വിശക്കുന്നവന്റെ മുറവിളിയിൽ വിധേയനായി അധ്വാനത്തിന്റെ കുങ്കുമസന്ധ്യചാലിച്ചവൻ…
വേർപ്പിൻ്റെ പടയാളികളിൽനിന്നു ചുറ്റികയേന്തി കല്ലിൽ തീപാറിച്ച കല്പണിക്കാരൻ്റെ കയ്യൂക്ക്.
പൊന്നണിപ്പാടത്ത് പുത്തനുദയത്തിൽ നെല്ലരിയാനിറങ്ങിയ ചെറുമിയുടെ മാനം കാക്കാൻ അരിവാളേറ്റെടുത്ത സഖാവ്
അടിയാളനെഞ്ചിലേക്കുയർന്ന ജന്മിക്കാലിനെ കയ്യാലൊടിച്ചുമടക്കിയ മുഷ്ടിവീര്യം.
രക്തത്തുള്ളികളിറ്റിയ നിരന്തരസമരങ്ങളുടെ വിജയവീര്യം സമരമുദ്രയാക്കിയ കമ്യൂണിസ്റ്റ്.
സമരപോരട്ടങ്ങളിലെ
രക്തസാക്ഷിയുടെ വെടിയുണ്ട തുളച്ച ചോരക്കയത്തിൽ വെൺകൊടി മുക്കി ചെങ്കൊടി പാറിച്ച ചങ്ക്…
നീ അഖിലലോകയുവജന പ്രസ്ഥാനത്തിന്റെ വെള്ളക്കൊടിയിലെ അഭിമാന- ശുഭ്രതാരകം.
കായൽപ്പാടത്തെ റാട്ടും കേരത്തോപ്പിലെ കൊടുവാളും
കല്പണിക്കാരന്റെ
കൈക്കോട്ടും പിക്കാസും കരണ്ടിയും നിൻ്റെ ചിഹ്നങ്ങൾ.
ഉടമയിൽനിന്നും അടിമയെ മോചിപ്പിച്ച ലോകവിപ്ലവപ്രസ്ഥാനത്തിന്റെ രക്തസന്ധ്യയിലും ഉദയഭേരിയിലും നീ ചെങ്കൊടി.
പട്ടിണി പെയ്യും നാടുകളിൽ തെളിഞ്ഞു വീണ്ടും കാറൽമാർക്സാൽ
തിളങ്ങിനിന്നതു മുദ്രവാക്യം
“ഇൻക്വിലാബ് സിന്ദാബാദ്….”