” ഞാൻ ജനിച്ചു എന്നത് സത്യമാണ് മാഡം “

(ഇന്ത്യയിൽ ജനനം തെളിയിക്കാനുള്ള ഒദ്യോഗിക രേഖകളിൽ പെടുന്ന ആറു രേഖകൾ കൈവശം ഉണ്ടായിട്ടും തന്റെ ജനനം ഒദ്യോഗികമായി രജിസ്റ്റർ ചെയ്തു ജനന സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി ഒരു നിസ്സഹായനായ സാധാരണക്കാരൻ നടത്തിയ ആറു മാസത്തിലേറെ നീണ്ടുനിന്ന ഒരു ഒറ്റയാൾ പോരാട്ടത്തിന്റെ സ്വതന്ത്രാവിഷ്‌ക്കാരം.)
????????????
അശ്വതി തന്റെ അധികാര പരിധികൾ ഒട്ടും ചെറുതല്ല എന്ന് നിർമ്മലിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ്.
നിർമ്മലിന്റെ ഫയൽ കൈയിൽ നിന്ന് മേശയിലേക്കെറിഞ്ഞു കൊടുത്തുകൊണ്ട് പറഞ്ഞു ..
” എല്ലാ രേഖകളുമായി നാളെ വാ …. അപ്പോൾ നോക്കാം ബാക്കി കാര്യങ്ങൾ “
സങ്കടവും ദേഷ്യവും അടക്കി നിർത്താനുള്ള നിർമ്മലിന്റെ എല്ലാ പരിശ്രമവും ചെമ്പൻമല വില്ലേജ് ഓഫീസിന്റെ ആ മുറിയിൽ തകർന്നു…
അയാൾ പൊട്ടിച്ചെറിച്ചു കൊണ്ട് അശ്വതി എന്ന വില്ലേജ് ഓഫീസിസറോട് പറഞ്ഞു ….
” മാഡം , ഞാൻ ജനിച്ചു എന്നുള്ളത് സത്യമാണ് ….
എന്റെ ജനന സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നെട്ടോട്ടത്തിൽ ആണ് ….
കാനത്തൂർ നഗരസഭാ ഓഫീസിലും ചെമ്പകശ്ശേരി വില്ലേജ് ഓഫീസിലും സമർപ്പിച്ച അതെ രേഖകൾ ..
ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ രേഖകൾ…
അതാണ് ഞാൻ ഇവിടെയും സമർപ്പിച്ചിട്ടുള്ളത് …
എത്ര വട്ടം പറഞ്ഞു … എന്നിട്ടും നിങ്ങൾക്കെന്തേ മനസ്സിലാകാത്തത് “
” സഹോദരിയുടെ ജനന തീയ്യതി തെളിയിക്കാനുള്ള രേഖയായി ആധാർ പറ്റില്ല എന്ന് തന്നോട് എത്രവട്ടം പറയണം “
ഇടയിൽ കയറി തന്റെ അഭിപ്രായം വീണ്ടും പങ്കു വച്ച് അപേക്ഷ നിരസിക്കാൻ അശ്വതിയെ ഒന്ന് കൂടി ഓർമ്മപ്പെടുത്തുകയായിരുന്നു ചെമ്പൻമല വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥനായ രാജീവൻ
വിജയികളുടെ ഭാവത്തോടെ നിന്ന അശ്വതിയെയും രാജീവനെയും നിസ്സഹായനായി നോക്കി ഒരു നിമിഷം നിർമ്മൽ നിന്നു,
നിയന്ത്രണങ്ങൾ എല്ലാം കൈവിട്ടു പോകുമോ എന്ന് ശങ്കിച്ചു …
ഒടുവിൽ എല്ലാം ഉപേക്ഷിച്ചു മടങ്ങാൻ അയാൾ തീരുമാനിച്ചു.
അശ്വതി മേശയിലേക്കെറിഞ്ഞ അയാളുടെ അപേക്ഷയടങ്ങുന്ന ഫയൽ നൊമ്പരത്തോടെ കൈയിലെടുത്തു…
ഫയലിൽ നിന്ന് തെന്നിമാറിയ രേഖകൾ ഒന്നൊന്നായി ആ ഫയലിലേക്ക് ഒതുക്കിവെച്ചു.
നിമിഷങ്ങളുടെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് നിർമ്മലിന്റെ ശബ്ദം വീണ്ടും ചെമ്പൻമല വില്ലേജ് ഓഫീസിൽ മുഴങ്ങി..
