രണ്ടറ്റം കൂട്ടിമുട്ടിച്ചാലും
ഒരറ്റം കാണാപ്പുറത്തായിരിക്കും
ഒരു നര പിഴുതെടുക്കാം
തലവരയോ?
ഒറ്റവര ഇരട്ട വരയായി
വഴി പിരിയുമ്പോൾ
ആരും നടക്കാത്ത വര പിടിക്കാം
കൂട്ടിന് ആരുമില്ലെങ്കിലെന്താ
സ്വന്തം നിഴലിനെ കൂടെ കൂട്ടാം
വരച്ച വരയിലൂടെ നടന്നാൽ,
വരും ജന്മം പഴുതാരയുടെ.
വരക്കാത്ത വരയിലൂടെ നടന്നാൽ,
വരും ജന്മം പുലിയുടെ.
വരച്ചതും വരയ്ക്കാത്തതുമായ
വരയുടെ ഗുഹ്യബിന്ദു കണ്ടെത്തിയാൽ
വരും ജന്മം പൊട്ടൻദൈവത്തിന്റെ
നേർവര ഒഴിവാക്കുക
നേരിട്ട് പറുദീസ പൂകണൊ?
വളഞ്ഞു പുളഞ്ഞ വരയിലൂടെ
സഞ്ചരിക്കാം
മണ്ണിൽ വേരുകളെപ്പോലെ
വരകളും പടർന്നിരിക്കുന്നു
പോര പോരാ എന്ന വര
പര പരാ എന്ന വര
ഹര ഹരോ എന്ന വര
കുരിശിന്റെ ചോപ്പൻവര
ചന്ദ്രക്കലയുടെ മുനവര
ശൂന്യതയുടെ ശുദ്ധവര
ഇൻക്വിലാബിന്റെ വരമുദ്ര
രണ്ടറ്റം കൂട്ടിമുട്ടിച്ചാലും
ഒരറ്റം കാണാപ്പുറത്തായിരിക്കും!