പുസ്തക പരിചയം: കൊച്ചിയുടെ ചരിത്രം തേടി

ചരിത്ര നഗരങ്ങളായ ഫോർട്ടുകൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും കഥ പറയുകയാണ് മൺസൂർ നൈന ‘’കൊച്ചി’’എന്ന പുസ്തകത്തിൽ..എന്നും ഗ്രഹാതുരത്വം നിറയുന്ന ഒരോർമ്മയാണ് കൊച്ചി എവിടെ കുടിയേറിയ കൊച്ചിക്കാർക്കുമെന്ന് അമ്പതു വർഷത്തിലേറെയായി കോഴിക്കോട് സ്ഥിര താമസക്കാരനായ പ്രശസ്ത പത്ര പ്രവർത്തകനായ ജമാൽ കൊച്ചങ്ങാടി ആമുഖത്തിൽ പറയുന്നത് അക്ഷരം പ്രതി ശരിയാണെന്ന് ഈ പുസ്തകം നമ്മെ ബോദ്ധ്യപ്പെടുത്തും.ഇന്ത്യയിലെ ആദ്യത്തെ കോട്ട നിർമ്മിക്കപ്പെട്ട ഫോർട്ടുകൊച്ചിയെപ്പറ്റിയുള്ള ചരിത്രമാണാദ്യം.പോർട്ടുഗീസുകാർ കൊച്ചി രാജ്യത്ത് പണിത കോട്ടയായ’’ഇമ്മാനുവൽ കോട്ട’’ നിന്നിരുന്ന സ്ഥലമാണ് ഇന്നത്തെ ഫോർട്ടുകൊച്ചി.ഇന്ത്യയിലെ ആദ്യ യൂറോപ്യൻ പള്ളിയും ഇവിടെയായിരുന്നു.വാസ്ക്കോഡ ഗാമ വിട വാങ്ങുന്നതും അദ്ദേഹത്തെ അടക്കം ചെയ്തതും ഇവിടെയാണ്.പിന്നീട് 14 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മകൻ ഗാമയുടെ ഭൗതിക ശരീരം പോർച്ചുഗീസിലേക്ക് കൊണ്ടു പോയത്.
കൊച്ചല്ലാത്ത കൊച്ചങ്ങാടി
കോച്ചമാർ എന്ന് വിളിക്കപ്പെടുന്ന ജൂതൻമാരുടെ അങ്ങാടിയാണ് പിന്നീട് കൊച്ചങ്ങാടി ആയതെന്ന് പറയുന്നു.നിരവധി ഫിഷറീസ് സ്ഥാപനങ്ങളുടെ കേന്ദ്രമായ കൊച്ചങ്ങാടിയിൽ നിന്നാണ് ശീതീകരിക്കപ്പെട്ട മൽസ്യം ആദ്യമായി വിദേശങ്ങളിലേക്ക് കയറ്റി അയക്കപ്പെട്ടത്..പൗരാണിക പ്രശസ്തമായ ചെമ്പിട്ട പള്ളിയും കൊച്ചങ്ങാടിയിലാണ്,ഇന്നും ഇതിന്റെ മേൽക്കൂര ചെമ്പ് തകിടിനാൽ മേഞ്ഞതാണ്.മത സൗഹാർദ്ദത്തിന്റെ ഒരു ചരിത്രം കൂടിയുണ്ട് ചെമ്പിട്ട പള്ളിക്ക്.കൊച്ചി രാജാവിനെ യുദ്ധത്തിൽ സഹായിച്ച കുഞ്ഞാലി നൈനയും സഹോദരൻമാരും തിരികെ പോകാൻ ഒരുങ്ങിയപ്പോൾ കൊച്ചി രാജാവ് ഇവിടെ തന്നെ താമസിക്കാൻ അഭ്യർത്ഥിച്ചു.എന്നാൽ ഇവിടെ പ്രാർത്ഥനയ്ക്ക് പള്ളികളില്ലെന്ന് പറഞ്ഞപ്പോൾ രാജാവ് നൽകിയ സ്ഥലത്ത് നിർമ്മിച്ചതാണ് ഈ പള്ളി.
