ചെറുപ്പകാലത്താണ്…
മഴക്കാലത്ത് ഇയാമ്പാറ്റകൾ വരുന്നസമയം. ആ സമയംവീട്ടിലാകെ മുറവിളിയാകും, എല്ലാ ലൈറ്റുകളും ഓഫ് ആക്കാൻ. പിന്നെ അവയെ കെണിവെച്ചു കൊല്ലാനുള്ള തന്ത്രങ്ങൾ പയറ്റുകയായി, ഞാനും അനിയനും. പരന്ന പാത്രത്തിൽ നിറയെ വെള്ളം നിറച്ചുവെച്ച്, അതിന്റെ ഒത്തനടുക്ക് മണ്ണെണ്ണ വിളക്ക് കത്തിച്ചുവെക്കും. പിന്നെയുള്ള കാഴ്ചകൾക്ക് നല്ല രസമാണ്. വെളിച്ചം തേടി, ചൂടുകായാൻ എത്തുന്ന അവറ്റകൾ കൂട്ടത്തോടെ, ഒന്നവശേഷിക്കാതെ വെള്ളത്തിലോട്ടു തന്നെ. അവയുടെ ചിറകുകൾ നിറഞ്ഞ്, പാത്രങ്ങൾ മൂടപ്പെടും. അത്രയുമുണ്ടാകും കൂട്ടക്കൊലയുടെ വ്യാപ്തി. ഇതുകൂടാതെ ചേട്ടൻ- വകയുള്ള കെണി, ന്യൂസ്പേപ്പറിൽ എണ്ണയാക്കി എവിടേലും കെട്ടിത്തൂക്കും എന്നതാണ്. അതിൽ ഒട്ടിപ്പിടിച്ചു ചാവുന്നവ വെള്ളകെണിയോളം വരില്ല. ഒന്നാമത് അന്ന് വീട്ടിൽ വലുതെന്ന് പറയാവുന്ന ന്യൂസ് പേപ്പറൊന്നും ഇല്ല. കടയിൽനിന്നും സാധനങ്ങൾ പൊതിഞ്ഞുകിട്ടുന്നതാണ് അന്നത്തെ ഞങ്ങളുടെ ന്യൂസ്പേപ്പർ. രണ്ടാമത് എണ്ണയുടെ അളവ് തന്നെ. അല്പം കഴിയുമ്പോൾതന്നെ സ്വാഭാവികമായും അളവിലുള്ള കുറവ്കൊണ്ട് എണ്ണയുടെ ഒട്ടിക്കാനുള്ള ശക്തി കുറഞ്ഞുവരും.
എല്ലായിടത്തും വെളിച്ചം ആയതിനാൽ ആവാം, ഇന്ന് വീട് തേടി വരുന്ന ഇയാമ്പാറ്റകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. ചെറുപ്പത്തിൽ ഒരുപാട് കൊന്നതിലുള്ള ഒരു പശ്ചാത്താപം നിമിത്തം ആണോ എന്നറിയില്ല, ഇന്നവറ്റകളോട് കുറച്ചൊക്കെ അലിവ് തോന്നുന്നുണ്ട്.
ഇന്ന് കുറച്ചെണ്ണം വന്നിരുന്നു. സമീപത്തെ വീടുകളൊക്കെ അവയെപ്പേടിച്ചു ലൈറ്റുകൾ ഓഫ്‌ചെയ്തിരിക്കുന്നു. ഞാൻ മുൻഭാഗത്തെതന്നെ ലൈറ്റ് ഇട്ടുകൊടുത്തു. വീടിന്റെ പിറകിലെയും ഇട്ടു, കൂടുതൽ വന്നാലോ എന്ന് കരുതിയാണ്. പക്ഷെ വന്നില്ല. വന്നവ വളരെ ഒതുക്കത്തിൽ ഉമ്മറത്തെ ആ ബൾബിനു ചുറ്റും പറന്നുകൊണ്ടിരുന്നു.
