ചലച്ചിത്ര മേളയെപ്പറ്റി ലിജീഷ് കുമാർ എഴുതുന്നു

 

പ്രിയപ്പെട്ട ചലച്ചിത്ര അക്കാദമി ചെയർമാൻ, അങ്ങെവിടെയാണ്? ഒപ്പീസ് ചൊല്ലി പിരിയും മുമ്പ് ഒരു മരണസർട്ടിഫിക്കറ്റ് കൈമാറാനുണ്ട്.

 

“I pray that in the midst of your sorrow,
you find comfort in all the joyful memories shared !!

കൈ പിടിച്ച് മുറുക്കി മരണവീട്ടിൽ വന്ന് ഇങ്ങനെ പറഞ്ഞ് പോകുന്നവർ, സ്നേഹം കൊണ്ടൊക്കെ ചെയ്യുന്നതാണെങ്കിലും സത്യത്തിൽ ഓർമ്മകളിലേക്ക് നമ്മളെ തള്ളിയിട്ട് കരയിക്കുന്നവരാണ്. ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ പന്തലിലിരുന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു, യൂ ഫൈൻഡ് കംഫർട്ട് ഇൻ ആൾ ദ ജോയ്ഫുൾ മെമ്മറീസ് ഷെയേർഡ് !! പഴയ മേളക്കാലങ്ങളിൽ പങ്കുവെച്ച തമാശകളിലേക്ക് വഴുതൂ, ഇത്തിരി ആശ്വാസം കിട്ടിയേക്കും.

ആണ്ടിലൊരിക്കൽ തിരുവനന്തപുരത്ത് പറന്നിറങ്ങുന്ന ഫെസ്റ്റിവൽ പ്രേമികൾ ദേശാടനപ്പക്ഷികളെപ്പോലെയാണ്. പത്തിരുപതിനായിരം കിലോ മീറ്റർ ഒരു ദിശയിൽ പറന്ന് ലക്ഷ്യത്തിലെത്തുന്ന ദേശാടന പക്ഷികളുണ്ട്. കംഫർട്ടബിൾ ആയ സ്ഥലത്തിന്റെ പ്രകൃതി ദൃശ്യങ്ങൾ തലച്ചോറിൽ സൂക്ഷിച്ചാണത്രെ അവരുടെ വരവ്. അങ്ങനെ വന്നിറങ്ങിയതാണ് ടാഗോർ തീയേറ്ററിന്റെ മുറ്റത്ത്. ഏറ്റവും കംഫർട്ടബിൾ ആയിരുന്ന സ്ഥലത്തിന്റെ ദൃശ്യങ്ങൾ സൂക്ഷിച്ച് വെച്ച തലച്ചോറുമായി, ആ ഇടമെവിടെ !

ഗ്ലാസ് ഈലുകളുടെ കഥയറിയുമോ? സർഗാസോ കടലിൽവച്ച് ഇണചേരുന്ന കടൽ മത്സ്യങ്ങളാണ് ഈ ഈലുകൾ. മുട്ട വിരിഞ്ഞിറങ്ങിയ ഉടൻ ഈൽക്കുഞ്ഞുങ്ങൾ യൂറോപ്പിനെ ലക്ഷ്യമാക്കി സഞ്ചരിച്ചു തുടങ്ങും. നീന്താനൊന്നുമായിട്ടുണ്ടാവില്ല അപ്പോൾ. യൂറോപ്പിനെ ലക്ഷ്യമാക്കി ഒഴുകുന്ന സമുദ്രജല പ്രവാഹത്തിലൂടെ അലഞ്ഞലഞ്ഞ് മൂന്ന് വർഷം കൊണ്ട് യൂറോപ്പിലെ ശുദ്ധജല നദീമുഖങ്ങളിലെത്തുന്നവരാണ് ഗ്ലാസ് ഈലുകൾ. ദേശാടകർ ടൂറിസ്റ്റുകളല്ല, ദേശാടനം ടൂറുമല്ല. അതിജീവനത്തിനായി നടത്തുന്ന ദുഷ്കരമായ സഞ്ചാരമാണത്. ഏറ്റവും സുന്ദരമായ ഒരിടത്ത് ഹ്രസ്വമായ ഒരു സീസണെങ്കിലും ജീവിക്കാനാഗ്രഹിച്ചുള്ള യാത്ര. എന്തെല്ലാം ഭാരങ്ങളെയാണ് മനുഷ്യന് ഒരുത്സവപ്പന്തലിൽ ഇറക്കിവെക്കാനുള്ളത്. മറക്കരുത്, അതയാളുടെ മൗലികാവകാശമാണ്.

