തുറന്നാർദ്രനായഴി-
മുത്തി നില്ക്കേ കണ്ടോരം മന്ദഗ കാമിനിയെ.
കടക്കണ്ണെറിഞ്ഞുകൊ, ണ്ടിടയ്ക്കിടയ്ക്കൊളികൺ
തൊടുത്തുകൊണ്ടവളോ തിടമ്പേറ്റി നടപ്പൂ.
സ്വൈരിണിയെ കണ്ടപ്പോൾ വേടന്റെയമ്പുകൊണ്ട
പൈങ്കിളിപോലെ ഞാനോ പിടച്ചു; അചേഷ്ടനായ്.
ഉള്ളിൽ രാഗാഗ്നി പൊട്ടി, തുള്ളാതെ മനം തുള്ളി!
കിള്ളാതെയുടൽ കിള്ളി പൂത്തുലഞ്ഞപോലായി.
കണ്ണിലിരുട്ടിഴഞ്ഞു, ഉള്ളറ പൂട്ടി,യിരുൾ
കണ്ണന്റെ ഗോപവൃന്ദം പോലെന്നുടൽ പൊതിഞ്ഞു.
ഇരുട്ടാണെനിക്കിഷ്ടം, ഇരമ്പുമകക്കടൽ-
ത്തിരേലലയാനിഷ്ടം! ഇരുളെന്നെ പിണഞ്ഞു.
പിന്നെ ഞാനില്ല!യെങ്ങോ മറയുന്നു ഞാ, നെന്നിൽ
കിന്നാരം ചൊല്ലിയെത്തും കാമതാലം പാടുന്നു.
മറുപാട്ടുമൂളുന്നേൻ; കൊഞ്ചിയാടുന്നോളുടെ
മറുമാറ്റൊളിക്കണ്ണാൽ കണ്ടുതിർക്കുന്നേൻ പ്രേമം.
മറയ്ക്കുന്നു ഞാനെന്നെ ഇരുണ്ടയാമങ്ങളിൽ
മറക്കുന്നു ഞാനെന്നെ തിരണ്ടരാഗങ്ങളിൽ.
മുളയ്ക്കുന്നിരുൾ മേഘം, തിളയ്ക്കുന്നനുരാഗം,
മുളപൊട്ടീടുന്നെന്നിൽ മോഹ കാമ ദംഷ്ട്രകൾ.
ഒടുവിലുള്ളറവിട്ട്, വഴിക്കോണിലേയ്ക്ക് നോക്കി
ഒടുങ്ങാ ദാഹത്തോടെ അലഞ്ഞവളെത്തേടി.
ഇരവിലായിരുളിൻ മറവിൽ തിരക്കി ഞാൻ
ഇരിപ്പെവിടെ?യവൾ വിരിക്കും തൽപമെന്തേ?
കശാപ്പുശാലയിലേയ്ക്ക് കാളപോകുന്നപോലെ,
ശകുന്തം പാറിപ്പാറി കുരുക്കിൽപെടും പോലെ,
ഉടലിലമ്പേറാനായ് മാൻ കെണീലാകും പോലെ,
ഉടുത്തൊരുങ്ങി ഞാനോ പാതാളത്തേയ്ക്ക് നടന്നു.