ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് : മുപ്പത്തി ഏഴ്

This post is part of the series ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച്

Other posts in this series:

  1. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് : മുപ്പത്തി ഏഴ് (Current)
  2. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 35
  3. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 34

 

ശിവദാസന്റെ

മരണം എന്റെ കണ്ണു തുറപ്പിച്ചു. ഞങ്ങൾക്ക് വീടില്ല! ഇനി അതിനുള്ള ഒരുക്കങ്ങൾ തുടങ്ങണം. മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന തോന്നലിനുമപ്പുറം വീട് എന്ന സുരക്ഷിത ബോധം ഉണ്ടാവണം എന്നു തോന്നി. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

അവന്റെ വിയോഗം ഭാര്യക്കും കുട്ടികൾക്കും ഉണ്ടാക്കിയ അത്രയും നഷ്ടം മറ്റാർക്കും ഉണ്ടാവില്ല. ആ തിരിച്ചറിവിൽനിന്നുമാണ് ഞങ്ങൾക്കും വീടുണ്ടാകണം എന്ന ഉൽക്കടമായ വാഞ്ഛ ഉണ്ടായത്.

കളമശ്ശേരി ചങ്ങമ്പുഴ നഗറിൽ ആയിടെ വാങ്ങിയിരുന്ന കുറച്ചു സ്ഥലത്ത് വീടുപണിക്കുള്ള സംരംഭം തുടങ്ങി. 2009 ൽ വീടുപണി തീർത്തു. സമാധാനത്തോടെ, അഭിമാനത്തോടെയാണ് നാട്ടിലേക്കുള്ള പിന്നീടുള്ള യാത്രകൾ നടത്തിയത്. എത്രയായാലും, സ്വന്തം വീട്ടിൽ, തറയിലാണെങ്കിലും കിടക്കുമ്പോഴുള്ള സുഖം വേറെ ഏതു സ്വർഗ്ഗത്തിൽ കിടന്നാലും കിട്ടില്ല. ഒരു പ്രവാസിയുടെ ആത്മാവിഷ്ക്കാരമാണ് സ്വന്തം വീട്.

1988 ൽ തുടങ്ങിയ പ്രവാസത്തിനു ശേഷം ഇരുപത് വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്വന്തം വീടുണ്ടായി! ഇനി മോളുടെ പഠനത്തിനായി, നല്ല ഭാവിക്കായി ശ്രദ്ധിക്കണം, പരിശ്രമിക്കണം. അതിജീവനത്തിനായി ല്സോത്തോയിൽ ജീവിക്കുന്ന ഒരു അധ്യാപകനു ഇത്രയും നേട്ടങ്ങൾ തന്നെ ഒരു സ്വർഗ്ഗമാണ്, ഭാഗ്യമാണ്! പ്രത്യേകിച്ചും, പാരമ്പര്യാധിഷ്ഠിത സാമ്പത്തിക ചുറ്റുപാടുകളും സുരക്ഷിതത്വവുമില്ലാത്ത ഒരു സാധാരണ ഭാരതപൗരന് ഇതിൽ കൂടുതൽ സാധ്യവുമല്ല. മതി, ഇത്രയും മതി.

അനിയന്റെ മരണം സൃഷ്ടിച്ച അവസ്ഥകൾ മെല്ലെ മാറി വരുന്നു. എന്നാലും, മൃതദേഹം വഹിച്ചുകൊണ്ട് ഒറ്റയ്ക്കുള്ള യാത്ര കഠിനമായിരുന്നു. വ്യക്തിപരമായ ആ അനുഭവം പങ്കുവയ്ക്കുവാനല്ല പകരം, ഒരു പ്രവാസി ആഫ്രിക്കൻ നാടുകളിൽ അനുഭവിക്കുന്ന സംഘഘർഷങ്ങളുടെ ഒരു കാഴ്ചയും, ആ വേദനയ്ക്കൊപ്പം നിൽക്കുന്ന തദ്ദേശീയരും പ്രവാസികളുമായവരുടെ കരുതലും എത്രമാത്രം ഒരാൾക്ക് താങ്ങാവുന്നു എന്ന് പറയുവാനും മാത്രമാണ്.

