തുരുത്തുകളിൽ ചിലർ

 

 

 

നോർമൽ എന്ന് സമൂഹം തീർച്ചപ്പെടുത്തിയവർ ജീവിക്കുന്ന ലോകത്തിന് ചുറ്റും ഒരുപാട് തുരുത്തുകളുണ്ട്. കറുത്തവർ. മെലിഞ്ഞവർ. തടിച്ചവർ. പൊക്കം കൂടുതലോ കുറവോ ഉള്ളവർ. ലെസ്ബിയനുകൾ. ഗേയ്കൾ. ട്രാൻസ്ജെൻഡറുകൾ. അംഗ പരിമിതർ. അങ്ങനെയങ്ങനെ.. അവിടെ നിന്ന് നോർമൽ ലോകത്തേയ്ക്ക് ദൂരം ഏറെയാണ്.

ഈ ലോകത്തിനും ആ തുരുത്തുകൾക്കും ഇടയിൽ വളരെ നേർത്ത ഒരു പാലം മാത്രമേയുള്ളൂ. അതു വഴി കടന്നു വരുന്നവർ വളരെ കുറവും. അങ്ങനെ വന്ന ഒരുപാട് പേർ ഈ ലോകത്ത് ഇടം കിട്ടാതെ അവനവൻതുരുത്തുകളിലേയ്ക്ക് മടങ്ങിയിട്ടുണ്ട്. അവിടെയിരുന്ന് അവർ ഇങ്ങോട്ട് നോക്കിക്കൊണ്ടേയിരിക്കുന്നു. പ്രതീക്ഷയോടെ. അങ്ങനെയുള്ള പല നോട്ടങ്ങളും തുരുത്തുകളിലേക്കുള്ള മടങ്ങിപോകലുകളും മറവിയുടെ മറ നീക്കി പലപ്പോഴും ഇങ്ങെത്താറുണ്ട്.

ഒരു സ്ക്കൂൾ കഥ. ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ്. ഫ്രീ പീരിയഡ് ആയിരുന്നു. പെട്ടെന്ന് ഒരു ടീച്ചർ കയറി വന്നു. മുന്നിൽ വന്നു നിന്ന് കുട്ടികളെ മൊത്തത്തിൽ ഒന്ന് നോക്കി. എന്നിട്ട് അവിടുന്നും ഇവിടുന്നുമൊക്കെ ഓരോ കുട്ടികളെ എണീപ്പിച്ചു നിർത്താൻ തുടങ്ങി. അപ്പോൾ ക്‌ളാസ്സിലെ റീമ ചോദിച്ചു “ന്തിനാ ഇദ് ടീച്ചറേ?” ടീച്ചർമാർക്ക് പൊതുവെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലൊന്നും പെടുന്ന കുട്ടിയല്ല റീമ. പഠനമോ കലയോ ഒന്നും ആളുടെ താല്പര്യങ്ങളല്ല. എന്ത് എപ്പോൾ പറയണമെന്ന് വലിയ നിശ്ചയവുമില്ല. കണ്ണു കൊണ്ടു ക്‌ളാസ്സു മുഴുവൻ പരതുന്നതിനിടയിൽ ടീച്ചർ അച്ചടിഭാഷയിൽ ഉത്തരം പറഞ്ഞു. “നാടകത്തിന് പറ്റിയ കുട്ടികളെ എടുക്കുകയാണ്.” റീമ ചുറ്റും ഒന്ന് കണ്ണോടിച്ചു. എണീറ്റ് നിൽക്കുന്ന കുട്ടികളെ ഓരോരുത്തരെയും അവൾ സൂക്ഷിച്ചു നോക്കി. എന്തൊക്കെയോ താരതമ്യങ്ങൾ അവൾ ചെയ്യുന്നുണ്ടായിരുന്നു. അവൾ കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ചിരുന്നു. ടീച്ചർ തെരഞ്ഞെടുപ്പ് തുടർന്നു. പെട്ടെന്ന് റീമ ചാടിയെണീറ്റു. “റീമ ഇരിക്കൂ. ഞാൻ എഴുന്നേൽക്കാൻ പറഞ്ഞില്ലല്ലോ?” ടീച്ചർ അക്ഷരസ്ഫുടതയോടെ പറഞ്ഞു.

