അഭാവത്തിൻ പരകോടിയിൽ

 

 

 

ഉണ്ണികൾ നഷ്ട്ടപ്പെട്ട ദു:ഖപരിസരങ്ങൾ മലയാള കവിതയ്ക്ക് സുപരിചിതമാണ്. ഭാവഗാനത്തിന്റെ ഏകകേന്ദ്രസാന്ദ്രിമയിൽ വൈലോപ്പിള്ളിയും (മാമ്പഴം), നാടകത്തിന്റെ തുറസ്സിൽ, ഫോക്കിന്റെ പിച്ചളത്തോടകൾ തൂക്കി ഇടശ്ശേരിയും(പൂതപ്പാട്ട്) ആ ദു:ഖത്തെ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഉണ്ണികൾ കൈവിട്ടുപോകുന്നതിന്റെ വേദനയേൽ‌പ്പിക്കുന്ന ആ ആഘാതങ്ങൾ സത്യത്തിൽ നമ്മുടെ നവോത്ഥാന കവിതകളുടെ രണ്ട് തിരിവുകളായിരുന്നു. ഒന്നിൽ മരണവും മറ്റൊന്നിൽ വരണവും മുഖ്യബിംബങ്ങളായി നിന്ന് രണ്ടുതരത്തിൽ നമ്മിൽ അവ വിഷാദം തൂവി. അമ്മവഴിക്കരച്ചിലിന്റെ നീറ്റത്തിൽ, സ്വതേ മാതൃദായമെന്ന് പേരുകേട്ട മലയാള സാഹിത്യക്രമം ഒന്നു വിരണ്ടുവെന്നുതന്നെ പറയാം. വീട്ടുമുറ്റങ്ങളുടെ “ ഡെഡ് എൻഡുകൾ’‘ വിട്ടുപോകാൻ മലയാള കാവ്യബോധം നിർബന്ധിതമായതും അപ്പോഴൊക്കെ മുതൽക്കാണ്. പച്ചയാം വിരിപ്പും, സഹ്യന്റെ മകനുമൊക്കെ മെല്ലെമെല്ലെ ചിത്രത്തിൽ നിന്നുമായുകയും ആന്തരപ്രകൃതിയുടെ കുറ്റാക്കൂരിരുട്ടുകൾ നമ്മുടെ ബാഹ്യവൈദ്യുതികളെ നിഷ്പ്രഭമാക്കുകയും ചെയ്ത അന്തരാള ഘട്ടം.

