ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 35

This post is part of the series ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച്

Other posts in this series:

 1. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് : മുപ്പത്തി ഏഴ്
 2. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 35 (Current)
 3. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 34

 

 

ദിവസങ്ങൾ അങ്ങനെ പോയിക്കൊണ്ടിരുന്നു. തിരക്കിട്ട ജോലി. മോൾ മച്ചബേങ് ഇന്റർനാഷണൽ കോളേജിൽ പഠിക്കുന്നു. ഉമയുടെ സ്കൂൾ അനുവദിച്ച വീട്ടിലാണ് ഇക്കാലത്തും താമസം. അധികം അല്ലലില്ലാതെ ദിവസങ്ങൾ പോകുന്നു.

ഇതൊക്കെയാണെങ്കിലും ഇവിടെ തൊഴിലില്ലായ്മ എന്ന ഭൂതം കുടത്തിൽനിന്നും പുറത്തിറങ്ങി പല്ലിളിച്ചുകാട്ടുന്നുണ്ട്. ഒത്തിരി അധ്യാപകർ തൊഴിലില്ലാതെ തേരാപാരാ നടക്കുന്നു. പ്രവാസി അധ്യാപകർക്ക് രണ്ടുവർഷത്തേക്കാണ് ജോലി ചെയ്യാനുള്ള അനുമതി കിട്ടുക. അതിനുള്ള അപേക്ഷ കൊടുക്കുന്ന സമയമാവുമ്പോൾ ആധിയാണ്. ഇതുവരെയും പിടിച്ചുനിന്നു.
കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കുന്നില്ലല്ലോ.

2006 ഡിസംബറിൽ ആണ്, നാട്ടിൽനിന്നും പന്ത്രണ്ടു യുവാക്കൾ ഇവിടെ ജോലിക്കായി വന്നതറിഞ്ഞു. അതിലൊരാളാണ് ഷിനോജ്. കൊരട്ടിയിലാണ് വീട്.

നാട്ടിലൊരു ഏജൻസി വഴി അവൻ അറിഞ്ഞു, ല്സോത്തോ എന്ന സ്വർഗ്ഗത്തിൽ ജോലിക്ക് ആളുകളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താമസത്തിന് കമ്പനി വക ക്വാർട്ടേഴ്‌സ്. കേട്ടാൽ സ്വർഗ്ഗം. ഇനി കണ്ടാൽ മതി, അനുഭവിച്ചാൽ മതി.
അവർ ആവശ്യപ്പെട്ടതെല്ലാം കൊടുത്തു, രേഖകകളും നല്ലൊരു തുകയും. മുംബൈ വഴിയാണ് യാത്ര.

മുംബൈയിൽ നിന്നും ജോബർഗിലേക്ക്. കൂടെ വേറെയും ചെറുപ്പക്കാരുണ്ട്. സ്വപ്‌നങ്ങളുടെ വെള്ളിമേഘങ്ങൾക്കിടയിലൂടെ ഒരു യാത്ര!
നേതാവായി ഇവിടെ താമസമുള്ള ഒരു ഇന്ത്യനുമുണ്ട്. നേതാവിനൊഴിച്ചു മറ്റുള്ളവർക്കാർക്കും ല്സോത്തോയിലേക്കുള്ള വിസയില്ല. Human trafficking ന്റെ ഒരു വകഭേദമാണ് ഇവിടെ നടക്കുന്നത്. ഈ സംഭവത്തിൽ, അതിന്റെ കേന്ദ്രബുദ്ധി ഇന്ത്യൻ വംശജർക്കു തന്നെ. പെട്ടുപോകാനും എളുപ്പമാണ്. അമ്മാതിരി വാഗ്ദാനങ്ങളാണല്ലോ അവർ ചൊരിയുക!