റീമ ഇരുന്നില്ല. ഇവളിത് എന്തിനുള്ള പുറപ്പാടാണെന്ന് ആലോചിച്ചു കുട്ടികൾ അന്തം വിട്ടു. അവളുടെ ചിലമ്പിച്ച സ്വരത്തിൽ പറ്റുന്നത്ര ഉറക്കെ അവൾ പറഞ്ഞു “ഞാനും വെള്ത്ത കുട്ട്യന്ന്യാ”. ശരിയാണ്. ടീച്ചർ തെരഞ്ഞെടുത്തിരുന്നത് വെളുത്തവരെ മാത്രമായിരുന്നു. ബോധമില്ലാത്തവൾ എന്ന് വിളിക്കപ്പെട്ടിരുന്ന ഒരുവളുടെ ഉറച്ച പ്രഖ്യാപനത്തിന് മുമ്പിൽ ബോധമുള്ള ടീച്ചർ വാക്ക് മുറിഞ്ഞു നിന്നു. പിന്നെ എന്തൊക്കെയോ തട്ടിക്കൂട്ട് ന്യായീകരണം നടത്തി ടീച്ചർ ക്ലാസ്സിൽ നിന്നു രക്ഷപെട്ടു. എത്രയോ കറുത്ത കുട്ടികൾ അന്ന് മുറിവേറ്റ മനസ്സുകളുമായി, അവരുടേതായ കുഞ്ഞുതുരുത്തുകളിലേയ്ക്ക് ഒതുങ്ങിയിരുന്നു. കുഞ്ഞുമനസ്സിലെ മുറിവിന് ആഴം കൂടും. ചിലപ്പോൾ ആയുസ്സിലത് ഉണങ്ങിയെന്നും വരില്ല.

പിന്നീട് കൗമാരത്തിലേയ്ക്ക് എത്തിയ കാലം മുതൽ കൂടെയുള്ളൊരുവൻ. അപാരമായ ആത്മവിശ്വാസം ഉള്ളവൻ. എത്ര വലിയ മാനസിക സമ്മർദ്ദവും വളരെ നിസ്സാരമായി കാണുന്നവൻ. “ടെൻഷനടിച്ചാലും ഇല്ലെങ്കിലും വരാനുള്ളത് വരും. പിന്നെ എന്തിനാ വെറുതെ ടെൻഷനടിച്ചു മൂഡ് കളയണെ” എന്ന് പറഞ്ഞ് നിറഞ്ഞു ചിരിച്ചിരുന്നവൻ. കോളേജ് പ്രാക്ടിക്കൽ പരീക്ഷയ്ക്ക് വന്ന എക്സ്റ്റേണൽ എക്സാമിനർ,  കുട്ടികളെ ഇട്ടു വിറപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒരാളും ജയിക്കരുതെന്ന് അദ്ദേഹത്തിനു വാശിയുള്ളത് പോലെ. തോറ്റു എന്ന മട്ടിൽ പ്രാക്ടിക്കൽ കഴിഞ്ഞ് ഇറങ്ങിപ്പോകുന്ന ബുദ്ധിജീവികളെ നോക്കി ഞങ്ങൾ ഊഴം കാത്ത് നിന്നു. വൈവയ്ക്ക് ചോദിച്ച ചോദ്യങ്ങളൊന്നും ജനിച്ചിട്ടിന്നു വരെ കേട്ടിട്ടില്ല. പ്രാക്ടിക്കൽ എളുപ്പം ‘കൈച്ചിലായി കിട്ടും’ എന്ന് വിചാരിച്ചതാണ്. അതിപ്പോൾ ഒരു തീരുമാനമായി. എക്സാമിനറെയും പ്രാകിക്കൊണ്ട് ഞങ്ങളിരുന്നു. അപ്പോഴവൻ പുറകിൽ നിന്ന് തോണ്ടി വിളിക്കുന്നു. “അതേ പാട്ടൊന്ന് മാറ്റിയാലോ?” എനിക്ക് ഒന്നും മനസിലായില്ല. “എന്താന്ന്?? ”

“ആർട്സ് ഫെസ്റ്റിന് ഡാൻസിന് ഇപ്പോ എടുത്ത പാട്ട് വേണ്ട. കഴിഞ്ഞ ആഴ്ച നോക്കിയ പാട്ട് എടുത്താലോ?”

“ഓഹ്… ഡാൻസോ സർക്കസ്സോ എന്ത് വേണെങ്കിലും ആവാം. ഇതിനകത്തെ മേളം ഒന്ന് തീർന്നിട്ട് പോരെ?” എന്നേ അപ്പോ വായിൽ വന്നുള്ളൂ. കാരണം അടുത്ത റോൾ നമ്പർ എന്റേതായിരുന്നു. അതിനടുത്തത് അവന്റേതും. അവൻ ചിരിച്ചു കൊണ്ട് അവിടെ നിന്ന് പാട്ടാലോചിച്ചു. അവന്റെ കാര്യങ്ങളെല്ലാം എന്നും അങ്ങനെയായിരുന്നു. ജീവിതവും ജോലിയും എല്ലാം. ചെറുതും വലുതുമായ തടസ്സങ്ങളെ ചിരി കൊണ്ട് ഒരു പോലെ നേരിട്ടു. ആ ചിരി ഒപ്പമുള്ളവരിലേയ്ക്ക് പടർത്തുന്ന വിദ്യയും  അവനറിയാമായിരുന്നു. അവന്റെ സ്വത്വം അവൻ തിരിച്ചറിയുന്നത് വരെ.

