായ ഉത്സവത്തിന്റെ കാര്യവിവരണ ലഘുലേഖ. അവൻ പോയതും മുറി പരിശോധിച്ചു . ജന്നലിൽ നിന്നും നോക്കിയാൽ അമ്പലത്തിൻതെ ദീർഘചതുര മേൽക്കൂര അങ്ങ് ദൂരെ കാണാം. രാത്രി യാത്രയുടെ ക്ഷീണം ഉണ്ട് ഒപ്പം മരുന്നിന്റെയും. കുളിച്ചു കിടക്കയിൽ കിടന്നതേ ഓര്മയുള്ളു, എഴുന്നേറ്റപ്പോൾ ആദ്യം ഒരു സ്ഥലകാല വിഭ്രാന്തി.
എവിടെയാണ് തിരിച്ചറിയുവാൻ കുറച്ചു സമയം എടുത്തു. വാച്ചു നോക്കിയപ്പോൾ മിഡിൽ ഈസ്റ്റ് സമയം മൂന്നര. ഇന്ത്യൻ സമയമാക്കി വെച്ച്, അമ്പലത്തിലേക്ക് പോകാൻ ഒരുങ്ങി. ലഘു ലേഖയിൽ ഇന്നത്തെ പരിപാടികളുടെ ഭാഗമായി ആറരക്ക് ദീപാരാധന, ആറേമുക്കാലിന് ഹിന്ദു മത സമ്മേളനം, എട്ടരയ്ക്ക് നാടകം! കറുപ്പിൽ മഞ്ഞ പൂക്കൾ ഉള്ള കോട്ടൺ സാരി ഉടുത്തു മുറി പൂട്ടി ഇറങ്ങി. റിസെപ്ഷനിലെ പെൺകുട്ടി പുഞ്ചിരിച്ചു കൊണ്ട് താക്കോൽ വാങ്ങി വെച്ചു. നടക്കാനുള്ള ദൂരമേ ഉള്ളു അമ്പലത്തിലേക്ക് എന്നറിയാമായിരുന്നത് കൊണ്ട് ആൾക്കൂട്ടത്തിന്റെ കൂടെ മെല്ലെ നടന്നു..
അമ്പലമുറ്റത്തേക്കു കാലുവെച്ചതും ദേഹത്ത് ഒരു വല്ലാത്ത കോരിത്തരിപ്പ്. പ്രസിദ്ധമായ ഈ ക്ഷേത്രം ഇപ്പോഴും അതിന്റെ മഹത്വം, പാരമ്പര്യങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവ സംരക്ഷിച്ചു വരുന്നു. ഇതിന്റെ നിർമ്മാണ രൂപകൽപ്പന മനോഹരമാണ്. അഭിനന്ദനീയ വാസ്തുവിദ്യ. വളരെ ശാന്തമായ അന്തരീക്ഷം, വളരെ പരിചിതമായ ചുറ്റുപാട്! ആദ്യമായി കാണുന്ന തോന്നൽ ഒട്ടും തന്നെ ഇല്ല. എല്ലാം ഞാൻ മനകണ്ണിൽ കണ്ടത് പോലെ! പതിനാലു ഏക്കർ ഭൂമിയിൽ, മണൽ വിരിച്ച സ്ഥലത്തിന്റെ നടുവിൽ ചിത്രങ്ങളിൽ കണ്ട പോലെ! ദീർഘ ചതുരാകൃതിയിൽ, രണ്ടു നിലയിൽ ശ്രീകോവിൽ! മിനുക്കിയ താമ്രജാലത്തിൽ മേൽക്കൂര! രണ്ടാം നില അസംഖ്യം ശില്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. ശ്രീകൃഷ്ണൻ. ശ്രീരാമൻ, ദുര്ഗ, ഗണപതി, വിഷ്ണു, നരസിംഹ മൂർത്തി അവയിൽ ചിലതു. ദേവി വിഗ്രഹം വടക്കു