ഒരുപക്ഷേ, ഈ അനുഭവം കൊണ്ടാവും, ഞങ്ങളുടെ സൗഹൃദവൃത്തത്തിൽപെട്ട ഷിനോജ് എന്ന ചെറുപ്പക്കാരൻ ബ്രെയിൻ ട്യൂമർ കൊണ്ട് അപ്രതീക്ഷിതമായി മരിച്ചപ്പോൾ അവന്റെ മൃതശരീരവുമായി അവന്റെ നാട്ടിലേക്ക് പോകുവാനുള്ള ഒരു നിയോഗവും എനിക്കാണുണ്ടായത്, 2015 മാർച്ചിൽ. അത് മറ്റൊരനുഭവം.
അവന്റെ അവസാനനാളുകളിൽ ഞങ്ങളെല്ലാം കൂടെ ഉണ്ടായിരുന്നു. പക്ഷേ, അവന്റെ ഭാര്യ അനുഭവിച്ച തീ കഠിനം തന്നെയായിരുന്നു.

അവൻ ഇവിടെ എത്തിയ സംഭവം മുമ്പ് പറഞ്ഞിരുന്നു. അവനെപ്പോലുള്ള യുവാക്കൾ എങ്ങനെയെങ്കിലും ഒരു കരപറ്റാൻ വേണ്ടി ചെയ്യുന്നതെല്ലാം പലരും അറിയാതെ പോകും. ബന്ധുക്കൾക്കും നാട്ടുകാർക്കും പ്രവാസികളുടെ വൈകാരികമോ സാമൂഹികമോ സാമ്പത്തികമോ ആയ വെല്ലുവിളികളെ, നേരിട്ടനുഭവം ഇല്ലാത്തതിനാൽ ഒരു കാൽപനീക പരിവേഷം ആണല്ലോ ലഭിക്കുക. അതൊട്ട് മായ്ക്കുവാൻ പ്രവാസികളും ശ്രമിക്കില്ല. ഒരു ഗമ തന്നെ. ഇത്തരം പ്രയാസങ്ങൾ മറികടന്നുള്ള അതിജീവനത്തിന്റെ കഥയാവും പല പ്രവാസികൾക്കും പണ്ട് ഉണ്ടായിരുന്നത്. ഇന്നും, അനുഭവം വ്യത്യസ്തമല്ലതന്നെ!

ഷിനോജിന്റെ മരണം ഞങ്ങളെയെല്ലാം പിടിച്ചുകുലുക്കി. അവന്റെ ഭാര്യയുമൊത്താണ് നാട്ടിലേക്ക് എന്റെ യാത്ര. അവന്റെ വിവാഹം കഴിഞ്ഞിട്ട് ഏറെ നാളായിട്ടില്ല. ആ കുട്ടിയുടെ ധൈര്യം, ഓർത്താൽ തൊഴുതു നിൽക്കണം. മൃതദേഹവുമായുള്ള ആ യാത്രയിൽ മറ്റു തടസ്സങ്ങൾ ഒന്നുമുണ്ടായില്ല.

ഷിനോന്റെ വീട്ടുകാരുമായി ശക്തമായ ഒരു ബന്ധം ഇതോടെ ഉണ്ടായി. അവന്റെ സഹോദരിയുടെ ഭർത്താവ്, സൺസിയുമായുള്ള മാനസികമായ അടുപ്പം പ്രത്യേകം എടുത്തുപറയണം. സൺസി ഇപ്പോൾ മസ്കറ്റിൽ ആണ്. സൺസിയുടെ ഭാര്യ, ഷിനോജിന്റെ സഹോദരി ഷീനയും കുട്ടികളുമൊത്താണ് താമസം. കുറേ വർഷങ്ങളായി സ്വന്തം ബിസിനസ്‌ ആണ് അദ്ദേഹത്തിന്.

