വെരി റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ – ഒരു നല്ല ഇടയന്‍

ലേഖകൻ:

തോമസ് കൂവള്ളൂര

ന്യൂയോര്‍ക്ക്: ഈയിടെ ദിവംഗതനായ റവ.ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പയെപ്പറ്റി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, അദ്ദേഹവുമായി അടുത്ത് ബന്ധമുണ്ടായിരുന്ന എഴുത്തുകാരും, മാധ്യമ പ്രവര്‍ത്തകരുമെല്ലാം അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് വിവിധ മാധ്യമങ്ങളില്‍ എഴുതിയത് വായിക്കാനിടയായി. അദ്ദേഹത്തിന്റെ നാല്‍പ്പത്തൊന്നാം ചരമദിനം ആഘോഷിക്കാനിരിക്കുന്ന ഈ വേളയില്‍ സ്മര്യപുരുഷനുമായി വളരെ അടുത്ത് ഇടപഴകാന്‍ അവസരം ലഭിച്ച എനിക്ക് അദ്ദേഹവുമായുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കട്ടെ.

ആരൊക്കെ, എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും ഞാന്‍ മനസിലാക്കിയ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ അസാമാന്യ വ്യക്തിപ്രഭാവമുള്ള ഒരു ദിവ്യ മനുഷ്യനായിരുന്നുവെന്ന് പരിചയപ്പെട്ട് അധികനാള്‍ കഴിയുന്നതിനു മുമ്പേ എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു.

അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ശങ്കരത്തിലച്ചനെപ്പോലെ സമൂഹത്തില്‍ അറിയപ്പെടുന്ന മഹദ് വ്യക്തികളുമായി അടുത്ത ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുള്ള മറ്റ് മലയാളികള്‍ ഇന്നേവരെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അതും പ്രത്യേകിച്ച് വൈദീകവൃത്തിയിലുള്ള ഒരാള്‍ക്ക്. മുന്‍ ഇന്ത്യന്‍ പ്രസിഡന്റുമാരായ കെ.ആര്‍. നാരായണനും, എ.പി.ജെ അബ്ദുള്‍ കലാമും, മനോരമ കുടുംബാംഗങ്ങള്‍ വരെ അദ്ദേഹത്തിന്റെ സുഹൃദ് വലയത്തില്‍പ്പെട്ടവരായിരുന്നു എന്ന് അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ കഴിഞ്ഞ എനിക്ക് നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞു. സമൂഹത്തിലെ ഉന്നതരുമായി ബന്ധങ്ങള്‍ ഉണ്ടായിരുന്നിട്ടുപോലും അനാവശ്യമായി ബന്ധങ്ങള്‍ ദുര്‍വിനിയോഗം ചെയ്യാന്‍ അദ്ദേഹം തുനിഞ്ഞിട്ടുള്ളതായി ആരും പറഞ്ഞുകേട്ടിട്ടില്ല.

2013 ജനുവരി മാസം മുപ്പതാം തീയതി വളരെ ആകസ്മികമായി ഒരു യാത്രയ്ക്കിടയിലാണ് ശങ്കരത്തിലച്ചനെ ഞാന്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സാമൂഹ്യ രംഗത്ത് അറിയപ്പെടുന്ന ആളും, എന്റെ സുഹൃത്തുമായ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന സണ്ണി പണിക്കരോടൊപ്പം അദ്ദേഹത്തിന്റെ കാറില്‍ ന്യൂയോര്‍ക്കില്‍ നിന്നും ഫിലഡല്‍ഫിയയിലുള്ള ഒരു കുടുംബാംഗത്തിന്റെ ശവ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന യാത്രാവേളയില്‍ ഞാനും അച്ചനും അടുത്ത സീറ്റുകളിലാണിരുന്നത്. ആ ഒറ്റ യാത്രയില്‍ ഞങ്ങള്‍ സുഹൃത്തുക്കളായി മാറി എന്നുള്ളതാണ് സത്യം.

