26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി. മുൻ മന്ത്രിയും നിയമസഭ സ്പീക്കറുമായിരുന്ന എം.വിജയകുമാർ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആദ്യപാസും ഡെലിഗേറ്റ് കിറ്റും നടന്‍ സൈജു കുറുപ്പ് മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
പ്രധാന വേദിയായ ടാഗോർ തിയ്യേറ്ററിൽ 12 കൗണ്ടറുകൾ ഡെലിഗേറ്റുകൾക്ക് പാസ് വിതരണം ചെയ്യുന്നതിനായി ഒരുക്കിയിട്ടുണ്ട്. മാർച്ച് 18ന് തുടങ്ങുന്ന രാജ്യാന്തര ചലച്ചിത്രമേള 25 വരെ നീണ്ടു നിൽക്കും.
തലസ്ഥാനത്തെ ഉത്സവ ലഹരിയിലാക്കുന്ന സിനിമാ വസന്തത്തിന് മാർച്ച് 18ന് കൊടിയേറും. ഇനി എട്ടു നാൾ സിനിമ പ്രവർത്തകരെയും സിനിമ പ്രേമികളെയും കൊണ്ട് തിരുവനന്തപുരം നഗരത്തിലെ തീയ്യേറ്ററുകൾ നിറയും.
പ്രധാനവേദിയായ ടാഗോർ തീയേറ്റർ ഉൾപ്പെടെയുള്ള രാജ്യാന്തര ചലച്ചിത്രമേള നടക്കുന്ന എല്ലാ തിയേറ്ററുകളുടെയും ഒരുക്കങ്ങൾ പൂർത്തിയായതായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളയായി ഐ.എഫ്.എഫ്.കെയെ മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു.