ഇരുണ്ട ഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് : അവസാന അധ്യായം

This post is part of the series ഇരുണ്ട ഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച്

 

 

Durham University യിലെ പീറ്റർ ടിംസ്, ക്രിസ്റ്റിൻ മെറെൽ (Peter Tymms, Christine Merrel) എന്നിവർ ipips (www.ipips.org) നു വേണ്ടി വർഷങ്ങളായി പല നാടുകളിലും ഗവേഷണം ചെയ്യുന്നുണ്ടായിരുന്നു. UK, Russia, Abudabi, Brazil, RSA തുടങ്ങിയവ അവയിൽ ചിലതുമാത്രം.
ല്സോത്തോയിലെ സ്‌കൂളുകളിൽ ഗവേഷണം ചെയ്യുവാൻ താല്പര്യം ഉണ്ടോ?, പീറ്റർ ചോദിച്ചു.

നൂറുവട്ടം സമ്മതം. ടോണിയാണ് പീറ്ററിനും എനിക്കുമിടയിലെ പാലം. ഒന്നാം ക്ലാസിൽ കുട്ടികൾ പഠിക്കുവാൻ ചേരുമ്പോഴും അതേ വർഷാവസാനം പഠനം അവസാനിക്കുമ്പോഴും അവരുടെ അറിവിന്റെ ആഴം അളക്കണം. അതിനു പ്രധാനമായും അധ്യാപകരുടെ സഹകരണം വേണം.
തീർച്ചയായും, എത് ഗവേഷണത്തിനും വിദ്യാഭ്യാസവകുപ്പിന്റെ അനുവാദം കൂടിയേ കഴിയൂ. അങ്ങനെ ഞാൻ വീണ്ടും തുടങ്ങി, കാര്യങ്ങൾ ഒരു അരുക്കാക്കുവാൻ.
ടീം ഉണ്ടാക്കുവാൻ എളുപ്പമാണ്. ഞാൻ പറഞ്ഞാൽ മുണ്ടും മടക്കി എങ്ങോട്ടുവേണമെങ്കിലും വരാൻ തയ്യാറായി ചെലോരുണ്ട്. അതൊരു പുണ്യമാണ്.
ആദ്യം ചെയ്യേണ്ടത് പഠനാവശ്യത്തിനുള്ള സാമഗ്രികൾ സിസോത്തോയിലേക്ക് വിവർത്തനം ചെയ്യുക എന്ന മഹാപ്രവർത്തിയാണ്. നമ്മുടെ അധ്യാപകരുടെ മനസ്സിനും പ്രവർത്തിക്കും യോജിച്ച വിധമാവണം വിവർത്തനം ചെയ്യേണ്ടത്. അതിനുതക്ക ഒരു ടീമിനെ ഞാൻ ഒരുക്കി, വിവർത്തനം തുടങ്ങി. ടീമിന് വേണ്ടി ഒരു മീറ്റിംഗ് ഏർപ്പാട് ചെയ്യുന്നതിനിടയിൽ, ഒരു ദിവസം സ്കൂളിൽ വച്ച് ഡിം എന്ന് പറഞ്ഞു ഞാൻ വീണു. ഹൃദയം സ്തംഭിച്ചു!

ഒന്നും പറയാനില്ല. മൂന്നുമാസത്തോളം ലോകം തകിടം മറിഞ്ഞു. ജീവൻ ഊഞ്ഞാലിൽ. എന്റെ മോളുടെ പഠനം സംബന്ധിച്ച ചിലവ് നോക്കാൻ ജിജോയോടും കണ്ണനോടും പറഞ്ഞു. സ്കൂളിലെ കാര്യങ്ങൾക്ക് എന്റെ ഡെപ്യൂട്ടി സിസ്റ്റർ താറ്റോയ്ക്ക് സകല ഉത്തരവാദിത്തവും ഏല്പിച്ചു. ഗവേഷണത്തിന്റെ ചുമതല ഡോ. മാഥോട്ടിനെയും പറഞ്ഞേല്പിച്ചു. എങ്ങാനും മോളിലോട്ട് പോയാൽ, ഭൂമിയിൽ ഞാൻ ഏറ്റ കാര്യങ്ങൾ ഭംഗിയായി ഞാനില്ലാതെയും നടക്കണമല്ലോ.
ബ്ലുംഫൊണ്ടേയ്നിലെ പേരുകേട്ട സർക്കാർ ആശുപത്രിയിൽ രായ്ക്കുരാമാനം തൂക്കിയെടുത്തു കൊണ്ടുപോയി, ആംബുലൻസിൽ. കൂടെ ഉമയും ജിജോയുടെ മകൻ ടോം, കണ്ണന്റെ മകൻ അനിയും ഉണ്ട്. അവിടെ ശ്രീനിവാസന്റെ മകൾ സന്ധ്യയും എന്റെ മകളും അവരുടെ കൂട്ടുകാരും കാത്തുനിൽക്കുന്നു.
മൂന്നുമാസം ആശുപത്രിയിൽ കിടന്നു. അത്യാവശ്യം ധമനികൾ മാറ്റിവച്ചു ഞാൻ കുട്ടപ്പനായി വന്നപ്പോഴേക്കും എയ്ഡ്‌സ് ബാധിച്ചവനെപ്പോലെ ഭാരം കുറഞ്ഞു. ചീർത്തബലൂൺ ഒരു സൂചി വച്ചു കുത്തിയാൽ എങ്ങനെ ഇരിക്കുമോ അതുപോലെ. പുതിയ ജന്മത്തിന് കടപ്പാട് കൂടെയുള്ളവരോട് മാത്രം.
എന്റെ ഈ അവസ്ഥയെക്കുറിച്ച് പറയുവാനോ കേൾക്കുവാനോ ഇഷ്ടമല്ല. ഉമയുടെയും ഞങ്ങളുടെ മോളുടെയും പ്രാർത്ഥന, സുഹൃത്തുക്കളുടെ സപ്പോർട്ട് എല്ലാമായി ഞാനങ്ങു വളർന്നു. മാനസികമായും ശാരീരികമായും കഠിനമായ ഒരു പരീക്ഷണകാലമായിരുന്നു പിന്നീട് ഞങ്ങളെ കാത്തുനിന്നത്.