ഞാൻ കുളിയൊക്കെ കഴിഞ്ഞു വന്നപ്പോൾ…
ഒരു പാറ്റപോലും ഇപ്പോൾ ബൾബിനുചുറ്റും കറങ്ങുന്നില്ല. തിണ്ണനിറയെ ഉറുമ്പുകളാണ്, ചുമര് നിറയെ പല്ലികളാണ്, മുറ്റം നിറയെ തവളകളാണ്.
സത്യത്തിൽ ദൂരേചക്രവാളത്തിനപ്പുറത്തുനിന്ന്, തങ്ങളുടെ പ്രിയപ്പെട്ടവരോടൊക്കെ യാത്രപറഞ്ഞ്, ജീവിതത്തിന്റെ അന്ത്യയാമത്തിന്റെ സമയംകുറിച്ച്, അവ കൂട്ടംകൂട്ടമായി വരുന്നു. അവയെക്കാത്ത് രാത്രിയിൽ വെളിച്ചത്തിന്റെ നാമ്പുതേടി ഉറങ്ങാത്ത ഒരുകൂട്ടം ഉറുമ്പുകൾ, വേറൊരു ഇരതന്നെയില്ലാതെ തപസ്സിലായിരിക്കുന്ന പല്ലികൾ, തീറ്റതേടാൻപോലും കെൽപ്പില്ലാത്ത വയസ്സൻ തവളകൾ. ഇവർക്കൊക്കെ ഭക്ഷണമാവാൻ വേണ്ടിയല്ലേ ഈയ്യാംപാറ്റകൾ ദൂരങ്ങളിൽ നിന്ന് വരുന്നത്? അല്ലാതെ ചൂടുതേടി അല്ലെന്നാണ് എന്റെ പശ്ചാത്താപ മനസ്സിപ്പോൾ പറയുന്നത്.
അവ ദുഃഖം കൊണ്ടാണോ ചിറകുകളിട്ടടിച്ച് പിടയുന്നത്? ഞാനിതാ സന്നദ്ധയായി എന്നോതികൊണ്ടു ഓരോരുത്തരായി നിലംപതിക്കുന്നു. അവസാനം ആ ദുഃഖത്തിന്റെ പ്രതീകമെന്നോണം ചിറകുകൾ മാത്രം ബാക്കിയാവുന്നു.
വിശ്വാസം കൊണ്ട്- ഒരു കാമുകനാണ് ഞാൻ എത്ര തന്നെ കൊള്ളയടിക്കപ്പെട്ടാലും വിജയിയായ കാമുകൻ – എന്ന് ചിറകിട്ടടിച്ചു പറയുന്ന കാമുക ഹൃദയങ്ങൾ
നല്ല തിളക്കമുണ്ടായിരുന്നു ശേഷിച്ച ആ ദുഃഖപ്രതീകങ്ങളായ ചിറകുകൾക്ക്. അവയെ ഞാൻ ഉറുമ്പുകളിൽനിന്നും, മുത്തശ്ശ-മുത്തശ്ശി തവളകളുടെ ഇടയിൽ നിന്നും ചൂലുകൊണ്ടു വാരിക്കൂട്ടി കോരിയിലേക്കിട്ട് വീടിനു പുറകിലെ തെങ്ങിൽചോട്ടിൽ ഇടാൻ പോയ നേരം.. അവിടെ കുറേ കുഞ്ഞൻ തവളകൾ തീറ്റകിട്ടാതെ വിഷണ്ണരായി എന്നെ നോക്കി നിൽക്കുന്നു.
ദൂരെ തൊടിയിൽ നിന്ന് ഒരു തവള കരഞ്ഞു. സത്യത്തിൽ ഈയാംപാറ്റകളുടെ ദുഃഖം തിന്നാണ് തവളകളുടെ കരച്ചിലിന് എന്നും ഒരു ദുഃഖത്തിന്റെ നീറ്റൽ.