നീ വയലായിരുന്നെങ്കിൽ
ഞാനാവാഹിച്ച നിന്റെ സ്പർശങ്ങളത്രയും മഴവില്ലുകളായേനെ,
നിന്നാഴങ്ങളിലെ
പ്രണയവിത്തുകളിൽ
ആർത്തിരമ്പി
പെരുമഴയായേനെ,
ഗാഢനിദ്രയിൽ
പോലും സ്വപ്നങ്ങൾ
നീയറിയാതെ
മുളച്ചു വന്നേനെ,
ഗ്രീഷ്മയാമത്തിലും
നിന്റെ ആർദ്രതയിലൊരു
മഹാപ്രപഞ്ചം
സൃഷ്ടിച്ചേനേ,
തീരായാനങ്ങൾക്ക്
സത്രമൊരുക്കി
പൂമരച്ചില്ലകൾ
പുഞ്ചിരിച്ചേനെ,
കാത്തിരിപ്പിന്റെ
വിഹ്വലതകളില്ലാതെ
ഞാൻ നിന്റെ
ആത്മാവിലുടഞ്ഞു
ചേർന്നേനെ,
നീ വയലായിരുന്നെങ്കിൽ
വരമ്പിൽ പടരുന്ന
മോഹങ്ങളിൽ ഞാൻ
ഊഞ്ഞാലൊരുക്കിയേനെ,
പച്ചയിൽ അലിഞ്ഞലിഞ്ഞ്
ഞാനൊരു പൂങ്കാറ്റായേനെ,
നിറകതിർക്കുലത്തുമ്പത്ത്
പിന്നെയും
ആറാടിത്തിമിർത്ത്
പൂത്തുമ്പിയായേനെ,
കാലം മതിമറന്ന്
കടന്നുപോകുന്നൊരു
കടത്തുവഞ്ചിയിൽ
നീയും ഞാനും
നിറഞ്ഞു തുളുമ്പിയേനെ,
നീ വയലായിരുന്നെങ്കിൽ
വാനവും ഭൂമിയും
അകലമറിയാതെ
പോയേനെ
പ്രകാശദൂരങ്ങളുടെ
അതിർത്തിയിൽ കൈ
കോർത്ത്സൗരയൂഥങ്ങൾ
സ്വന്തമാക്കിയേനെ
അവിടെ നീ പകുത്തിട്ട
പൂവള്ളികളിൽ
ഒരിക്കലും അടരാത്ത
ചുവന്നപൂക്കളെ കോർത്തണിഞ്ഞങ്ങനെ…
ഫില്ലീസ് ജോസഫ്