സങ്കല്‍പ്പലോകം

”കൊടികള്‍ പാറിച്ച പടക്കപ്പലുകളും ഏഴു സമുദ്രങ്ങളും തീയുണ്ടകളും
ആള്‍ക്കൂട്ടവും കുന്തങ്ങളുമൊക്കെയാണു കാണുന്നതു തിരുമനസ്സേ ,
അശുഭമാണു….” എന്നു വണ്ടിച്ചക്രം കയറിയിറങ്ങി റോഡില്‍ പതിച്ചുറപ്പിച്ച
വാലിന്‍ മേല്‍  കുത്തിയുയര്‍ന്നു അക്കാഴ്ചയുടെ അസൗലഭതയില്‍
സന്തോഷിച്ചാര്‍ത്തു ചുറ്റും നില്ക്കുന്നവര്‍ക്കെതിരെ നിസ്സഹായതയോടെ
ചീറിയടുക്കാന്‍ ശ്രമിക്കുന്ന വലിയൊരു രാജവെമ്പാലയെ സ്വപ്നം
കണ്ടുണര്ന്നതിനെക്കുറിച്ച് ചോദിച്ചതിനു ബ്രാഹ്മണ പണ്ഡിതര്‍ മറുപടി
പറഞ്ഞു. മൂന്നു മാസത്തിനകം പിന്നീടുള്ള എന്റെ ജീവിതമാകെ ഇരക്കു ചുറ്റിനും
ചെന്നായ്ക്കളെന്നപോലെ ആശങ്കകളും അസ്വസ്ഥതകളും നിറച്ചു . കറുത്ത പൊന്നും
ഏലവും ജാതിയും കറുവയും  മല്ലിയും മഞ്ഞളും ഗ്രാമ്പുവും പിന്നെ ഇന്നാട്ടിലെ
വിലപിടിപ്പുള്ളതിലൊക്കെ ആക്രാന്തത്തോടെ മണം പിടിച്ചും മാറു
മറച്ചിട്ടില്ലാത്ത നാട്ടു പെണ്ണുങ്ങളുടെ തുടുത്ത മുലകള്‍ നോക്കി
വെള്ളമിറക്കിയും എന്റെ തുറമുഖ പട്ടണങ്ങളിലൊക്കെ നങ്കൂരമിട്ടു തുടങ്ങിയ
നൂറുകണക്കിനു പടക്കപ്പലുകളിലും ചരക്കു കപ്പലുകളിലും നിന്നും  ഒരു
പുലര്‍ച്ചെ അസ്വസ്ഥതയോടെ എന്നെ ഉറക്കമുണര്‍ത്തി പിന്നീടു ദൂഷണം പറഞ്ഞു
തമ്മിലടിപ്പിച്ചും ശക്തനെ കൂട്ടൂപിടിച്ചു ദുര്‍ബലനെതിരെ  കാര്യ
സാധ്യങ്ങള്‍ നടത്തിയും ഇടഞ്ഞു നിന്നതും കൊമ്പു കോര്‍ത്തു നിന്നതുമായ
നാട്ടുരാജാക്കന്മാരെയും അയല്‍രാജ്യങ്ങളെയുമൊക്കെ കീഴ്പ്പെടുത്തിയും കടുവ
കണക്കെ വന്ന പ്രബലനായ ശത്രുവിനെതിരെ പരിചയായി പിടിച്ചും അവരില്‍ നിന്നും
പഠിച്ചെടുത്ത രാജ്യ തന്ത്രത്തിന്റെയും സൈന്യത്തിന്റെയുമൊക്കെ പാഠങ്ങള്‍
എന്റെ ഭാവി ജീവിതം അവര്‍ നിശ്ചയിക്കാന്‍ പോകുന്നതറിയാതെ പത്തിരട്ടിയില്‍
അവര്ക്കുമെതിരെ ഉപയോഗിക്കുന്നതിനൊപ്പം എന്റെ ആയുധ ബലത്തിന്റെയും
സൈന്യബലത്തിന്റെയും ഉറവിടങ്ങളായ പീരങ്കികളും വെടിക്കോപ്പുകളും ഇതര
യുദ്ധ സാമഗ്രഹികളും സ്വന്തമാക്കി വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങനെ
ഒരിടത്തു വന്നിരുന്നു ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്നു ചിന്തിക്കേണ്ടി
വരുമെന്നറിയാതെ അധികാരത്തിന്റെ നാലതിരുകള്‍ വിപുലപ്പെടുത്തിയതും,
പിന്നീടു പലപ്പോഴും ഏറ്റു പറയാന്‍ തോന്നിച്ചിരിക്കാനിടയുള്ള അതുമൊരു
മഹാമണ്ടത്തരമാണെന്നു കണ്ടു വേണ്ടെന്നു തീരുമാനിച്ചിരിക്കാനിടയുള്ള ചെറിയ
പ്രായത്തിലുള്ള അപക്വമായൊരു തീരുമാനത്തിലൂടെ ദുര്‍ഘടമായ മണലാരണ്യത്തിലൂടെ
വനാന്തരത്തിലൂടെ നദികളിലൂടെ താഴ്വാരങ്ങളിലൂടെ മഞ്ഞിലൂടെ മഴയിലൂടെ
വെയിലിലൂടെ പരവതശിഖരങ്ങളിലൂടെ പാഞ്ഞടുക്കുന്ന ഭീകരജീവികളോടും
പതിയിരിക്കുന്ന വിഷപ്പാമ്പുകളോടുമേറ്റു തന്നോടൊത്തു നാളെ അതല്ലങ്കില്‍
മറ്റന്നാല്‍ തങ്ങള്‍ നേടാന്‍ പോകുന്ന സ്വപ്നസുന്ദര ലോകം അവരുടെയൊക്കെ
മനസുകളില്‍ വരച്ചിട്ട തന്റെ വാക്കുകളില്‍ വിശ്വസിച്ചു കൂടെ
പോന്നിരിക്കുന്ന അത്രയും പോന്നൊരു ജനസമുദ്രത്തിനു ഓരോരോ നേരവും
ആഹരിക്കാനുള്ള വക കണ്ടത്തേണ്ട ഓരോ ദിവസവും അപരിചിതമായ കാലാവസ്ഥയുമായി
ചുറ്റുപാടുകളുമായി എതിരേല്‍ക്കുന്ന രാത്രികളില്‍ തല ചായ്ക്കാന്‍ സൗകര്യം
ചെയ്തു കൊടുക്കേണ്ട രോഗ പീഡകളില്‍ നിന്നു രക്ഷിക്കേണ്ട വീടിനേയും
കുടുംബത്തേയുമോര്‍ത്തു  മനസു ചഞ്ചലപ്പെടാതെ സൂക്ഷിക്കേ, അത്രയും
വലിയൊരാക്കുട്ടത്തിന്റെ ശരീരവും മനസും എപ്പോഴും ഉത്സാഹസജ്ജവും
യുദ്ധസജ്ജവുമാക്കി സൂക്ഷിക്കേണ്ട, ഓരോരോ കാലടിക്കപ്പുറവും  ഏതെന്നറിയാത്ത
എന്തെന്നറിയാത്ത ആയുധങ്ങളുമായി എണ്ണത്തിലെത്രയെന്നറിയാത്ത
