അധ്യാപകര്‍ക്കുള്ള സപ്തദിന ശില്പ്പശാലയുടെ സമാപനമായിരുന്നു അന്ന്. മുപ്പത്തഞ്ചോളം അധ്യാപകര്‍ക്ക് കഴിഞ്ഞ ആറു ദിവസങ്ങളിലായി പ്രശസ്തരായ പലരും ക്ലാസുകള്‍ എടുക്കുകയുണ്ടായി. സമാപന ദിനത്തില്‍ ആരും പ്രതീക്ഷിക്കാത്ത ഒരാളാണ് എത്തുന്നതെന്ന സൂചന മുന്‍കൂട്ടി നല്‍കിയതുകൊണ്ടാകാം എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
ഉച്ച ഭക്ഷണത്തിനു ശേഷം ശില്പ്പശാലയുടെ ചുമത വഹിക്കുന്ന ഓഫീസര്‍ ക്യാമ്പംഗങ്ങല്‍ക്കു മുന്നില്‍ എത്തി.
” നിങ്ങള്‍ കാത്തിരിക്കുന്നം വിശിഷ്ടവ്യക്തി എത്തിയിട്ടുണ്ട്.”
ഇത്രയും പറഞ്ഞ് അദ്ദേഹം പുറത്തു ചെന്ന് ഒരു കുട്ടിയുമായി തിരിച്ചെത്തി.
” ഇതാണ് ഞാന്‍ പറഞ്ഞ വ്യക്തി” എല്ലാവരും മിഴിച്ചിരിക്കെ അദ്ദേഹം തുടര്‍ന്നു ” ഈ കുട്ടി നിങ്ങളുമായി സംസാരിക്കും”
പതിനഞ്ചു വയസു പ്രായം തോന്നിക്കുന്ന ആ കുട്ടി എല്ലാവരേയും നോക്കി കൈ കൂപ്പി തൊഴുതു.
” എല്ലാവര്‍ക്കും നമസ്ക്കാരം. എന്റെ പേര്‍ അജയന്‍. അടുത്തുള്ള പുഴയോരത്ത് ആടു മേക്കാന്‍ എത്തിയതായിരുന്നു ഞാന്‍. ഈ സാര്‍ എന്നെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വരികയായിരുന്നു”
അവന്‍ ക്യാമ്പ് ഓഫീസറേയും മുന്നിലിരിക്കുന്ന അധ്യാപകരേയും മാറി മാറി നോക്കി. അവന്റെ മുഖത്ത് ചെറുതല്ലാത്ത ഒരമ്പരപ്പ് പ്രകടമായിരുന്നു.
ഓഫീസര്‍ കാര്യമില്ലാതെ ഒന്നും പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്ന ക്യാമ്പംഗങ്ങള്‍ അതുകൊണ്ടു തന്നെ ഒട്ടും പ്രകോപിതരായില്ല .
” സുഹൃത്തുക്കളെ കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാനീ കുട്ടിയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവന്‍ തികച്ചും വ്യത്യസ്തനായ ഇടയനാണ് നിങ്ങള്‍ക്ക് ഇവനോടു സംസാരിക്കാവുന്നതാണ്”
ഓഫീസര്‍ മുന്നോട്ടു വന്നു പറഞ്ഞു
” നീ എത്ര വരെ പഠിച്ചു?”
മുന്‍ നിരയിലിരുന്ന ഒരധ്യാപകന്‍ ചോദിച്ചു.
” എട്ടുവരെ ” അവന്‍ പറഞ്ഞു.
” സത്യം പറഞ്ഞാന്‍ എനിക്കു പഠിക്കാന്‍ ഇഷ്ടമില്ലായിരുന്നു ”
”അതെന്താ അങ്ങനെ തോന്നാന്‍ ?”
” എനിക്ക് ക്ലാസിലിരിക്കാന്‍ ഇഷ്ടമില്ല ” അല്പ്പ നേരത്തെ ആലോചനക്കൊടുവില്‍ അവന്‍ പറഞ്ഞു.
” കുട്ടിക്ക് ഇഷ്ടമുള്ള കാര്യമെന്താണ്?” മറ്റൊരധ്യാപകന്‍ ചോദിച്ചു.
” എനിക്കിഷ്ടം പാടത്തുകുളത്തില്‍ ചൂണ്ടയിടുന്നതും ആടുകളെ മേയ്ക്കുന്നതുമാണ്” ചെറിയൊരാലോചനക്കൊടുവില്‍ അവന്‍ പറഞ്ഞു.
” ചൂണ്ടയിടുന്നത് അത്ര വലിയ കാര്യമാണോ ?” ആ അധ്യാപകന്‍ തുടര്‍ന്നു ചോദിച്ചു.
”പാടത്തുകുളം എനിക്ക് വലിയൊരു പാഠപുസ്തകമാണ്. കുളത്തിനു ചുറ്റും കാവല്‍ നില്‍ക്കുന്ന കരിമ്പനകള്‍, പരല്‍മീനുകള്‍ നീന്തിക്കളിക്കുന്ന കടവുകള്‍, വെണ്മേഘങ്ങളെ ഉറ്റു നോക്കുന്ന വെള്ളാമ്പല്‍ പൂക്കള്‍, എത്ര കുളിച്ചിട്ടും മതിവരാത്ത കുളക്കോഴികള്‍, ആഴങ്ങളില്‍ നിന്നും കാഴ്ചകള്‍ കാണാനെത്തുന്ന വരാലുകള്‍..”
