എല്‍ ഡി എഫിനെയും യു ഡി എഫിനെയും ഭരിച്ചുകൊണ്ടിരിക്കുന്ന അജ്ഞാത സുപ്രീം ശക്തികള്‍ കേരള രാഷ്ട്രീയത്തില്‍ അതിശക്തമായ വര്‍ഗീയ ധ്രുവീകരണം നടത്തുകയാണ്.
കെ എം മാണിയെ യു ഡി എഫില്‍ തന്നെ എത്തിച്ച് അതിന്റെ പിന്നിലെ കരുനീക്കം കുഞ്ഞാലിക്കുട്ടിയുടെതാണെന്ന പ്രചാരണ തന്ത്രത്തിലൂടെ, ന്യുനപക്ഷ വിരുദ്ധവികാരവും ഭൂരിപക്ഷ ഏകീകരണ വിചാരവും ശക്തമാക്കുകയാണ് . കെ. എം. മാണിയെ തിരിച്ചെടുത്ത് ആദരിച്ച ദൗത്യത്തില്‍ പങ്കാളികളായവര്‍ വിമര്‍ശിക്കപ്പെടാത്തത് കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളുടെ പോലും കണ്ണുകള്‍ അധികാരത്തിലും സ്ഥാനമാനങ്ങളിലുമാണ് എന്നതിനാലാണ്.
തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മുഖ്യമന്ത്രിയെകൊണ്ട് പച്ചയായ മുസ്ലിം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യിപ്പിച്ചും വീഴ്ത്തി വീഴ്ത്തി അതുവഴി കമ്യുണിസത്തെ വനഗര്‍ത്തത്തിലേക്ക് തള്ളിയിട്ടും കേരളത്തില്‍ ജനാധിപത്യത്തിന് പകരം ഉപദേശകരുടെ ഭരണം സ്ഥാപിക്കപ്പെടുമ്പോഴും സി പി ഐ എം നേതാക്കള്‍ നിരന്തരമായും മന:പ്പൂര്‍വ്വമായും മുസ്ലിംവിരുദ്ധനിലപാട് വ്യക്തമാക്കുമ്പോഴും അവരൊന്നും വിമര്‍ശിക്കപ്പെടാത്തതും സീനിയര്‍ നേതാക്കളുടെപോലും കണ്ണുകള്‍ അധികാരത്തിലും സ്ഥാനമാനങ്ങളിലും ഭരണ പരിഷ്കാരങ്ങളിലുമൊക്കെയാകുന്നതുകൊണ്ടാണ്.
പാര്‍ട്ടി അച്ചടക്കം, നേതൃ ബഹുമാനം എന്നതൊക്കെ നെറികേടുകള്‍ക്കെതിരെ മിണ്ടാതിരിക്കുക എന്ന് മാത്രമാക്കി ചുരുക്കിയതിലൂടെ നിലപാടുകളുള്ള അനുയായികളെ പോലും നിഷ്ക്രിയരും പൊട്ടന്മാരും ന്യായീകരണ തൊഴിലാളികളുമാക്കി മാറ്റാന്‍ കഴിയുന്നു.
കേരളത്തിലെ ഭരണം ഈ നിലയില്‍ തുടര്‍ന്നാല്‍ ഇന്നുള്ള ഭരണപക്ഷവും പ്രതിപക്ഷവും അപ്രസക്തമാകും. സ്വത രാഷ്ട്രീയ ബോധമുള്ള പ്രവര്‍ത്തകര്‍ അവരവരുടെ ഇടങ്ങളിലേക്ക് നീങ്ങുകയും അതുവഴി കമ്യുണിസം ഇല്ലാതാവുകയും ഭൂരിപക്ഷ ന്യുനപക്ഷ വേര്‍തിരിവ് ശക്തമാവുകയും ചെയ്യും. അത് തന്നെയാണ് ആ അജ്ഞാത സംഘം ലക്ഷ്യമിടുന്നതെങ്കിലും നടക്കാന്‍ പോകുന്നത് മറ്റൊന്നായിരിക്കും. അധികാരമുള്ള വരും കോര്‍പറേറ്റുകളുമടങ്ങുന്ന ഒരു വിഭാഗവും ജാതി മത വ്യത്യാസമില്ലാത്തതും ഇരകളാക്കപ്പെടുന്നവരുമായവരുടെ മറ്റൊരു വിഭാഗവുമായിരിക്കും കേരള രാഷ്ട്രീയത്തില്‍ അവശേഷിക്കുക !