ആ കാലവും കഴിഞ്ഞു. Ipips ഗവേഷണം സുന്ദരമായി മുന്നോട്ടു നീങ്ങി. മൂന്നുമാസം കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചു. നാട്ടിലും പോയിവന്നു. വർഷം 2017.

ഗവേഷണത്തിന്റെ ഭാഗമായി ആദ്യം രണ്ടു സ്കൂളുകളിൽ ഒരു ലിറ്റ്മസ് പഠനം നടത്തി, അതിന്റെ വ്യാഖ്യാനവും ഫലവും ഗുണദോഷങ്ങളും ബന്ധപ്പെട്ട എല്ലാവരുമായി പങ്കുവച്ചു. തുടർന്ന് പന്ത്രണ്ടു സ്‌കൂളുകളിൽ ഒരു പൈലറ്റ് പഠനം നടത്തി. എല്ലാം വിജയകരമായി.
അതിന്റെ തുടർച്ചയായി 60 സ്‌കൂളുകളിൽ തുടർ ഗവേഷണം നടത്തുവാനുള്ള തീരുമാനവും ആയി.
ഇനിയുള്ളത് വർത്തമാനകാലമാണ്.
2018 ൽ എന്റെ മകൾ ഡോക്ടർ ആയി ബിരുദം നേടി. ഗവേഷണം പുരോഗമിക്കുന്നു. ജീവിതം സുന്ദരമാണ്. ഇടയ്ക്ക് അസുഖത്തിൻറെ പേരിൽ ഉമക്ക് നല്ല സമ്മർദ്ദം കൊടുക്കുമെന്നത് ഒഴിച്ചാൽ വേറെ പ്രശ്നങ്ങൾ ഇല്ല. അസുഖം ഭേദമായതിനുശേഷം ഞാനും ഒന്ന് ഒതുങ്ങി.
2018 അവസാനം സിസ്റ്റർ താറ്റോ ഡെപ്യൂട്ടി സ്ഥാനം ഒഴിഞ്ഞു. അവർക്ക് മഠത്തിൽ ഉന്നതസ്ഥാനം കിട്ടിയതിനാൽ സ്കൂളിലെ ഭരിച്ച ചുമതല അധികമായി തോന്നി. അങ്ങനെ, ജസ്റ്റിനയെ എന്റെ ഡെപ്യൂട്ടി ആക്കി.
2019 ൽ ഒരു കടുത്ത തീരുമാനവും ഞാൻ എടുത്തു. ഇനി ജോലി ചെയ്യാൻ വയ്യ. മോളും ഉമയും സമ്മതിച്ചു. അങ്ങനെ 2019 ഡിസംബറിൽ ഔദ്യോഗികമായി, 28 വർഷത്തെ ല്സോത്തോയിലെ അധ്യാപകവൃത്തിയോട് സുല്ല് പറഞ്ഞു. കെന്യയിലെ അനുഭവം കൂടി കണക്കിലെടുത്താൽ 31 വർഷത്തെ അധ്യാപകജീവിതം! ധാരാളം. തൃപ്തിയായി.