നാലാമത്തെ iffk രാത്രിയാണിത്. നല്ല സിനിമകളില്ല, ഫെസ്റ്റിവലിന്റെ ഹൃദയഭൂമിയായ ടാഗോർ തീയേറ്ററിൽ ഇരുവരേയും പ്രദർശനം പോലുമില്ല. തുരുതുരാമിന്നിയിരുന്ന ക്യാമറകൾ, എഫ്.എം.റേഡിയോക്കാർ, ചാനലുകൾ, വേഷവൈവിധ്യങ്ങൾ, ഫെസ്റ്റിവൽ ഓട്ടോകൾ, പാട്ടുകൾ !! എല്ലാം ഒലിച്ചുപോയി. ബാല ബാസ്കറിനെ ഓർക്കാൻ കെട്ടിയ പന്തലിൽ നിന്നുയരുന്ന ചരമഗീതത്തിന്റെ വയലിൻ വേർഷനുകൾ എത്ര ആപ്റ്റായ BGM ആണ്. ഒരു ഹർത്താലിന്റെ കൂടി കുറവേ ഈ iffk ക്ക് ഉണ്ടായിരുന്നുള്ളൂ. നാളെ അതും കൂടിയാവുമ്പോൾ സംഗതി സമ്പൂർണ്ണമാകും. പത്ത് നൂറ് പുസ്തകങ്ങളൊക്കെ എഴുതിയ സാഹിത്യ സിങ്കം ശ്രീമാൻ ശ്രീധരൻപിള്ള ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡണ്ടായത് നന്നായി. 78 രാജ്യങ്ങളിലെ സിനിമാക്കാരും പ്രേക്ഷകരും തിരുവനന്തപുരത്തെത്തിയ ദിവസം നോക്കി ഹർത്താൽ വെക്കാൻ ബി.ജെ.പിക്ക് ഈ മഹാന്റെ നേതൃപാടവം തന്നെ വേണം. മജീദി മജീദിയും വെട്രിമാരനും അഡോൾഫോ അലിക്സും ഉമേഷ് കുൽക്കർണിയും സുമതി ശിവമോഹനും ഉൾപ്പെടുന്ന iffk ജൂറിയിലെ ലോകപ്രശസ്ത സംവിധായകർക്ക് മുമ്പിൽ ശ്രീധരേട്ടൻ ഡെഡിക്കേറ്റ് ചെയ്യുന്ന കേരളപ്പെരുമ തകർപ്പനാണ്. മേളക്കാലമായത് കൊണ്ടാവും സത്യന്‍ അന്തിക്കാടിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്ന ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന പടം പെട്ടന്നോർമ്മ വന്നു. ശരി, നമുക്കൊലിച്ച് പോയ സൗഭാഗ്യങ്ങളുടെ സങ്കടപ്പെടുത്തുന്ന ഓർമ്മകളിലേക്ക് തിരിച്ച് വരാം.

മരുഭൂമികൾ ഉണ്ടാകുന്നത് എന്ന ആനന്ദിന്റെ നോവലിൽ ജയിൽ ചാടുന്ന ഒരു ഡാനിയലുണ്ട്. മരുഭൂമിയിലെ ജയിലാണ്. ചാടിയവർ പിന്നെ തിരിച്ചു വരില്ല, അത്ര വരണ്ട സ്ഥലമാണത്. ജയിൽ റെക്കോഡിൽ ഡാനിയൽ മരിച്ചു പോയി എന്നെഴുതി ക്ലോസ് ചെയ്ത് കഴിഞ്ഞ ശേഷം ഒരു ദിവസം ഡാനിയൽ തിരിച്ച് വന്നു. എന്ത് പറ്റി ഡാനിയൽ എന്ന ചോദ്യത്തിന് അയാൾ പറയുന്ന ഉത്തരം, ”എല്ലാം ഒലിച്ചുപോയി സർ!” എന്നാണ്. ഒരു വെള്ളപ്പൊക്കത്തിൽ അയാളുടെ വീടും കുടുംബവും എല്ലാം ഒലിച്ചുപോയിരുന്നു. അയാൾ തിരിച്ച് വന്നു. സിസ്സഹായനായി ജയിലധികാരി പറയുന്നു, “ഇവിടുത്തെ റെക്കോഡനുസരിച്ച് നിങ്ങൾ മരിച്ച് കഴിഞ്ഞു ഡാനിയൽ, നിങ്ങൾക്ക് ഞാനൊരു മരണ സർട്ടിഫിക്കറ്റ് തരട്ടെ?”

പരിഭവങ്ങൾക്ക് മുമ്പിൽ കൈ മലർത്തി iffk പറയുന്നു, “എല്ലാം ഒലിച്ചു പോയി സുഹൃത്തേ!” നല്ല പടമില്ലാത്തത് പ്രളയം വന്നത് കൊണ്ടായിരിക്കുമോ? ആൾക്കൂട്ടത്തിൽ നിന്ന് ദൂരെയൊരിടത്തേക്ക് അതിഥികളെ മാറ്റിയിരുത്താൻ പുതിയ ഫെസ്റ്റിവൽ ഓഫീസ് കണ്ടു പിടിച്ചത്, ഒരു പടം പോലും കാണിക്കാത്ത ടാഗോർ തീയേറ്ററിൽ ഫെസ്റ്റിവൽ നഗരിയുണ്ടാക്കിയത്, തറയിലിരുന്നോ നിന്നോ പടം കണ്ടാൽ ശിക്ഷിക്കപ്പെടും എന്ന് തീയേറ്ററിന്റെ മുറ്റത്ത് ബോർഡ് വെച്ചത്, തറകളില്ലാത്ത തറവാടിത്തത്തിലേക്ക് പിൻവാങ്ങുന്നത്, എല്ലാം എല്ലാം പ്രളയം കൊണ്ടാണോ? ദു:ഖത്തോടെ പറയട്ടെ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള മരിച്ചിരിക്കുന്നു. പ്രിയപ്പെട്ട ചലച്ചിത്ര അക്കാദമി ചെയർമാൻ, മേള കഴിഞ്ഞ് പോകുമ്പോൾ നിശാഗന്ധിയിലെ ഓഡിറ്റോറിയത്തിൽ വെച്ച് ഞങ്ങൾ നിങ്ങൾക്കൊരു മരണ സർട്ടിഫിക്കറ്റ് തരട്ടെ? ട്വന്റി തേർഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ പെട്ടി പൂട്ടി കുഴിയിലേക്കെടുക്കുമ്പോൾ ഒപ്പീസ് ചൊല്ലി പിരിയും മുമ്പ് അങ്ങയെ ഏൽപ്പിക്കാൻ കൈയ്യിൽ അതേയുള്ളൂ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here