തീരെ ചെറിയ വരികളിലൂടെ, വലിയ ലോകത്തേയും വലിയ ചിന്തയേയും വെളിവാക്കിയ കുഞ്ഞുണ്ണിമാഷും യാത്രയായി. മലയളായ സാഹിത്യ തറവാട്ടിലെ ഉമ്മറത്തൊരു ചാരുകസേര ഒഴിഞ്ഞു കിടക്കുന്നു. ശാസിക്കാനും സ്‌നേഹവായ്‌പ്പോടെ പേര് ചൊല്ലി വിളിച്ച് നെഞ്ചോട് ചേർക്കാനും എന്നും സമയം കണ്ടെത്തിയിരുന്ന കവികാരണവരുടെ കസേര. വാക്കുകളെ കത്തിച്ചു വെട്ടമുണ്ടാക്കിയവൻ… വെട്ടമുരുട്ടിയെടുത്ത് ഇരുട്ടത്തിട്ടവൻ… ഇരുട്ടുരുട്ടിയെടുത്ത് വെട്ടത്തിട്ടവൻ… പൊക്കിമില്ലാത്തൊരെന്നെ പൊക്കാതിരിക്കാൻ കേണവൻ… കവിതയിൽ വിതയുണ്ടെന്നോതിയവൻ… മുന്നിൽ കണ്ട ജീവിതസത്യത്തെ കവിതയാക്കിയവൻ.
എനിക്കുണ്ടൊരു ലോകം…
നിനക്കുണ്ടൊരു ലോകം..
നമുക്കില്ലൊരു ലോകം.
ഏതു ലോകത്തു നാം വീണ്ടും ഇതുപോലൊരു വിശുദ്ധമനസ്സിനെ കണ്ടുമുട്ടും? ഒരുവളപ്പൊട്ടുകൊണ്ടും മയിൽപ്പീലി കൊണ്ടും സുന്ദര പ്രപഞ്ചമൊരുക്കിയ കുഞ്ഞുണ്ണിമാഷിന്റെ ഓർമകൾക്ക് ചെരാതിന്റെ പ്രണാമം.
വഴിയിലുളേളാരു മുളെളടുത്ത്
വഴിവക്കിലെ വേലിന്മേൽ വെയ്‌ക്കുകിൽ
വലിയവൻ ചെറുതാകില്ല,
ചെറിയവൻ വലുതാകും. – കുഞ്ഞുണ്ണിമാഷ്.
Generated from archived content: editorial_july29_06.html