ആയിടയ്ക്ക് ലോക പ്രശസ്ത ഫാഷന്‍ ഡിസൈനറും, മലയാളിയുമായ അലക്‌സാണ്ടര്‍ ആനന്ദ് ജോണിനെ ന്യൂയോര്‍ക്കിലെ റൈക്കേഴ്‌സ് ഐലന്റിലെ തടവറയില്‍ നിന്നും മന്‍ഹാട്ടനിലുള്ള ഡിറ്റെന്‍ഷന്‍ സെന്ററിലേക്ക് മാറ്റിയിരുന്നു. എന്നോടൊപ്പം ആനന്ദ് ജോണിനെ കാണാന്‍ റൈക്കേഴ്‌സ് ഐലന്റില്‍ വന്നിട്ടുള്ളവരില്‍ ഒരാളാണ് സണ്ണി പണിക്കര്‍. റൈക്കേഴ്‌സ് ഐലന്റില്‍ നിന്നും തന്നെ ഒന്നിറക്കി മന്‍ഹാട്ടന്‍ ജയിലിലേക്ക് മാറ്റിയാല്‍ ബാക്കി കാര്യം താന്‍ നോക്കിക്കൊള്ളാം എന്ന് ആനന്ദ് ജോണ്‍ പറഞ്ഞിരുന്നു. ഏതായാലും അത് സാധിക്കുകയും ചെയ്തു. എങ്കിലും ആനന്ദ് ജോണിന് ന്യൂയോര്‍ക്കിലെ ജയിലില്‍ നിന്നും പുറത്തുവരാന്‍ നിരവധി പ്രതിബന്ധങ്ങളുണ്ടായിരുന്നു. ആനന്ദ് ജോണ്‍ റൈക്കേഴ്‌സ് ഐലന്റിലെ ഇരുമ്പഴിക്കുള്ളില്‍ ആയിരുന്നപ്പോള്‍ അയാള്‍ അവിടെ നിന്നും പുറംലോകം കാണുകയില്ല എന്ന് അന്നത്തെ ചില മലയാളി നേതാക്കള്‍ വീമ്പിളക്കിയിരുന്നതും ഞാനിപ്പോള്‍ ഓര്‍ത്തുപോകുന്നു.

ഏതായാലും ശങ്കരത്തിലച്ചനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത് വാസ്തവത്തില്‍ ന്യൂയോര്‍ക്കിലെ ജയിലില്‍ നിന്നും വിമോചിതനാകാന്‍ ആനന്ദ് ജോണിന് കാരണമായിത്തീര്‍ന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു. സംഭവം ഏറെക്കുറെ ഇങ്ങനെയാണ്: യാത്രയുടെ അവസാനത്തില്‍ ആനന്ദ് ജോണിനെ കാണാന്‍ സണ്ണി പണിക്കരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും എന്നേടൊപ്പം വരാറുണ്ടെന്നും അച്ചനെപ്പോലെയുള്ള ഒരു മഹദ് വ്യക്തി അയാളെ കാണാന്‍ ജയിലില്‍ പോയാല്‍ ഒരുപക്ഷെ അത് അയാളുടെ വിമോചനത്തിനു കാരണമായിത്തീരാന്‍ സാധ്യതയുണ്ട് എന്നു ഞാന്‍ പറഞ്ഞു. രണ്ടു ദിവത്തിനുശേഷം അമ്പത് നോയമ്പ് തുടങ്ങുമെന്നും അതിനു മുമ്പ് ജയില്‍ സന്ദര്‍ശിക്കാനുള്ള അനുവാദം കിട്ടുകയാണെങ്കില്‍ വരാമെന്നും അച്ചന്‍ പറഞ്ഞു.

അന്നു വൈകിട്ട് തന്നെ ഞാന്‍ ജയിലില്‍ കിടന്നിരുന്ന ആനന്ദ് ജോണുമായി ബന്ധപ്പെട്ട് പിറ്റെതിന്റെ പിറ്റേദിവസം, അതായത് ഫെബ്രുവരി ഒന്നാം തീയതി ജയില്‍ സന്ദര്‍ശിക്കാനുള്ള അനുമതി ജയില്‍ അധികൃതരില്‍ നിന്നും വാങ്ങി. ഫെബ്രുവരി ഒന്നാം തീയതി കഴിഞ്ഞാണ് സന്ദര്‍ശനാനുമതി കിട്ടിയിരുന്നതെങ്കില്‍ അച്ചന് ജയില്‍ സന്ദര്‍ശിക്കാന്‍ പറ്റാതെ വരുമായിരുന്നു. ഇവിടെ ദൈവം ഇടപെട്ടതുപോലെ തന്നെ എനിക്കു തോന്നി. അച്ചന്റെ നോയമ്പ് ആരംഭിക്കുന്നതിന്റെ തലേദിവസം. സാധാരണ വൈദീകരാണെങ്കില്‍ എന്തെങ്കിലും ഒഴിവ് കഴിവുകള്‍ പറഞ്ഞ് രക്ഷപെടാന്‍ നോക്കിയേനെ. ഇവിടെയാണ് ശങ്കരത്തിലച്ചന്റെ വ്യക്തിത്വം വെളിവാകുന്നത്. വാക്കും പ്രവര്‍ത്തിയും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയുന്നവര്‍ ഇന്ന് സമൂഹത്തില്‍ വളരെ വിരളമാണ്.

