കേരള രാജ്യാന്തര ചലച്ചിത്രോത്സവം: ജൂബിലി കാഴ്ചകൾക്ക് നാളെ തുടക്കം

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂബിലി കാഴ്ചകൾക്ക് ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിൽ തുടക്കമാകും.

വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും.

ചടങ്ങിൽ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ഷീൻലുക്ഗൊദാർദിനു വേണ്ടി മുതിർന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഗൊദാർദിനു ചടങ്ങിൽ നേരിട്ട് എത്താൻ കഴിയാത്തതിനാലാണിത്. തുടർന്ന് ജി.പി.രാമചന്ദ്രൻ രചിച്ച ഗൊദാർദ് പലയാത്രകൾ എന്ന പുസ്തകം മേയർ ആര്യാ രാജേന്ദ്രൻ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാറിന് നൽകിയും ഫെസ്റ്റിവൽ ബുള്ളറ്റിൻ കെ.ടി.ഡി.സി. ചെയർമാൻ എം.വിജയകുമാർ കിലേ ചെയർമാൻ വി.ശിവൻകുട്ടിക്കു നൽകിയും പ്രകാശനം ചെയ്യും.

ക്വോവാഡിസ്, ഐഡ ഉദ്ഘാടനചിത്രം

ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രം ‘ക്വോവാഡിസ്, ഐഡ’ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാകും. നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. ബോസ്നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്കരിക്കുന്ന ചിത്രം അന്താരാഷ്ട്ര സംഘർഷങ്ങളുടെ ഉത്ഭവവും യുദ്ധത്തിന്റെ അർത്ഥരാഹിത്യവും അനാവരണം ചെയ്യുന്നു.

സെർബിയൻ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ സ്രെബെനിക്ക കൂട്ടക്കൊലയെ ആധാരമാക്കി രൂപപ്പെടുത്തിയ ഈ ചിത്രം ഇത്തവണത്തെ ഓസ്കാർ നോമിനേഷൻ നേടിയിരുന്നു. വെനീസ് ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര മേളകളിലും ക്വോ വാഡിസ്, ഐഡ മികച്ച പ്രതികരണം നേടിയിട്ടുണ്ട്.

രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നവർക്കുള്ള കോവിഡ് ആന്റിജൻ ടെസ്റ്റ് തിങ്കളാഴ്ച മുതൽ. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ ക്രമീകരിച്ചിട്ടുള്ള നാല് കൗണ്ടറുകളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് പരിശോധന നടത്തുന്നത്.

തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിലും മറ്റ് ജില്ലകളിൽനിന്ന് മേളയിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിലും പരിശോധനയ്ക്ക് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പരിശോധന സംബന്ധിച്ച അറിയിപ്പ് അക്കാദമി എസ്.എം.എസിലൂടെ നൽകിയിട്ടുണ്ട്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English