കൊന്നില്ലെങ്കില്‍ കൊല്ലപ്പെടുമെന്ന നിലനില്പ്പിന്റെ തിരിച്ചറിവോടെ
നില്ക്കുന്ന ശത്രുക്കള്‍ക്കെതിരെ നേടുന്ന ഓരോ യുദ്ധ വിജയത്തിന്റെയും
നൈമിഷിക  ആഹ്ലാദമടങ്ങും മുമ്പേ തൊട്ടു മുന്നില്‍ പ്രത്യക്ഷരാകുന്ന അടുത്ത
പ്രതിയോഗി അവനാരാണു ഏതു കാരണത്താലാണു വാളും കുന്തവുമേന്തി തനിക്കെതിരെ
അവിടെയെത്താന്‍ കാര്യം അച്ഛനമ്മമാര്‍ എത്ര സ്നേഹിച്ചും ലാളിച്ചും  ആകാം
അവനെ വളര്‍ത്തിയിട്ടുണ്ടാകുക അവനെ കാത്തിരിക്കുന്നുണ്ടാകും എന്നുള്ള
ചിന്തയേതുമില്ലാതെ ദയാരഹിതം കൊന്നൊടുക്കി പുതിയ ശത്രുക്കളോടേറ്റു
ഒക്കെയും യാന്ത്രികമായി ആവര്ത്തിച്ചു അതിനൊരു ഒടുക്കമുണ്ടോയെന്നു ഒരു
തീര്‍ച്ചയുമില്ലാതെ നിശ്ചിതമല്ലാത്തൊരു ലക്ഷ്യത്തിനു വേണ്ടി ഇന്നത്തെ ഈ
നിമിഷത്തിന്റെ സൗഭാഗ്യങ്ങളിലേക്കു നോക്കാന്‍ സമയവും ക്ഷമയുമില്ലാത്ത
സുന്ദര പ്രഭാതങ്ങളെ സൂര്യോദയങ്ങളെ പ്രകൃതിയെ മരങ്ങളെ പൂക്കളെ മണങ്ങളെ
അന്നന്നത്തെ ശരീരാവശ്യത്തിനപ്പുറം ഒരു ഇണയുടെ സാമീപ്യത്തെ ഒന്നുമൊന്നും
കണ്ണിലും മനസിലും തങ്ങാതെ തന്റെ നിലക്കും വിലക്കും ചേര്‍ന്നു
അനുഭവിക്കുമായിരുന്നതൊക്കെ പരിത്യജിച്ചു നിരന്തര സംഘടനങ്ങളിലും മനോ
സംഘര്‍ഷങ്ങളിലും പെട്ടു രാവും പകലും പോയതറിയാതെ വര്‍ഷങ്ങള്‍ പോയതറിയാതെ
മനസും ശരീരവും തോറ്റുകൊണ്ടിരിക്കുന്നതു മാത്രമറിഞ്ഞു അപക്വമായൊരു
പ്രായത്തില്‍ എടുത്ത മഹാമണ്ടത്തരം നിറഞ്ഞ പിന്നീടു തിരുത്തിപ്പറയാന്‍
പലവുരു തുനിഞ്ഞെങ്കിലും  അതിന്റെ വരും വരായ്കയോര്ത്തു മനസിലൊതുക്കി
മറച്ചു പിടിച്ചു ഇക്കാലമത്രയും എന്തൊക്കെയോ ഏതൊക്കെയോ മോഹന സുന്ദര
സ്വപ്നങ്ങളിലൂടെ കൂട്ടാളികളെ ഇവിടം വരെയെത്തിച്ചു. അവരുടെ
നിര്‍ബന്ധത്താല്‍ പിന്‍ വാങ്ങുന്നു എന്ന ഭാവേന മുടന്തിയേന്തുന്ന
കുതിരയുടെ പുറത്ത് മരണത്തെ ഒളിച്ചെന്ന പോലെ പതിഞ്ഞു ചാഞ്ഞു മയങ്ങി
മടക്കയാത്ര ചെയ്യുന്ന ഒരു ചക്രവര്ത്തിയെയും സൈനികാക്രമണ പദ്ധതിയുടെ
ഭാഗമായി മോസ്കോവോ നദി മറി കടക്കുന്നതിനെക്കുറിച്ചു ചിന്തിച്ചും മൈസൂര്‍
റോക്കറ്റുകളുടെ പ്രഹരശെ
ഷിയെക്കുറിച്ചു ചിന്തിച്ചും മൈസൂര്‍ റോക്കറ്റുകളുടെ
പ്രഹരശേഷിയെക്കുറിച്ചു  സൈന്യാധിപന്മാരുമായി സംസാരിച്ചും ഈജിപ്റ്റിലെ
പുരോഹിതരുമായി സൈനികര്‍ക്കു മദ്യം ആവശ്യമുണ്ടോ എന്ന വിഷയത്തില്‍ ചര്‍ച്ച
നടത്തിയും മദിരാശി പ്രവിശ്യക്ക് അന്ത്യ നിര്‍ദ്ദേശം നല്കുന്ന
സന്ദേശത്തില്‍ തങ്ങളെ പലയിടങ്ങളില്‍ കണ്ടു എന്നു തങ്ങളിലുള്ള പേടി കൊണ്ടു
മുട്ടടിച്ചും മൂത്രം പോയും സ്ഥലജലവിഭ്രമങ്ങളിലും മായക്കാഴ്ചകളിലും
പെട്ടും പരിഭ്രമിച്ചു വലഞ്ഞ  എതിരാളികളെ ചേമ്പിന്‍ താളുപോലെ
നിര്‍ദ്ദാക്ഷണ്യം കൊന്നരിഞ്ഞു തള്ളി ലക്ഷോപലക്ഷം ശവശരീരങ്ങള്‍ക്കു മേല്‍
കാലുയര്‍ത്തി വച്ചു അതേ കസര്‍ത്തുകളും പാഴ്വേലകളുമൊക്കെ കാട്ടി
എന്തൊക്കെയോ നേടിയെന്നു ദയനീയ വിധികള്‍ ഏറ്റുവാങ്ങി ഒരാള്‍ക്ക് എത്ര
മണ്ണു വേണം എന്ന ടോള്‍സ്റ്റോയ് കഥ വായിക്കാന്‍ സമയം കിട്ടാതെ
ചത്തൊടുങ്ങിപ്പോയ തങ്ങളുടെ മുന്‍ഗാമികളുടെ നാറി പുഴുവരിക്കുന്ന
ശരീരങ്ങളിലേക്കു നോക്കാന്‍ ക്ഷമയില്ലാതെ അവരുടെ അതേ വിധി പിന്‍ പറ്റാന്‍
ഊഴം കാക്കുന്ന അഭിനവ ചക്രവര്‍ത്തിയെയും സുല്‍ത്താനെയും, മകന്‍ പ്രത്യേകം
പണിതൊരുക്കിയ നിവര്‍ന്നു നില്‍ക്കാനാവാത്തൊരു കൂട്ടില്‍ നേരവും കാലവും
നോക്കി ജീവന് നിലനിര്‍ത്താന്‍ മാത്രമെത്തുന്ന എന്തൊക്കെയോ കഴിച്ചു ശിഷ്ട
ജീവിതം അതിനുള്ളില്‍ ചിലവിടേണ്ടി വന്ന ഒരിക്കല്‍ ധൂര്‍ത്തും ആഡംബരങ്ങളും
വിഷയ സുഖങ്ങളുമായി ഒരു വശേ ഉദയവും മറു വശേ അസ്തമയവും ഒരേ സമയം
കാണാമായിരുന്ന ഒരു സാമ്രാജ്യത്തിന്റെ അധിപനായിരുന്നയൊരു
