ഇവൾ വളരാതിരുന്നെങ്കിൽ

 

 

ഡോക്ടർ ജയകൃഷ്ണൻ അന്നും കൃത്യസമയത്തു തന്നെ തൻ്റെ കസേരയിൽ ഹാജരായിരുന്നു. റൗണ്ട്സിനു മുൻപ് പരമാവധി പരിശോധന പൂർത്തിയാക്കണം. അതാണ് പതിവ്. ‘ സിസ്റ്റർ, ടോക്കൺ നമ്പർ ഒന്ന് വിളിച്ചോളൂ’

മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധനാണ് ഡോ: ജയകൃഷ്ണൻ. തൻ്റെ ജോലി ആസ്വദിച്ചു ചെയ്യുന്ന ഒരു നല്ല ഡോക്ടർ. കുഞ്ഞുങ്ങളെ പണ്ടേ വലിയ ഇഷ്ടമാണ് ജയകൃഷ്ണന് . ഇഷ്ടമുള്ള ജോലിയിൽ ജീവിതം.
റൗണ്ട്സ് നടക്കുന്നതിനിടയിൽ, ആ കാര്യം ”അന്നും ജയകൃഷ്ണൻ്റെ ശ്രദ്ധയിൽ പെട്ടു . ആ പെൺകുട്ടിക്ക് പറയത്തക്ക യാതൊരു കുഴപ്പവുമില്ല. ‘ആശുപത്രിയിലെത്തുമ്പോഴേക്കും അസുഖം ഭേദമാകുന്നു. അതെന്തദ്ഭുതം! മിനിഞ്ഞാന്ന് അഡ്മിറ്റ് ചെയ്തതാണ്. അപസ്മാര രോഗിയാണെന്നാണ് ”പറഞ്ഞത്. പരിശോധന നടന്നുകൊണ്ടിരിക്കെ , അവൾ പറഞ്ഞ കാര്യങ്ങളെല്ലാം അപസ്മാരലക്ഷണങ്ങൾ തന്നെയായിരുന്നു. അതു കൊണ്ട് അഡ്മിറ്റ് ചെയതേ പറ്റൂ.

പക്ഷേ, ടെസറ്റ് റിസൾട്ടെല്ലാം നോർമലും .കഴിഞ്ഞ മാസവും അവളും അമ്മയും ഇതുപോലെ വന്നു. അഡ്മിറ്റായി. ശേഷം ഡിസ്ചാർജ് ആകുന്നവരെ രോഗ ലക്ഷ്ണങ്ങളൊന്നും കാണിച്ചില്ല. അതു കൊണ്ട് ഇത്തവണ വന്നപ്പോൾ ഡോക്ടർ അവളെ പ്രത്യേകം ശ്രദ്ധിച്ചു. എണ്ണമയമില്ലാത്ത പാറിപ്പറന്ന മുടി. ഇരുനിറത്തിൽ കൊലുന്നനെയുള്ള ശരീരം. നിറം മങ്ങിയ, യൂനിഫോം ആണത്. മെറൂൺ പാവാടയും ഓഫ് വൈറ്റ് നിറത്തിലുള്ള ഷർട്ടും. വണ്ണമില്ലെങ്കിലും ശരീരം നീണ്ടതുകൊണ്ട് പാവാട ഇറക്കം നന്നേ കുറഞ്ഞു. ക്ഷീണിച്ച കണ്ണുകൾ. തുടുത്തതല്ലെങ്കിലും ഓമനത്വമുള്ള മുഖം. കൂടെ അവളുടെ അമ്മയും.35 വയസ്സോളം പ്രായം ?കാണും. ക്ഷീണിച്ച സ്ത്രീ. കുട്ടിയോട് കാര്യങ്ങളന്വേഷിക്കുമ്പോൾ അവരുടെ ഇടപെടൽ ഡോക്ടറെ അലോസരപ്പെടുത്തിയിരുന്നു.

വാർഡുകൾ സന്ദർശിച്ചു കഴിയുമ്പോഴേക്കും സമയം പന്ത്രണ്ടര കഴിഞ്ഞു. .തൻ്റെ ബ്ലോക്കിലേക്ക് ധൃതിയിൽ തിരിച്ചു നടക്കുമ്പോഴാണ് ഡോക്ടർ, ആ .കാഴ്ച കണ്ടത്. ആ പെൺകുട്ടി പൊതിച്ചോറുമായി നിർത്തിയിട്ട ഒരു ഓട്ടോയെ ലക്ഷ്യമാക്കി നീങ്ങുന്നു. ‘ ഇവളിതെങ്ങോട്ടാ?’ ജയകൃഷണൻ അതറിയാനായി അങ്ങോട്ട് നടന്നു. കാരുണ്യ സേവാ സംഘം രണ്ടു വർഷത്തോളമായി പീഡ്സ് ബ്ലോക്കിൽ പൊതിച്ചോർ വിതരണമാരംഭിച്ചിട്ട് . കുഞ്ഞുങ്ങൾക്കും അവരുടെ ബൈസ്റ്റാൻഡേഴ്സിനും കൃത്യമായി ആ സേവനം ലഭ്യമാണ്.

ഓട്ടോയിലുള്ള ഒരു മനുഷ്യൻ അവളുടെ കൈയിലെ പൊതിച്ചോർ വാങ്ങി ആർത്തിയോടെ കഴിക്കുന്നു. അവൾ നിറഞ്ഞ കണ്ണുമായി അത് നോക്കി ?നിൽക്കുകയാണ്. ആദ്യത്തെ അഞ്ചാറുരുള കഴിഞ്ഞപ്പോൾ ,ആ മനുഷ്യൻ തൻറെ ക്ഷീണിച്ച കണ്ണുകളുയർത്തി ആ കുട്ടിയെ നോക്കി തലയാട്ടി. അവൾ ചുറ്റും നോക്കി വേഗം തിരിഞ്ഞ് നടന്നു. ജയകൃഷ്ണൻ അവളുടെ കണ്ണിൽ പെടാതെ അവളെ പിന്തുടർന്നു. തിരിച്ചെത്തിയ ശേഷം, അമ്മക്ക് കിട്ടിയ പൊതിച്ചോർ , രണ്ടു പേരും പങ്കിട്ടു കഴിക്കാൻ തുടങ്ങി. ഇടയിൽ, അവൾ അമ്മയോട് പറയുന്നതു കേട്ടു , ” അച്ഛന് നല്ല വിശപ്പുണ്ടായിരുന്നമ്മേ , ചോറ് പകുതിയായപ്പോഴാ എന്നെ ഒന്ന് നോക്കിയത്. ” കണ്ണുനീർ മൂടി കാഴ്ച മറയുന്നതിനിടയിലും, അമ്മയുടെ കണ്ണീരുപ്പു കലർന്ന ചോറ് അവൾ ആസ്വദിച്ച്‌ കഴിക്കുന്നത് ഡോക്ടർ ജയ കൃഷ്ണൻ നോക്കി നിന്നു. ആരോ, എവിടെ നിന്നോ , പറയുന്നതു പോലെ …, ‘ ഇവൾ വളരാതിരുന്നെങ്കിൽ!’

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here