ഗവേഷണം കഴിഞ്ഞു നാട്ടിൽ പോകണം, പറ്റിയാൽ വോളന്റീയർ ആയി എന്തെങ്കിലും നാട്ടിൽ ചെയ്യണം എന്നതായിരുന്നു എന്റെ മോഹം. മോൾക്ക് സ്വന്തം വരുമാനം ഉണ്ട്. പേടിക്കാനില്ല. ഉമക്ക് ഇവിടം മടുക്കുമ്പോൾ പോകാം, അതിനിടയിൽ ഗവേഷണം തീരും എന്നെല്ലാം കരുതി. അപ്പോഴാണ് കൊറോണ എന്ന ഭീകരൻ ചൈനയിൽ നിന്നും കപ്പൽ കേറി എല്ലായിടത്തും കയറി നിരങ്ങിയത്.
Lock down എന്ന സംഭവം പല്ലിളിച്ചു കാട്ടി. ദിവസങ്ങൾ നീങ്ങുന്നില്ല. എന്തുചെയ്യും?
എന്തുചെയ്യാൻ… എല്ലാവരും ചെയ്തതുപോലെ ഉറങ്ങി, രാത്രിയും പകലും തമ്മിൽ വ്യത്യാസം അറിയാതായി. സിനിമ കണ്ടു മടുത്തു.
അങ്ങനെയിരുന്നപ്പോൾ മഹാമാരിയെക്കുറിച്ച് കുറേ പഠിച്ചു, ഇവിടെയുള്ള പത്രങ്ങളിൽ ലേഖനങ്ങൾ എഴുതി. ഒപ്പം, എന്നെ സ്വാധീനിച്ചവരെക്കുറിച്ചും എഴുതി. ചില ഇന്റർവ്യൂകളിൽ പങ്കെടുത്തു. ഗവേഷണം തുടരുന്നു. കൊറോണക്കാലം ഒരു ദുഃഖവും പകർന്നുതന്നു. ipips ന്റെ നെടുംതൂണായ ക്രിസ്റ്റീൻ കഴിഞ്ഞവർഷം ഞങ്ങളെ വിട്ടുപോയി. കുറച്ചുനാൾ അസുഖമായി യൂണിവേഴ്സിറ്റിയിൽ നിന്നും അവധി എടുത്ത ക്രിസ്റ്റീൻ 2021 ജനുവരി 9 നു ഈ ലോകം വിട്ടുപോയപ്പോൾ ipips എന്ന പ്രസ്ഥാനത്തിന്റെ നെടുംതൂണാണ് നഷ്ടമായത്. വ്യക്തിപരമായ ഒരു നഷ്ടമായിരുന്നു ഞങ്ങൾക്കെല്ലാവർക്കും. ല്സോത്തോയിലെ ipips പ്രോഗ്രാമിനെക്കുറിച്ച് ചില സ്വപ്‌നങ്ങൾ ക്രിസ്റ്റീന് ഉണ്ടായിരുന്നു. അവരുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.
2021 വ്യക്തിപരമായി പുതിയ ലോകം തുറന്നുതരികയും ചെയ്തു. ആ വർഷം ആണല്ലോ ഞാൻ മലയാളത്തിൽ എഴുതിത്തുടങ്ങിയിട്ട്, ഭാഷയെ കൂടുതൽ അറിയുവാനുള്ള ശ്രമം യാദൃശ്ചികമെങ്കിലും തുടങ്ങിയിട്ട് ഏകദേശം ഒരു വർഷമായപ്പോൾ എന്റെ “പരാബോള” ഇറങ്ങി. എന്റെ ജീവിതത്തിലെ സകല ഏറ്റക്കുറച്ചിലുകളും കണ്ടാണ് ആദ്യകൃതിക്ക് പരാബോള എന്ന പേരും ഇട്ടത്. പരാബോള പോലെയാണ് എന്റെ ജീവിതവും അനുഭങ്ങളും.

മലയാളത്തിൽ എഴുതിത്തുടങ്ങിയപ്പോൾ മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയതുപോലെ ഞാൻ ഒരു ഭാഷാപ്രേമിയായി. ഇനിയും പുതിയ അനുഭവങ്ങൾ ഉണ്ടാകുമായിരിക്കും.

ഇനി പിൻനടത്തമില്ല. ഒരിക്കലും കരുതാത്ത വിധമാണ് ജീവിതം മുന്നോട്ടു പോയിരുന്നത്. അറിയാത്ത ലോകം കണ്ടു.
സംതൃപ്തിയുണ്ട്, നന്ദിയുണ്ട് എല്ലാവരോടും.
ഞാൻ കണ്ട ആഫ്രിക്കയെ, ഈ ലോകത്തെ എന്റേതായ രീതിയിൽ ഞാൻ വരച്ചുവച്ചു. വായനക്കാരുടെ മുൻപിൽ തുറന്നുവച്ചു. തെറ്റും ശരിയും ഇടകലർന്ന എന്റെ കാഴ്ചകൾ അനുവാചകർ വായിക്കുമ്പോൾ എന്റെ ഉള്ളം നിറയുന്നു.