തലേദിവസം രാത്രിതന്നെ അച്ചനെ വിളിച്ച് ജയില്‍ സന്ദര്‍ശിക്കാനുള്ള അനുമതി തരപ്പെടുത്തിയതായി ഞാന്‍ ഫോണിലൂടെ അറിയിച്ചു. പിറ്റെ ദിവസം രാവിലെ 9 മണിക്കാണ് സന്ദര്‍ശന സമയം. ഞാന്‍ താമസിക്കുന്നത് യോങ്കേഴ്‌സിലും, അച്ചന്‍ താമസിക്കുന്നത് ലോംഗ് ഐലന്റിലും. ജയില്‍ സന്ദര്‍ശിക്കാനുള്ള അവസരം കിട്ടിയെന്നു പറഞ്ഞപ്പോള്‍ അച്ചന്‍ എന്നോട് രാവിലെ അച്ചന്റെ വീട്ടില്‍ വന്ന് രാവിലത്തെ ബ്രേക്ക് ഫാസ്റ്റും കഴിക്കണമെന്ന് പറഞ്ഞു. അതു വേണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചെന്നിട്ട് മാത്രമേ അദ്ദേഹം ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയുള്ളുവെന്നു പറഞ്ഞു.

അങ്ങനെ പുലര്‍ച്ചെ ഞാനുണര്‍ന്ന് കുളിച്ചൊരുങ്ങി സണ്ണി പണിക്കരുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തേയും എന്റെ കാറില്‍ കയറ്റി അച്ചന്റെ വീട്ടില്‍ സമയത്തിനു മുന്‍പേ എത്തി. എന്നെ പ്രഭാത ഭക്ഷണം കഴിപ്പിച്ചിട്ടെ അച്ചന്‍ അടങ്ങിയുള്ളൂ. അന്നാണ് അദ്ദേഹത്തിന്റെ പ്രിയ പത്‌നിയുടെ ആതിഥ്യ മര്യാദ ഞാന്‍ കാണുന്നത്. ഞാന്‍ ചെല്ലുന്നതും നോക്കി അച്ചന്‍ വേഷമെല്ലാം മാറി ഒരുങ്ങി ഇരിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം കാറില്‍ യാത്ര ചെയ്‌തെങ്കിലേ മന്‍ഹാട്ടനിലെത്തുകയുള്ളൂ. ട്രാഫിക്കില്‍ കുടുങ്ങിയാല്‍ സമയവും പോകും.

മന്‍ഹാട്ടനില്‍ കാറുമായി പോകുക എന്നുള്ളത് ഏറ്റവും സാഹസമായ ഒരു കാര്യമാണെന്നോര്‍ക്കണം. ന്യൂയോര്‍ക്ക് സിറ്റിയുടെ ആസ്ഥാനത്താണ് മന്‍ഹാട്ടന്‍ ഡിറ്റെന്‍ഷന്‍ സെന്റര്‍. സാധാരണക്കാര്‍ ട്രെയിനിലോ, ബസിലോ ആണ് മന്‍ഹാട്ടന് പോകാറുള്ളത്. കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇല്ലെന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്‌നം. ഒരു മണിക്കൂര്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ മുപ്പത് ഡോളര്‍ ആണ് ചിലര്‍ ചാര്‍ജ് ചെയ്യുന്നത്. എതായാലും കിട്ടിയ പാര്‍ക്കിംഗ് ഗാരേജില്‍ ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്തു. സമയത്തുതന്നെ സംഭവസ്ഥലത്ത് എത്തി.

ന്യൂയോര്‍ക്കില്‍ ഒരു തടവുകാരനെ കാണാന്‍വേണ്ടി ജയിലില്‍ പോകുക എന്ന കാര്യം സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍പോലും പറ്റാത്ത ഒരു കാര്യമാണ്. ഒന്നാമത് അതിനുവേണ്ടി ത്യാഗം സഹിക്കണം. വളരെ കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയരാകണം. റൈക്കേഴ്‌സ് ഐലന്റിലെ തടവുകാരെ കാണാന്‍പോകുന്നവരുടെ പാന്റും അടിവസ്ത്രങ്ങളും വരെ ഊരി കാണിക്കണമായിരുന്നു. ഏതായാലും യാത്രയുടെ തുടക്കത്തില്‍ തന്നെ അച്ചനോട് അച്ചന്റെ കോര്‍എപ്പിസ്‌കോപ്പമാര്‍ക്കുള്ള തൊപ്പിയും, മോതിരവുമെല്ലാം ഊരേണ്ടിവരുമെന്ന് ഞാന്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു. ഊരേണ്ടിവന്നാല്‍ അങ്ങനെ ചെയ്യാം എന്ന് ആ വന്ദ്യ പുരോഹിതന്‍ പറഞ്ഞു.