നോക്കിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. രേഖ ചിത്രങ്ങളിൽ കാണുന്ന പോലെ ചിരിച്ചു സന്തോഷവതി ആയി, അലങ്കാരങ്ങളാൽ സുന്ദരി ആയി. ഒട്ടേറെ കിളികൾക്കും മറ്റു ജീവികൾക്കും അഭയം നൽകി അമ്പലത്തിന്റെ പിന്നിൽ വലിയ ഒരു ആൽ മരം. ശ്രീകോവിലിലേക്ക് ഉള്ള വഴി മഞ്ഞ ജമന്തി, പിങ്ക് അരളി, വയലറ്റ് വാടാർമല്ലി മാലകളാൽ അലങ്കരിച്ചു ഭംഗിയാക്കിയിരിക്കുന്നു. കുലച്ചു നിൽക്കുന്ന വാഴകളും പ്രവേശന കവാടത്തിന്റെ ഇരുവശത്ത്. അമ്പലകുളം അടുത്ത കാലത്തു നവീകരിച്ചതാണ് എന്ന് തോന്നുന്നു. പൂഴി വിരിച്ച ആ മണ്ണിൽ കാല് നീട്ടി ഇരിക്കുമ്പോൾ നിർവചിക്കാൻ ആകാത്ത ഒരു അനുഭൂതി. ഇങ്ങനെ ഇരിക്കുന്നത് എത്രയോ തവണ സ്വപ്നം കണ്ടിരിക്കുന്നു. കൂടെ ഒരു ആൾ ഉണ്ടായിരുന്നു എന്ന് മാത്രം.
അയാളെ ആദ്യം കണ്ടത് ബോംബയിൽ വച്ചാണ്. മാനേജ്‌മന്റ് ട്രെയിനീ ആയി ജോലി ചെയ്തിരുന്ന കമ്പനി തന്ന ഫ്ലാറ്റിൽ വെച്ച്. ജോലിക്കു ചേർന്നതിനു ശേഷം കിട്ടിയ ആദ്യ ഞായറാഴ്ച ഉച്ചക്ക്. ഞാനും ഫ്ലാറ്റ് മേറ്റ് ആയ ശ്രീജയും ബിരിയാണി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു, ശ്രീജ ആണ് കുക്ക്. പാചകവുമായി യാതൊരു ബന്ധവും അത് വരെ ഇല്ലാത്ത ഞാൻ അസ്സിസ്റ്റന്റും. വാതിലിൽ തട്ടുന്ന ശബ്ദം കേട്ട് പുറത്തു വന്ന ഞാൻ കണ്ടത് ഒരു പാത്രവുമായി നിൽക്കുന്ന അയാളെ. നല്ല ബിരിയാണി മണം. കുറച്ചു ഞങ്ങൾക്ക് ഷെയർ ചെയ്യാമോ? എന്ത് പറയണം എന്നറിയാതെ മിഴിച്ചു നിന്ന എന്നെ മൈൻഡ് ചെയ്യാതെ നേരെ അടുക്കളയിലേക്കു ചെന്ന് ശ്രീജയോട് അതെ അഭ്യർത്ഥന ആവർത്തിച്ചു. ഒരു പാത്രം ബിരിയാണി കൊണ്ട് പോയ അയാൾ രാത്രിയിലേക്ക് ചപ്പാത്തിയും കറിയുമായി വീണ്ടും ഞങ്ങളുടെ ഫ്ലാറ്റിൽ എത്തി. അത് നല്ല ഒരു സൗഹൃദത്തിൻറെ തുടക്കമായിരുന്നു. ഞായറാഴ്ചകളിൽ ഉച്ചയൂണ് പതിവായി ഞങ്ങളുടെ ഫ്ലാറ്റിൽ ആയി. അയാളും രണ്ടു സഹമുറിയന്മാരും രാവിലെ തന്നെ ആവശ്യമുള്ള