ചക്രവര്‍ത്തിയെയും,  ഇരു രാജ്യങ്ങളുടെയും സാംസ്ക്കാരിക പൈതൃകങ്ങള്‍
ഊന്നിപ്പറഞ്ഞു രൂപപ്പെട്ട കാല സദൃശ്യത ഓര്‍മ്മപ്പെടുത്തി ലോക സമൂഹത്തില്‍
ഇരു കൂട്ടര്‍ക്കുമുള്ള  സ്ഥാനമാനങ്ങളെക്കുറിച്ചു ഓര്‍മ്മപ്പെടുത്തി
ആതിഥേയ രാജ്യത്തിനെ മുഖ്യ കാര്‍മ്മികന്റെ കഴിവിനെയും ബുദ്ധിയേയും കര്‍മ്മ
കുശലതയെയും വാനോളം പുകഴ്ത്തി  ക്ഷണിക്കപ്പെട്ട അതിഥിയായി അപ്പുണ്യ
ഭൂമിയില്‍ കാല്‍ തൊട്ടു നില്ക്കാനായതില്‍ നന്ദി പ്രകാശിപ്പിച്ചു, ലോകം
റോക്കറ്റു പോലെ മാറുകയാണെന്നും ഉയര്‍ന്ന സാങ്കേതിക വിദ്യയാണു ഇനി
നാളുകളിലെ  പുരോഗതിയുടെ അളവു കോലെന്നും അത്തരമൊരു സാങ്കേതിക
വിദ്യാധിഷ്ഠിതമായ പുരോഗതി തങ്ങള്‍ക്കു സാധ്യമായതില്‍ ലോക സമൂഹത്തോടു
കടപ്പെട്ടിരിക്കുന്നുവെന്നും അതുവരെയുള്ള സമൂഹം എവിടെ വരെ എത്തിച്ചുവോ
അവിടെ നിന്നാണു തങ്ങള്‍ക്കു തുടങ്ങാനായതെന്നും ഇക്കാണുന്ന നേട്ടങ്ങളും
ലോകത്തു മറ്റാരുമായും പങ്കുവയ്ക്കുന്നതാണു തങ്ങള്‍ക്കു ഏറ്റവും
സന്തോഷകരമായ കാര്യമെന്നും അതുകൊണ്ടൂ തന്നെ അത്തരമൊരു പങ്കുവയ്ക്കലിനായി
ഒരുക്കിയിട്ടുള്ള ഈ വേദിയില്‍ അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍  അതീവ
സന്തോഷവാനാണെന്നും പ്രസ്തുത വേദിയില്‍ കൈമാറാനുദ്ദേശിക്കുന്ന പല വിധ
സാങ്കേതിക വിദ്യകളും ഇന്നും ലോകത്തിലെ പല വികസിത രാജ്യങ്ങള്‍ക്കു പോലും
ലഭ്യമല്ലാത്തവയാണെന്നും തന്റെ ആതിഥേയ രാജ്യത്തോടുള്ള സൗഹൃദവും
സ്നേഹാദരങ്ങളും ഏറെ നാള്‍ ആഗ്രഹിച്ചിരുന്നതായതു കൊണ്ടും, വിലയുടെ
കാര്യത്തിലും ഏറ്റവും വലിയ ഉപഭോക്താക്കള്‍ക്കു പോലും കൊടുക്കാത്ത
സൗജന്യങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും ഒപ്പം ലോകകര്‍ക്കെല്ലാമറിയുന്ന
പോലെ കോടാനു കോടി  പൈശാചികമായി കൊന്നൊടുക്കപ്പെടുകയും ഒരു തുണ്ടു ഭൂമിയോ
കയറിക്കിടക്കാനൊരിടമോ ഇല്ലാതെ എങ്ങോട്ടും എന്തെന്നുമല്ലാതെ പകച്ചു
നിന്നൊരു സന്ദര്‍ഭത്തില്‍ ചില അഭ്യുദയാകാംക്ഷികളുടെ സഹായത്താല്‍
പിതൃരാജ്യത്തിന്റെയൊരു കോണില്‍ ചുറ്റുമുള്ളവരുടെ ഭീകരമായ വഴക്കും
ശല്യപ്പെടുത്തലും നിരന്തരമായി നേരിട്ടു പുനരധിവസിക്കപ്പെട്ട എന്നാല്‍,
സമര്‍പ്പണ ബുദ്ധിയോടെയും ഒത്തൊരുമയോടേയും  പണീയെടുത്തതിന്റെ നേട്ടമാണു
ഇന്നു കാണുന്ന സമൃദ്ധിയെന്നും ചുറ്റുമുള്ള ശത്രുക്കളില്‍ നിന്നു രക്ഷ
നേടാനെന്ന നിലക്കും ഇനിയൊരു കൂട്ടക്കുരുതി  യുടെ ചരിത്രം
ആവര്‍ത്തിക്കാന്‍ പാടില്ലെന്നയെന്നു കണ്ടു തികച്ചും സമാധാന പൂര്‍ണ്ണമായ
ലക്ഷ്യമാണു  തങ്ങള്‍ ആയുധ നിര്‍മ്മാണത്തിലേര്‍പ്പെട്ടതിന്റെ
പശ്ചാത്തലമെന്നും അങ്ങനെ സുരക്ഷിതരായ ഞങ്ങളെപ്പോലെ ലോകത്തിലെ എല്ലാ
ജനതയും സുരക്ഷിതരായി കഴിയണമെന്നുള്ള സദുദ്ദേശമാണു തങ്ങളെ  ആയുധ
വില്പ്പനക്കു പ്രേരിപ്പിച്ചതെന്നും ദൈവം തുണച്ചു അവയുടേ വ്യാപാരം വഴി
വലിയൊരു സാമ്പത്തികാഭിവൃദ്ധി കൈവരിക്കായി എന്നും ഒക്കെയുമുപരി തങ്ങളില്‍
നിന്നും ആയുധം വാങ്ങി ശത്രുഭയമൊഴിവാക്കി സമാധാനത്തോടെ കഴിയുന്ന ഏതാണ്ടൂ
നാല്പ്പതോളം രാജ്യങ്ങള്‍ അനുഭവിക്കുന്ന സുരക്ഷിതത്വവും സന്തോഷവും
നല്കുന്ന ചാരിതാര്ത്ഥ്യംഎല്ലാത്തിലും വലുതാണെന്നും ആതിഥേയ രാജ്യത്തിനും ഈ
ഇടപാടിലൂടെ അത്തരമൊരു സമാധാനവും സുരക്തത്വവും അതിനെ അടിസ്ഥാനപ്പെടുത്തി
പുരോഗമനം ലക്ഷ്യമാക്കിയുള്ള ഉറച്ച പദ്ധതികളുമായി മുന്നോട്ടു
പോകുവാനുമുള്ള അവസരവുമാണ് വന്നു ചേര്‍ന്നിരിക്കുന്നതെന്നുമുള്ള പലപ്പോഴും
വികാരാധീനമായ വലിയൊരു ചരിത്ര പാഠം ഗൗരവമായി ഉള്‍ക്കൊണ്ട് ഒരു
അതിഥിരാഷ്ട്രത്തലവന്റെ പ്രസംഗത്തിനു മറുപടിയായി,

