മുറ്റത്തെ ചക്കരമാവിൻചുവട്ടിൽ..

തന്റെ പേരിൽ വന്ന മുപ്പത്തിയഞ്ച് രൂപയുടെ ചെക്കുമായി അമ്പരന്നു നിന്ന ഒരു ഒന്നാം വർഷപ്രീഡിഗ്രിക്കാരന്റെ ഓർമ്മകളിൽ എന്റെ സാഹിത്യ ജീവിതത്തിന്റെ ഓർമ്മകൾ തുടങ്ങുന്നു എന്ന് പറയാം. ഒരു ബാലപ്രസിദ്ധീകരണത്തിലേക്ക് അയച്ചു കൊടുത്ത കഥയുടെ പ്രതിഫലമായി അയച്ചു കിട്ടിയതാണ് മുപ്പത്തിയഞ്ചു വർഷം മുമ്പുള്ള ആ മുപ്പത്തിയഞ്ചു രൂപ..അത് ഒരു പ്രോൽസാഹനമായിരുന്നു, അംഗീകാരമായിരുന്നു. ബാലകഥകളിൽ തുടങ്ങി കവിതയിലൂടെയും കഥയിലൂടെയും കടന്ന് ഹാസ്യസാഹിത്യ രംഗത്ത് എത്തി നിൽക്കുമ്പോൾ തീർച്ചയായും ആ ആദ്യ പ്രതിഫലത്തിന്റെ അനുഭൂതി പിന്നെയൊന്നിനും ഉണ്ടായിട്ടില്ല..

എവിടെയാണ് വായനാനുഭവങ്ങൾ തുടങ്ങുന്നത്..എന്റെ ബാപ്പയുടെ ഉമ്മ എപ്പോഴും കഥകൾ പറഞ്ഞു തരുമായിരുന്നു. ചരിത്രകഥകളും ഗുണപാഠ കഥകളുമൊക്കെ നിറഞ്ഞ കഥാസഞ്ചിയുമായാണ് എപ്പോഴും ഉമ്മ വരിക. വല്യുമ്മയെ കാണുമ്പോൾ തന്നെ കുട്ടികൾക്ക് സന്തോഷമായിരുന്നു. കഥകളും കവിതകളും കേൾക്കാമല്ലോ? അന്നൊന്നും ഇതു പോലെ ബാലപ്രസിദ്ധീകരണങ്ങളും കുട്ടികളുടെ ചാനലുകളും മൊബൈലൊന്നുമില്ലാത്ത കാലം.. കഥ കേൾക്കണമെങ്കിൽ മുത്തശ്ശിമാർ തന്നെ ആശ്രയം..കഥകളുടെ നൻമകളുമായി ഓടി നടന്നിരുന്ന മുത്തശ്ശിമാർ ഇന്ന് അന്യം നിന്നു പോയി എന്നു തന്നെ പറയാം. തിരിച്ച് ബാപ്പുമ്മയ്ക്കും കഥകൾ പറഞ്ഞു കൊടുക്കണമായിരുന്നു. ചരിത്ര കഥകളും കഥകളുമൊക്കെ ബുക്ക് സ്റ്റാളിൽ നിന്നും വാങ്ങിക്കൊണ്ടു വന്ന് അത് വായിച്ച് കൊടുക്കലായിരുന്നു നമ്മുടെ ജോലി.
.അതൊക്കെയാകാം എന്നിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയത്. അല്ലാതെ സാഹിത്യപരമായ പാരമ്പര്യമൊന്നും പറയാനില്ല. എങ്കിലുമെന്റെ ഉമ്മയും ബാപ്പയും എന്നും വായനയെ പ്രോൽസാഹിപ്പിച്ചിരുന്ന ആളുകളായിരുന്നു. പത്രം അരിച്ചു പെറുക്കി വായിച്ചിരുന്നവരായിരുന്നു. ബാപ്പയുടെ സ്വന്തം പലചരക്കു കടയിൽ നിന്നും സാധനങ്ങൾ കൊണ്ടു വരുമ്പോൾ പൊതിഞ്ഞിരുന്ന പത്രക്കടലാസ് എല്ലാം ഞാൻ ശേഖരിച്ചു വെക്കും. എന്നിട്ട് അതിൽ നിന്നും കിട്ടുന്ന ഭാഗിക സൃഷ്ടികൾ വായിക്കലായിരുന്നു ആദ്യകാല വായന എന്ന് പറയാവുന്നത്.
പിന്നീട് നാട്ടിലെ പാരമ്പര്യങ്ങളുറങ്ങുന്ന വൈ.എം.എ.ഗ്രന്ഥശാലയിലേക്ക് കടന്നു ചെല്ലുമ്പോൾ അറിവുകളുടെ അക്ഷയഖനികൾ എനിക്കു വേണ്ടി കാത്തിരുന്നു.. ഏതൊരാളെയും പോലെ മുട്ടത്തു വർക്കിയും കാനവുമൊക്കെയായിരുന്നു തുടക്കം..ദുർഗപ്രസാദ് ഘത്രിയുടെയും കോട്ടയം പുഷ്പനാഥിന്റെയുമൊക്കെ ഡിറ്റക്ടീവ് നോവലുകളും എന്നെ വായനയുടെ പുതിയൊരു ലോകത്തേക്ക് കൊണ്ടുപോയി. പതിയെ പതിയെ വായനയുടെ ഗൗരവ തലങ്ങളിലേക്ക് കടന്നു..പിന്നെ കമ്മറ്റിയംഗമായി. ലൈബ്രേറിയനായി,പ്രസിഡന്റായി വായനശാലയിലെ പത്തു പതിനഞ്ച് വർഷങ്ങൾ..എന്നിലെ എഴുത്തുകാരന് എന്നും തണലായ വർഷങ്ങൾ..അതു കൊണ്ട് തന്നെ എന്റെ ആദ്യ പുസ്തക പ്രകാശനം മുതൽ എല്ലാം എന്റെ പ്രിയപ്പെട്ട ഗ്രന്ഥശാലാ അങ്കണത്തിൽ വെച്ചു തന്നെയായിരുന്നു.

