മകളെ ജീവനു തുല്യം സ്‌നേഹിച്ച രാജാവ് ഒരിക്കലവൾക്ക് നന്നായി സംസാരിക്കുന്ന, മധുരമായി പാട്ടു പാടുന്ന കിളിക്കുഞ്ഞിനെ സമ്മാനിച്ചു. പൊന്നു കൊണ്ടുണ്ടാക്കിയ കൂട്ടിലെ പഞ്ചവർണ്ണക്കിളി. സ്വർണ്ണപ്പാത്രങ്ങളിൽ പാലും പഴവും നൽകിയിട്ടും പാട്ടു പാടിയില്ല. നൃത്തം ചെയ്‌തില്ല. എപ്പോഴും വിഷാദഭാവം. ദേഷ്യവും നിരാശയും സഹിക്കവയ്യാതെ അവൾ ഒടുവിൽ കിളിയെ തുറന്നുവിട്ടു. പൂന്തോട്ടത്തിലേക്ക് പാറിപ്പോയ കിളി ആഹ്ലാദത്തോടെ പാട്ടുപാടാനും ചിറകിട്ടടിച്ച് തുളളിക്കളിക്കാനും തുടങ്ങി. പ്രവാസജീവിതത്തിന്റെ അസ്വാതന്ത്ര്യം അടിച്ചേൽപ്പിക്കപ്പെട്ട കുട്ടികളുടെ അവസ്ഥ ഈ കഥയാണ് ഓർമ്മപ്പെടുത്തുന്നത്. ബാല്യം സമ്പന്നമാവാൻ നല്ല ഓർമകളും അനുഭവങ്ങളും വേണം. നമുക്കാ ഭാഗ്യം ലഭിച്ചിരുന്നു. കുട്ടിക്കാലം മധുരമുളള ഓർമ്മയായി നമ്മിൽ നിറയുന്നത് അതുകൊണ്ടാണ്. ഫ്ലാറ്റുകൾക്കുളളിലെ ‘അണു’ സൗകര്യങ്ങൾക്കിടയിൽ പുതിയ ബാല്യത്തിന് ഇല്ലാതായിപ്പോയത് ലോകത്തിന്റെ വിശാലതയും കളികളുടെ സമൃദ്ധിയും സങ്കൽപ്പങ്ങളുടെ ധാരാളിത്തവുമാണ്. കമ്പ്യൂട്ടറിനുമ ടി.വിക്കും മുന്നിലിരിക്കുന്ന കാര്യത്തിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കാതെ അവരെ പാട്ടും കഥയും കവിതകളും കേൾപ്പിക്കുക. സന്മാർഗ്ഗ കഥകളും നമ്മുടെ കുട്ടിക്കാലത്തെ അനുഭവങ്ങളും നാടിന്റെ ഭംഗിയുമെല്ലാം അവരിലേക്ക് പകരുക. അവരിൽ നന്മയും സങ്കൽപ്പങ്ങളും സത്യവും നിറയ്‌ക്കാൻ ഈ കാര്യങ്ങൾ കൊണ്ട് കഴിയുമെന്നതിൽ സംശയമേ വേണ്ട. അടച്ചിട്ട മുറികളിലെ യന്ത്രമനുഷ്യരായി കുട്ടികൾ മാറാതിരിക്കാൻ നമ്മൾ ഇങ്ങനെ ചിലത് ചെയ്‌തേ മതിയാകൂ..
Generated from archived content: essay1_july29_06.html Author: sherina_yassir