മരണത്തിന്റെ കേവലമായ അനീതിയും, പൂതാവിഷ്ടമായ പ്രകൃതിയുടെ നീതിയുക്തതയുമൊക്കെ ഒരേ കാവ്യലോകക്രമത്തിലെ നാണയമുഖങ്ങൾ പോലെ നാം പരിപാലിച്ചു. ആ രണ്ടുതരം കരച്ചിലുകൾ സാകല്യതാബോധം നിറഞ്ഞ ഒരേ ഭാവമണ്ഡലത്തിലേക്ക് നമ്മെ വലിച്ചടുപ്പിച്ചു. മനുഷ്യൻ സ്വാതന്ത്ര്യത്തിനുവേണ്ടിയും, വിപ്ലവത്തിനുവേണ്ടിയുമൊക്കെ പൊരിഞ്ഞുനിൽക്കുമ്പോൾ, രണ്ട് ഉണ്ണികൾ കണ്ണുനീർത്തുള്ളികളായി ഉരുണ്ടുകനക്കുകയായിരുന്നോ?. കവികളുടെ പ്രതിബദ്ധതയെപ്പറ്റിയൊക്കെയുള്ള മുറവിളികൾക്ക് കടുപ്പം കൂടിയത് അക്കാലം മുതൽക്കൊക്കെയാണെന്നുതോന്നുന്നു.
എന്നാൽ ആധുനിക കവികളിലെ സിദ്ധവൈദ്യനായ ഡി. വിനയചന്ദ്രന്റെ ‘കുഞ്ഞനുണ്ണി‘എന്ന കവിതയിലെ കുഞ്ഞനുണ്ണി ഇപ്പറഞ്ഞ ഉണ്ണികളിൽ നിന്നൊക്കെ വേറിട്ടുനിൽക്കുന്നവനാണ്. സാമൂഹ്യാപചയത്തിന്റെ നാറ്റം ആദ്യമായറിയാൻ തുടങ്ങിയ , ഇൻഡ്യൻ ചരിത്രത്തെയാകെ ഭരണകൂടം വിഴുങ്ങുന്നതിന്റെ ആധികൾ ആകാശം മൂടിയ, ഒരു കാലത്തെ കവി അങ്കനം ചെയ്യുകയാണ്. എഴുപതുകളുടെ രാഷ്ട്രീയവും അടിയന്തിരാവസ്ഥയുമൊക്കെ കുഞ്ഞനുണ്ണിയിൽ കൊത്തിവെച്ചതുപോലെ നമുക്കുതോന്നാം. മാമ്പഴമല്ല, മഹാതിക്തഫലങ്ങളായേക്കാം ഇവന്നായി വിളഞ്ഞുകടുത്തത്‘. ഓലയെഴുത്താണികൾ ‘കളഞ്ഞതിനാലല്ല അവൻ നഷ്ട്ടപ്പെട്ടുപോയത്. ഭരണകൂട ഭീകരതയുടെ ഒരു ഇരയെപ്പോലെ അവനും ( രാജനെ ഓർക്കണം) പെട്ടെന്ന് അദൃശ്യനായിപ്പോകുന്നു. അവൻ ഉണ്ടെന്ന പ്രതീതിയുടെ ഫാന്റസി കലർന്ന ഒരു ബിംബത്തിൽ കവിത അവസാനിക്കുന്നു. അമ്മ എന്ന മീഡിയത്തിലൂടെയല്ല കുഞ്ഞനുണ്ണിയുടെ ദുരന്തം കവി അവതരിപ്പിക്കുന്നതെന്നത് ശ്രദ്ധിക്കുക. കവിതയിലെ പാരഡി ഷിഫ്റ്റുകൾ സംഭവിച്ചുകഴിഞ്ഞത് വിനയചന്ദ്രനേയും ബാധിച്ചു. കുഞ്ഞനുണ്ണിയുടെ ലൊക്കേഷൻ തന്നെ വളരെ വ്യാപ്തമേറിയതാണ്.മുറ്റവും മുറ്റത്തിനപ്പുറവുമൊക്കെക്കവിഞ്ഞ് അത് വികസിക്കുന്നു. നഷ്ട്ടപ്പെടലിന്റെ, ഇരയാകലിന്റെ ആക്രന്ദനങ്ങൾ വ്യക്തിപരതകൾക്കുമപ്പുറം കടന്ന് നാടിന്റെ തന്നെ ഒരു ഭാഗമായി മാറുകയാണ് കവിതയിൽ. വീടിന്റേയും നാടിന്റേയും ഭൌതികമായ ഓരോ അംശത്തിലും കുഞ്ഞനുണ്ണിയെ ന്യസിച്ച് , ക്രമബദ്ധമായ ഒരു തോറ്റമായാണ് കവി കുഞ്ഞനുണ്ണിയെ ആവാഹിക്കുന്നത്. സ്തോത്രവും മൂർത്തിയും പോലെയുള്ള ഈ ഏകാത്മകതയാണ് ഈ കവിതയുടെ ഘടന. വീടും നാടും ചേർന്ന ആ ‘ മില്യൂ’ ഊറ്റിയെടുത്ത് കുഞ്ഞനുണ്ണി ഒരു തെയ്യത്തെപ്പോലെ ദുരന്തപൂർണനാകുന്നു.

കുഞ്ഞനുണ്ണി വീട്ടിലില്ല
കുഞ്ഞടുപ്പിൻ ചോട്ടിലില്ല
അമ്മകോരും കിണറിലില്ല
അച്ഛനെണ്ണും കതിരിലില്ല

അദൃശ്യതയെ ആവോളം സാന്ദ്രീകരിച്ചാ‍ണ് കവി കുഞ്ഞനുണ്ണിയുടെ അഭാവം സൂചിപ്പിക്കുന്നത്.അമ്മയുമച്ഛനും കിണറും കതിരും വീടുമടുപ്പുമൊക്കെ ചേർന്ന് കുഞ്ഞനുണ്ണിയുടെ ഇടം കവി ചിത്രീകരിക്കുകയാണ്.