ജയില്‍ സന്ദര്‍ശിക്കാനുള്ളവര്‍ ആദ്യം പുറത്ത് ലൈനായി നില്‍ക്കണം. ഒടുവില്‍ സെക്യൂരിറ്റി ഗാര്‍ഡ് വന്ന് വാതില്‍ തുറന്ന് ഓരോരുത്തരെ അകത്തേക്ക് വിടും. അകത്തു കടന്നാല്‍ കൈവശമുള്ള സെല്‍ഫോണ്‍, ക്യാമറ എന്നീ ഇലക്‌ട്രോണിക് സാധനങ്ങളെല്ലാം പ്രവേശന കവാടത്തിനടുത്തുള്ള ലോക്കറില്‍ വച്ച് സെക്യൂരിറ്റി തന്നെ പൂട്ടിവയ്ക്കും. അപ്പോള്‍ ഒരു നമ്പര്‍ നമുക്ക് ലഭിക്കും. പിന്നീട് രജിസ്‌ട്രേഷനുവേണ്ടിയുള്ള ലൈനില്‍ നില്‍ക്കണം. ആദ്യമായി സന്ദര്‍ശിക്കുന്നവരുടെ ഫോട്ടോ ഐ.ഡി എടുക്കുകയും, വിരലടയാളം എടുക്കുകയും വേണം. കൂടാതെ പാസ്‌പോര്‍ട്ടോ, ഡ്രൈവിംഗ് ലൈസന്‍സോ ഉണ്ടായിരിക്കണം. ശരിയായ ഐ.ഡി ഇല്ലാത്തവര്‍ക്ക് അകത്ത് കയറാന്‍ അനുവാദമില്ല.

ചുരുക്കത്തില്‍ എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ കയറുന്നതിലും വലിയ കടുത്ത പരിശോധനകളാണ് ജയില്‍ സന്ദര്‍ശകര്‍ക്ക് നേരിടേണ്ടത്. ബെല്‍റ്റ്, ഷൂസ് എല്ലാം ഊരി ഒരു പ്ലാസ്റ്റിക് പാത്രത്തിലിടണം. സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞശേഷം ഏറ്റവും കര്‍ശനമായ ചെക്കിംഗ് ജയിലിനുള്ളില്‍ കയറുന്നതിനു മുമ്പാണ്. അതിനു മുമ്പ് ജാക്കറ്റ്, ബെല്‍റ്റ്, പോക്കറ്റിനുള്ളിലെ സര്‍വ സാധനങ്ങളും, തുണ്ട് കടലാസ് വരെ ഇല്ലെന്ന് ഉറപ്പുവരുത്തും. പിന്നീട് സെക്യൂരിറ്റിയുടെ മുമ്പില്‍ വായ് പൊളിച്ച് കാണിക്കണം. നാക്ക് നീട്ടിയും പൊക്കിയും കാണിക്കണം. സോക്‌സ് ഊരി മാറ്റണം. പാന്റിന്റെ അടിയില്‍ നിന്നും മുട്ടുവരെ പൊക്കി കാണിക്കണം. അതിനുശേഷമാണ് പാന്റ് അഴിക്കലും, അണ്ടര്‍വെയര്‍ ഊരിമാറ്റലുമെല്ലാം.

ഏറ്റവുമൊടുവില്‍ ഒരു മെഷീനകത്തു കയറ്റി സ്ക്രീന്‍ ചെയ്ത് ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം മറ്റൊരു സെക്യൂരിറ്റിയുടെ മുമ്പില്‍ പോയി രണ്ട് കൈപ്പത്തിയും കാണിക്കണം. ആ സെക്യൂരിറ്റി ഒരു സീല്‍കൊണ്ട് രണ്ട് കൈപ്പത്തിയിലും മുദ്ര കുത്തും. ജയില്‍ സന്ദര്‍ശനത്തെപ്പറ്റി നിരവധി കാര്യങ്ങള്‍ എഴുതാനുണ്ടെങ്കിലും അതൊന്നും ഇവിടെ ഞാന്‍ വിവരിക്കുന്നില്ല. ഞാന്‍ ചെന്ന ദിവസം ജയിലില്‍ സെക്യൂരിറ്റി ഡയറക്ടര്‍ പരിശോധനയ്ക്ക് വന്ന ദിവസമാണ്. എന്നോടൊപ്പമുള്ളത് ഞങ്ങളുടെ ചര്‍ച്ചിന്റെ പരമാധികാരി ആണെന്ന് ഞാന്‍ പറഞ്ഞതിനാലാണെന്നു തോന്നുന്നു യാതൊരു പരിശോധനയുമില്ലാതെ അച്ചനെ കയറ്റി വിട്ടു.