ആ ഒരു പരിചയം ആത്മബന്ധമായി വളർന്നു. എന്റെ എഴുത്തുവഴിയിൽ സൺസി ഒരു വല്ലാത്ത പ്രചോദനവുമാണ്. സഹോദരതുല്യമായ ഒരു ബന്ധം ഞങ്ങൾതമ്മിലുണ്ട്. എന്റെ ആദ്യകവിതാസമാഹാരമായ പരാബോളയിൽ നന്ദിപൂർവം സൺസി തരുന്ന പ്രചോദനത്തെ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഇന്നും അതേ ബന്ധം കൂടുതൽ ശക്തിയോടെ ഞാൻ അനുഭവിക്കുന്നു. സൗമ്യ നാട്ടിലുണ്ട്. ഷിനോജിന്റെ അപ്പച്ചൻ രണ്ടുവർഷം മുമ്പ് മരിച്ചു എന്നതും ഒരു ദുഃഖമായി അവശേഷിക്കുന്നു.

ഇതിനിടയിൽ, മോളുടെ പഠനകാര്യത്തിൽ ഒരു നീക്കുപോക്കും ഉണ്ടായില്ല. ഇന്റർനാഷണൽ സ്റ്റാറ്റസ് ഉള്ള മച്ചബേങ് കോളേജിൽ ആണ് മോൾ പഠിക്കുന്നത്. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാൽ എഴുവർഷം കഴിയുമ്പോൾ IB ഡിപ്ലോമ കിട്ടും. ആ സർട്ടിഫിക്കേറ്റ് വച്ച് ഏത് യൂണിവേഴ്സിറ്റിയിലും പ്രൊഫഷണൽ കോഴ്സിനും ചേരാം. അതിനായി കാത്തിരിക്കുന്ന കാലം.

എന്റെ പഠനവും മുറപോലെ നടന്നു. Mphil റിസൾട്ട്‌ വരുംമുൻപുതന്നെ എനിക്ക് PhD ക്ക് അഡ്മിഷൻ കിട്ടി. ദൈവാനുഗ്രഹം മാത്രം. ഇന്റർവ്യൂ കഴിഞ്ഞു വരുംവഴി അറിഞ്ഞു, Mphil ജയിച്ചു! അങ്ങനെ നാട്ടിലെ രണ്ടു ബിരുദാനന്തര ബിരുദങ്ങൾക്കൊപ്പം മൂന്നാമതൊന്നുകൂടി വന്നുചേർന്നു.

വർഷം 2011. റോഡ്സ് യൂണിവേഴ്‌സിറ്റി സൌത്ത് ആഫ്രിക്കയിൽ ഗവേഷണം, വിദ്യാഭ്യാസം എന്നീ തുറകളിൽ വളരെ പേരുകേട്ടതാണ്. ഗ്രഹാംസ് ടൌൺ (Grahamstown) എന്ന ചെറിയ നഗരത്തിലാണ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. മസേരുവിൽ നിന്നും അതിർത്തികടന്ന് അലിവാൽ നോർത്ത് (Aliwal North) വഴി ദീർഘമായ ഒരു യാത്ര. എണ്ണൂറോളം കിലോമീറ്ററുകൾ യാത്ര ചെയ്യണം. ഒറ്റയ്ക്കുള്ള ഡ്രൈവിംഗ്. പ്രധാന നഗരങ്ങൾ വിട്ടാൽ റോഡ് മിക്കവാറും എന്റെ സ്വന്തം.