സാധനങ്ങളുമായി എത്തും. ശ്രീജയാണ് മുഖ്യ പാചകക്കാരി. ബാക്കി എല്ലാവരും സഹായികളും. അവർ മൂന്ന് പേരും ഞങ്ങളുടെ തന്നെ കമ്പനിയിൽ സീനിയർസ് ആയിരുന്നു. മൂന്ന് കൊല്ലം. എന്താവശ്യത്തിനും കൂടെ നിന്നിരുന്ന അവർ ഞങ്ങൾക്കും ഒരു സഹായമായിരുന്നു. വളരെ ദൃഡമായ ഒരു സൗഹൃദം ഞങ്ങൾക്കിടയിൽ വളർന്നു വന്നു. രണ്ടു കൊല്ലം പെട്ടന്ന് കടന്നു പോയി. അയാളുടെ സുഹൃത്തുക്കളിൽ ഒരാൾ വേറെ ജോലി കിട്ടി ദുബായിലേക്കും മറ്റെയാൾ വിവാഹിതനാകുകയും ചെയ്തു. ശ്രീജയും വിവാഹിതയായി കൊൽക്കട്ടയിലേക്കു ചേക്കേറി. അയാളും ഞാനും മാത്രമായി. ഞങ്ങളുടെ സുഹൃദ്ബന്ധത്തിനു യാതൊരു കോട്ടവും തട്ടിയില്ല. ഓഫീസിലേക്ക് ഒരുമിച്ചു യാത്ര. ശനിയാഴ്ച പറ്റിയാൽ ഗ്രാൻഡ് റോഡ് തിയേറ്ററിൽ ഒരു മലയാള സിനിമ അല്ലെങ്കിൽ ജൂഹു ബീച്ചിൽ കറങ്ങി ഒരു ഭേൽപുരി, ഞായറാഴ്ച ഒരുമിച്ചു പാചകം. അയാൾ മുഖ്യ പാചകക്കാരനായി സ്ഥാനമേറ്റു . ഞാൻ സഹായി റോളിൽ തുടർന്നു. ഈ കാലയളവിൽ അയാളെ നന്നായി മനസിലാക്കാനും സാധിച്ചു. പുറമെ വളരെ കഠിനമായ പ്രതിച്ഛായ നിലനിർത്തിയെങ്കിലും ആൾ ഉള്ളിൽ ഒരു സാധു. ലളിതമായ ആൾ. ആനയും അമ്പാരിയും ഉത്സവവും നാടും എപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു സാധാരണകാരൻ! എല്ലാ കൊല്ലവും മാർച്ച് മാസത്തിൽ അയാൾ നാട്ടിലേക്കു ഓടും. പത്തു ദിവസം മുടങ്ങാതെ അമ്പലത്തിലെ ഉത്സവത്തിൽ പങ്കെടുത്തു മടങ്ങും. അയാൾ പറഞ് ആ അമ്പലവും, ദേവിയും, പൂഴി നിറഞ്ഞ അമ്പലപ്പറമ്പും , അമ്പലത്തിന്റെ പിന്നിലെ ആൽ മരവും, കുളവും, ഉത്സവവും എനിക്ക് വളരെ പരിചതമായിരുന്നു. ദേവിയുടെ അതെ നാളിൽ തന്നെ ആയിരുന്നു അയാളുടെയും പിറന്ന നാൾ. മീനത്തിലെ ഭരണിയിൽ. കൊടിയേറ്റം തുടങി പള്ളിവേട്ട, ആറാട്ട് വരെ എല്ലാം എനിക്ക് പരിചയമായിരുന്നു. ഉത്സവം കാണണമേന്ന എൻ്റെ മോഹവും കലശലായി. എന്നാൽ അത് പൂർത്തീകരിക്കാത്ത ഒരു ആഗ്രഹമായി നിന്നു ….ഇന്നലെ വരെ!