അന്നും ഇന്നും, എത്ര അകലെയിരുന്നാലും എനിക്ക് അകലെയല്ല അവൻ. എത്ര ദിവസങ്ങൾ കഴിഞ്ഞു വിളിച്ചാലും ഇന്നലെ നിർത്തിയിടത്തു നിന്നെന്ന പോലെ ബാക്കി വർത്തമാനവുമായി വരുന്നവൻ. മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്ന സമയങ്ങളിൽ അവന്റെ ഒപ്പമുള്ള നിമിഷങ്ങൾ ഓർത്താൽ മതി. ഇതൊക്കെ ഇത്രയേ ഉള്ളൂ എന്ന് തോന്നും. ഗേ ആണെന്ന് അവൻ തുറന്നു പറയുന്നതിന് മുൻപും പിൻപും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവൻ. അവൻ പതുക്കെ ആളുകളിൽ നിന്ന് അകന്നു. വഴിയിൽ കണ്ടു മുട്ടുന്ന ഏതൊരുത്തനും സാഹചര്യമോ സന്ദർഭമോ നോക്കാതെ അവൻ വിവാഹം കഴിക്കാത്തതെന്തേ എന്ന് ചികഞ്ഞു. വിവാഹം  മാത്രമാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന് ചിന്തിച്ചു കൊണ്ട്  കുറ്റപ്പെടുത്താൻ ശ്രമിച്ചവരോട് പറയാൻ അവന് ഒന്നുമുണ്ടായിരുന്നില്ല. ആ സമയങ്ങളിലെല്ലാം അവൻ അവനെത്തന്നെ തിരയുകയായിരുന്നു. ഒടുവിൽ അവനിലേയ്ക്കുള്ള വഴികൾ അവൻ കണ്ടെത്തി. അവന്റേതായൊരു തുരുത്തിൽ അവൻ ജീവിതം കെട്ടിപ്പൊക്കി. പക്ഷെ അവിടെ നിന്ന് നമ്മുടെ ലോകത്തേയ്ക്ക് ദൂരം ഒരുപാട് ഉണ്ടായിരുന്നു.

“ശരിയാണ്. ഞാൻ അകന്നു മാറി നിൽക്കുകയാണ്. ഏറ്റവും ഇഷ്ടപ്പെട്ട ബന്ധുക്കളിൽ നിന്ന്. നാട്ടിലെ അമ്പലത്തിലെ ഉത്സവങ്ങളിൽ നിന്ന്. കാണാൻ കൊതിച്ചിരുന്ന വിവാഹങ്ങളിൽ നിന്ന്. പ്രിയപ്പെട്ടവരുടെ കൂടെയിരിക്കാൻ  ആഗ്രഹിച്ചിരുന്ന അവധിക്കാലങ്ങളിൽ നിന്ന്. കാരണം അവരോടു ഞാൻ ഒരു ഗേ ആണെന്ന് പറയാൻ ഇനിയും എനിക്ക് ആയിട്ടില്ല. ഉൾക്കൊള്ളാൻ അവർക്കുമാവില്ല. അവർക്ക് ഞാൻ വീട്ടുകാരോട് ഉത്തരവാദിത്തമില്ലാത്തവൻ ആണ്. അതു കൊണ്ട് കല്യാണാലോചനകളിൽ നിന്ന് ഒളിച്ചോടുന്നവനാണ്. എല്ലാം അവരോടു തുറന്നു പറയാനാവുന്ന കാലം വരെ മാറിയിരിക്കലാണ് നല്ലത്. കാരണം അവരൊക്കെ എനിക്ക് അത്രയും പ്രിയപെട്ടവരാണ്. അവരെയൊക്കെ എനിക്ക് എന്നും വേണം. പക്ഷെ ഒന്നുണ്ട്. എനിക്കെന്നെ  തിരിച്ചറിയാൻ സാധിച്ചു. ഇന്ന് ഞാൻ പതുക്കെ എന്റെ സന്തോഷങ്ങൾ വീണ്ടെടുക്കുകയാണ്. ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലും എന്നെ ഉൾക്കൊള്ളുന്ന ഒരുപാട് പേർ ഉണ്ട്. അത്‌ എന്റെ ആത്മവിശ്വാസം കൂട്ടുന്നു.എന്നെ മനസ്സിലാക്കുന്ന ആളുകൾക്കിടയിലേക്ക് ഞാൻ തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. നഷ്ടപ്പെട്ടതോരോന്നായി തിരിച്ചു പിടിക്കുകയാണ്. പതിയെ..”