എന്റെ കഥ തീർച്ചയായും ഒറ്റപ്പെട്ടതല്ല. എന്നെപ്പോലെ ഒരായിരം പേരുണ്ടാകും. കഷ്ടപ്പാടിലൂടെ ജീവിതം ഒരു അരുക്കാക്കുന്നവർ, ഇപ്പോഴും കഷ്ടപ്പെടുന്നവർ. ആരും ഒറ്റക്കല്ല എന്ന പ്രാർത്ഥനയോടെ “ഇരുണ്ട ഭൂഖണ്ഡമെന്ന്” പണ്ട് ചില ഭാവനാസമ്പന്നർ വിശേഷിപ്പിച്ച ആഫ്രിക്കയുടെ മാറിലൂടെയുള്ള എന്റെ യാത്രയെക്കുറിച്ചുള്ള ഈ കുറിപ്പുകൾ ഇവിടെ അവസാനിപ്പിക്കുന്നു ഞാൻ.
എന്റെ ആഫ്രിക്കൻ യാത്ര ഇനിയും തീർന്നിട്ടില്ല. ഈ യാത്രയിൽ ഇപ്പോൾ ഒരു ലോകം മുഴുവൻ കൂടെയുണ്ട് എന്നൊരു വിശ്വാസം നെഞ്ചിലുണ്ട്. ആ ഒരു ചിന്തയോടെ എന്റെ യാത്ര തുടരുന്നു…

ഉപസംഹാരം
=====
ഭാഷയിൽ എഴുതിത്തുടങ്ങിയത് 2020 ഏപ്രിൽ മുതലാണ്. ഓൺലൈൻ മാധ്യമങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചതിനു ശേഷം ല്സോത്തോ എന്ന നാടിനെക്കുറിച്ച് അറിയാത്ത പലരും നേരിട്ട് വിളിച്ചു. ഓൺലൈൻ വഴിയും ബന്ധപ്പെട്ടു.
എഴുത്ത് ഒരു അനുഗ്രഹമാണെന്ന് തോന്നി. ആദ്യകാലത്തെ എഴുത്തിൽനിന്നും ഏറെ മുന്നോട്ടു പോയി. കഥകൾ, കവിതകൾ, ലേഖനങ്ങൾ, യാത്രക്കുറിപ്പുകൾ, ഇന്റർവ്യൂകൾ, പുസ്തകാവലോകനങ്ങൾ ഇങ്ങനെ പല മേഖലകളിലും സഞ്ചരിച്ചു. പലരെയും അറിഞ്ഞു.
ഒരുപാട് കൃതികൾ ഓൺലൈൻ മാധ്യമങ്ങളിൽ വന്നു. എന്നെപ്പോലെയുള്ള പുതിയ എഴുത്തുകാർക്ക് നവമാധ്യമങ്ങൾ അനുഗ്രഹമാണ്, അവസരമാണ്. ഇതോടൊപ്പം അച്ചടിമാധ്യമങ്ങളിലും എന്റെ പേര് പ്രത്യക്ഷപ്പെട്ടത് കൂടുതൽ അംഗീകാരമായി കാണുന്നു.
എന്നെപ്പോലുള്ള ഒരു പ്രവാസിക്ക് ഇതിൽകൂടുതൽ വേറെ എന്തുവേണം.
ഇനിയും ഏറെ ചെയ്യാനുണ്ട് എന്ന തോന്നലാണ് ഓരോ നിമിഷവും എന്നെ മുന്നോട്ടു നയിച്ചത്. അതേ തോന്നലോടെ ഇപ്പോഴും ഞാൻ നടക്കുന്നു, നവയൗവനഭാവത്തോടെ നാൾതോറും വളരുന്ന അവസ്ഥ തന്നെ!
വായനക്കാർ തരുന്ന പ്രചോദനത്തോടെ, എന്റെ കുടുംബം തരുന്ന കരുതലോടെ ഞാനും ഈ ഭൂമിയിൽ ഒരു കോണിൽ സംതൃപ്തിയോടെ ജീവിക്കുന്നു.
എന്റെ ആഫ്രിക്കൻ കാഴ്ചകൾ ആദ്യമായി പ്രസിദ്ധീകരിച്ച പുഴയോടും എന്റെ വായനക്കാരോടും എഴുത്തിലൂടെ നേടിയ സൗഹൃദക്കൂട്ടങ്ങളോടും ഏറെ കടപ്പാടുണ്ട്, സ്നേഹവും.
=========

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇനി
Next articleവൈഷ്ണവം സാഹിത്യ പുരസ്‌കാര സമർപ്പണം
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

2 COMMENTS

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here