ഈ കാലഘട്ടത്തിൽ എൻ്റെ ഭാഗത്തു നിന്ന് അയാളോടുള്ള വികാരങ്ങളിൽ ചില മാറ്റങ്ങൾ വന്നിരുന്നു. സൗഹൃദം പ്രണയമായി മാറി. എന്നാൽ അയാൾ സുഹൃത്ത് എന്ന നിലയിൽ നിന്നും തെല്ലും വ്യതിചലിച്ചില്ല. എൻ്റെ താല്പര്യം മനസിലാക്കിയ അയാൾ, എന്നെ നിരുത്സാഹപെടുത്തുന്ന തരത്തിൽ പെരുമാറുന്നത് പതിവായിരുന്നു. നസ്രാണിയെ കെട്ടിയാൽ വീട്ടിൽ കയറ്റില്ല എന്നും, പാചകം അറിയാത്ത പെണ്ണിനെ കെട്ടി ജീവിതകാലം മുഴുവൻ കഷ്ടപ്പെടാൻ തയാറല്ല എന്നും കളിയായി പറയുമായിരുന്നു . അയാളുടെ താല്പര്യ കുറവ് മനസിലാക്കിയ ഞാനും എൻ്റെ മനസിനെ കടഞ്ഞാൻ ഇട്ടു.
എന്നാൽ അപൂർണമായ, പൂർത്തിയാകാത്ത, തീർപ്പില്ലാത്ത, വിശദീകരിക്കാൻ ആവാത്ത, അനിശ്ചിതമായ പ്രണയം നമ്മെ എപ്പോഴും പശ്ചാത്തലത്തിൽ വേട്ടയാടിക്കൊണ്ടിരിക്കും. അയാളോടുള്ള എൻ്റെ സ്നേഹം ഹൃദയത്തിന്റെ ഒരു മൂലയിൽ മുറിവേറ്റു, ചുരുണ്ടു കൂടി, ഒളിച്ചിരുന്നു. എന്നാലും ചില
വേദനയേറിയ ചോദ്യങ്ങൾ എൻെറ മനസ്സിൽ വരാതിരുന്നില്ല. ഞാൻ ഇത്രയും വിലമതിക്കുന്ന, ആഗ്രഹിക്കുന്ന ഈ വ്യക്തി, എന്നിൽ നിന്ന് അകന്നുമാറാൻ ആഗ്രഹിക്കുന്നു എങ്കിൽ എന്തായിരിക്കും കാരണം? എനിക്ക് എന്താണ് കുറവ്? കാണാൻ കൊള്ളില്ല? ബുദ്ധിയും കുറവില്ലലോ?വിദ്യാഭ്യാസം ഇല്ലേ? കുടുംബ പശ്ചാത്തലവും മഹിമക്കും കുറവൊന്നുമില്ലലോ? ഒരു അപകർഷത ബോധം എന്നെ പിടികൂടി. ഞാൻ ബോധപൂർവം അയാളിൽ നിന്നും അകലാൻ ശ്രമിച്ചു. ഒരു പരിധി വരെ ഞാൻ അതിൽ വിജയിക്കുകയും ചെയ്തു.
അമ്പല പറമ്പു സജീവമായി തുടങ്ങി. ഇരുട്ടു വീഴാൻ തുടങ്ങിയിരിക്കുന്നു. അമ്പലം മുഴുവന്ഉം വിളക്കുകൾ കൊളുത്തി സജ്ജമാക്കിയിരിക്കുന്നു. ചെറിയ സീരിയൽ ലൈറ്റുകൾ വെച്ച് ശിവൻ, അയ്യപ്പൻ, ഗണപതി, വിഷ്ണു , ലക്ഷ്മി, മുരുകൻ എന്നിവരെ വലിയ വലിപ്പത്തിൽ സൃഷ്ടിച്ചിരിക്കുന്നു. ബലൂണ് വില്പനക്കാരും ഭീമൻ ചക്രവും കുട്ടികളെ വലിയ തോതിൽ ആകർഷിച്ചിരുന്നു. ചുട്ട ചോളവും, പഞ്ഞി മുട്ടായിയും ബജിയും കരിമ്പു ചാറും മുളപ്പിച്ച പയർ വില്പനക്കാരും നല്ല ചുറുചുറുക്കായി വ്യാപാരം നടത്തുന്നു. കുട്ടികളെ ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങുന്നത് നിരുൽസാഹപ്പെടുത്തുന്ന