” അങ്ങിനെ മാഡം പറയുമ്പോൾ എല്ലാമെടുത്ത് ചുമ്മാതങ്ങ് പോകാൻ എനിക്ക് ഉദ്യേശമില്ല …
  ഇന്ന ഇന്ന കാരണങ്ങളാൽ എന്റെ അപേക്ഷ നിരസിക്കുന്നു എന്ന് വെള്ള പേപ്പറിൽ എഴുതി ഒപ്പിട്ടു തരാതെ ഞാൻ ഇവിടെ നിന്ന് പോകില്ല “
പിന്നീട് അവിടെ നടന്നത് രൂക്ഷമായ വാദപ്രതിപാദങ്ങൾ ആണ്. അശ്വതിയും സന്ധ്യയും ( മറ്റൊരു ഉദ്യോഗസ്ഥ ) രാജീവനും ഒരു ഭാഗത്തും നിർമ്മൽ മറുഭാഗത്തും അവിടത്തെ മറ്റൊരു ഉദ്യോഗസ്ഥനായ രത്നാകരൻ ഇവർക്കിടയിലും
നിർമ്മലിന്റെ പുറത്ത് തട്ടിക്കൊണ്ട് രത്നാകരൻ പറഞ്ഞു ..
 ” ഒരഞ്ചു മിനുട്ട് പുറത്ത് ഇരിക്കൂ ..”
ഒപ്പം അശ്വതിയോട് പറഞ്ഞു … ” മാഡം പ്ളീസ് ഒരു മിനിറ്റ് , വെയിറ്റ് ചെയ്യൂ “
അങ്ങിനെ നിർമ്മൽ പുറത്തിറങ്ങി അവിടെ ഉള്ള ബെഞ്ചിൽ ഇരുന്നു.
രത്നാകരൻ അശ്വതിയോടും മറ്റുദ്യോഗസ്ഥരോടുമായി പറഞ്ഞു
” അയാളങ്ങിനെ ഇറങ്ങി പോകാൻ സാധ്യത ഇല്ല , വ്യക്തമായ കാരണം പറയാതെ അപേക്ഷ നിരസിച്ചാൽ പുലിവാൽ ആകും ,
അയാൾ പറഞ്ഞത് പോലെ സോഷ്യൽ മീഡിയയിൽ ഇത് എത്തിയാൽ നമ്മൾ വിചാരിക്കാത്ത രീതിയിൽ ആയിരിക്കും കാര്യങ്ങൾ പോകുക “
രത്നാകരന്റെ വിശദീകരണം അശ്വതിയുടെ തീരുമാനം മാറ്റാൻ കാരണമായി.
അശ്വതിയുടെ മേശക്ക് ചുറ്റും വളഞ്ഞു നിന്ന രാജീവനും സന്ധ്യയും രത്നാകരനും തങ്ങളുടെ സീറ്റുകളിലേക്ക് പോയി അവരവരുടെ പാതി നിർത്തിയ ജോലി പുനരാരംഭിച്ചു.
നിർമ്മൽ പുറത്തെ ബെഞ്ചിൽ അക്ഷമനായി തന്റെ ഇരിപ്പു തുടർന്നു ……
ബാംഗ്ലൂരിലെ ഐടി കമ്പനിയിലെ ജീവനക്കാരൻ ആണ് നിർമ്മൽ. ജനിച്ചത് കാനത്തൂർ ജില്ലയിലെ ചെമ്പകശ്ശേരി വില്ലേജിലെ കിനാരൂരിൽ ആണ്. ചെമ്പൻമല വില്ലേജിൽ ആണ് നിർമ്മലിന്റെ അച്ഛന്റെ വീട്.
നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ സാന്നിധ്യം ആയിരുന്നു നിർമ്മൽ. ഉന്നത വിദ്യാഭ്യാസത്തിനു ശേഷം താത്കാലിക അദ്ധ്യാപകനായി ഹയർ സെക്കണ്ടറി സ്കൂളുകളിലും  കോളേജിലുമൊക്കെ ജോലി ചെയ്തിരുന്നു….
പിന്നീടാണ് ഐടി കമ്പനിയിൽ ജോലി കിട്ടി ബാംഗ്ലൂർ എന്ന മഹാനഗരത്തിലേക്ക് പറിച്ചു നടപ്പെട്ടത്.     .
ഫ്രാൻസിലേക്കുള്ള ഒരു ലോങ്ങ് ടേം ഓൺസൈറ്റ് അവസരം നിർമ്മലിന് ലഭിച്ചു..വിസ ആവശ്യതിനായി ജനന സർട്ടിഫിക്കറ്റ് വേണ്ടി വന്നു.
