ഞാന്‍ നാരായണന്‍

e70ba43e304fc94fbd6c9840df5ef997-tree-of-life-painting-tree-of-life-art

നിങ്ങളെന്നെയൊരു കാടനാക്കി
ഭ്രാന്തനാക്കി, ആദിവാസിയാക്കി
പിന്നെ ദളിതനാം മര്‍ദ്ദിതനും
അന്ത്യത്തില്‍ ഹിന്ദുവുമാക്കി മാറ്റി

വ്യത്യസ്തകാചങ്ങള്‍ വച്ചുനോക്കി
അവയില്‍ നിറങ്ങള്‍ കലര്‍ത്തിനോക്കി
കക്ഷിതാല്‍പര്യസംതൃപ്തി നേടാന്‍
വിപ്ളവം പാടി, മതമിറക്കി

രോഷം കൊണ്ടുച്ചവിലാപം ചെയ്തു
വിഷലിപ്തമാകുമൊളിയമ്പാക്കി
നിര്‍ലജ്ജമെന്നെ തൊടുത്തുവിട്ടു
ദില്ലിയിലേക്കുമനന്തപുരിയിലേക്കും

അന്ത്യോപഹാരശതങ്ങളേന്തി
കുഴിമാടവക്കില്‍ തിരക്കിനിന്നു
എന്‍ മുഖം പൊക്കി തെരുവുതോറും
നെഞ്ചത്തടിച്ചു ബഹളം വച്ചു

മിണ്ടാപ്രാണിപോല്‍ ഞാനൊരു പാവം
ആരും ചോദിക്കാനില്ലാത്ത ജന്മം
ഈ മഹാരാജ്യസംസ്ക‍ൃതിയെന്നെ
നാരായണനെന്നു വിളിച്ചുവത്രെ

നാരായണനെ നിങ്ങള്‍ കണ്ടതില്ല
കാരണം നിങ്ങടെ കണ്ണടയില്‍
മതവര്‍ഗ്ഗവിദ്വേഷകാളകൂടം
കഴുകുവാനാവാതെ പടര്‍ന്നിരുന്നു

എന്നെക്കുറിച്ചിനി കരയവേണ്ട
കരയുക നിങ്ങടെയുള്ളിനുള്ളില്‍
വിരമിച്ച നാരായണദൈവികത്തെ
തിരികെപ്പിടിക്കാന്‍ വരത്തിനായി

അന്ധരെ, വിപ്ലവപണ്ഡിതരെ,
മതവിദ്വേഷതാല്‍പര്യകോവിദരെ,
നിങ്ങടെയുള്ളിലെ കുഴിമാടത്തില്‍
തിരയുക പോയ്പോയ ദൈവികത്തെ

അത് ഞാനത്രെ പാവമാം നാരായണന്‍
ബാപുവിന്‍ ദാരിദ്രനാരായണന്‍
അവനില്ലാതെ നിങ്ങള്‍ക്ക് മോക്ഷമില്ല
തല പുണ്ണാക്കി നിങ്ങള്‍ കരയവേണ്ട

സര്‍വ്വവും നാരായണനെന്ന സത്യം
ഭൂതദയയൂറൂം പ്രേമാമൃതം
ഉള്ളത്തില്‍ നിര്‍ഗ്ഗളിക്കുമ്പോള്‍ മാത്രം
നിങ്ങള്‍ക്ക് കൈവരും ശാപമോക്ഷം

വിദ്വേഷവഹ്നിയിലല്ല സ്നേഹത്തിന്‍
മാധുര്യമൂറുമകക്കിണറില്‍
വീണുറങ്ങുന്നുണ്ട് നാരായണന്‍
പൂവിളിച്ചവനെയുണര്‍ത്തീടുക

എന്‍റെ പേര്‍ ചൊല്ലിക്കരയവേണ്ട
നാരായണന് മരണമില്ല
സത്യത്തിലിവിടെ മരിച്ചതാര്?
മുതലക്കണ്ണീരൊഴുക്കും ജഡങ്ങളല്ലെ?
നാരായണന്‍ വിട്ടൊരിന്ത്യയല്ലെ?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here