‘ബാംഗ്ലൂർ ഡേയ്സ്‌’. യുവത്വത്തിന്റെയും  സൗഹൃദത്തിന്റെയും മനോഹാരിത ആധാരമാക്കിയ സിനിമ. അതിലെ സൈറയെപ്പോലെ വീൽ ചെയറിലിരുന്ന് നിറമുള്ള സ്വപ്‌നങ്ങൾ നെയ്യുന്ന ഒരുപാട് പേരുണ്ട്. അവർക്കൊക്കെ ഒരുപാട് സന്തോഷം നൽകിയ, പ്രതീക്ഷ നൽകിയ സിനിമ. പക്ഷെ ആ സിനിമ പോലും വീട്ടിൽ ഇരുന്നു കാണാനായിരുന്നു അവരിൽ പലരുടെയും വിധിയെന്ന് എന്റെ ഓൺലൈൻ സുഹൃത്തായ ശാരദ ദേവി  സൂചിപ്പിച്ചപ്പോൾ മാത്രമാണ് ഞാൻ ഓർത്തത്. സിനിമാ തിയേറ്ററിൽ കയറാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഏതെങ്കിലും ടിവി ചാനലിൽ ആ സിനിമ വന്നിട്ടു കാണാൻ കാത്തിരിക്കേണ്ടി വന്നു അവർക്ക്.

എഴുതാൻ ഇഷ്ടപ്പെടുന്ന, പാടാൻ ഇഷ്ടപ്പെടുന്ന ശാരദ ഒരു റിസർച്ച് സ്കോളർ ആണ്. വീൽ ചെയർ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. പക്ഷെ അതൊരിക്കലും അവരുടെ സ്വപ്‌നങ്ങൾക്ക് തടസ്സമായില്ല.

നമ്മുടെ ചുറ്റും ഉണ്ടായിട്ടും, എത്ര സൗകര്യപൂർവ്വം നമ്മൾ അവരുടെ അസൗകര്യം മറന്നു?കൂട്ടുകാരോടൊപ്പമുള്ള സിനിമ കാണലിന്റെ, ഒത്തു കൂടലിന്റെ രസം ഒന്നു വേറെയാണ്. നാളേറെ ചെന്നാലും അത്തരം പല നല്ല ഓർമ്മകളും തമാശകളും നമ്മുടെ മനസ്സിൽ കാണും. വീൽ ചെയറിൽ ഇരിക്കുന്നവർക്ക് ഇന്നും അന്യമായ ഒട്ടേറെ  അനുഭവങ്ങളിൽ ഒന്ന് മാത്രമാണിത്. അവർക്കുണ്ടാകേണ്ട നല്ല കുറേ നിമിഷങ്ങൾ പോലും പിറക്കാതെ പോകുന്നത് നമ്മൾ അറിഞ്ഞതേയില്ല അല്ലേ?

കഥകൾ ഇനിയുമുണ്ട്. തുരുത്തുകളും. ഒരിക്കൽ ആ  തുരുത്തുകൾ വളർന്ന് വളർന്ന് ഈ ലോകവുമായി കൂടിച്ചേരും. അന്ന് കറുത്ത കുട്ടികൾ സ്റ്റേജിൽ നിറഞ്ഞാടും. കഴിവുകൾ മാത്രം നോക്കി തെരഞ്ഞെടുപ്പുകൾ നടക്കും. വീൽ ചെയറുകൾ നിറമുള്ള ചിറകുകൾ വിടർത്തി ആകാശത്തിലേയ്ക്ക് പറക്കും. എന്റെ ഗേ സുഹൃത്ത് ഇഷ്ടങ്ങൾ നെഞ്ചോടു ചേർത്തു പിടിക്കും.  അവൻ  പ്രിയപ്പെട്ടവരോടൊപ്പം ഉൽത്സവങ്ങളും കല്യാണങ്ങളും കൂടാൻ സന്തോഷത്തോടെ വരും. അവരുടെ ഇടയ്ക്കിരുന്ന് അവൻ മനസ്സറിഞ്ഞു ചിരിക്കുമ്പോൾ അത്‌ കാണണം എനിക്ക്.

ആ നാളുകളിലേയ്ക്ക് ഇനി എത്ര ദൂരം? അവർ അതാ അങ്ങകലെയിരുന്ന് നമ്മെ നോക്കുന്നുണ്ട്. പ്രതീക്ഷയോടെ.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. എഴുത്തിന്റെ ലോകത്ത് സീതയ്ക്ക് ഇനിയും പലതും ചെയ്യാൻ കഴിയും. അഭിനന്ദനങ്ങൾ, ആശംസകൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here