ലോങ്ങ് ടേം schengen visa വിസക്ക് ബർത്ത് സർട്ടിഫിക്കറ്റ് ആവശ്യമാണ്. പകരം സത്യവാങ് മൂലം കൊടുത്തിട്ട് നിർമ്മൽ ജോലി ചെയ്യുന്ന കമ്പനിയിലെ പലരുടെയും അപേക്ഷനിരസിച്ചിരുന്നു .
അങ്ങിനെയാണ് താൻ ജനിച്ചതിന് ഒദ്യോഗിക രേഖയായി ജനന സർട്ടിഫിക്കറ്റ് എന്ന ലക്ഷ്യവുമായി നിർമ്മൽ കേരളത്തിലേക്ക് വന്നത്.
1980 നു മുൻപ് സാദാരണ ജനനം രജിസ്റ്റർ ചെയ്യുന്നവർ വളരെ കുറവാണ്.. പ്രത്യേകിച്ച് ഗ്രാമങ്ങളിൽ
നിർമ്മലിന്റെ വീട്ടിൽ നിർമ്മലിന്റെസഹോദരന്റെയോ സഹോദരിയുടെയോ ജനനം രജിസ്റ്റർ ചെയ്തിരുന്നില്ല.
ഒരു ജൂൺ മാസം ആദ്യവാരം ആണ് ജനന സർട്ടിഫിക്കറ്റ് തേടിയുള്ള നിർമ്മലിന്റെ യാത്ര തുടങ്ങിയത്.
തന്റെ പഞ്ചായത്ത് ആയ ചെമ്പൻമല പഞ്ചായത്തിൽ  അനേഷിച്ചപ്പോൾ ജനിച്ച സ്ഥലത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ആണ് അപേക്ഷ കൊടുക്കേണ്ടത് എന്ന് പറഞ്ഞു .
നിർമൽ ജനിച്ച  ചെമ്പകശ്ശേരി വില്ലേജിലെ കിനാരൂർ ഇപ്പോൾ കാനത്തൂർ നഗരസഭയിൽ ആണ്.
അങ്ങിനെ നിർമ്മൽ കാനത്തൂർ കോർപറേഷനിലേക്ക് …..,
ജനന സർട്ടിഫിക്കറ്റ് യാത്ര – അദ്ധ്യായം -1
????????????
കാനത്തൂർ നഗരസഭയിൽ രാവിലെ പത്ത് മണിയോടെ എത്തി ….
ഏതു സെക്ഷനിൽ ആണ് അപേക്ഷ കൊടുക്കേണ്ടത് എന്ന് അന്വേഷിച്ചു…
ഹെല്പ് ഡെസ്കിൽ ഉണ്ടായിരുന്ന നഗരസഭാ ജീവനക്കാരൻ കൈചൂണ്ടി സ്ഥലം കാണിച്ചുകൊടുത്തു…
ജനന – മരണ റെജിസ്റ്ററുകൾ ചെയ്യുന്ന സെക്ഷനിലേക്ക് നിർമ്മൽ പോയി.
ഉദ്യോഗസ്ഥർ ഉണ്ടാവുമോ , പത്തുമണി അല്ലേ ആയുള്ളൂ എന്ന് സംശയിച്ചാണ് അകത്തേക്ക് കയറിയത്.
”  സീറ്റിൽ എല്ലാം ആളുണ്ട്,  രക്ഷപ്പെട്ടു ”  നിർമ്മൽ മനസ്സിൽ പറഞ്ഞു.
ആദ്യം കണ്ട ഡെസ്കിൽ തന്നെ നിർമ്മൽ ആഗമനോദ്യേശം അറിയിച്ചു.
അവിടെ ഉള്ള ഉദ്യോഗസ്ഥ ഒരു അപേക്ഷ  ഫോം നിർമ്മലിന് നൽകി , അതോടൊപ്പം ഹാജരാക്കേണ്ട രേഖകളുടെ ലിസ്റ്റും പറഞ്ഞു..
അപേക്ഷ ഫോറവുമായി അവിടെ നിന്ന് ഇറങ്ങുന്നതിനു മുൻപ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതിന്റെ അത്യാവശ്യം ഒന്നുകൂടി നിർമ്മൽ സൂചിപ്പിച്ചിരുന്നു ,
” അങ്ങിനെ പെട്ടെന്നൊന്നും കിട്ടുകയില്ല , റെജിസ്റ്റർ ചെയ്യാത്തതിന്റെ കുഴപ്പം ആണ് , നാലു പതിറ്റാണ്ടിലേറെ ഉള്ള വിവരങ്ങൾ ആണ് ശേഖരിക്കേണ്ടത് ,കുറച്ചു സമയം എടുക്കും  …
ആദ്യം അപേക്ഷ നൽകൂ , ബാക്കി പിന്നീട് അല്ലേ  ”  അവർ പറഞ്ഞു നിർത്തി ..