പെങ്ങൾ പാവും തറിയിലില്ല
പല്ലിമുട്ടപ്പഴുതിലില്ല
ചിക്കുപായുടെ ചുരുളിലില്ല
തെക്കിനിയുടെ തൂണിലില്ല

കുഞ്ഞനുണ്ണിയുടെ അഭാവം ഇങ്ങനെ കൂടുതൽ സങ്കീർണമാവുകയാണ്.‘ പ്ലെയിൻ‘ ആയ ഇടങ്ങളെ വിട്ട് ചുരുളുകളിലേക്ക് ആ അദൃശ്യത വ്യാപിക്കുന്നു. പല്ലിമുട്ടപ്പഴുത്, തൂണിന്റെ അകം തുടങ്ങിയ സൂചനകളിലൂടെ പ്രഹേളികാ സ്വഭാവം തെല്ലുവർദ്ധിച്ചുവരികയാണ്.

തേവരുണ്ണും മുറിയിലില്ല
തേതിപ്പശുവിന്റെയകിടിലില്ല
ഇട്ടിക്കുറുമ്പത്തെങ്ങിലില്ല
ചക്കക്കുരുവിന്റെയുള്ളിലില്ല
വാരിയിറമ്പിൻ നിഴലിറങ്ങിയ
പൂഴിമണലിൻ ചുഴിയിലില്ല
കാവൽനിൽക്കും കാഞ്ഞരത്തിൽ
വാവലുറങ്ങിയ കൊമ്പിലില്ല
വാവൽ പോകും വഴി വിലങ്ങും
കാർമുടിയുടെ ചിടയിലില്ല

വിശദാംശങ്ങളിലേക്ക് കടക്കുന്തോറും കൂടുതൽ സങ്കീർണമാകുന്ന ഒരു കാവ്യഘടനയാണ് വിനയചന്ദ്രൻ പിന്തുടരാറുള്ളത്. അർത്ഥത്തിന്റെ തലങ്ങൾ മെല്ലെ മെല്ലെ വിട്ട് , പ്രതീതിയുടെ ഭാവസ്ഫൂർത്തിയിലേക്ക് കൊണ്ടുവന്ന് കവിതയെ കൂടുതൽ വിശാലമാക്കുന്ന സങ്കേതമാണത്.

ലിറിക്കലായ കേന്ദ്രീകരണത്തേക്കാൾ ഫോക്കിന്റെ പരപ്പിലേക്കും , ബഹുതരമായ ഒച്ചകളിലേക്കും വിനയചന്ദ്രൻ കൂടുതൽ ശ്രദ്ധവെക്കുന്നതുകാണാം. ഇവിടെ, തേവരുണ്ണുന്ന മുറിയും, തേതിപ്പശുവിന്റെ അകിടും, ഇട്ടിക്കുറുമ്പത്തെങ്ങും, ചക്കക്കുരുവിന്റെ ഉള്ളും, വാവലുറങ്ങിയ കൊമ്പും, വാവൽപോകും വഴി വിലങ്ങുന്ന കാർമുടിയുമെല്ലാം കുഞ്ഞനുണ്ണിയുടെ സ്വകാര്യബിംബങ്ങളാക്കി മാറ്റി, കഥാപാത്രവും അന്തരീക്ഷവും തമ്മിലുള്ള ഇന്റിമസി കൂടുതൽ വലിച്ചുമുറുക്കുകയാണ് കവി. കുഞ്ഞനുണ്ണിയിൽ നിന്ന് ചുറ്റുപാടിലേക്കുള്ള വ്യാപനം ശ്രദ്ധിക്കുക.

വീടിന്റെ അന്തരീക്ഷത്തിൽ നിന്ന് നാടിന്റെ ടെക്സ്ചറിലേക്ക് കവിത വളരുന്നതാണടുത്ത ദൃശ്യങ്ങൾ.