”വലിയ വെല്ലുവിളികളും പരീക്ഷണ ഘട്ടങ്ങളും നേരിട്ടു, ഇന്നു ലോക
സമൂഹത്തില്‍ മാന്യമായ ഒരിടം നേടിയിടുത്തൊരു ജനതയുടെ സാരഥിയെ
വരവേല്ക്കാനും സ്വാഗതം പറയാനും അവസരം കിട്ടിയത് ഒരു ഭാഗ്യമായ് ഞാന്‍
കരുതുന്നു. വിമാനമിറങ്ങി പോന്ന വഴിയിലുടനീളം കണ്ട ശോച്യമായ കാഴ്ചകള്‍
തങ്ങളുടെ ഒപ്പം രാഷ്ട്ര രൂപീകരണം നടന്നിട്ടും എന്തേ ഇവരിപ്പോഴുമിങ്ങനെ
എന്നൊരു മറുചിന്ത ഇദ്ദേഹത്തിന്റെ മനസിലേക്കെത്തിച്ചിട്ടുണ്ടാകും.
ഞങ്ങളുടെ സാംസ്ക്കാരിക പൈതൃകം തന്നെയാണു അതിന്റെ പ്രധാനകാരണം. ഇന്നൊരു
രാജാവ് എങ്കില്‍ നാളെ മറ്റൊരു രാജാവ്. അങ്ങനെ എണ്ണമില്ലാത്ത
രാജാക്കന്മാരുടേയും നാടുവാഴികളുടെയും പിന്നീടു സായ്പ്പുമാരുടേയും ഒക്കെ
കീഴില്‍ കലഹിച്ചും കൂടിക്കുഴഞ്ഞും ബഹളം വച്ചും തിന്നണം കുടിക്കണം
അന്നന്നത്തെ ആനന്ദങ്ങളിലേര്പ്പെടെണം എന്നതില്‍ കവിഞ്ഞു
ലഷ്യങ്ങളൊന്നുമില്ലാതിരുന്ന അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന ഒരു ജനതയെ
നിയന്ത്രിച്ചു രാജ്യ സ്നേഹവും ലഷ്യവുമുള്ള ഒരു ജനതയാക്കി മാറ്റുകയെന്ന
ഭാരിച്ച ഉത്തവാദിത്വമാണ് ഞങ്ങള്‍ക്കു ഉണ്ടായിരുന്നത്. എല്ലാത്തിനും
തടസമായി നിന്ന ജനപ്പെരുപ്പത്തിനു പരിഹാരമായി നാട്ടിലെ പുരുഷന്മാരെയൊക്കെ
ഓടിച്ചിട്ടു പിടിച്ചു വരിയുടക്കല്‍ പരിപാടി നടത്തിയെങ്കിലും ഞങ്ങളുടെ ജനത
പെറ്റു പെരുകിക്കൊണ്ടേയിരുന്നു.  അച്ചടക്കം കൊണ്ടു വരാന്‍ നാവടക്കു
പണിയെടുക്കു എന്ന മുദ്രാവാക്യം നാടെങ്ങും എഴുതി വച്ചു കുറെപേരെ
ഓടിച്ചിട്ടടിച്ചു ജയിലിട്ടു ഉരുട്ടിക്കൊന്നു. വലിയ അച്ചടക്കമൊന്നും
വന്നില്ല. അപ്പോഴാണ് ലോകയുദ്ധത്തിലെ വീരനേതാവ് തന്റെ രാജ്യക്കാരെ ജാതിയും
മതവും നിറവും രക്തവുമൊക്കെ പറഞ്ഞു ഉത്സാഹിപ്പിച്ചപ്പോള്‍ സിംഹം കണക്കെ
ഒരു ജനതയാകെ ഉണര്‍ന്നെഴുന്നേല്ക്കുന്നതും ലോകം അവര്‍ക്കു  മുന്‍പില്‍
വിറങ്ങലിച്ചു നിന്നതു കണ്ടത്.  അങ്ങനെയാണൂ ഒരു രാജ്യത്തിന്റെ
പുരോഗതിക്കുള്ള ഏറ്റവും വലിയ കാര്യം ജനങ്ങളുടെ ഒത്തൊരുമയാണെന്നു ഞങ്ങള്‍
തിരിച്ചറിഞ്ഞത്. ഒരു വണ്ടിയെ വ്യത്യസ്ത വഴികളിലേക്കു വലിക്കുന്ന
കാളകളെപ്പോലെയാണ് വ്യത്യസ്ത ജാതിയും മതവും സംസ്ക്കാരവുമെല്ലാം.
അതിനൊരിക്കലും മുന്നോട്ടു പോകാനാവില്ല. അങ്ങനെ അതു മനസിലാക്കി ഈ
രാജ്യത്തെ ജനങ്ങളെ  ഒരു ജാതിയാക്കി ഒരു മതമാക്കി ഒരു ഭാഷ
സംസാരിക്കുന്നവരാക്കി ഒരു സംസ്ക്കാരമുള്ളവരാക്കി മാറ്റുക എന്നൊരു വലിയ
ദൗത്യത്തിനു തുടക്കം കുറിച്ചിരിക്കുകയാണൂ ഞങ്ങള്‍ . ഇണക്കത്തോടെ
നില്ക്കുന്നവരോടു ഇണങ്ങിയും അല്ല പറഞ്ഞു കൊടുത്താല്‍ മനസിലാകായ്കയും
വിവരക്കേടും അനുസരണക്കേടും തല്ലുകൊള്ളിത്തരവും കാണിക്കുന്നവരെ അങ്ങനെ
തന്നെയും നേരിടാനാണു പരിപാടി. മറ്റൊന്നു പ്രകൃതി ജീവിതത്തിനു
വിധേയപ്പെടുക എന്നുള്ളതാണ്. ലോകം മത്സരാധിഷ്ഠിതമാണ്. മത്സരത്തില്‍
വിജയിക്കുന്നവന്‍ അതിജീവിക്കുന്നു ആ ലളിതമായ തത്വം ഞങ്ങളുമുള്‍ക്കൊണ്ടു
പട്ടിണിയോടും ദാരിദ്ര്യത്തോടും പകര്‍ച്ച വ്യാധികളോടും പ്രകൃതി
ക്ഷോഭങ്ങളോടും ചുറ്റുമുള്ളവരോടും ചുറ്റുമുള്ള രാജ്യക്കാരോടുമൊക്കെ  അവര്‍
മത്സരിക്കട്ടെ. കരുത്തു തെളീയിക്കട്ടെ. അങ്ങനെ കരുത്തന്മാരെക്കൊണ്ടു
നിറഞ്ഞ ഒരു രാജ്യമാണു ഞങ്ങള്‍ വിഭാവനം ചെയ്യുന്നതു. ഒരു സംരക്ഷിത ജനതയായി
കഴിവുകെട്ടവരായി എക്കാലവും കഴിയുന്നതില്‍ കാര്യമില്ല എന്നു ഞങ്ങള്‍
മനസിലാക്കി അത് കൊണ്ടാണ് ആഗോളവത്ക്കരണത്തിനായുള്ള ആഗോള മത്സരത്തിനായി
ഞങ്ങളുടെ വിപണി തുറന്നു കൊടുത്തത് സബ്സിഡികള്‍ എടുത്തു കളഞ്ഞത് ദിനം
പ്രതിയുള്ള ഇന്ധന വര്‍ദ്ധനവും അവര്‍ക്കു ഞങ്ങള്‍ കൊടുക്കുന്ന ഒരു
പരീക്ഷണമാണ്. അത് തുടങ്ങിയതില്‍ പിന്നെയുള്ള ഇരട്ടിപ്പെരുക്കത്തിലുള്ള
വാഹനങ്ങളുടേ വര്‍ദ്ധനവും ഇന്ധന ഉപയോഗവും കണക്കിലെടുത്താല്‍ എത്രയോ
ശരിയാണൂ ഞങ്ങള്‍ എടുത്ത തീരുമാനം എന്നു കാണാം. കൂടാതെ വിപണിയിലുള്ള ഇതര
സാധനസാമഗ്രഹികള്‍ക്കും കാര്‍ഷിക ഉല്പ്പന്നങ്ങള്‍ക്കുമൊക്കെ അനുദിനം
വിലയേറുന്നതു കൊണ്ടു കര്‍ഷകരും കച്ചവടക്കാരും ഒരു പോലെ സംതൃപ്തരും
സന്തോഷവാന്മാരുമാണ്. മദ്യ വില്പനയുടെ ദേശസാത്ക്കരണമാണ് മറ്റൊന്ന്.
ജനങ്ങളെ എപ്പോഴും ആനന്ദചിത്തരായി നില നിര്‍ത്തുക ഒരു സമൂഹത്തിനു
പുരോഗതിക്കു അത്യന്താപേക്ഷിതമാണെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു. അതു പോലെ
ലോട്ടറി വ്യവസായത്തിനു അന്ന് പ്രോത്സാഹനം കൊടുത്തു ജനങ്ങളെ
പ്രത്യാശഭരിതരാക്കി നില നിര്ത്തുവാനും ഞങ്ങ നിര്‍ക്കര്‍ഷ കാണിക്കുന്നു.