മാതാപിതാക്കളും കൊച്ചു മക്കൾക്ക് സമ്മാനങ്ങൾ വാങ്ങി കൊടുക്കുന്ന അപ്പുപ്പന്മാരെയും ഞാൻ കൗതുകത്തോടെ നിരീക്ഷിച്ചു കൊണ്ടിരുന്നു. കിളി ജ്യോത്സക്കാരുടെ അടുത്ത് ഭാവി ചോദിക്കുന്ന കമിതാക്കൾ, ചട്ടി, കലം വാങ്ങുന്ന വീട്ടമ്മമാർ, പുതിയ വധുവിന് ചുവന്ന വളകൾ വാങ്ങി കൈയിൽ ഇട്ടു കൊടുക്കുന്ന നവ വരൻ, ഐസ് ക്രീമും ബർഗറും വാങ്ങി കഴിക്കുന്ന പുതു തലമുറക്കാർ. നാടകം തുടങ്ങാനുള്ള സമയമായതും ഞാൻ ഹോട്ടലിലേക്ക് മടങ്ങി. ശരീരത്തിന് അധികം സമ്മർദം കൊടുക്കാൻ വയ്യ. ശ്രദ്ധിക്കണം എന്ന് അദ്ദേഹം പ്രേത്യേകം നിർദ്ദേശിച്ചിരുന്നു. ഞാൻ തിരിച്ചു ചെല്ലുന്ന വരെ അദ്ദേഹത്തിൻറെ മനസ്സിൽ തീ ആയിരിക്കും. എൻെറ ആരോഗ്യം ആണ് ഇപ്പോൾ അദ്ദേഹത്തിൻറെ പേടി.
നല്ല ഉറക്കത്തിനു ശേഷം രാവിലെ നേരത്തെ തന്നെ എഴുനേറ്റു. ചൂടുള്ള ഒരു കട്ടൻ കാപ്പി കുടിച്, കുളിച്ച, മുണ്ടും നേര്യതും എടുത്തു ഉടുത്തു. പുലർകാലത്തെ ക്ഷേത്രദർശം പണ്ടേ താല്പര്യമുള്ള ഒന്നാണ്. കോളേജിൽ പഠിക്കുന്ന കാലത്തു കൂട്ടുകാരികളോട് ചേർന്ന് കിട്ടിയ ശീലം ആണ്. അഞ്ചുമണിക്ക് മഹാഗണപതി ഹോമം എന്ന് നോട്ടീസിൽ കണ്ടിരുന്നു. ഹോട്ടലിൽ നിന്നു ഇറങ്ങി മെല്ലെ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. നേരിയ മഞ്ഞുണ്ട്. സൂര്യൻ ഉദിച്ചു വരുന്നേ ഉള്ളു. വിളക്കുകൾ കൊളുത്തി ക്ഷേത്രം വളരെ ഭംഗിയായി അലങ്കരിച്ചിരിക്കുന്നു. മൂടൽ മഞ്ഞിന്റെ നേർത്ത പടലം ക്ഷേത്രത്തിനെ പൊതിഞ്ഞിരിക്കുന്നു. ഭക്തജനങ്ങളും എത്തിക്കൊണ്ടിരിക്കുന്നു. മനസ്സ് ശാന്തമാക്കാൻ പറ്റിയ അന്തരീക്ഷം. ആൽ മരത്തിനു ചുറ്റും കെട്ടിയിരുന്ന അരമതിലിൽ വെറുതെ കുറച്ചു നേരം ഇരുന്നു. ഇന്ന് വൈകുന്നേരമാണ് പള്ളിവേട്ട. ഒൻപതാം ഉത്സവം. ദേവി വേട്ടക്ക് ഇറങ്ങുന്ന നാൾ. ഭക്തർ ദേവിയെ അലംകരിച്ച അഞ്ചു ആനകളുടെയും വിളക്കുകളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്നും പുറത്തിറക്കി എഴുനെള്ളിക്കും. ഈ യാത്ര വഴിയായി ദേവി ഈ പ്രദേശം സംരക്ഷിക്കുന്നതായും, ഇവിടെയുള്ള ദുഷ്ട ശക്തികളെ നശിപ്പിക്കുകയും , സ്ഥലത്ത് സമാധാനവും