രാമന്‍കുട്ടി മരിച്ച വിവരം ആരോ അയച്ച വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണറിയുന്നത്. ഒരു കാലിനു മുടന്തുണ്ടന്നതൊഴിച്ച് ആള് പൊതുവേ ആരോഗ്യവാനായിരുന്നു. കോവിഡിന്‍റെ കാലമായതുകൊണ്ട് പെട്ടെന്നു വല്ലതും സംഭവിച്ചതാവാനും വഴിയുണ്ട്. തന്‍റെ ഉറ്റസുഹൃത്തൊന്നുമായിരുന്നില്ല രാമന്‍കുട്ടി. അതുകൊണ്ടുമായിരുന്നു കുറെ നാളായി വിവരങ്ങളറിയാതിരുന്നത്. എങ്കിലും രാമന്‍കുട്ടിയെ മറക്കുവാൻ തനിക്കാകുമായിരുന്നില്ല.
തന്റെ സീനിയര്‍ ക്ളാസില്‍ പഠിക്കുന്ന കുട്ടിയാണെങ്കിലും സ്കൂള്‍ കഴിയുന്പോള്‍ ഒരുമിച്ചു യാത്ര ചെയ്യുക പതിവായി. രാമന്‍കുട്ടിയുടെ അച്ചന്‍ രാഘവന്മാഷ് കണക്കു പഠിപ്പിക്കുന്ന അദ്ധ്യാപകന്‍. ‘സ്പടികം’ സിനിമയിലെ ചാക്കോമാഷിനെപ്പോലെ കര്‍ക്കശക്കാരന്‍. അടിസ്ഥാനവിദൃാഭൃാസം അടി കൊടുത്തുതന്നെ സാധിക്കണം എന്ന സ്വഭാവക്കാരന്‍. ചൂരല്‍ കയ്യില്‍ കിട്ടിയില്ലെന്കിൽ കുട്ടിയുടെ സ്ലേറ്റു മതി അടി പാസാക്കാൻ. മറ്റൊരുകാരൃം, മാഷ് ഷേവുചെയ്യിക്കുന്ന ദിവസം ഹോംവർക്കു തെറ്റിയാൽ അടിയുടെ ആക്കവും കൂടും.. കുഞ്ഞൻ ബാർബറുടെ കത്തിക്കു മൂർച്ച ശരിയാകാത്തതുകൊൺട് താടി മുറിഞ്ഞ് നീറുന്നുൺടാവും. അതിന്റെ ദേഷൃം പ്റതിഫലിക്കുന്നതാണ്.. രാമന്‍കുട്ടി പക്ഷെ തനി ഉഴപ്പനായിരുന്നു. ‘അടി-സ്ഥാന’ വിദൃ അഭൃാസം മറ്റ് കുട്ടികൾക്കു പറഞ്ഞുകൊടുക്കാൻ തൽപ്പരൻ. മറ്റു പല വിദ്യകളും രാമന്‍കുട്ടിക്കറിയാമായിരുന്നു.
സ്കൂള്‍ കഴിഞ്ഞു വീട്ടിലേക്കു പോകുംവഴി ആഞ്ഞിലിമരത്തിൽ കയറി വിളയും തിന്നതിനുശേഷം നാണുനായരുടെ ചായക്കടയും സന്ദർശിക്കണം.. ചായക്കടയുടെ അരഭിത്തിയുടെ പിറകില്‍ നിന്നാല്‍ സാറമ്മാരുടെ ചീട്ട്കളി കാണാം. നായരുടെ മേല്ച്ചുന്ടു മലര്‍ന്നിരിക്കുന്നതിന്റെ രഹസ്യം രാമന്‍കുട്ടിക്കറിയാം; അയാള്‍ ഭാര്യയുടെ കൂടെ കിടക്കുന്പോള്‍ വായുംകൊണ്ടെന്തോ ചെയ്യുന്നുവെന്നാണ്.