അതു വഴി സുകുമാർ, പി.സി.സനൽകുമാർ,ചെമ്മനം ചാക്കോ തുടങ്ങി പല പ്രശസ്തരെയും നാട്ടിൽ കൊണ്ടുവരാനും അവരുടെ പ്രസംഗം കേൾക്കുവാനും അവസരമുണ്ടാക്കി എന്ന ചാരിതാർത്ഥ്യമുണ്ട്. ഇവരിൽ പലരെയും നേരിട്ട് പരിചയമൊന്നുമില്ല,അങ്ങോട്ട് കേറി പരിചയപ്പെടുകയായിരുന്നു. എല്ലാവരും വലിയവരാണെന്ന ഭാവമൊന്നുമില്ലാതെ നിറഞ്ഞ സ്നേഹത്തോടെയാണ് പെരുമാറിയത്. ചെമ്മനം ചാക്കോ സാർ നൽകിയ സഹകരണം ഒരിക്കലും മറക്കാൻ കഴിയില്ല. എന്റെ രണ്ടാമത്തെ പുസ്തകത്തിന് അവതാരിക എഴുതി തരണമെന്ന ആവശ്യവുമായാണ് തുടക്കക്കാരനായ ഞാൻ ലബ്ധപ്രതിഷ്ഠനായ അദ്ദേഹത്തെ സമീപിക്കുന്നത്. ആദ്യമൊക്കെ ഒഴിവു കഴിവു പറഞ്ഞെങ്കിലുംഞാൻ വിടാതെ പിന്തുടർന്നു. ആവശ്യം എന്റേതാണല്ലോ,അദ്ദേഹത്തിന് എനിക്ക് അവതാരിക എഴുതി തന്നില്ല എന്നു വെച്ച് ഒന്നും നഷ്ടപ്പെടാനില്ല,പക്ഷേ എനിക്ക് അത് കിട്ടിയാൽ ഒരുപാട് നേടാനുണ്ട്.
ഒടുവിൽ അദ്ദേഹം അവതാരിക എഴുതി തന്നു. ’’മണ്ണഞ്ചേരിക്കുമുണ്ട് നാഴിയിടങ്ങഴി മണ്ണ്’’ എന്ന പേരിൽ എഴുതിയ ആ അവതാരിക എനിക്കു നൽകിയ അംഗീകാരം വളരെ വലുതാണ്.പിന്നീട് എന്റെ രണ്ട് ഹാസ്യകൃതികൾ എന്റെ നാടായ മണ്ണഞ്ചേരിയിൽ വന്ന് പ്രകാശനം ചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി’ ഞങ്ങളുടെ മണ്ഡലത്തിലെ എം.എൽ.എ.കൂടിയായ മന്ത്രി തോമസ് ഐസക്കാണ് ഈ പുസ്തകങ്ങൾ ഏറ്റു വാങ്ങിയത്. ആറ് ഹാസ്യസാഹിത്യ കൃതികൾക്കൊപ്പം രണ്ട് ബാലസാഹിത്യ സൃഷ്ടികളും പ്രസിദ്ധീകരിച്ചു.’’സ്നേഹതീരങ്ങളിൽ’’ എന്ന ബാല നോവലിന് 2013 ലെ പാലാ കെ.എം.മാത്യൂ അവാർഡ് ലഭിച്ചത് വലിയൊരംഗീകാരമായിരുന്നു. പിന്നീട് ഇത് ‘’സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ എന്ന പേരിൽ സിനിമയായപ്പോൾ അതിന്റെ തിരക്കഥ ,സംഭാഷണം,ഗാനങ്ങൾ എഴുതാൻ കഴിഞ്ഞു. അങ്ങനെ ബാലകഥകളിൽ തുടങ്ങി തിരക്കഥ വരെ എത്താൻ കഴിഞ്ഞത് പല ഭാഗത്തു നിന്നും കിട്ടിയ പ്രോൽസാഹനങ്ങൾ കാരണമാണ്,അവയെല്ലാം എന്നും ഹൃദയത്തോട് ചേർത്തു വെക്കുന്നു. ഈ ചിത്രത്തിലാണ് ചെമ്മനം ചാക്കോ സാർ ആദ്യമായി അഭിനയിക്കുന്നത്. അതിന്റെ ആഡിയോ സി.ഡി.അമ്പലപ്പുഴ കുഞ്ചൻ സ്മാരകത്തിൽ വന്ന് പ്രകാശനം ചെയ്തതും ചെമ്മനമാണ്.യു.പ്രതിഭ.എം.എൽ.എ. ഉൾപ്പെടെ പല രംഗങ്ങളിൽ പ്രശസ്തരായ പലരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

