24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം . വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു. സാംസ്‌കാരികമന്ത്രി എ.കെ.ബാലന്‍ ചടങ്ങില്‍ അധ്യക്ഷനായി. നടി ശാരദയാണ് ചടങ്ങിലെ വിശിഷ്ടാതിഥി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ കെ.ശ്രീകുമാര്‍, വി.കെ.പ്രശാന്ത് എം.എല്‍.എ എന്നിവരും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. ടര്‍ക്കിഷ് ചിത്രമായ പാസ്ഡ് ബൈ സെന്‍സറാണ് ഉദ്ഘാടനചിത്രം.
8,998 സീറ്റുകളാണ് ഇത്തവണ മേളയ്ക്കായി സജ്ജമാക്കിയിട്ടുളളത്. 3500 സീറ്റുകള്‍ ഉളള ഓപ്പണ്‍ തിയറ്ററായ നിശാഗന്ധി തന്നെയാണ് എറ്റവും വലിയ പ്രദര്‍ശന വേദി. 10,500 ഡെലിഗേറ്റ് പാസുകളാണ് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്.
14 തിയറ്ററുകളിലായി 73 രാജ്യങ്ങളില്‍ നിന്നുളള 186 ചിത്രങ്ങളാണ് എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുക. മിഡ്‌നൈറ്റ് സ്‌ക്രീനിംഗ് ചിത്രമായ ഡോര്‍ലോക്ക് ഉള്‍പ്പെടെ പ്രധാന ചിത്രങ്ങളെല്ലാം നിശാഗന്ധിയിലാണ് പ്രദര്‍ശിപ്പിക്കുക.
അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സോളാനസിനെ സമഗ്രസംഭാവനയ്ക്കുളള പുരസ്‌കാരം നല്‍കി മേളയില്‍ ആദരിക്കും. ചലച്ചിത്രലോകത്ത് ശ്രദ്ധേയ സാന്നിധ്യമായ 27 വനിതകളുടെ ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.