അവസാനത്തെ വാതില്‍ ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിക്കുന്ന ഒരു ഇരുമ്പ് വാതില്‍ ആണ്. അതിലൂടെ ഞങ്ങള്‍ അകത്ത് കടന്നപ്പോള്‍ അവിടെ ഒരു സെക്യൂരിറ്റി കൈകള്‍ രണ്ടും നീട്ടാന്‍ ആവശ്യപ്പെട്ടു. കൈകള്‍ രണ്ടും ഒരു ലൈറ്റിന്റെ കീഴെ പിടിച്ചപ്പോള്‍ ഞങ്ങളുടെ കൈകളിലെ മുദ്ര തെളിഞ്ഞുവന്നു. പിന്നീട് ഒരു സെക്യൂരിറ്റി വന്ന് ഞങ്ങളെ ആനന്ദ് ജോണ്‍ ഇരിക്കുന്ന മുറിയിലേക്ക് ആനയിച്ചു. ആ മുറി പുറത്തുനിന്നും പൂട്ടിയിരുന്നു. പുറത്ത് രണ്ട് ഗാര്‍ഡുകള്‍ കാവല്‍ നില്‍പുണ്ടായിരുന്നു. ഒരാള്‍ മുറിയുടെ താഴ് തുറന്നു. അങ്ങനെ ഞങ്ങള്‍ ആനന്ദ് ജോണിന്റെ അരികിലെത്തി. ഞങ്ങളെയും കാത്ത് അദ്ദേഹം അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു എന്നു മനസിലായി.

ഞങ്ങളെ കണ്ടപ്പോള്‍ ആനന്ദിനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. ഒരു ജയില്‍പുള്ളിയെ സംബന്ധിച്ചടത്തോളം പുറം ലോകവുമായി ബന്ധമില്ലെന്നതാണ് സത്യം. തനിക്ക് സംഭവിച്ചത് ബൈബിളിലെ ജോസഫിന് സംഭവിച്ചതുപോലെ ആണെന്നും, തുടക്കത്തില്‍ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ വളരെ കരുതലോടെയാണ് യുവതികളുമായി ബന്ധപ്പെട്ടിരുന്നതെന്നും, ഫാഷന്‍ ഇന്‍ഡസ്ട്രിയിലെ എതിരാളികള്‍ തന്നെ നശിപ്പിക്കാന്‍വേണ്ടി കരുതിക്കൂട്ടി നുണ പറഞ്ഞ് തന്നെ കുടുക്കാന്‍ ശ്രമിച്ചതാണെന്നും ആനന്ദ് പറഞ്ഞു. ഒരു ഇന്ത്യക്കാരന്‍ എന്ന ഏക കാരണത്താലാണ് തനിക്ക് 59 വര്‍ഷത്തെ കഠിന തടവ് കാലിഫോര്‍ണിയയില്‍ കിട്ടാന്‍ കാരണമെന്നും, പോലീസുകാരും, ജൂറി വരെ വിവേചനപരമായി തന്നോട് പെരുമാറിയെന്നും, താന്‍ വിശ്വാസമര്‍പ്പിച്ചിരുന്ന വക്കീലന്മാര്‍ വരെ തനിക്കെതിരേ കൂറുമാറിയതും വിവേചനത്തിന്റെ ഭാഗമായി ആനന്ദ് പറഞ്ഞു. വാസ്തവത്തില്‍ ഒരു വൈദീകന്റെ മുന്നിലുള്ള ഏറ്റുപറച്ചില്‍ പോലെ എനിക്കു തോന്നി.