എന്റെ രാജ്യതന്ത്രജ്ഞതക്കു ഒരു മുതല്‍ക്കുട്ടായേനെ എന്നു തോന്നിപ്പിച്ച്
ഇരു നേതാക്കളുടേയും പ്രസംഗകൗശലവും

” സങ്കല്പ്പലോകമാണു നമുക്കു ചുറ്റും മാനത്തുയര്ന്നു പറക്കുന്നതും
അമ്പിളിമാമനെ കയ്യെത്തിപ്പിടിക്കുന്നടെന്നുമൊക്കെ നാം സങ്കല്പ്പിച്ചു
അജയ്യമായ നമ്മുടെ ഇച്ഛാശക്തി അതൊക്കെ നേടിത്തന്നു. അത്തരമൊരു
സങ്കല്പ്പലോകമാണു ഞാനും കണ്ടത്. കള്ളമില്ലാത്ത ചതിയില്ലാത്ത നീതിയും
ധര്‍മ്മവും തുല്യതയുമൊക്കെയുള്ള ഒരു മാവേലി നാട്”

‘ഇന്നത്തെ സമൂഹത്തില്‍ താങ്കളുടെ ആശയങ്ങളുടേ പ്രസക്തി’ എന്ന വിഷയത്തെ
സംബന്ധിച്ചു സംസാരിക്കാന്‍ ലോക ചരിത്രത്തില്‍ നിര്‍ണ്ണായക സ്വാധീനം
ചെലുത്തിയ മൂന്നു പേരെ ക്ഷണിച്ചതില്‍ അദ്ദേഹമാണ് ആദ്യം സംസാരിച്ചു
തുടങ്ങിയത്.

