നമുക്കൊന്ന് പ്രണയിക്കാം,
ഐസ്ക്രീം നുണയാതെ,
ചുണ്ടുകൾ കോർക്കാതെ,
കെട്ടിപ്പുണരാതെ,
ആൾക്കൂട്ടത്തിനിടയിൽ നിന്ന്,
പ്രണയിക്കാം.
കണ്ണിമകളുടെ കൂട്ടിമുട്ടലുകളിൽ,
കോടമഞ്ഞിൻ മൗനം പേറി,
ഇളംകാറ്റിലുലയുന്ന പൂമരം പോൽ,
ഹൃദയത്തുടിപ്പുകൾ.
കാണാതെ പോകുന്ന സന്ധ്യയുടെ മേലങ്കിയിൽ,
എനിക്ക് നീയും നിനക്ക് ഞാനുമെന്നു,
മനസ്സിൻ മണലാരണ്യങ്ങളിൽ കോറി,
രാവ് പകലാക്കാനുള്ള വെമ്പലുകൾ,
ഒടുവിൽ കണ്ടുമുട്ടുമ്പോഴുള്ള,
വിറയലുകളും ഇടിപ്പുകളും.
ആ നിമിഷങ്ങളെ സ്പർശിച്ചു,
മനസിന്റെ ചില്ലുകൂടാരത്തിലിരുന്നു,
കാത്തിരിപ്പിൻ പുതുനാമ്പുകളാൽ,
പ്രണയിക്കാം പ്രിയനെ,
ആൾക്കൂട്ടത്തിനിടയിൽ.