ഒരു മേഷരാവിന്‍ തേങ്ങും ഉഷ്ണശിഖയില്‍
ഉണങ്ങുമിലയില്‍ ഇഞ്ചിത്തയിര്‍ വിളമ്പി
എന്‍റമ്മ പൊന്നമ്മ പൊന്നുമ്മ
കണ്ണീരൊഴുക്കി കരഞ്ഞു പറഞ്ഞു
കഴിക്കൂ ഇത് നിന്‍റച്ഛന്‍റെ സ്മൃതിയില്‍
ഞാന്‍ ചമച്ചൊരിഞ്ചിത്തയിര്‍
ഇനിയൊരിക്കലും നിനക്കിത് ലഭിക്കില്ല
യുഗദിഗാന്തങ്ങള്‍ നീ നടന്നാലും,
പറന്നാല്‍ പോലും
ആ കണ്ണീരിനെന്തര്‍ത്ഥം?
അതന്നത്തെ പതിമൂന്നുകാരനഗ്രാഹ്യം
ഗ്രഹിക്കാതെ പോകുന്ന കണ്ണീര്‍ച്ചാലുകള്‍ക്കെന്തര്‍ത്ഥം?
മനുഷ്യമനസ്സിന്‍ സുര്യതാപച്ചുടുമരുതലത്തില്‍
പതിക്കും മുമ്പേ മറയും
ഒരമ്മയുടെ തപിക്കും കണ്ണീര്‍ തപ്തബാഷ്പത്തിനെന്തര്‍ത്ഥം?
ഞാനിപ്പോള്‍ എഴുപതിനപ്പുറം
കരയുന്നൊരു വൃദ്ധശിശു
എന്‍ ജന്മദിനനാക്കിലയിലവള്‍ വിളമ്പി
മധുരിക്കും പുളിയിഞ്ചി
പൂപ്പുഞ്ചിരിതൂകി എന്നാത്മസഖി
പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കവെ
ഇതെന്‍റെ സ്നേഹത്തിന്‍ പുളിയിഞ്ചി
ഇതിലെ മധുരം നീ അറിയാതെ പോകുകില്‍
ആവില്ല നിനക്കൊരിക്കലുമറിയാന്‍
ഈ ഭൂവില്‍ പ്രേമവാഴ്വിന്നന്തരാര്‍ത്ഥം
വേണ്ട, എനിക്കു പ്രേമം വേണ്ട
വേണ്ട മീട്ടേണ്ട നിന്‍ പ്രേമവീണ
കൊണ്ടുപോകാമോ എന്നെ വീണ്ടും
പതിമുന്നാം വയസ്സിലെ ആ തപിക്കും മേഷരാത്രിയില്‍
കരയുമമ്മ തന്‍ മുന്നില്‍
മണ്ണില്‍ മറഞ്ഞ എന്‍റെ പൊന്നുമ്മതന്‍ മുന്നില്‍
വിളമ്പട്ടെ വീണ്ടുമെന്നമ്മ
പുളിക്കുമാ പഴയ ഇഞ്ചിത്തയിര്‍
ചുടുബാഷ്പത്താലമ്മ ഇളക്കിത്തീര്‍ത്തൊരിഞ്ചിത്തയിര്‍
പതിമൂന്നാം വയസ്സിലെ ദുഃഖരാത്രിയില്‍
അമ്മ കരിയുമിലയില്‍ വിളമ്പിയൊരിഞ്ചിത്തയിര്‍
വാഴ്വിന്നെഴുപത് വര്‍ഷം തന്നൊരറിവന്‍
ഇഴതിങ്ങും സ്നേഹത്തൂവാലയാല്‍ ഞാന്‍ തുടക്കട്ടെ
എന്‍റമ്മതന്‍ ചുടുകണ്ണീര്‍ ബാഷ്പം
എരിയും മേഷരാവേ! എനിക്ക് ഇനിയുമൊരവസരം തരൂ
വിഷുപ്പക്ഷീ! നീ സാക്ഷിയായ് കൂടെ തേങ്ങിപ്പാടൂ
ഒരിഞ്ചിത്തയിരിന്‍ പഴയ കടങ്കഥതന്‍ ഗീതാമൃതം
________________________
പാലക്കാട്ടിലും പ്രാന്തപ്രദേശങ്ങളിലും മരണാന്തര അടിയന്തിരസദ്യയിലെ ഒരു അഭിവാജ്യ കറിവിഭവമാണ് ഇഞ്ചിത്തയിര്‍