സൃഷ്ടികൾ വായിച്ച് അഭിപ്രായം പറയുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളും നാട്ടുകാരും എന്നും എന്റെ ഏറവും വലിയ പിന്തുണയാണ്. ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ സ്വന്തമായി നടത്തിയ 4 പേജുള്ള ‘’വിദ്ധ്യാർഥി ശബ്ദം’’എന്ന പത്രത്തെപ്പറ്റിയുള്ള ഓർമ്മകൾ എന്നും ഓർമ്മയിൽ തിളങ്ങി നിൽക്കുന്നു. വീട്ടിൽ വെച്ച് പത്രം എഴുതി കൊണ്ടുവരും. മുൻപേജിൽ പ്രധാന വാർത്തക്കായി അൽപം സ്ഥലം ഒഴിച്ചിടും. റേഡിയോവിൽ നിന്നും സ്കൂളിനടുത്തുള്ള ലൈബ്രറിയിൽ നിന്നും കിട്ടുന്ന ബ്രേക്കിങ് ന്യൂസ് കൂടി ചേർത്താണ് പത്രം രാവിലെ ക്ളാസ്സിൽ കൊണ്ടു ചെല്ലുകസഹപാഠിയായിരുന്ന രമേശായിരുന്നു ചിത്രകാരൻ, ആഴ്ചയിലൊരു ദിവസം പ്രത്യേക പതിപ്പും ഉണ്ടായിരുന്നു. അധ്യാപകരും സഹപാഠികളും നൽകിയ പിന്തുണ വലുതായിരുന്നു.

അതേ പോലെ തുടക്കത്തിൽ ആകാശവാണി നൽകിയ പിന്തുണയും മറക്കാൻ കഴിയില്ല. ആകാശവാണിയിലെ പരിപാടികൾ കേട്ട് കത്തുകളെഴുതി എഴുത്തുപെട്ടിയിൽ എന്റെ പേര് പറയുന്നത് കേൾക്കാൻ കാത്തു നിന്നിരുന്ന കൗമാര കാലം. അവിടെ നിന്നും യുവവാണിയിലും സാഹിത്യവേദിയിലേക്കുമൊക്കെ വളർന്ന ആകാശവാണിയുമായുള്ള ബന്ധം. പല സാഹിത്യകാരൻമാരെയും ശബ്ദത്തിലൂടെ മാത്രം അറിയാമായിരുന്ന പലരെയും നേരിട്ടറിയാനും അതുവഴി കഴിഞ്ഞു. വായനശാലയിൽ നടത്തിയിരുന്ന കയ്യെഴുത്തു മാസികയും ഒരു അനുഭവവും പ്രചോദനവുമായിരുന്നുകലാലയത്തിലെ മാഗസിനുകളും അന്ന് ഒത്തിരി പ്രചാരത്തിലുണ്ടായിരുന്ന മിനിമാസികകളും ഇൻലൻഡ് മാസികകളുമൊക്കെ നൽകിയ പിന്തുണയും മറക്കാൻ കഴിയില്ല. ഹാസ്യകൈരളി, ചിരിച്ചെപ്പ്,പാര,പുഴഓൺലൈൻ മാഗസിൻ തുടങ്ങി പേരെടുത്ത് പറയേണ്ട ഒട്ടനവധി പ്രസിദ്ധീകരണങ്ങളുണ്ട്. ഇന്ന് സാഹിത്യലോകത്തിന്റെ പടിവാതിലിൽ നിൽക്കുമ്പോൾ എന്നും എനിക്ക് പ്രോൽസാഹനങ്ങൾ നൽകിയ എല്ലാവരും ഓർമ്മയിലുണ്ട്. തുടർന്നുള്ള വഴികളിൽ വെളിച്ചമേകാൻ അവരുടെയൊക്കെ പിന്തുണ ഉണ്ടാകുമെന്നും വിശ്വാസമുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവഴങ്ങാതെ എംടി
Next articleചാലിയാറിന്റെ ചരിത്രം പറയാൻ സ്വരലയം സംസ്കാരിക സദസ്
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here