മന്‍ഹാട്ടനിലെ കേസ് ജയിക്കുന്നപക്ഷം കാലിഫോര്‍ണിയയിലെ കോടതിവിധിക്കെതിരേ അപ്പീല്‍ കൊടുത്ത് സത്യാവസ്ഥ പുറത്തുകൊണ്ടുവരിക എന്നുള്ളതാണ് തന്റെ ഉദ്ദേശമെന്നും ആനന്ദ് പറയുകയുണ്ടായി. തന്റെ അനുഭവം ഇന്ത്യക്കാരായ വളര്‍ന്നുവരുന്ന ചെറുപ്പക്കാര്‍ക്ക് ഉണ്ടാവാതിരിക്കാന്‍ വേണ്ടി ഇന്ത്യന്‍ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും, പലപ്പോഴും സമര്‍ത്ഥരായ ഇന്ത്യക്കാരെ എങ്ങനെയെങ്കിലും കുടുക്കിലാക്കണമെന്നുള്ള നയമാണ് അമേരിക്കയിലെ ഒരു വിഭാഗം വച്ചുപുലര്‍ത്തുന്നതെന്നും അതിനെതിരേ ജാഗരൂകരായിരിക്കേണ്ടതാണെന്നും ആനന്ദ് പറഞ്ഞത് ഓര്‍ക്കുന്നു.

ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയ്ക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇന്ത്യാ ഗവണ്‍മെന്റ് വേണ്ടവിധത്തില്‍ നടപടികള്‍ സ്വീകരിക്കുമെങ്കില്‍ ഇനിയും തന്നെ ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്നും വളരെ വേദനയോടുകൂടി ആനന്ദ് ജോണ്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു. ആയിടയ്ക്കാണ് കേരളത്തില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവം നടക്കുന്നത്. അതിനിടയാക്കിയ ഇറ്റലിക്കാരെ ഇറ്റാലിയന്‍ ഗവണ്‍മെന്റ് ഇടപെട്ട് അവരുടെ പൗരന്മാരെ നിമിഷനേരം കൊണ്ട് പണം കൊടുത്ത് ഇറ്റലിക്ക് കൊണ്ടുപോയ കാര്യവും ആ ചെറുപ്പക്കാരന്‍ ചൂണ്ടിക്കാട്ടി. തനിക്ക് വേണ്ടത് ജനങ്ങളുടെ പിന്തുണയാണെന്നും ആനന്ദ് പറഞ്ഞു. തനിക്കുവേണ്ടി ഒരു പബ്ലിക് അവയര്‍നെസ് ന്യൂയോര്‍ക്കില്‍ നടത്തിയാല്‍ താമസിയാതെ നടക്കാനിരിക്കുന്ന ട്രയലില്‍ കേസ് തനിക്ക് അനുകൂലമായിത്തീരാന്‍ ഇടയുണ്ടെന്നും പറയാന്‍ ആ ചെറുപ്പക്കാരന്‍ വിട്ടുപോയില്ല.

തടവുകാരനായ ആനന്ദ് ജോണ്‍ പറഞ്ഞതെല്ലാം വളരെ ക്ഷമയോടെ കേട്ടിരുന്ന ശങ്കരത്തിലച്ചന്‍ ആനന്ദിന്റെ സംസാരത്തിന് വിരാമമിട്ടു. ആനന്ദിന്റെ വല്യപ്പച്ചന്‍ പത്തനംതിട്ട കോളജിന്റെ പ്രിന്‍സിപ്പല്‍ ആയിരുന്നുവെന്നും അദ്ദേഹം അച്ചനെ പഠിപ്പിച്ചതാണെന്നുമുള്ള സത്യം അപ്പോള്‍ മാത്രമാണ് അച്ചന്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് അച്ചന്‍ ആനന്ദിന്റെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് പിറ്റെ ആഴ്ച നടക്കാനിരിക്കുന്ന ട്രയലില്‍ വാദികളില്‍ പലരും പുറകോട്ട് മാറുമെന്നും, കേസ് ആനന്ദിന് അനുകൂലമായി സംഭവിക്കുമെന്നും പറഞ്ഞത് ഞാനിപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു. അച്ചന്‍ പറഞ്ഞതുപോലെ തന്നെ 2013-ലെ അമ്പത് നോമ്പിന്റെ അവസാനത്തില്‍ ഏപ്രില്‍ രണ്ടാം തീയതി ന്യൂയോര്‍ക്കിലെ കേസ് ആനന്ദ് ജോണിന് അനുകൂലമായി വിധിക്കുകയുണ്ടായി. ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത് യോഹന്നാന്‍ ശങ്കരത്തിലച്ചന്‍ ഒരു യഥാര്‍ത്ഥ ദീര്‍ഘദര്‍ശി തന്നെ ആയിരുന്നുവെന്നാണ്.