ഇവരും വെടിപ്പായി പെട്ടു. ജോബർഗിൽ എത്തി എങ്ങനെയോ വിമാനത്താവളത്തിനു പുറത്തുകടന്ന ഈ സംഘം എത്തിച്ചേർന്നത് സ്വാസിലാൻഡിലാണ്. മറ്റൊരു നാടാണ്. ല്സോത്തോയിൽ നിന്നും കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് ദൂരം ഉണ്ട്.
പണ്ട്, നാടോടിക്കാറ്റിൽ ശ്രീനിവാസനും മോഹൻലാലും ദുബായിലേക്ക് പുറപ്പെട്ടുപോയിട്ട് എത്തിയത് തമിഴ്നാട്ടിലെന്നതുപോലെ അല്ല. പരിചയം ഇല്ലെങ്കിൽ ല്സോത്തോയും സ്വാസിലാന്റും ഒരേപോലെ ആവുമോന്നും അറിയില്ല.

കാടും മേടും മലയും കടന്നു, പോലീസിന്റെ ചൂരലിൽ ഇഴഞ്ഞു. രാത്രിയാണ് യാത്ര. ഒടുവിൽ എങ്ങനെയോ ല്സോത്തോയുടെ അതിർത്തി നഗരമായ ലേഡിബ്രാൻഡിൽ വട്ടം കറങ്ങി എത്തി.
അവിടെനിന്നും അതിർത്തി കടന്നു മസേറുവിൽ. ഒരു വീട്ടിൽ എല്ലാവരും താമസിക്കുമ്പോഴാണ് ഞാൻ ഷിനോജിനെ ആദ്യമായി കണ്ടത്. ഷിനോജ് പറഞ്ഞതിൽ ഓർമ്മയുള്ള ചിലതാണ് ഇവിടെ എഴുതിയത്. പ്രതീക്ഷകളുമായി പ്രവാസത്തെ വരിക്കുന്ന യുവാക്കൾ ചതിക്കുഴിയിൽ വീഴാൻ എളുപ്പമാണ്. ഒന്നു സൂക്ഷിക്കുക. ഗൂഗിൾ മുത്തപ്പൻ തരാത്ത വിവരങ്ങൾ ഇന്നത്തെ കാലത്ത് ഇല്ലല്ലോ, എന്നാലും ഏതേലും വിധത്തിൽ ജീവനുള്ള മനുഷ്യരെയും ബന്ധപ്പെടുക. വിവരങ്ങൾ ഏകദേശമെങ്കിലും അറിയാലോ. എന്നാലും, വെല്ലുവിളി ഏറ്റെടുക്കാൻ നമ്മൾ തയ്യാറാണ്. ഞാനും അങ്ങനെ വെല്ലുവിളി ഏറ്റെടുത്താണല്ലോ പണ്ട് ഇവിടെ എത്തിയത്.
പരിചയമുള്ളവർ കൂടെയുണ്ടെങ്കിൽ ഭാഗ്യം.
സൂക്ഷിച്ചില്ലേൽ ചന്ദ്രനിൽ വരെ ജോലി വാഗ്ദാനം ചെയ്യും ചില കൂട്ടർ, കാശ് കൊടുക്കാൻ തയ്യാറായാൽ!

ഇത്തരം അനുഭവങ്ങളിലൂടെ കടന്നുചെല്ലണം, എന്നാലേ നോവറിയൂ. വാഗ്ദാനം ചെയ്ത അവസരങ്ങൾ സ്വപ്നത്തിൽ പോലും കാണുവാൻ സാധിക്കാത്ത നാട്ടിൽ ഈ യുവാക്കൾ എത്തി.
ഇവിടെ എത്തിയശേഷം പല ജോലികൾ ചെയ്തു. കുറച്ചുനാൾ കഷ്ടപ്പെട്ടു മറ്റിടങ്ങളിൽ ചേക്കേറി. അവരിൽ, ഷിനോജുമായി ഞങ്ങളുടെ സൗഹൃദവൃത്തത്തിൽ പെട്ടവർക്ക് ഒരു അടുപ്പം ഉണ്ടായിരുന്നു. തൃശൂർകാരനായതിനാൽ ഞാനുമായി പ്രത്യേകം അടുപ്പമായി. അവനെ ഏറ്റവും കൂടുതൽ സഹായിച്ചത് ജിജോ ആയിരുന്നു. സ്വന്തമായി ഒരു ചെറിയ ബിസിനസ്‌ തുടങ്ങുവാനും മറ്റും അദ്ദേഹം ഏർപ്പാടാക്കി.
ജീവിതം നീങ്ങിക്കൊണ്ടേയിരുന്നു, ഇത്തരം അനുഭവങ്ങളുമായി.