” അതിലെ നേരും നെറിയും കണ്ടു. ലക്ഷോപലക്ഷം ജനങ്ങള്‍ അതേറ്റു പിടിച്ചു.
പക്ഷെ അതിന്റെ തലപ്പത്തു വന്നവര്‍ ഭീകരമായ ഹിംസ കൊണ്ടും ഏകാധിപത്യം
കൊണ്ടും സ്വാതന്ത്ര്യ നിഷേധം കൊണ്ടും ജനാധിപത്യ പൗരാവകാശ നിഷേധം കൊണ്ടും
അഴിമതികൊണ്ടുമൊക്കെ അതിനെ ഒരിക്കലും ഞാനുദ്ദേശിക്കാത്ത ഏതോ ഒരു വികല
സംവിധാനമാക്കി മറ്റെന്തൊക്കെയോ ആക്കി അങ്ങനെ ബലമായി നേടിയെടുത്ത
പ്രദേശങ്ങളുടേ അതിരുകളില്‍ തോക്കുമായി  ആളെ നിര്ത്തി റോക്കറ്റുകളും
വിമാനങ്ങളും പീരങ്കികളും നിരത്തി. അതിരിനു അപ്പുറത്തുള്ള  എല്ലാവരും
അവിശ്വാസികളും തങ്ങളൂടെ സ്വര്ഗ്ഗലോകം തകര്‍ക്കാന്‍ ഊഴം കാക്കുന്ന
ശത്രുക്കളും മനുഷ്യരുടെ കൂട്ടത്തില്‍ പെടുത്തേണ്ടാത്തവരുമാണെന്നും
വിലയിരുത്തപ്പെട്ടു. അതിരിനുള്ളില്‍ ചൂഷണത്തിന്റെ മറ്റൊരു ബീഭത്സ
സംവിധാനമുയര്‍ന്നു.  ഇരുനൂറുവര്‍ഷങ്ങള്‍ക്കു മുമ്പു ചുറ്റും കണ്ട പല
പോന്നു പോരായ്മകളെക്കുറിച്ചും ഒരു കുടുസു മുറിയിലെ മങ്ങിയ
വെളിച്ചത്തിലിരുന്നു ഞാന്‍ ചിന്തിച്ചതും ആലോചിച്ചതും ഭാവനയില്‍
കണ്ടതുമല്ല ഇന്നത്തെ ലോകം. അത് കടല്‍ത്തിര പോലെ മാറുകയാണ്. അന്നു
പറഞ്ഞതൊക്കെ വള്ളി പുള്ളീ വ്യത്യാസമില്ലാതെ ഈ സമൂഹത്തില്‍ നടപ്പാക്കാം
എന്നു കരുതുന്നവര്‍ മണ്ടരോ മിനുക്കിത്തിളക്കിയ ഭരണികളിലാക്കി പഴയ മിഠായി
വില്ക്കാന്‍ ശ്രമിക്കുന്നവരെ പോലെ അതു കാട്ടി ജനങ്ങളെ കബളിപ്പിച്ചു
സുഭിക്ഷമായി ജീവിക്കുന്നവരോ ആണ് അവര്‍ക്ക് ഇതു നടപ്പാക്കാനുള്ള മനസും
ഇച്ഛയുമില്ല. അവരും ചൂഷകര്‍ തന്നെ. പക്ഷെ ഏതു സമൂഹത്തിലും ചൂഷണമുണ്ട്
അനീതിയും അസമത്വവുമുണ്ട്. അവിടെയൊക്കെ എന്റെ ആശയങ്ങള്‍ പ്രസക്തങ്ങളാണ്.
പ്രകൃതിയുടെ സ്വഭാവിക ക്രമപ്പെടുത്തലുകള്‍ പോലെ സമൂഹവും ഇത്തരം
അനീതികള്‍ക്കെതിരെ ക്രമപ്പെടുത്തലുകളാരായും. അതാണ് ചരിത്രം നമ്മെ
പഠിപ്പിക്കുന്നത്..”

”കുറെക്കൂടി പുരാതനമായൊരു സമൂഹത്തിലെ അനീതിക്കും അക്രമത്തിനും
അനാചാരങ്ങള്‍ക്കുമെതിരെ സ്നേഹം കരുണ വിശ്വാസം ലാളിത്യം ത്യാഗം എന്നീ
മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഞാന്‍ പ്രതിഷേധിച്ചത്.”

പുരാതന മധ്യപൗരസ്ത്യ പ്രദേശത്തു കാണപ്പെട്ട ഒരു നെടുനീളക്കുപ്പായം
ധരിച്ചയാളാണു പിന്നീടു സംസാരിച്ചത്.

”കുറെപ്പേര്‍ എന്റെ കൂടെയും വന്നു സ്വാഭാവികമായും അധികാരികള്‍
ഭയപ്പെട്ടു. എന്നെ പിടികൂടി പിഡിപ്പിച്ചു കൊന്നു. പക്ഷെ പിന്നീടു വളരെ
വിചിത്രമായ കാഴ്ചയാണുണ്ടായത്. എന്റെ പേരില്‍ ലോകമെങ്ങും വ്യാപരിച്ച
അനുചരര്‍ എന്നു വിശേഷിപ്പിച്ചവര്‍ എന്റെ പേരു പറഞ്ഞ് സംഗഘടനാബലം കൂട്ടി.
കാലക്രമത്തില്‍ അവയൊക്കെ രാഷ്ട്രീയവും സാമ്പത്തികമായുമുള്ള വില
പേശലുകള്‍ക്കു ഉപയോഗിക്കുകയും ചെയ്തു. എന്തിനൊക്കെ എതിരെ ഞാന്‍
ശബ്ദമുയര്‍ത്തിയോ  അതിന്റെയൊക്കെ വക്താക്കളായി അവര്‍. കൂട്ടക്കൊലകളൂം
വംശഹത്യകളൂം അധിനിവേശങ്ങളൂം കൊള്ളയും  സാമ്രാജ്യ സ്ഥാപനങ്ങളൂം
അടിമക്കച്ചവടവും ചൂഷണവും മഹായുദ്ധങ്ങളുമൊക്കെ നടത്തുന്നു അതിനൊക്കെ
മറവായി എന്റെ പേരും. മുപ്പതു വെള്ളിക്കാശിനു വേണ്ടി എന്റെ പേരും പറഞ്ഞു
ജീവിക്കുന്നവരാണിന്നു എന്റെ അനുചരന്മാര്‍ എന്നു സ്വയം
വിശേഷിപ്പിക്കുന്നവരില്‍ കൂടുതലും. അവര്‍ ആത്മപരിശോധന നടത്തിയാല്‍
തീരുന്നതേയുള്ളു ഈ ലോകത്തെ ഒട്ടു മിക്ക പ്രശ്നങ്ങളും”

”ലോകചരിത്രത്തെ രണ്ടായി പകുത്ത ഒരു കുപ്രസിദ്ധിയുടെ പേരിലാണു ലോകമെന്നെ
അറിയുന്നത്”

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യൂറോപ്പിലെ  പ്രമാണി വിഭാഗം
ധരിച്ചിരുന്ന വേഷ വിധാനം നടുവെ രണ്ടായി പകുത്ത മീശയുള്ള ഒരാളാണൂ
മൂന്നാമതു സംസാരിച്ചത്.

