ഇലകള്‍ ഹരിതവര്‍ണ്ണ ചേലചുറ്റി
ഇളകിയാടും സ്വപ്നസുന്ദരികള്‍
പാട്ടുമൂളിക്കൊണ്ടൊഴുകിയെത്തുന്ന കാറ്റിന്‍
ശ്രുതിക്കൊത്തു ചുവടു വയ്ക്കും നര്‍ത്തകികള്‍
പച്ചിലകള്‍ ഇവ നമ്മുക്കായി
അന്നമൊരുക്കും ഊട്ടുപുരകള്‍
നമ്മള്‍ തന്‍ നിശ്വാസങ്ങളേറ്റു വാങ്ങി
ശ്വാസം പകര്‍ന്നുയിര്‍ നല്കീടും ദേവതകള്‍
തന്‍ധര്‍മ്മം നല്ല നിലയില്‍ വര്‍ത്തിച്ചു
ദിനങ്ങള്‍ കഴിച്ചുകൂട്ടവേ
അറിയാതെ പച്ച നിറം മാറി മഞ്ഞയായി
താഴേക്കു പതിക്കുന്നിതാ വെറും ചവറായി
അതു വേനല്‍തപത്തില്‍ വെന്തുവരണ്ടുണങ്ങി
ഉയിരറ്റു കരിയിലകളായി കുമിഞ്ഞുകൂടുന്നു
ഒടുവിലാളിക്കത്തുന്നഗ്നിയിലേക്കെറിയപ്പെട്ടു
എരിഞ്ഞടങ്ങിയൊരുപിടിചാരമായി
നമ്മള്‍തന്നെയല്ലേ ഈ ഇലകള്‍
താരുണ്യത്തിന്‍ പച്ചയാര്‍ന്നു
മനസ്സിലാര്‍ത്തിയുമഹന്തയും കുത്തിനിറച്ചു
വാഴുന്ന നേരത്തെപ്പോഴെങ്കിലും
വാഴ്വിന്‍ പൊരുളെന്തെന്നു നാമറിയുന്നുണ്ടോ
ഒരിക്കല്‍ സമൃദ്ധി തന്‍ പച്ചപ്പു
വെറുമൊരോര്‍മ്മ മാത്രമാക്കി
രോഗജരാനരകളായി മഞ്ഞ രക്തത്തില്‍ കലരുന്നു പയ്യെ
പിന്നെയാ മഞ്ഞരുധിരവും ഊറ്റിക്കൊടുത്തു
ഞരമ്പു വറ്റിവരണ്ടുണങ്ങി
ശിഷ്ടമാംസവും ചീന്തിയെടുത്തു കൊടുത്തിട്ട്
വെറുമൊരു അസ്ഥിപഞ്ജരമായി
നമ്മളും കരിയിലകളെപ്പോലെ
ഏതോ മൂലയില്‍, പിടിച്ചുയര്‍ത്താന്‍
ഒരിക്കലും വരാത്ത കരങ്ങളെയും സ്വപ്നം കണ്ട്
ഗതകാലസ്മരണകള്‍ അയവിറക്കുന്നു
ശാന്തസുക്ഷുപ്തിക്കൊരുക്കം കൂട്ടുന്നു
തമ്മില്‍ത്തല്ലിയും തങ്ങളില്‍ ചതിച്ചും
സ്വരൂപിച്ചു കൂട്ടുന്നതാര്‍ക്കോ
ഒരിക്കല്‍ ശൂന്യമാം കരങ്ങളുമായി
യാത്രയാകേണ്ടവര്‍ നമ്മള്‍
തുംഗമാം മഞ്ഞുമലകളിലെയലിഞ്ഞില്ലാ-
തെയാകുന്നയൊരു മഞ്ഞുതുള്ളിപോലെ
മഹാസാഗരത്തില്‍ ഒരു ജലതന്മാത്രപോലെ
ക്ഷണികമായൊരു അല്പകണമാണു മര്‍ത്ത്യജന്മം
ഒടുവിലെത്ര ചൊരിഞ്ഞിട്ടും
വറ്റാത്ത സ്നേഹപ്രഭയുടെ
അവസാനകണികയുമണഞ്ഞു
ചലനങ്ങളറ്റു പാട്ടുകളറ്റു
ബന്ധങ്ങളറ്റു ബോധവുമറ്റു
മണ്ണിലലിഞ്ഞു നന്മതിന്മകളൊത്തു
മണ്ണോടുചേരേണ്ടവര്‍ നമ്മള്‍
പാവം ഇലകളെപ്പോലെ.