അന്നത്തെ ജയില്‍ സന്ദര്‍ശനത്തിനുശേഷം ഞാനും ശങ്കരത്തിലച്ചനും പ്രപഞ്ചശക്തിയുടെ പ്രേരണയെന്നു തോന്നുംപോലെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി മാറി. ആനന്ദ് ജോണിനെ ജയിലില്‍ നിന്നും ഇറക്കാന്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ മുന്നോട്ടുവന്നത് അച്ചന്റെ പള്ളിയില്‍നിന്നായിരുന്നു. അച്ചന്‍ ജയില്‍ സന്ദര്‍ശിച്ചു എന്നറിഞ്ഞ് ചെറുപ്പക്കാരും മാതാപിതാക്കളുമെല്ലാം ആനന്ദ് ജോണിനെ ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ മുന്നോട്ടുവന്നു. ഇതിനിടെ രണ്ടുമൂന്നു പൊതുസമ്മേളനങ്ങളും നടത്തി. അവിടെയെല്ലാം പ്രവര്‍ത്തിച്ചത് അച്ചന്റെ ശക്തിയായിരുന്നു എന്നുള്ളത് മാധ്യമങ്ങള്‍ക്കുപോലും മനസിലായില്ല.

അന്നത്തെ ജയില്‍ സന്ദര്‍ശനത്തിലൂടെ ബൈബിളില്‍ മത്തായിയുടെ സുവിശേഷം ഇരുപത്തഞ്ചാം അധ്യായത്തില്‍ 31 മുതല്‍ 40 വരെയുള്ള വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെ അവസാന വിധിയില്‍ യേശുക്രിസ്തു പറഞ്ഞതുപോലെ തന്നെ സംഭവിക്കും എന്നുള്ളതിന് യാതൊരു സംശയവുമില്ല.

2013 മാര്‍ച്ച് മാസം മൂന്നാം തീയതി അദ്ദേഹത്തിന്റെ ചര്‍ച്ചിലേക്ക് എന്നെ ക്ഷണിച്ചതും, എന്നെ വളരെ താത്പര്യത്തോടുകൂടി തന്റെ ഇടവക ജനത്തിനു പരിചയപ്പെടുത്തിക്കൊടുത്തതും ഞാനെങ്ങനെ വിസ്മരിക്കും. ഇവയ്‌ക്കെല്ലാം പുറമെ ഒരു ദിവസം ഉച്ചയ്ക്ക് ലഞ്ച് കഴിക്കാനും എന്നെ ക്ഷണിക്കുകയും, ഞാന്‍ ക്ഷണം സ്വീകരിക്കുകയും ചെയ്തു. മറ്റൊരു സംഭവം ഞാനോര്‍ക്കുന്നത് അദ്ദേഹത്തിന്റെ ചര്‍ച്ചിലെ ഒരു മെമ്പറുടെ സഹോദരന്‍ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ റിവര്‍ ബോട്ട് ആക്‌സിഡന്റില്‍പ്പെട്ടപ്പോള്‍ അദ്ദേഹം എന്റെ സഹായം തേടാന്‍ ഇടവകാംഗത്തെ ഉപദേശിച്ചു എന്നുള്ളതാണ്. അവിടെയും ജനശക്തിയിലൂടെ പ്രശ്‌ന പരിഹാരമുണ്ടായതായി ഓര്‍ത്തഡോക്‌സ് സഭയും, ശങ്കരത്തിലച്ചനും ആയി ബന്ധപ്പെട്ട ചിലര്‍ക്കെങ്കിലും അറിയാമെന്നു കരുതുന്നു. ഞാന്‍ ഏറ്റവും അവസാനമായി അദ്ദേഹത്തെ കാണുന്നത് കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് എന്ന പ്രസ്ഥാനത്തില്‍ പണം മുടക്കിയ പി.ഐ. ജോണ്‍ സാറിന്റെ ശവ സംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിന് അച്ചന്റെ ചിരകാല സ്വപ്നമായിരുന്ന ചര്‍ച്ചില്‍ പോയിരുന്നപ്പോഴാണ്. നിരവധി വൈദീക ശ്രേഷ്ഠരും, സഭാധ്യക്ഷന്മാരും പങ്കെടുത്ത പ്രസ്തുത ശുശ്രൂഷയില്‍ ഞാനെത്തിയതായി ഒറ്റ നോട്ടത്തിലെ മനസിലാക്കിയ അച്ചന്‍ എന്നെ മാന്യമായ രീതിയില്‍ പിടിച്ചിരുത്തി എന്നെക്കൊണ്ട് പി.ഐ ജോണ്‍ സാറിനു അനുശോചനം പറയിപ്പിക്കാനുള്ള ശക്തി അദ്ദേഹത്തിനില്ലതെ മറ്റാര്‍ക്കാണുള്ളത്. മറ്റു പല വൈദീകരും അങ്ങനെയുള്ള അവസരത്തില്‍ കണ്ടാലും കണ്ടില്ലെന്നു നടിക്കാറാണ് പതിവ്.