ഏകാന്തതയുടെ അപാരതീരം… എന്നൊക്കെ പാടിപ്പാടി ഡ്രൈവ് ചെയ്ത് പോകാം. പഴയ മലയാളം പാട്ടുകളുടെ നല്ല ശേഖരം ഉള്ളതിനാൽ അതും കേട്ടാണ് യാത്ര. അലിവാൽ നോർത്തിൽ ഒരു ചെറിയ വിശ്രമം. പിന്നെ ഒരൊറ്റ വിടലാണ്. ഗ്രഹാംസ്ടൗൺ വരെ. അവിടെ ചെന്നാൽ പിന്നെ യൂണിവേഴ്‌സിറ്റി ഓഫീസിൽ റിപ്പോർട്ട്‌ ചെയ്തശേഷം താമസം ഒരുക്കിയിടത്തേക്ക് പോകും. ഒരാഴ്ച അങ്ങനെ വായന, വിദ്യാർഥിഭാവം, ചർച്ചകൾ…

വിദ്യാർഥിയാവുക എന്നത് എത്ര സുന്ദരമാണ്. പഠനം എന്നും ഒരു ദൗർബല്യമായിരുന്നു എനിക്ക്. നന്നായി ആസ്വദിച്ച, അനുഭവിച്ച, അർമ്മാദിച്ച മറ്റൊരു മേഖലയും ഇല്ല. വിദ്യാർഥിയെന്നാൽ വിദ്യയെ ഉപാസിക്കുക എന്നുതന്നെ. 2011 മുതൽ ഗവേഷണത്തിന്റെ ഭാഗമായി വായന മാത്രം. പുതിയൊരു ലോകം തുറന്നു.

മകൾക്കു പ്രചോദനം എന്ന നിലയിലാണ് ഞാൻ പഠനം വീണ്ടും തുടങ്ങിയത് എന്നു കൂടെക്കൂടെ പറയുമായിരുന്നു.
2013 ൽ വിനു ഡിസ്റ്റിങ്ക്ഷനോടെ IB പാസ്സായി. 2014 ൽ സൗത്ത് ആഫ്രിക്കയിലെ ബ്ലുംഫൊണ്ടേയ്നിലെ (Bloemfontein) University of Free State (UoFS) ൽ മെഡിസിന് ചേർന്നു. ഇനി അഞ്ചരവർഷം കഴിഞ്ഞാൽ, ഡോക്ടർ ആയി ഇറങ്ങാം. അന്യനാട്ടിൽ ഈ ഒരു അവസരം കിട്ടിയത് പുണ്യം തന്നെ.
ബ്ലുംഫൊണ്ടേയ്ൻ നഗരം മസേറുവിൽ നിന്നും നൂറ്റമ്പതോളം കിലോമീറ്റർ ദൂരമേയുള്ളു എന്നതിനാൽ മാസത്തിൽ ഒരിക്കലെങ്കിലും ഭക്ഷണം പാകം ചെയ്ത് മോളെ കാണാനും ഒരു യാത്ര ഞങ്ങൾക്കുണ്ടായിരുന്നു.
മൂന്നു മാസത്തിൽ ഒരിക്കൽ ഒരാഴ്ചത്തേക്ക് റോഡ്‌സ് യൂണിവേഴ്സിറ്റിയിലേക്ക് എന്റെ പഠനാവശ്യത്തിനായും, ബ്ലൂമിലേക്ക് ഞങ്ങളുടെ മോളെ കാണാൻ മാസത്തിൽ ഒരിക്കലുമായി യാത്ര തന്നെ. (ഗവേഷണം പൂർത്തിയാക്കിയത് 2016 ഏപ്രിലിൽ ആണ്). അതിനിടയിൽ എല്ലാ വർഷവും അദ്ധ്യാപകർക്കായി capacity building ന്റെ ഭാഗമായി വർക്ഷോപ്പുകളും നടത്തിവന്നു.
ഇത്തരം പ്രവർത്തനങ്ങളിൽ വളരെ സഹായിച്ച ഒരു വ്യക്തിയാണ് ടോണി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസമാന്തരം
Next articleനന്തനാര്‍ സാഹിത്യ പുരസ്‌കാരം വിവേക് ചന്ദ്രന്
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here