സൗഹാർദ്ദവും സ്ഥാപിക്കുകയും ചെയ്യുന്നതായി വിശ്വസിക്കപ്പെടുന്നു. പണ്ടുകാലത്ത് മൃഗബലി നടത്തിയിരുന്നു. ഇപ്പോൾ ഒരു മത്തങ്ങ അമ്പും വില്ലും ഉപയോഗിച്ച് പിളർത്തി ചടങ്ങു അവസാനിപ്പിക്കുന്നു. അയാളുടെ പ്രിയപ്പെട്ട ഉത്സവ നാൾ. എപ്പോഴെങ്കിലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നി. അദ്ദേഹത്തിനോട് നന്ദി പറയണം ഈ ഭാഗ്യത്തിന്. നീണ്ടു നീണ്ടു പോയിരുന്ന എൻ്റെ ബക്കറ്റ് ലിസ്റ്റ് എടുത്തു ചെയ്യാൻ പ്രോത്സാഹിപ്പിച്ചതും അദ്ദേഹം തന്നെ. ഇനി സമയം കിട്ടിയില്ലെങ്കിലോ? അപൂർണമായ ഒരു പ്രണയം പോലെ ആണ് പൂർത്തിയാകാത്ത ആഗ്രഹങ്ങളും.
അയാളിൽ നിന്നും അകലാൻ ശ്രമിച്ചിരുന്ന നാളുകളിൽ ആണ് വീട്ടുകാർ അദ്ദേഹത്തിൻറെ കല്യാണ ആലോചനയുമായി വന്നത്. ആളെ ഒരു കണ്ടു നോക്കൂ എന്ന അപ്പൻറെ നിർദേശം തള്ളിക്കളയാൻ ആയില്ല. എൻ്റെ ഓഫീസിൻറെ അടുത്തുള്ള ഒരു കോഫി ഷോപ്പിൽ വച്ച് അദ്ദേഹത്തെ കണ്ടു. വളരെ ഇരുത്തം വന്ന ഒരു കക്ഷി! ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു. അയാളോടുള്ള ഒരുപക്ഷ പ്രണയം ഉൾപ്പടെ! പൂർത്തിയാകാത്ത, അപൂർണമായ, അനിശ്ചിതമായ, വിശദീകരിക്കാനാവാത്ത, എന്തും നമ്മളെ ആവേശഭരിതരാക്കും എന്നായിരുന്നു അദ്ദേഹത്തിൻറെ സിദ്ധാന്തം! പ്രത്യേകിച്ച് സാഫല്യമണിയാത്ത പ്രണയത്തിൻതെ കാര്യത്തിൽ. അധികം വൈകാതെ അദ്ദേഹം എന്നെ അൾത്താരക്ക് മുൻപിൽ കൈപിടിച്ച് സ്വന്തം ആക്കി.
തിരിച്ചുകിട്ടാത്ത സ്നേഹം നിർവചനം വെച്ച് നോക്കിയാൽ ഏകപക്ഷീയം ആണ്. എന്നാൽ ആ അനുഭവത്തിനു രണ്ടു മുഖം ഉണ്ട്. ഒരു ഭാഗത്തു നീ നിൻറെ പ്രിയങ്കരനെ മോഹിച്, ആകർഷിക്കപ്പെട്ട്, അവൻ്റെ വശീകരണത്തിൽ പെട്ട്, വികാരാതീതയായി ഉരുകി ആ ലഹരിയിൽ ഒഴുകാം… അതുവരെ അനുഭവിക്കാത്ത തീവ്രമായ പ്രേമം നിൻറെ കൈക്കുള്ളിൽ … മറുഭാഗത്തു് വേദനാജനകമായ ഒറ്റപ്പെടൽ, ദുരിതം, പ്രതീക്ഷയില്ലായ്മ, നിരാശ,വിരസത എന്നിവയുടെ ദണ്ഡനം….തിരഞ്ഞെടുക്കേടത് നീ തന്നെ! പ്രതീക്ഷിച്ച തീർപ്പു ഇല്ലാതെ, കഴിഞ്ഞകാലം വിട്ടു, മുന്നോട്ടു നീങ്ങുവാൻ അദേഹം എന്നെ സഹായിച്ചു! നല്ല ഒരു ഭാര്യയായി, അമ്മയായി, പങ്കാളിയായി….