”അന്നൊക്കെ എല്ലാ ദിവസവും കൂട്ടക്കശാപ്പുകള്‍ നടക്കുന്ന
ക്യാമ്പുകളിലൊക്കെ ഞാന്‍ പോയിരുന്നു. അതൊക്കെ നേരിട്ടു കാണുന്നതും അവരെ
കൂട്ടത്തോടെ കൊല്ലുമ്പോഴുള്ള ചുടു ചോരയുടേയും ചൂട്ടു കൊല്ലുമ്പോള്‍
ഉയരുന്ന ചുടു മാംസത്തിന്റെയും അസ്ഥിയുടേയും ഗന്ധം എന്നെ മത്തു
പിടിപ്പിച്ചു. ഓരോ ദിവസവും തുടങ്ങുന്നതിനു എനിക്കു പ്രചോദനം നല്കി.
എന്തിനാണു അവരോടു ഇത്ര സഹിഷ്ണുത കാട്ടിയത് എന്തിനാണു ഞാന്‍ പ്രതിനിധാനം
ചെയ്യുന്ന ചെറുതായ സമൂഹമൊഴികെ ബാക്കി ലോകരോടൊക്കെ വല്ലാത്തൊരു അസഹിഷ്ണുത
പുലര്‍ത്തിയതെന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പലവട്ടം
ഞാന്‍ മറുപടി പറഞ്ഞതാണ്. എന്നാല്‍ അതേ അസഹിഷ്ണുത ലോകരാജ്യങ്ങള്‍ തമ്മിലും
അവരുടെ നേതാക്കന്മാര്‍ തമ്മിലും അന്നത്തേതിന്റെ പതിന്മടങ്ങ് വീര്യത്തില്‍
ഇപ്പോഴും വച്ചു പുലര്‍ത്തുന്ന കാഴ്ചകളേ ചുറ്റും കാണുന്നുള്ളു. അന്നു ”
ഞങ്ങളെ കൊല്ലുന്നേ” എന്നു ലോകത്തോടു വിളിച്ചു കൂവിയവര്‍ ഇന്നു ഏറ്റവും
വലിയ കൊലയാളി സംഘമായി നമ്മുടെ മുന്നിലുണ്ടു.  ഏറ്റവും വലിയ ആയുധ
വില്പ്പനക്കാരായി നമ്മുടെ മുന്നിലുണ്ട്. അവരുടെ പുത്തന്‍ പുതിയ
ആയുധങ്ങളുടേ പ്രായോഗിക പരീക്ഷണശാലകളായിരിക്കുന്നു ചുറ്റുമുള്ള സമൂഹത്തിലെ
ജനങ്ങള്‍. അവരിന്നു ചോര കുടിക്കുന്നു, മനുഷ്യമാംസം തിന്നുന്നു, എല്ലാ
ദിവസവും ക്യാമ്പുകളില്‍ പോയി ചുട്ടമാംസത്തിന്റെയും അസ്ഥിയുടെയും
ഗന്ധമാസ്വദിച്ചു  പ്രചോദനം നേടുന്നു. അന്നു ഞങ്ങള്‍ മനുഷ്യരെ ഒറ്റക്കും
കൂട്ടായും എങ്ങനെയൊക്കെ കൊല്ലാം എന്നുള്ള പുതു പരീക്ഷണങ്ങളില്‍
ഏര്‍പ്പെട്ടു. എന്നാല്‍ ഞങ്ങളെ അതിന്റെ പേരില്‍ എതിര്‍ത്തവരും അതിലും
മാരകമായ പരീക്ഷണങ്ങള്‍ നടത്തി ആയുധങ്ങള്‍ കണ്ടു പിടിച്ചു. അതു ലോക
ജനതയ്ക്കു എതിരെ പ്രയോഗിച്ചു. അതൊക്കെ കഴിഞ്ഞിട്ട് ഏതാണ്ടു നൂറു
വര്‍ഷങ്ങള്‍ ആകുമ്പോഴേക്കും അന്നത്തേതിന്റെ ആയിരം മടങ്ങു നശീകരണശേഷിയുള്ള
ആയുധങ്ങള്‍ സ്വരുക്കൂട്ടി പരസ്പരം പേടിയോടെയും സംശയത്തോടെയും കഴിയുകയും
അവരുടെ നേതാക്കള്‍ ചുറ്റും ചെറു യുദ്ധങ്ങള്‍ നടക്കുന്ന ക്യാമ്പുകളില്‍
പോയി ചുടു ചോരയുടേയും മാംസത്തിന്റെയുമൊക്കെ ഗന്ധമാസ്വദിച്ചു ദിവസങ്ങള്‍
തുടങ്ങുകയും വരാനുള്ള വലിയ യുദ്ധത്തിനു റിഹേഴ്സല്‍ നടത്തുകയും ചെയ്യുന്ന
കാഴ്ചകളാണെങ്ങും”

”ആയുധ തുല്യതയെങ്കിലും ഉറപ്പുവരുത്തുകയാണൂ ഒരു യുദ്ധത്തിനുള്ള
തയാറെടുപ്പിനുള്ള ആദ്യപടി” എന്നു ഇംഗ്ലീഷ് സൈനിക മേധാവി
പറയാറുണ്ടായിരുന്നതു ഓര്‍മ്മിപ്പിച്ചു,

വേനല്‍ക്കൊട്ടാരത്തിലേക്കുള്ള എന്റെ വഴി തടഞ്ഞു വാരിക്കുന്തങ്ങളുമായി
നിന്ന വലിയൊരാള്‍ക്കൂട്ടത്തെക്കണ്ടു കോപിച്ചു ” അടിച്ചോടിക്കടാ” എന്നു
പറഞ്ഞു പോന്നതിനു ശേഷം മുറുകെപ്പിടിച്ചിരുന്ന വാരിക്കുന്തങ്ങളുമായി
പോലീസിന്റെയും പട്ടാളത്തിന്റെയും വെടിയുണ്ടകളും ബയണറ്റുകളൂമേറ്റു മരിച്ചു
വിറങ്ങലിച്ചു കിടന്നവരെ കണ്ടപ്പോള്‍ മാത്രം  അതൊക്കെ വീണ്ടും ഓര്‍മ്മ
വന്നു.

