കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേളയുടെ (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഡെലിഗേറ്റ് ഹെല്‍പ് ഡെസ്‌ക് കൈരളി തീയറ്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ ഹെല്‍പ്പ് ഡെസ്‌കിലൂടെ നേരിട്ടും www.idsffk.in എന്ന വെബ്‌സൈറ്റിലൂടെയും മേളയ്ക്കായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പൊതുവിഭാഗത്തില്‍ 400 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
തിരുവനന്തപുരം കൈരളി, ശ്രീ, നിള തീയറ്ററുകളിലായി നടക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 263 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ,ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം എന്നീ മത്സരവിഭാഗങ്ങളിലായി 63 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര വിഭാഗത്തില്‍ 44 ഉം ഫോക്കസ് വിഭാഗത്തില്‍ 74 ഉം മലയാളം വിഭാഗത്തില്‍ 19 ഉം ചിത്രങ്ങള്‍ മേളയുടെ ഭാഗമാകും. മേളയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറം, ഇന്‍ കോണ്‍വെര്‍സേഷന്‍, സെമിനാര്‍ എന്നീ പരിപാടികളും ഉണ്ടായിരിക്കും. മേളയില്‍ ഹോമേജ് വിഭാഗത്തില്‍ ഫ്രഞ്ച് ന്യൂ വേവ് പ്രസ്ഥാനത്തിന്റെ അമരക്കാരി ആഗ്നസ് വര്‍ദ, ലെബനീസ് സംവിധായിക ജോസെലിന്‍ സാബ് എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ജൂണ്‍ 21 ന് ആരംഭിക്കുന്ന മേളയുടെ ഉദ്ഘാടനം വൈകിട്ട് 6ന് കൈരളി തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. കേരള ഗവര്‍ണര്‍ റിട്ട.ചീഫ് ജസ്റ്റിസ് പി. സദാശിവം നിര്‍വ്വഹിക്കും. ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിക്കും.