ഇസ്ലാമിക പണ്ഡിതനായ സൈനുദ്ദീൻ മഖ്ദൂം, സ്വാതന്ത്ര്യ സമര സേനാനിയായ സൈനുദ്ദീൻ നൈന തുടങ്ങിയവർ കൊച്ചങ്ങാടിയുടെ സംഭാവനകളാണ്.നാലുകെട്ടുകളും പ്രാചീനമായ തറവാടുകളും കൊണ്ട് സമ്പന്നമാണ് ഇന്നും കൊച്ചങ്ങാടി.പെരുന്നാൾ തലേന്ന് ആഘോഷങ്ങൾ കൊണ്ട് നിറയുന്ന ‘’അമ്മായി മുക്കി’’നെപ്പറ്റിയും ഗ്രന്ഥകാരൻ പറയുന്നു.താൽക്കാലികമായി കെട്ടി ഉയർത്തുന കടകളും അലങ്കാരങ്ങളും വർണ്ണം ചാർത്തുന്ന ഈ രാവിൽ ദൂരെ ദിക്കുകളിൽ നിന്നും ആളുകൾ എത്തിച്ചേരും.വെളുപ്പിന് പ്രഭാതപ്രാർത്ഥനയും കഴിഞ്ഞ് വന്ന് അമ്മായിമുക്കിലെ മമ്മാലി ഇക്കയുടെ കടയിൽ നിന്നും വെളിച്ചെണ്ണ പത്തിരിയും സവാള വടയും ചക്കരയപ്പവും കഴിക്കാതെ കൊച്ചങ്ങാടിക്കാർക്ക് തൃപ്തിയാകില്ല.
കാർണിവലും ഡോബിഘാനയും പിന്നെ ഡച്ചു പാലസും
ഗോവ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കാർണിവലിന് വേദിയാണ് ഫോർട്ടുകൊച്ചി വെളി.തണൽമരങ്ങളും വാസ്തുശിൽപ്പ വിദ്യയുടെ പെരുമ പറയുന്ന കെട്ടിടങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത..വിദേശീയരുടെ വസ്ത്രങ്ങൾ അലക്കി വെളുപ്പിച്ച് തുടങ്ങിയ തലമുറാകൾ മൂമ്പുള്ള വണ്ണാൻമാരുടെ അലക്ക് നിയോഗം ഇപ്പോഴും തുടരുന്നു,വിദേശീയർ മാറി സ്വദേശീയർ വന്നുവെന്ന് മാത്രം.തമിഴ് നാട്ടിൽ നിന്ന് വന്ന വണ്ണാൻമാർക്ക് ഫോർട്ടുകൊച്ചി സ്വദേശമായിക്കഴിഞ്ഞു. ഡോബ്ഘാനയും ഡോബി സ്ട്രീറ്റും 4 ക്ഷേത്രങ്ങളും അവർക്ക് സ്വന്തമായി.
ബ്രിട്ടീഷുകാർ മിനി ഇംഗ്ളണ്ട് എന്നും ഡച്ചുകാർ ഹോംലി ഹോളണ്ട് എന്നും പോർട്ടുഗീസുകാർ ലിറ്റിൽ ലിബ്സൺ എന്നും വിളികാൻ മാത്രം പൗരാണിക വൈദേശിക നഗരങ്ങളോട് ഫോർട്ടു കൊച്ചിക്ക് സമാനതകളുണ്ടായിരുന്നതായി ഗ്രന്ഥകാരൻ പറയുന്നു.ആംഗ്ളോ ഇന്ത്യൻ സമൂഹത്തിന്റെ ഉൽഭവത്തെക്കുറിച്ചും വിവരിക്കുന്നു. പലരും വിദേശത്തേക്ക് ചേക്കേറിയെങ്കിലും വൈദേശികാധിപത്യത്തിന്റെ അവശേഷിപ്പുകളിലൊന്നായി ആംഗ്ളോ സമൂഹം ഇപ്പോഴും കൊച്ചിയിൽ സജീവമാണ്.
നുറ്റാണ്ടുകളുടെ കഥ പറയുന്ന ഡച്ചു പാലസ് ചരിത്രം ഉറങ്ങാത്ത മറ്റൊരു സ്മാരകമാണ്.പോർട്ടുഗീസുകാർ നിർമ്മിച്ചതാണ് മട്ടാഞ്ചേരി കൊട്ടാരമെങ്കിലും പിന്നീട് ഡച്ചുകാർ പുതുക്കി പണിതതിനാൽ ഡച്ച് പാലസ് എന്നറിയപ്പെട്ടു.ഏഴ് ഏക്കറോളം വിസ്ത്രിതിയുള്ള ഈ പാലസിനകത്ത് ഒരു ക്ഷേത്രവുമുണ്ട്.പാലസ് റോഡ് പട്ടൻമാരുടെ തെരുവ് കൂടിയാണ്,ഇവിടെ നിരവധി അഗ്രഹാരങ്ങളുണ്ട്.
മസാല ദോശയുടെ തുടക്കം
മട്ടാഞ്ചേരിയിൽ 1947 മുതൽ പ്രവർത്തിച്ചു വരുന്ന കൃഷ്ണകേഫ് ആണ് ആദ്യമായി മസാല ദോശ കേരളത്തിന് പരിചയപ്പെടുത്തുന്നതെന്ന് ഗ്രന്ഥകാരൻ പറയുന്നു.പഴമയുടെ പ്രൗഡിയും പേറി നിലകൊള്ളുന്ന പല ഹോട്ടലുകളുടെയും ചരിത്രവും വർത്തമാനവും ഇവിടെ വരച്ചിടുന്നു.
