അർണ്ണവത്തെപ്പോലെ അലറുന്ന
ആ മേഘരൂപനെ ആർക്കു തടുക്കാനൊക്കും!
നീതിയുടെ നാവു തുളച്ചു വചനങ്ങൾക്ക് പൂട്ടിടുന്നവർ
ഒരു പുതിയ നീതിമാന്റെ ചാട്ടവാറിന് മുന്നിൽ
ഒരു നാൾ പുറം കുനിച്ചു നിൽക്കേണ്ടി വരും.
നിഷ്കളങ്കരെ കുരിശിലേറ്റുന്ന
ദുഷിച്ചു നാറിയ അധികാരക്കസേരകൾ ഒരു നാൾ
ആക്രിക്കടയിലെ അന്ധകാരത്തിലേക്ക് തള്ളപ്പെടാതിരിക്കില്ല.
സത്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവരെ അചഞ്ചലമായ സത്യംതന്നെ പരിരക്ഷിച്ചു കൊള്ളും.
തീപ്പന്തങ്ങളേന്തി അവരെ സ്വാഗതം ചെയ്യാം. അവരുടെ മുറിവുകളിൽ
കരുണയുടെ ലേപനം പുരട്ടാം. അവർ തളർന്നു വീഴുമ്പോൾ
അവരെ കൈകളിൽ താങ്ങിപ്പിടിക്കാം. നക്ഷത്രത്തോളം ഉയരത്തിൽ അവരെ ഉയർത്താം. ഭൂമിക്കു മാത്രമല്ല ആകാശത്തിനും അവർ
പ്രീയരത്രെ!
ഭൂമി അവരുടെ കാലൊച്ചകൾക്കായി കാതോർക്കുന്നു.
കാറ്റ് അവരുടെ മുടിനാരുകളുമായി കണ്ണാരം കളിക്കുന്നു.
സൂര്യൻ അവരുടെ കണ്ണുകളിൽ അരുണചുംബനങ്ങൾ അർപ്പിക്കുന്നു .
അവർക്കായി വിഷക്കോപ്പ തയ്യാറാക്കുന്നവൻ ഇരുളിൽ ഒളിഞ്ഞിരിപ്പുണ്ട്.
അവരുടെ ശവക്കച്ചയ്ക്കു വേണ്ടി മുൻകൂർ നറുക്കിടുന്നവരെ സൂക്ഷിക്കുക.
പാടുന്ന കുയിലിനെ നിശബ്ദമാക്കാൻ,
ഒഴുകുന്ന പുഴയോട് ഒഴുകരുതെന്നു ആജ്ഞാപിക്കുവാൻ ആർക്കു കഴിയും!
അർണ്ണവത്തെപ്പോലെ അലറുന്ന
ആ മേഘരൂപനെ ആർക്കു തടുക്കാനൊക്കും