ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 34

This post is part of the series ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച്

Other posts in this series:

  1. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് : മുപ്പത്തി ഏഴ്
  2. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 35
  3. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 34 (Current)

 

ചിക്കൻ ഫാം ഭംഗിയായി പൂർത്തീകരിച്ചു. ഈ സംരംഭം എനിക്ക് മറ്റൊരു വലിയ അവസരവും വച്ചുനീട്ടി. ആയിടെ, സഭയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ അധ്യാപകർക്ക് കൂടുതൽ പഠിക്കുവനുള്ള ഒരവസരം സൗത്ത് ആഫ്രിക്കയിലെ കത്തോലിക്കൻ സർവ്വകലാശാലയായ St. Augustine University ഒരുക്കി. ഇവിടെയുള്ള അധ്യാപകർക്ക് Mphil (Management in Education) നു ചേരുവാനുള്ള അവസരം! ഈ ഒരു സ്കോളർഷിപ് എനിക്കു വച്ചുനീട്ടി സഭയിലെ നേതാക്കൾ. അതിനു നന്ദി പറയേണ്ടത് ആദ്യം എന്റെ പ്രിൻസിപ്പൽ, ന്റാറ്റെ മൊയ്ല്വയോടാണ്.

Mphil ചെയ്തു തുടങ്ങിയത് 2006 ൽ. ആറുമാസം കൂടുമ്പോൾ ജൊഹാനസ്ബർഗിലേക്ക് ഒരാഴ്ച യാത്ര. അങ്ങനെ അഞ്ചുവർഷം പന്ത്രണ്ടോളം പേപ്പറുകൾ എഴുതിയെടുക്കണം. ഒരു സെമസ്റ്ററിന്റെ കാലം ആറുമാസമാണ്. ജൊഹാനസ്ബർഗിലേക്കുള്ള ഓരോ യാത്രയും രസകരമായിരുന്നു.
കഷ്ടമെന്നുപറയാം, അഞ്ചുവർഷത്തെ കോഴ്സ് കഴിഞ്ഞ് 2011 ൽ ബിരുദം നേടിയത് ഞാനടക്കം വെറും രണ്ടുപേർ മാത്രം. അത്ര കഠിനമായിരുന്നു സിലബസ്. രണ്ടാമതൊരു ബാച്ച് കൂടി ല്സോത്തോയിൽ നിന്നും ഉണ്ടായിരുന്നു ഞങ്ങളുടെ ജൂനിയർ ഗ്രൂപ്പ്‌ ആയി. അതോടെ സെയ്ന്റ് അഗസ്റ്റിൻ യൂണിവേഴ്‌സിറ്റി ല്സോത്തോയിൽ നിന്നും ഈ കോഴ്സിന് അധ്യാപകരെ ക്ഷണിക്കാതായി. ഫണ്ടില്ല എന്നതായിരുന്നു കാരണം.

2006 ഡിസംബറിൽ തന്നെ യൂകെയിലൊക്കൊരു യാത്ര ഞാൻ കുടുംബവുമൊത്ത് നടത്തി. അവിടെ, സുഹൃത്ത് ഈനോക്കിന്റെ വീട്ടിൽ രണ്ടുദിവസം താമസിച്ചപ്പോൾ ഡേവിഡ് ഞങ്ങളെ കാണുവാൻ വന്നത് ഒരു സുന്ദരമായ ഓർമ്മയായിരുന്നു.
തിരിച്ചുവരും വഴി ലണ്ടനിലെ പിക്കാഡില്ലി സർക്കസ് ൽ രണ്ടുദിവസം ഉണ്ടായിരുന്നു. ക്രിസ്‌തുമസ് കഴിഞ്ഞുള്ള ദിവസം ലണ്ടനിൽ ഗംഭീരമായ ഡിസ്‌കൗണ്ടിൽ വില്പനയുണ്ട്. അതെല്ലാം ആസ്വദിച്ചു.
രസകരമായ ഒരനുഭവം അവിടെവച്ചുണ്ടായി. കഠിനമായ തണുപ്പ്. രാത്രിയിൽ ഭക്ഷണം വേണം. ഉമയും മോളും മുറിയിൽ ഇരുന്നു. ഞാൻ പുറത്തുപോയി ഭക്ഷണം വാങ്ങി വേഗം വരണം.
എന്റെ മുന്നിലായി ഒരു സ്ത്രീ അവരുടെ ഫോണിൽ എന്തോ സംസാരിച്ചു തിരക്കിട്ടു നടക്കുന്നു. ഞാനും തിരക്കിൽ. ഗംഭീരമായ തണുപ്പ്. ഏതെങ്കിലും കടയിൽ കയറി ഭക്ഷണം വാങ്ങണം. റോഡിൽ വേറെ ആരുമില്ല. പഴേ ഷെർലക് ഹോംസിന്റെ കഥകളിൽ വായിച്ചതുപോലെ ഒരു ഭീകരാന്തരീക്ഷം! അപ്രതീക്ഷിതമായി മുന്നിൽ നടന്നുകൊണ്ടിരുന്ന സ്ത്രീ എന്നെ നോക്കി ഒരു ചോദ്യം, “നിങ്ങൾ എന്നെ പിന്തുടരുകയാണോ?”.
ഞാൻ വാപൊളിച്ചുപോയി. അല്ലെന്നുത്തരം പറഞ്ഞെങ്കിലും അവർക്ക് ബോധ്യമായില്ല. ഞാൻ ആ വഴി കടന്നുപോകുവാൻ അവരവിടെ നിന്നു. ഭാഗ്യത്തിന് അടുത്തുള്ള ഒരു ബംഗ്ലാദേശ് കഫെ ഞാൻ കണ്ടു, ഭക്ഷണം വാങ്ങാൻ ഓർഡർ കൊടുത്തു.
ഈ അനുഭവം എന്നെ പലതരത്തിൽ ഇരുത്തിച്ചിന്തിപ്പിച്ചു. ലണ്ടനിലെ സ്ത്രീകൾ സുരക്ഷിതത്വ ബോധം ഇല്ലാത്തവരാണോ? ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്തിൽ പോലും സ്ത്രീകൾക്ക് സുരക്ഷിതമെന്ന തോന്നൽ ഇല്ല. രാത്രി, നല്ല തണുപ്പിലും ആ തോന്നലിൽ ഞാൻ വിയർത്തു.