കുഞ്ഞനുണ്ണി നാട്ടിലില്ല
കുന്നിലമ്പല മുടി കൊഴിഞ്ഞു
കോതയാറിന്റെ കണ്ണടഞ്ഞു
വെള്ളെരുക്കിന്റെ മൂക്കുടഞ്ഞു
വെട്ടുവഴിയുടെ കാതടർന്നു
ചന്തനാക്കിന്റെ തുമ്പരിഞ്ഞു
ആൽത്തറയുടെ നെഞ്ചെരിഞ്ഞു
പുഞ്ചവയലിന്റെ കുടൽ മറിഞ്ഞു
കമ്പിത്തൂണിന്റെ കൈ കരിഞ്ഞു
കുംഭത്തേരിന്റെ കാലൊടിഞ്ഞു
കുഞ്ഞനുണ്ണി നാട്ടിലില്ല വീട്ടിലില്ല

നാടുമായി കുഞ്ഞനുണ്ണി താദാത്മ്യം പ്രാപിക്കുകയാണിവിടെ. കുഞ്ഞനുണ്ണിയുടെ അവയവങ്ങളെ ചുറ്റുപാടുകളിൽ അമുഴ്ത്തിവെക്കുകയാണ് കവി. കഥാപാത്രം മിത്തായി മാറുന്ന ഭാവസംക്രമണമാണിത്. സാധാരണ ഭാരതീയ കലകളിൽ കാണുന്ന ഒരു സമ്പ്രദായമാണിത്. കവിത, ശിൽ‌പ്പവിദ്യ, നൃത്തം, റിച്വലുകൾ, മന്ത്രവാദം തുടങ്ങിയ വ്യവഹാരങ്ങളിൽ ഈ സങ്കേതം ചിരസാധാരണം. നാടൻ പാട്ടുകൾക്ക് ഈ ക്രമം ഏറും. വിനയചന്ദ്രന്റെ കവിപ്രതിഭയുടെ ഊറ്റ് ഇത്തരം തനത് സമ്പ്രദായങ്ങളിൽ നിന്നുമായിരുന്നല്ലോ. കാർണിവലിന്റെ സ്ഥൂല സൌന്ദര്യം പൂണ്ട് ഈ വിനയചന്ദ്രകവിതയും വളർന്നുനിൽക്കുന്നതുകാണാം.
ഭാവവിസ്താരത്തിന്റെ( രാഗവിസ്താരത്തിലെന്ന പോലെ) ധാരാളിത്തം വാരിച്ചൊരിയാൻ കവി ഇവിടെയും മടിയ്ക്കുന്നില്ല.

കൂട്ടുകാരുടെ കൂട്ടിലില്ല
ചീട്ടുകളിയുടെ ചീട്ടിലില്ല
കൂട്ടുകാരിപ്പെണ്ണുപാടിയ
പാട്ടുറങ്ങിയ കടവിലില്ല
മാക്രിപാടിയ മഴയിലില്ല
പോക്രിമൂത്തൊരു വെയിലില്ല
കാട്ടുമാക്കാൻ കുളിരില്ല
പൂച്ചെടിയുടെ ചിറിയിലില്ല
കാക്കവന്നു വിരുന്നൊരുക്കിയ
കാട്ടുപോത്തിന്റെ കൊമ്പിലില്ല
പോക്കുവെയ് ലു മുകർന്നുപുൽകി-
പ്പൂത്ത മാനത്തു പൂത്തതില്ല
പകലറിഞ്ഞൊരു കളത്തിലില്ല
രാവറിഞ്ഞൊരു തുറയിലില്ല
കുഞ്ഞനുണ്ണി നാട്ടിലില്ല വീട്ടിലില്ല.

കുഞ്ഞനുണ്ണിയുടെ അഭാവത്തിന്റെ പരകോടിയിലേക്കെന്ന പോലെ ബിംബങ്ങൾ അണി നിരക്കുകയാണ്. കൂട്ടുകാരും ചീട്ടുകെട്ടുകളുമൊക്കെച്ചേർന്ന സംഘാതങ്ങൾ ഉൽക്കണ്ഠകളെ കൂടുതൽ തീവ്രതരമാക്കുന്നു. മഴയിലും, വെയിലിലും രാവിലും പകലിലുമൊക്കെ കുഞ്ഞനുണ്ണിയെ കാണാതെ പോകുന്നു. കുഞ്ഞനുണ്ണി തീർത്തും ഇല്ലാതാവുന്നതിന്റെ പരമകാഷ്ഠയാണ് കവി ഇവിടെ ചിത്രീകരിക്കുന്നത്. വികാരത്തെ വസ്തുക്കളിലേക്ക് പകർന്നുവെക്കുകയാണ് കവി. അഭാവം തന്നെ ഭാവമാകുന്നുവെന്നതാണ് ഈ കവിതയിലെ പുതുമ.
എങ്കിലും പ്രത്യാശയുടെ ഒരു നാമ്പ് കവി അവശേഷിപ്പിക്കുന്നതുമുണ്ടെന്നറിക. ദുരന്തനായകരുടെ ഉയിർപ്പ് എന്നത് എന്നുമുള്ള കവിതകളുടെയും, മിത്തുകളുടേയും ഒരുപൊതു പാറ്റേൺ ആണ്.