അങ്ങനെയൊരു നാളിൽ വ്യക്തിപരമായ ഒരു ദുരന്തം കാത്തിരുന്നു, ഒരു വിഷുനാളിൽ. പൊതുവെ ആഘോഷങ്ങളോട് വ്യക്തിപരമായ ഐക്യമില്ല. ഓണം, ക്രിസ്തുമസ്സ് എല്ലാം തന്നെ മരണവുമായി ബന്ധപ്പെട്ട ഓർമ്മകളാണ്. ഇവിടെ എത്തിയതിൽപിന്നെ, അത്തരം ആഘോഷങ്ങൾ കുറവായിരുന്നു. നാട്ടിലെ ഓണം, വിഷു, വിവാഹം തുടങ്ങിയ ആഘോഷങ്ങളിൽ ഞാനും ഉമയും പങ്കെടുക്കാതായിട്ട് മുപ്പത്തിലധികം വർഷങ്ങളുമായി. സാഹചര്യം ഒന്നും ഒത്തുവന്നില്ല എന്നതാണ് വാസ്തവം.
പോകാമെന്ന അവസ്ഥ വന്നപ്പോൾ ബന്ധപ്പെട്ടവരുടെയും അവരുടെ മക്കളുടെയും വരെ വിവാഹം കഴിഞ്ഞു, പെരിയാറിൽ വെള്ളവും കുറേ ഒഴുകി. അതിനിടയിൽ ബന്ധങ്ങളുടെ വ്യാപ്തിയും വിസ്തീർണ്ണവുമെല്ലാം തകിടം മറിഞ്ഞു.

മോള് വളർന്നപ്പോൾ ആഘോഷങ്ങൾ ഒരാവശ്യമായി തോന്നി. നമ്മുടെ ആഘോഷങ്ങൾ, ആചാരങ്ങൾ, ജീവിതരീതി എല്ലാം അറിയണമല്ലോ. പതുക്കെ ഓണം, വിഷു തുടങ്ങിയ ദിവസങ്ങൾ വീട്ടിൽ ആഘോഷിക്കാമെന്നായി. മാത്രവുമല്ല, ഓണം ദേശീയാഘോഷമായതിനാൽ മലയാളി സമൂഹവുമായി ഒത്തുചേർന്ന് ഓണത്തെ സംബന്ധിച്ച നല്ലൊർമ്മകൾ ഉണ്ടല്ലോ.
അങ്ങനെയുള്ള ഒരു വിഷുനാളിൽ ഒരു ദുരന്തം ഞങ്ങളെ കാത്തിരുന്നു.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇന്ദ്രൻസിന്റെ രൂപമാറ്റം: ‘ഉടൽ’ എത്തുന്നു
Next articleഇതിഹാസങ്ങളെ തൊടാൻ എഴുത്തുകാർ ഭയക്കുന്നു- പ്രഭാവർമ
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

2 COMMENTS

 1. എത്രയോ കാലങ്ങളായി തൊഴിലിനു വേണ്ടിയുള്ള
  അന്വേഷങ്ങളും , കഷ്ടപ്പാടുകളും വാഗ്ദാനങ്ങളിലൂടേയുള്ള മുതലെടുപ്പുകളും തുടർന്നുകൊണ്ടിരിക്കുന്നൂ. അനുഭവ വിവരണങ്ങൾ
  തുടരുക

 2. അജയ് മാഷുടെ എഴുത്ത് കാലഘട്ടത്തിന്റെ ഉറവയിലാണ്
  ശൈലി വയനാ സുഖം തരുന്നതാണ്.
  വീണ്ടും വായിക്കാൻ പ്രേരിപ്പിയ്ക്കുന്നു
  അനുഭവങ്ങൾ പങ്കുവെയ്ക്കപ്പെടണം അഭിനന്ദനംമാഷേ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here