ബൈബിളില്‍ പറഞ്ഞിരിക്കുന്നതുപോലെ തന്നെ അദ്ദേഹം ഒരു നല്ല ഇടയനായിരുന്നു. കാണാതെപോയ കുഞ്ഞാടിനെ കണ്ടുപിടിക്കാന്‍ മറ്റ് ആടുകളെ വിട്ടിട്ട് ഇറങ്ങിപ്പുറപ്പെടാന്‍ മടിയില്ലാത്ത ഇടയന്‍. ഇന്നത്തെ ലോകത്തില്‍ യോഹന്നാന്‍ ശങ്കരത്തിലച്ചനെപ്പോലുള്ള ക്രാന്തദര്‍ശികളും മനുഷ്യസ്‌നേഹികളുമായിട്ടുള്ളവര്‍വളരെ വിരളമാണ് എന്നു പറയേണ്ടിയിരിക്കുന്നു.

വേദശാസ്ത്ര പഠനത്തിനു പുറമെ നിരവധി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും, പി.എച്ച്.ഡിയുമുണ്ടായിരുന്ന അദ്ദേഹം പക്വത വന്ന ഒരു മനുഷ്യസ്‌നേഹി ആയിരുന്നു. തന്റെ അജഗണത്തെ ചര്‍ച്ചിന്റെ കുടക്കീഴില്‍ സംഘടിതമായ ഒരു ശക്തിയാക്കി മാറ്റിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ശങ്കരത്തിലച്ചന്റെ ഏറ്റവും വലിയ സമ്പത്ത് തന്നെ ദേവതുല്യനായി പൂജിക്കുന്ന ഒരു മഹിളാരത്‌നത്തെ നല്‍കി ദൈവം അനുഗ്രഹിച്ചു എന്നുള്ളതാണ്. അച്ചന്റെ ഭാവനയ്‌ക്കൊത്ത രീതിയില്‍ പ്രശസ്തയായ ഒരു എഴുത്തുകാരിയും, വീട്ടമ്മയും, കവയിത്രിയുമായി തന്റെ പ്രിയഭാജനമായ എല്‍സി യോഹന്നാന്‍ ശങ്കരത്തിലിനെ രൂപാന്തരപ്പെടുത്തിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളതിന് ഉദാഹരണമാണ് അവസാനത്തെ നിമിഷത്തില്‍ തന്റെ ആത്മനാഥനെപ്പറ്റി അവര്‍ രചിച്ച “ദിവ്യ ദീപമേ നയിച്ചാലും’ എന്ന കവിത. ആ കവിത വായിക്കുന്നവര്‍ക്കറിയാം മനസിന്റെ അഗാധതയില്‍ നിന്നും പൊന്തിവന്ന ദിവ്യ സ്‌നേഹത്തിന്റെ പ്രതിസ്ഫുരണമായിരുന്നു അതെന്ന്.

“സുഖിയായ് ഭാഗ്യവാനായാരെയും കരുതേണ്ട
ശവസംസ്കാരം വരെ ഭാഗ്യങ്ങളിരിക്കായ്കില്‍’

എന്ന ആപ്തവാക്യം ശങ്കരത്തിലച്ചനെ സംബന്ധിച്ചടത്തോളം അവസാനം വരെ ഭാഗ്യവാനായി തന്നെ ഇരിക്കാന്‍ കഴിഞ്ഞു എന്നുള്ളതിന് യാതൊരു സംശയവുമില്ല. അവസാനം വരെ സമ്പത്തും, ഐശ്വര്യവും, ബന്ധുജനങ്ങളും, സുഹൃദ് വലയവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും എല്ലാവരുമായി സ്‌നേഹത്തിലും ഐക്യത്തിലും വസിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ശങ്കരത്തിലച്ചന്‍ ലോകത്തിന് നല്‍കിയ പ്രകാശം കെടാതെ സൂക്ഷിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും, പിന്‍ഗാമികള്‍ക്കും കഴിയട്ടെ എന്നുഞാനാശംസിക്കുന്നു. അങ്ങനെ സംഭവിക്കാന്‍ ജഗദീശന്‍ ഇടയാക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ശങ്കരത്തിലച്ചന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here