ഒരു നിമിഷം നിര്‍ത്തിയ ശേഷം അവന്‍ തുടര്‍ന്നു ” ഞാന്‍ ചൂണ്ടയിടാന്‍ ചെല്ലുന്നത് ഇതൊക്കെ കണ്ടിരിക്കാനാണ്”
പിന്നെ അല്പ്പനേരത്തേക്ക് ചോദ്യങ്ങള്‍ ഒന്നും ഉണ്ടായില്ല.
” നീ കവിത എഴുതാറുണ്ടോ?”
ഏറെ നേരത്തെ മൗനത്തിനൊടുവില്‍ പിന്‍ നിരയില്‍ നിന്നും ഒരു ചോദ്യം ഉയര്‍ന്നു.
” ഞാന്‍ ഒന്നും എഴുതാറില്ല”
അവന്‍ മറുപടിക്കായി ഒട്ടും ആലോചിച്ചില്ല.
” പക്ഷെ ചിത്രങ്ങള്‍ വരയ്ക്കും ”
ഓഫീസര്‍ ഇടപെട്ടു. തുടര്‍ന്ന് അദ്ദേഹം ബാഗില്‍ നിന്നും രണ്ടു ചിത്രങ്ങള്‍ എടുത്തു കാണിച്ചു.
‘ ഇതു രണ്ടും ഇവന്‍ വരച്ചതാണ്. ഇത് ഇവനിപ്പോള്‍ വര്‍ണ്ണിച്ച പാടത്തുകുളം ഇത് ആടുകള്‍ മേയുന്ന പുഴയോരം ”
രണ്ടു ചിത്രങ്ങള്യും ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അസാധാരണമായ ഒരു വശ്യത ആ ചിത്രങ്ങള്‍ക്കുണ്ടായിരുന്നു.
” സത്യത്തില്‍ നീ ആടു മേച്ചു നടക്കേണ്ടവനല്ല ” ഒരധ്യാപകന്‍ ആവേശത്തോടെ അഭിപ്രായപ്പെട്ടു. മറ്റുള്ളവരും അതു തന്നെ ആവര്‍ത്തിച്ചു.
പക്ഷെ ആ ഭിപ്രായങ്ങള്‍ അവന്റെ മുഖത്ത് യാതൊരു ഭാവമാറ്റവും ഉണ്ടാക്കിയില്ല.
” എത്ര ആടുകളുണ്ട്?”
” പതിനാറ് ”
” ആടുകള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഇലയേതാണ്?’ ഒരധ്യാപകന്‍ ചോദ്യത്തിന്റെ ഗതി തിരിച്ചു വിട്ടു.
” കാരമുള്‍ച്ചെടിയുടെ ഇലകള്‍. മുള്ളുകൊണ്ടൂ മുഖത്തും നാവിലും ചോര പൊടിഞ്ഞാലും ഇത്തിരിപ്പോന്ന അതിന്റെ ഇല തിന്നാനായി ആടുകള്‍ എന്നും മത്സരിക്കുന്നതു കാണാം”
ആ മറുപടി എല്ലാവര്‍ക്കും ബോധിച്ചു.
അത്രയുമായപ്പോള്‍ ഓഫീസര്‍ ഇടപെട്ടു.
” ഒരു ചോദ്യം ഞാനും ചോദിക്കുകയാണ് കുട്ടിയുടെ പുറകെ ആടുകള്‍ നടന്നു നീങ്ങുന്നത് ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. സാധാരണ മറിച്ചാണല്ലോ കാണാറുള്ളത്?”
” സാറ് പറഞ്ഞത് ശരിയാണ് ആടുകള്‍ എന്റെ പിനാലെ വന്നോളും. ഞാന്‍ ആടുകളുടെ പുറകെ പോകാറില്ല ”
” ഇതെങ്ങനെ സാധിക്കുന്നു?”
അദ്ദേഹം തുടര്‍ന്നു ചോദിച്ചു.
” അത് ആടുകള്‍ക്ക് എന്നിലുള്ള വിശ്വാസമാണ്. ഞാനവരെ പച്ചപ്പിന്റെ സമൃദ്ധിയിലേക്കും തെളിനീരുറവകളിലേക്കും നയിക്കുന്നു. ഉയരങ്ങളിലെ തളിരിലകള്‍ താഴെയെത്തിക്കുന്നു. ഞാനവയെ അടിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യാറില്ല ”
അല്പ്പ നേരം കൂടി അവിടെ ചിലവഴിച്ച ശേഷം അവന്‍ പുറത്തേക്കിറങ്ങി. ഓഫീസര്‍ ഒരു കവര്‍ നീട്ടിയെങ്കിലും അവനതു സ്വീകരിച്ചില്ല.
ഓഫീസര്‍ വാച്ചിലേക്കു നോക്കി.
” ഒരാഴ്ചത്തെ പരിശീലന പരിപാടി അവസാനിക്കുകകയാണ് ചുരുങ്ങിയ വാക്കുകകളില്‍ നിങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം”
” ആ കുട്ടി…”
ക്യാമ്പ് ലീഡര്‍ എണീറ്റു നിന്നുകൊണ്ട് പറഞ്ഞു. പക്ഷെ അദ്ദേഹത്തിനു തുടര്‍ന്നൊന്നും പറയാന്‍ കഴിഞ്ഞില്ല.
”അതെ ! ആ കുട്ടി അവന് നിങ്ങള്‍ മനസില്‍ ഇടം നല്‍കുക. ഈ ക്യാമ്പ് ഇവിടെ അവസാനിക്കുന്നു . നന്ദി”