ബാഗില്‍ ചില്ലറയിടുന്ന അറയുടേ ദൈന്യം കണ്ട് ബസ് കണ്ടക്ടര്‍ പശ്ചാപത്തോടെ പറഞ്ഞു.
‘ഈ കുട്ടികളൊന്നു വന്നാല്‍ മതിയായിരുന്നു’
അടുക്കളയില്‍ അടുക്കി വെച്ചിരുന്ന പാത്രങ്ങള്‍ കിലുകിലാരവത്തോടെ തട്ടിമുട്ടിയങ്ങ് വീഴുന്ന ശബ്ദകോലാഹലം കേട്ട് ടി വിയിലെ പാചകത്തിന്റെ മുന്നില്‍ നിന്നും മനസില്ലാമനസോടെ ഓടിയെത്തിയ അമ്മ പറഞ്ഞു പോയി.
എഴുതിക്കഴിഞ്ഞ് കൈരളി പത്രത്തിലേക്കു അയക്കാന്‍ എടുത്തു വച്ച കവിതയെടുത്ത് ടൈറ്റാനിക് ഉണ്ടാക്കിക്കളിക്കുന്ന കണ്ട് അച്ഛനും പറഞ്ഞു പോയി.
ഈ…
മനസില്‍ രൂപമാര്‍ന്ന ചിത്രങ്ങള്‍ ഹാളിലെ ചുമരില്‍ ഒന്നു വരച്ചാല്‍ അടി.
അടുക്കളയിലെ ഗ്യാസ് കുറ്റിയിലെ ലിവറൊന്നു ചുമ്മാ തൊട്ടാല്‍ പിച്ച്.
പൂച്ചയുടെ വാലില്‍ പിടിച്ച് പുലിമുരുകന്‍ കളിച്ചാല്‍ താക്കീത്.
വീടിനു പുറത്തിറങ്ങിയാല്‍ പിള്ളെരെ പിടുത്തക്കാരുടേ പേരു പറഞ്ഞ് ഉമ്മാക്കി.
ബാഹുബലി ഭടന്മാരെ കോട്ടക്കു മുകളിലേക്കെത്തിച്ചത് മുറ്റത്തെ കുഞ്ഞ് അടക്കാമരം വില്ലാക്കി പരീക്ഷിച്ചപ്പോള്‍ ചെവിക്കു കിഴുക്ക്.
കൊച്ചു ടീ വി കണ്ടാല്‍ കുറ്റം, മൊബൈല്‍ എടുത്ത് ഗെയിം കളിച്ചാല്‍ കുറ്റം.
ടിന്റുമോളും അറിയാതെ തന്നെ പറഞ്ഞു പോയി.
‘ഈ സ്കൂളൊന്നു തുറന്നാല്‍ മതിയായിരുന്നു’