കൊച്ചി രാജാക്കൻമാരുടെ അരിയിട്ട് വാഴ്ച്ച ചടങ്ങ് നടന്നിരുന്ന അരിയിട്ട വാഴ്ച്ച കോവിലകം ടൗൺഹാളിന് സമീപത്തെ പള്ളിയറക്കാവ് ക്ഷേത്രത്തിന് നേരെ എതിർ വശം സ്ഥിതി ചെയ്യുന്നു.മതസൗഹാർദ്ദത്തിന്റെ ചരിത്രമാണ് ഈ ചടങ്ങിന്.മുസ്ലിം സമുദായത്തിൽ പെട്ട നൈനാമാർ ഈ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും..രാജാവുമായും രാജകുടുംബവുമായി തികഞ്ഞ സൗഹൃദത്തിലായിരുന്ന നൈനാമാർ രാജാവായി വാഴിക്കപ്പെടുമ്പോൾ അവർക്ക് മംഗള പത്രം നൽകുന്നു.
മിനി ഇന്ത്യയും കൊച്ചിയുടെ രുചിപ്പെരുമയും
കൊച്ചി വ്യത്യസ്ത സമുദായക്കാരും വിവിധ ദേശക്കാരും ഭാഷകളും ഒത്തു ചേരുന്ന ഒരു മിനി ഇന്ത്യയാണെന്ന് പറയാം.അതിൽ ഒരു പ്രധാന വിഭാഗമായ ഗുജറാത്തികൾ,കൊങ്ങിണിമാർ എന്നിവരുടെ ചരിത്രത്തിലൂടെയും ഗ്രന്ഥകാരൻ കടന്നു പോകുന്നു.കേരളത്തിന്റെ ആരംഭ കാലത്ത് പ്രസിദ്ധമായിരുന്ന മൂന്ന് തിയേറ്ററുകളുടെയും ഉടമകൾ ഗുജറാത്തികളായിരുന്നു.നൂറ്റാണ്ടൂകളൂടെ പഴക്കമുള്ള ഗുജറാത്തി സ്ക്കൂൾ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു, ക്രിസ്തു വർഷം 72 ൽ തന്നെ കൊച്ചിയിലെത്തിയ ജൂതസമൂഹത്തിന്റെ ഓർമ്മകൾ നില നിർത്തുന്ന സിനഗോഗും ഹീബ്രൂ ഭാഷയുമുക്കെ ഇന്നും കൊച്ചിയിൽ നിലനിൽക്കുന്നു.
പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള സുന്ദരമായ ഭൂപ്രദേശമായ കച്ചിൽ നിന്ന് വന്ന മുസ്ലിംകളും കൊച്ചിയിൽ അവഗണിക്കാനാവാത്ത വിഭാഗമാണ്,വിദ്യാഭ്യാസ രംഗത്തും അനാഥസംരക്ഷണ രംഗത്തും അവർ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.ഇവരുടെ പ്രധാന ഭക്ഷണം ബിരിയാണിയാണ്.
കൊച്ചിയുടെ രുചിപ്പെരുമയുടെ കാര്യവും ഗ്രന്ഥകാരൻ വിശദമായി പറയുന്നുണ്ട്.കായീസ് ഹോട്ടൽ ഉൾപ്പെടെ ഇന്നും പ്രശസ്തമായ ഹോട്ടലുകളുടെ ചരിത്രവും പ്രതിപാദിക്കുന്നു.ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന മട്ടാഞ്ചേരി വെടിവെപ്പ്,മട്ടാഞ്ചേരി ബസാർ,ഹർബർ പാലം,ഐലൻഡ്,തുടങ്ങി കൊച്ചിയെ സംബന്ധിച്ച് ഏതാണ്ട് എല്ലാ മേഖലകളിലൂടെയും ഗ്രന്ഥകാരൻ കടന്നു പോകുമ്പോൾ ആ യാത്രയിൽ അനുവാചകനും പങ്ക് ചേരുന്ന പ്രതീതി ഉണ്ടാകുന്നു.കാപ്പിരിമുക്കിലൂടെയും കപ്പലണ്ടി മുക്കിലൂടെയുമൊക്കെ ഗ്രന്ഥകാരൻ നമ്മെയും കൂടെ കൊണ്ടു പോകുന്നു.ചീനരും ചീനവലയും അറബികളും ലന്തക്കാരും പറങ്കികളും വെള്ളക്കാരും അവരുടെ ചരിത്ര ശേഷിപ്പുകളുമായി ചരിത്രമുറങ്ങാത്ത ഇരട്ട നഗരങ്ങളിലൂടെ മൺസൂർ നൈന നടത്തിയ ഈ യാത്ര സഫലമാണെന്ന് തന്നെ പറയാം..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഖസാക്കിന്റെ ഇതിഹാസം സെമിനാർ
Next articleചെപ്പ്
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here