അനുദിന രാജ്യകാര്യങ്ങള്‍ ഇംഗ്ലീഷു ഉദ്യോഗസ്ഥന്മാര്‍ കൊടുത്തു വിടുന്ന
കുറിമാനങ്ങള്‍ പാലിച്ചു നിര്‍ വഹിക്കുന്ന അമ്മ മഹാറാണിയെയും എല്ലാ
വര്‍ഷവും പതിവുള്ള പോലെ രാജ്യ ഭരണത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ ചാരു
കസേരയില്‍ അലസമായി ചാഞ്ഞു മുറ്റത്തെ കാറ്റാടി, പൈന്‍,, യൂക്കാലി, പൂവാക,
‍കരിവീട്ടി, പേര എന്നീ മരങ്ങളിലേക്കു ചുറ്റുമുള്ള കാടകങ്ങളിലെ
ഏലത്തിന്റെയും തേയിലയുടേയും കുരുമുളകിന്റെയും കാപ്പിയുടേയും നാനാജാതി
കാട്ടു മരത്തിന്റെയും പൂക്കളുടേയുമൊക്കെ  സുഗന്ധമേറ്റിയെത്തുന്ന
കാറ്റിനൊപ്പം ‘ആലോലമാടുന്ന കാറ്റേ’ യെന്ന ചിത്രയുടേ മനോഹരമായ പാട്ടും
കേട്ടു തന്റെ താരുണ്യത്തിന്റെ നീര്‍മാതളം പൂത്ത കാലത്തെ അസ്വസ്ഥതളൂം
വിഹ്വലതകളൂം നമ്മോടൂ പറയുന്ന മാധവിക്കുട്ടിയുടെ  പുസ്തകം വായിച്ചും കാലം
തന്റെ ദ്രുത ഗമനം നിര്‍ത്തി വച്ചു നിശ്ചലയായ് പ്രകൃതിയുടെ സ്വച്ഛ
സൗന്ദര്യം ആവോളം മനസിലേറ്റിയും പ്രമേഹവും ദുര്മ്മേദസും കഷ്ടപ്പെടുത്തുന്ന
അമ്പത്തി മൂന്നാം വയസിലും അധികാരത്തിന്റെ കൃതിമ ക്കോപ്പുകളിലൊന്നായ
പുരുഷസിംഹപ്രതിച്ഛായ  നിലനിര്‍ത്തുന്നതിനാല്‍ എന്നെന്നും എനിക്കോരോരോ ഇര
വേണമെന്നു ധരിച്ചു അന്നും കിടപ്പറയിലെത്തിച്ചിരുന്ന ‘ മുക്കി’
തുടങ്ങിയിട്ടില്ലാത്ത സുന്ദരി പെണ്കുട്ടിയുടെ നനുത്ത കവിളുകളിലൂടെ
ശരീരത്തിലൂടെ മന്ദമായി വിരലുകളോടിച്ചു താടിയിലൊന്നു പിടിച്ചു നല്ല
തലവേദനയും ക്ഷീണവും ഉണ്ട് എന്നു സൂത്രം പറഞ്ഞു അപ്പുറത്തെ കസേരയും
കിടക്കയും ചൂണ്ടീ അവിടെ വിശ്രമിക്കാന്‍ ചൂണ്ടിയതു കേട്ടു തെല്ലു
അന്ധാളിച്ചു പിന്നെ മാറിയിരുന്നു ഫേസ് ബുക്കും വാട്സ് ആപ്പും നീക്കി
അവള്‍ സമയം പോക്കി തെല്ലു മയങ്ങി മുറ്റത്തു വലിയ ബഹളങ്ങളും അട്ടഹാസങ്ങളും
കേട്ടുണര്‍ന്നു ജനല്‍ വിരി അല്പ്പം നീക്കി നോക്കെ താന്‍ ഇവിടുണ്ടെന്നു
അറിഞ്ഞു വലിയ സന്നാഹങ്ങളുമായെത്തിയ വിടാതെ പിന്തുടരുന്ന ശതുക്കളെ കണ്ടു
എല്ലാ അധികാരികള്‍ക്കും എപ്പോഴും കൂട്ടായ ശത്രുഭയത്തിനും  പ്രാണഭയത്തിനും
പരിഹാരമായി അന്നു കൊട്ടാരങ്ങളിലൊക്കെ ചേര്‍ത്തുണ്ടാക്കിയിരുന്ന രസഹ്യ
അറയിലൂടെ ഓടി പിന്നിലെ കുളത്തിനരികിലും പിന്നീടൂ അവിടെ നിന്നും പ്രാണന്‍
കയ്യിലെടുത്തോടി മഞ്ഞിന്റെ നേരിയ പുതപ്പു കൊണ്ടു പരന്ന
പച്ചപ്പുല്‍മേടുകളുടെയും നിറഞ്ഞു സമൃദ്ധമായ
കാട്ടുചോലകള്‍ക്കിരുവശവുമാര്‍ന്ന കടകങ്ങളെയും ചെറുകാട്ടു ജീവികളെയുമൊക്കെ
സദാ മൂടി നില്ക്കുന്ന കാലമെത്രയായി ഇവിടെവന്നിട്ടെന്നു പോലും
ഓര്‍മ്മയില്ലാത്തത്ര മുമ്പെത്തിച്ചേര്‍ന്ന, ലോകം മുഴുവന്‍ കാണാവുന്ന ഈ
വലിയ പര്‍വത മുകളില്‍ നിന്നു അന്നു മുതല്‍ ഒരിക്കല്‍ ഞാനും
ഉള്‍പ്പെട്ടിരുന്ന മണ്ണിനും പൊന്നിനും പെണ്ണിനും അധികാരത്തിനുമൊക്കെയായി
മനുഷ്യര്‍ കാട്ടുന്ന കോപ്രായങ്ങളും കോമാളിത്തങ്ങളും ഒക്കെ കണ്ടും കേട്ടും
അന്നത്തേക്കു കഴിക്കാന്‍ നോക്കി വച്ച പഴുത്തു തുടങ്ങിയ പേരക്കയും
കാട്ടുമാമ്പഴവും അണ്ണാനും വാവലും കടിക്കാതെ കാവലിരിക്കയാണു ഞാന്‍

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English