വെള്ളിയാഴ്ചകളില്‍ ൨ മണിക്കൂര്‍ ലങ്ച്ചുബ്രെയ്ക്ക് സമയം അടുത്ത മലയിലെ കശുമാവിന്‍ തോട്ടത്തില്‍ കയറി അണ്ടി പെറുക്കി കടയില്‍ വിറ്റു മിഠായി വാങ്ങുന്ന പരിപാടിയും ഉണ്ടായിരുന്നു. ആയിടെ ആയിരുന്നു ഒരു തലയില്ലാജടം മലമുകളില്‍ കണ്ടെന്ന വാര്‍ത്ത. സ്ഥിരം കുടിയനായ ഒരാള്‍ ലഹരി പിടിച്ച സമയം, തന്റെ പട്ടി ഒരു തല വലിച്ചുകൊണ്ടുവന്നു മുറ്റത്ത് ഇട്ട കഥ വിളന്പിയപ്പോള്‍ ആണ് നാട്ടുകാര്‍ അറിഞ്ഞത്. പോലീസ് വരുന്നതിനു മുന്‍പേ കുറേ കുട്ടികളെക്കൂടി രാമന്‍കുട്ടി തലയില്ലാത്ത പ്രേതത്തെ കാണാന്‍ പോയി. അടുത്ത പറന്‍പില്‍ ഏതോ പണിക്കാര്‍ കൂവി വിളിക്കുന്നത്കേട്ട ഒരു കുട്ടി പേടിച്ച് താഴേക്കോടി. പനി പിടിച്ച് പിന്നീട് ഊളമ്പാറയില്‍ കൊണ്ടുപോകേണ്ടിവന്നു. പിന്നീടൊരിക്കലും സ്ഥിരബുദ്ധി കൈവരിച്ചില്ല.
കോളേജില്‍ പഠിക്കുന്ന കാലത്തും രാമന്‍കുട്ടി ഉഴപ്പ്തുടര്‍ന്നു. രാത്രിസിനിമയ്ക്ക് പോയിവരുന്പോള്‍ ഹോസ്ടലിന്റെ വാതില്‍ അടച്ചിരിക്കും. ഒന്നരക്കാലുകാരൻ ഡ്റൈൻ പൈപ്പിൽക്കൂടി കയറി മുറിയിൽ പ്രവേശിച്ചിരിക്കും. വാരാന്ത്യം മിക്കവാറും മറ്റു കുട്ടികള്‍ സ്വന്തം വിടുകളിലെയ്ക്കു പോയിരിക്കും. രാമന്‍കുട്ടി അയല്‍വക്കത്തെ പ്ളാവില്‍നിന്നു ചക്കപ്പഴവും മോഷ്ടിച് സ്വിമ്മിംഗ്പുളിന്റെ മുകളില്‍ ഡൈവിംഗ് പ്ലാറ്റ്ഫോമില്‍ വലിഞ്ഞുകയറി പഴം തിന്നിട്ട് കുരു പൂളിലെക്കെറിയും.
കോളേജുവിദൃാഭൃാസം കഴിഞ്ഞു ദുരെ പട്ടണത്തില്‍ ജോലിയിലായതിനുശേഷം രാമന്‍കുട്ടിയുടെ വാര്‍ത്തകള്‍ക്ക് ക്ഷാമമുണ്ടായി. അവന്‍ മറ്റൊരു യൂനിവേര്‍സിറ്റിയില്‍ സൈക്കോളജി പഠിക്കുവാന്‍ പോയിരുന്നു എന്നു മാത്രമറിഞ്ഞു.
അടുത്തനാളില്‍ തന്‍റെ ഒരു മച്ചുനന്‍ പറഞ്ഞാണറിയുന്നത് – രാമന്‍കുട്ടി സ്വന്തം വീട്ടിലെ കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. സ്വന്തം മകന്‍ മറ്റൊരു ഗ്രാമത്തില്‍ പുതിയൊരു വീട് നിര്‍മ്മിച്ച് മാറിയതിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസം ആയിരുന്നു കാരണമെന്നു പറയുന്നു. എന്തൊരു മനശാസ്ത്രം!