വാക്ശരങ്ങളന്യോന്യം
തൊടുത്തേറ്റം ഇരുവഴി
പിരിഞ്ഞതും പിന്നെയെത്ര
വിയർത്തു ഒരു വാക്കിൻ
തണലിനായ് ദൂരമേറെ
വെയിൽ കുടിച്ചവർ
അടങ്ങാത്തയശാന്തി ഇരമ്പും
ഉൾക്കടൽ കടഞ്ഞ കദനങ്ങൾ
നെഞ്ചുലയിൽ ഊതിത്തെളിച്ച
ഉമിക്കനലിൽ കനവെരിയവെ
പാഥേയങ്ങളിൽ മൗനം രൂചിച്ച്
വഴി തെറ്റി ഒറ്റപ്പെട്ടവർ
വയൽവരമ്പിലഴൽ വെയിലിൽ
മിഴി നനഞ്ഞു മുകിൽ കാത്ത്
ജ്വരമെഴും പകലിന്റെ നോവിൻ
തിര മുറിച്ചെത്തിയ സന്ധ്യയിൽ
ശോകമെത്രമേലാകാശമാകിലും
മറവികൊണ്ടു ലഹരി നേടിയവർ
ചോര വിയർത്ത വിജന വീഥിയിൽ
മിഴി പൊത്തിടും അന്ധകാരത്തിൽ
വഴിവിളക്കായ് കാത്തുവച്ച പ്രണയ
നിലാവിൻ ചുംബനമേറ്റ പുലരിതൻ
ആരവാരങ്ങളറിയും നിരത്തിലാർദ്രം
മയിൽപ്പീലിക്കനവുകൾ കണ്ടവർ
ജീവിതപ്പുസ്തകത്തിൻ ബാക്കിയായ
മറുപുറം എഴുതാത്താളിൽ കാച്ചെണ്ണ
മണക്കുമക്ഷരങ്ങൾ തൂവൽച്ചിത്രമായ്
ഇനിയെത്ര നേരമീ സാന്ധ്യ വെട്ടത്തിൽ
തമ്മിൽ ഊന്നുവടിയായ് കാലം കരുതി
കാത്തനേരം ഇതു പ്രണയകാലം
Click this button or press Ctrl+G to toggle between Malayalam and English