ദുരന്ത കഥാപാത്രങ്ങൾ തെയ്യങ്ങളും കുടുംബ ഭരദേവതകളുമാകുന്നതിന് നമുക്കുതന്നെ എത്രയോ ഉദാഹരണങ്ങൾ ? കവിതയിലാകട്ടെ, ഒരു തരം കഥാർസീസിനെ അത് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. വലിഞ്ഞുമുറുകിയ അവസ്ഥയിൽ നിന്ന് അയവിലേക്കുള്ള മാറ്റമാണല്ലോ റിച്വലുകളുടെ രീതിതന്നെ. നാടൻ പാട്ടുകൾക്കും അങ്ങിനെ സമവായചിന്തനങ്ങളുടെ ഒരു രീതിശാസ്ത്രമുണ്ട്. ആ ക്രമത്തെയാണ് കുഞ്ഞനുണ്ണി എന്ന കവിതയിൽ വിനയചന്ദ്രൻ പിന്തുടരുന്നതെന്നും പറയാം.

എട്ടുകെട്ടിൻ കിഴക്കേ ക്കോടി-
ക്കെട്ടിലുള്ളൊരു പന്നഗത്തിൽ
ഏത്തമിടുന്ന ഒരു പകലിലൂടെ
എത്തിനോക്കുന്നു കുഞ്ഞനുണ്ണി
കാവിലെണ്ണവിളക്കെരിഞ്ഞൊരു
കാടുവളരെ രാവുതേങ്ങി-
ത്തേങ്ങിവന്നൊരു തേർവഴിയേ
തേർതെളിക്കുന്നു കുഞ്ഞനുണ്ണി.

കുഞ്ഞനുണ്ണിയുടെ ഉയിർപ്പ് ഇവിടെ പൂർണമാകുന്നു. കുഞ്ഞനുണ്ണിയും സൂര്യനും തമ്മിൽ അഭേദം കൽ‌പ്പിക്കുകയാണ് കവിചെയ്യുന്നത്. ദുരന്തകഥാപാത്രങ്ങൾ നക്ഷത്രങ്ങളായി പുനർജ്ജനിക്കുന്നെന്ന വിശ്വാസം പുതിയതല്ല. മിത്രൻ–സൂര്യൻ– ആണ് കൃസ്തുവെന്ന വ്യാഖ്യാനങ്ങൾ മത താരതമ്യ ശാസ്ത്രത്തിൽ ധാരാളമുണ്ടല്ലോ.

കുഞ്ഞനുണ്ണിയിലൂടെ വർത്തമാനകാലത്തിന്റെ ‘ കലി’ ആവിഷ്ക്കരിക്കാൻ ഡി. വിനയചന്ദ്രനു കഴിഞ്ഞിട്ടുണ്ട്. ‘ഇല്ല ..ഇല്ല ‘എന്നുരുവിടുന്തോറും, ഉണ്ടായി ഭീമാകാരം പ്രാപിക്കുന്ന ഒരു കാവ്യബിംബമാണ് കുഞ്ഞനുണ്ണി. അതുകൊണ്ടുതന്നെ ഈ കവിതക്ക് മതാത്മകമായ ഒരു തലവുമുണ്ട്. തെക്കൻ കേരളത്തിന്റെ വിരിവിലാണ് വായനക്കാർ കുഞ്ഞനുണ്ണിയെ സങ്കല്പനം ചെയ്യേണ്ടതെന്നുതോന്നുന്നു.

 

(C)കേരളകവിത

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English