ഓർമ്മയിലച്ഛൻ
വണ്ടിയോട്ടുന്നു
നാലുചക്രത്തിൻ
കരിഞ്ഞ പായയിൽ
ഭയത്തിലുണ്ണികൾ
ചിവീടു ചീറുന്നു.
അച്ഛൻ പതിവുകൾ
ജോലിയാണിന്നും
തിരിവുകളപ്പുറം
അന്ധമാണിന്നും.
മരം നിറഞ്ഞ-
ഉൾവനങ്ങൾക്ക്
കാടിന്നതിരിലെ
ശ്രാദ്ധകർമ്മങ്ങൾ
വിമർദ്ദത്തിന്റെ
കൂനിയ വായുവാതങ്ങൾ.
കൊടകരക്കാവിലെ
കടുക്ക മാമരം
ഭ്രമിച്ചു ചൊല്ലുന്നു
കടുക്ക വർഷങ്ങൾ.
അച്ഛനിടിപ്പ്
മറന്നവൻ വീണ്ടും-
മലർന്ന് മണ്ണിൽ
കാറ്റ് പൊള്ളുന്നു
മട തുറന്ന-
ചാരായഭാഷണം
വെൺകരിമ്പിൻ രസം
നാവിലേയ്ക്കിറ്റുന്നു.
അടക്കമില്ലാത്ത കാറ്റ്,
ചാച്ചിറമ്പിലെ
ഓല ശബ്ദിച്ചു :
‘അന്നത്തെ വേനൽ
പങ്കിട്ടതൊന്നും
ഇന്ന് ഇതിലേതുമില്ല.’
നിഴൽ നടപ്പിൽ
അച്ഛനിരിപ്പുകൾ
വരിച്ചു നീരുകൾ,
ശമിച്ചു ചരണവും
ചോറുരുളകൾ
നിരക്കി നാക്കില
പരത്തി പക്ഷവും
പൊലിഞ്ഞു ദാഹവും.
അയനപുണ്യങ്ങളും
ഒപ്പീസു ചൊല്ലുന്നു
ശ്രാദ്ധ ദാനത്തിനായ്
തെക്കോട്ടിരുത്തുന്നു
മരത്തിലെപ്പൊരുൾ
മിഴിഞ്ഞു നോക്കാതെ
വെള്ളത്തുണിപ്പടം
കിഴിഞ്ഞു നോക്കാതെ
നടന്നു നീങ്ങുന്നു
നനഞ്ഞ കാലുകൾ.
പുണ്യവനത്തിലേ-
യ്ക്കൂറുന്നു വൻനദി.
ഒരുപാടു കാലം
ദൂരെയാണച്ഛൻ
കടത്ത് തീരുവ
കുടിച്ചു ചൊല്ലുന്നു
മരിച്ചുപോയതും
മടുപ്പിലായതും.
Click this button or press Ctrl+G to toggle between Malayalam and English