ഞാൻ ല്സോത്തോ മിസ്സ്‌ ചെയ്തു. അവിടെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെടുന്ന ഒരു ജനത ഉള്ള നാടാണ്. അവിടെയെങ്കിൽ ഒരു ഇന്ത്യനോട്‌ അവിടെയുള്ള ഒരു സ്ത്രീയും ഒരിക്കലും ചോദിക്കില്ലെന്ന് എനിക്കുറപ്പുള്ള ഒരു ചോദ്യം ലണ്ടനിൽ വച്ച് അവിടെയുള്ള ഒരു യൂറോപ്യൻ വനിത ചോദിച്ചുവെങ്കിൽ, അതും രാത്രി ഏഴുമണിക്ക്, എത്രമാത്രം അരക്ഷിതരാണ് അവിടെയുള്ളവർ എന്ന് തോന്നി. എന്നെ കണ്ടാലോ ഒരു ഭീകരന്റെ ലുക്ക്‌ ഇല്ല താനും.

അതിനും മുമ്പ്, ഒരിക്കൽ ദർബനിൽ ഒരു റിസോർട്ടിൽ താമസിക്കുമ്പോൾ ബീച്ചിന്നരികിൽ ടെലിഫോൺ ബൂത്തിൽ നാട്ടിലേക്ക് വിളിക്കുവാൻ ഞാൻ വരിയിൽ നിൽക്കുന്നു. സെൽഫോൺ വന്നിട്ടില്ലാത്ത കാലം. എന്റെ തൊട്ടുമുന്നിൽ ഒരു സ്ത്രീ ഫോണിൽ സംസാരിക്കുന്നു, ഇടയ്ക്ക് വല്ലാതെ കരയുന്നുമുണ്ട്.
അവർക്ക് എന്തെങ്കിലും സഹായം വേണമോ എന്ന് ചോദിച്ചപ്പോൾ, ഒരു നമ്പർ തന്നു, ആ നമ്പറിൽ വിളിച്ചിട്ട് അവർ സുരക്ഷിതയെന്ന് അറിയിക്കുമോ എന്ന് എന്നോട് അപേക്ഷിച്ചു, ആ വെളുത്ത സ്ത്രീ. സംഭവം എന്താന്ന് അറിയില്ല, അവർ പറഞ്ഞ നമ്പറിൽ വിളിച്ചു കാര്യം പറഞ്ഞു.
എന്തൊരു വ്യത്യാസം ഇവിടെയും അവിടെയും!

ആഫ്രിക്കയിലെ സ്ത്രീകൾക്ക് പൊതുവെ സുരക്ഷിതത്വബോധം ഉണ്ട്. അപരിചിതരോടുപോലും സഹായം അപേക്ഷിക്കാൻ മടിയില്ല. മൂന്നു നാടുകളിലെ അനുഭവങ്ങൾ! പക്ഷേ ലണ്ടനിലെ ഈ അനുഭവം എന്റെ കണ്ണുതുറപ്പിച്ചു.
ഇനോക്കിനോട് എന്റെ ഈ അനുഭവം പങ്കുവച്ചപ്പോൾ, അവനും ശരിവച്ചത്, അവിടെ സ്ത്രീകൾ വളരെ സെൻസിറ്റീവ് ആണെന്നത്രെ. എന്തുപറയാൻ.

ല്സോത്തോയിലേക്ക് തിരിച്ചുവരും വഴി ഈജിപ്റ്റിൽ ഒരു ദിവസം ഉണ്ടായിരുന്നു. കയ്റോയിലെ പിറമിഡുകൾ കാണുവാനും ഭാഗ്യം ഉണ്ടായി ഞങ്ങൾക്ക്. വല്ലാത്ത ഒരനുഭവം തന്നെ.
തിരികെ വരുമ്പോൾ, കുറച്ചുദിവസം കൂടി ഈ രണ്ടു നാട്ടിലും കഴിയുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് വെറുതെ മോഹിച്ചു. നാട്ടിൽ തിരിച്ചുവന്ന ശേഷവും ഈ അനുഭവങ്ങളുടെ അനുരണനങ്ങൾ മനസ്സിലുണ്ടായിരുന്നു.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച്- 33
Next articleഅടച്ചിടപ്പെട്ട നോമ്പ്
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here