നാളത്തെ ദിവസം പത്താം ഉത്സവം! മീന ഭരണി ഉത്സവത്തിന്റെ അവസാന ദിനം. രാവിലെ ഒൻപതരയ്ക്ക് ഗരുഡൻ തൂക്കം. കാളി പ്രതിഷ്ഠ ആയിട്ടുള്ള ക്ഷേത്രങ്ങളിൽ ,കാളിയെ പ്രീതിപ്പെടുത്തുന്ന ഒരു ആചാരം ആണ് ഗരുഡൻ തൂക്കം. ദാരിക വധത്തിനു ശേഷവും തൃപ്തി ആകാത്ത കാളിയെ തൃപ്തിപ്പെടുത്താൻ വിഷ്ണു ഗരുഡനെ അയക്കുകയും ഗരുഡന്റെ നൃത്തവും, രക്തവും കാളിയെ ശാന്തമാക്കുകയും ചെയ്തു എന്നാണ് ഐതിഹം! ഗരുഡനെപ്പോലെ വസ്ത്രം ധരിച്ച ആളുകൾ നൃത്തം ചെയ്യുകയും, നൃത്തപ്രകടനം കഴിഞ്ഞ് തൊലിപ്പുറത്ത് തൂക്കി, കാളക്കുട്ടികളുടെയോ കൈപ്പിടി വണ്ടികളിൽ ഘോഷയാത്ര നടത്തി നിറപ്പകിട്ടാർന്ന രീതിയിൽ ചടങ്ങുകൾ നടത്തുന്നു. രാത്രി എട്ടരയ്ക്ക് ആറാട്ടു എഴുന്നള്ളേത്തു. തുടർന്ന് വെടിക്കെട്ടു. വെടിക്കെട്ടു ആ നാടിൻെറ പരിസരത്തു എവിടേ ഉണ്ടെങ്കിലും അയാൾ പോകുമായിരുന്നു. ഭ്രാന്തൻ എന്ന് പറഞ്ഞു ഞാൻ അയാളെ കളിയാക്കുമായിരുന്നു. അത്രയ്ക്ക് ലഹരി ആയിരുന്നു അയാൾക്ക് ഉത്സവങ്ങളും അതിനോടനുബന്ധിച്ച ആചാരങ്ങളും. ഉറക്കം കണ്ണുകളെ തഴുകി എന്നെ ആ രാത്രി സ്വപ്നങ്ങളില്ലാത്ത ലോകത്തേക്ക് കൂട്ടി കൊണ്ട് പോയി.
പുലർച്ചെ രണ്ടുമണിക്കാണ് ഫ്ലൈറ്റ്. രാത്രി പത്തുമണിക്ക് കാർ പറഞ്ഞു വെച്ചിട്ടുണ്ട്. അദ്ദേഹം എന്നെ സ്വീകരിക്കാൻ എയർപോർട്ടിൽ വരും. വേണ്ട എന്ന് പറഞ്ഞാലും കേൾക്കില്ല. അയാളുടെ നാട്ടിൽ നിന്നും വളരെ തൃപ്തിയോടെ ആണ് എൻ്റെ ഈ മടക്ക യാത്ര. ഒരു പക്ഷെ ഇനി ഒരിക്കലും ഒരു തിരിച്ചു വരവുണ്ടാകില്ല ഇങ്ങോട്ടു. മറ്റുള്ളവരുടെ യാഥാർത്ഥ്യത്തിലേക്ക് എൻ്റെ ശ്രദ്ധയുടെ കേന്ദ്രത്തെ മാറ്റി സന്തോഷത്തിന്റെ പാതയിലൂടെ ഇനി ഉള്ള നാളുകൾ!
ശരവണ പൊയ്കയിൽ നീരാടി onnai കണ്ടതും…. അങ്ങനൊരു പാട്ട് തമിഴിലുണ്ട്..