ഒരു താങ്ക്‌സും പറഞ്ഞു നിർമ്മൽ ഇറങ്ങി.
എസ് എസ് എൽ സി ബുക്കിന്റെ ആദ്യ പേജിന്റെ കോപ്പി,   ആധാർ കോപ്പി , പാസ്പോര്ട്ട് / വോട്ടർ ഐഡി കാർഡ് കോപ്പി , സഹോദരന്റെയും സഹോദരിയുടെയും ജനന തീയതി തെളിയിക്കുന്ന രേഖകൾ ഇവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
നിർമ്മലിന്റെ എല്ലാ സർട്ടിഫിക്കറ്റുകളും അവന്റെ കൈവശം തന്നെ ഉണ്ടായിരുന്നു.
സഹോദരന്റെയും സഹോദരിയുടെയും ആധാർ, സഹോദരന്റെ പാൻകാർഡ് ഇവ വാട്സ് ആപ്പ് വഴി സംഘടിപ്പിച്ചു.
ആവശ്യമായ എല്ലാ രേഖകളുടെയും കോപ്പി നഗരസഭാ കാര്യാലയത്തിനടുത്തുള്ള ഒരു ഡിടിപി ഷോപ്പിൽ നിന്ന് എടുത്തു.
എല്ലാ കോപ്പികളും എടുത്ത് കാശ് കൊടുക്കാൻ നോക്കുമ്പോഴാണ് അവിടെ ഉള്ള ആളെ ശ്രദ്ധിച്ചത്
നിർമ്മലിന്റെ നാട്ടുകാരൻ രാമകൃഷ്ണൻ , സിവിൽ എഞ്ചിനീയർ ആണ്, അദ്ദേഹത്തിന്റെ ഭാര്യയും മകളും അതെ സ്ഥാപനത്തിൽ തന്നെ ഡിടിപി ചെയ്യാനും ഫോട്ടോസ്റ്റാറ്റ് എടുത്തുകൊടുക്കാനുമൊക്കെ ആയി അവിടെ ഉണ്ട്.
വർഷങ്ങൾക്ക് ശേഷമാണ് നിർമ്മൽ രാമകൃഷ്ണനെ കാണുന്നത്. കുശലാന്വേഷണങ്ങൾ കഴിഞ്ഞു നിർമ്മൽ അവിടെ നിന്നും ഇറങ്ങി.
അടുത്ത കടമ്പ ഗസറ്റഡ് ഉദ്യോഗസ്ഥനെ കൊണ്ട് ഈ രേഖകൾ ഒക്കെ സാക്ഷ്യപ്പെടുത്തണം.
തന്റെ ഒട്ടനവധി സുഹൃത്തുക്കൾ ഗസറ്റഡ് ഓഫീസര്മാരാണ്, ഹയർ സെക്കണ്ടറി അദ്ധ്യാപകനായ ഒരു സുഹൃത്തിനെ വിളിച്ചു…
അന്ന് അവധിയാണ് , മിക്കവാറും ആരും സ്കൂളുകളിൽ ഉണ്ടാവില്ല  എന്ന് സുഹൃത്ത് നിർമ്മലിനെ അറിയിച്ചു. .
ഇനിയെന്ത് ചെയ്യും എന്നാലോചിച്ചപ്പോൾ ആണ് തന്റെ ബന്ധുവായ അസ്സിസ്റ്റൻറ് എൻജിനീയറുടെ ഓർമ്മ വന്നത്..
ഒട്ടും താമസിക്കാതെ അദ്ദേഹത്തിന്റെ ഓഫീസ് ലക്ഷ്യമാക്കി നിർമ്മൽ നീങ്ങി..
അവിടെ എത്തി പ്യുണിനോട് കാര്യം പറഞ്ഞു.
” സാർ സൈറ്റ് വിസിറ്റനായി ഇപ്പോൾ ഇറങ്ങിയതേ ഉള്ളൂ , ഒരു നാലര എങ്കിലുമാകും തിരിച്ചു വരാൻ ”  പ്യുൺ പറഞ്ഞു.
നിരാശനായി അവിടെ നിന്നും ഇറങ്ങി, പ്യുൺ പറഞ്ഞത് ശരിയായിരിക്കും എന്നാലും ഒന്ന് വിളിച്ചു നോക്കാമെന്നു കരുതി തന്റെ ബന്ധുവിനെ വിളിച്ചു , നാലര കഴിഞ്ഞാലും എത്താൻ സാധ്യത കുറവാണ്.
എന്ത് ചെയ്യുമെന്നറിയാതെ വീണ്ടും നഗരസഭാ കാര്യാലയം ലക്ഷ്യമാക്കി നിർമ്മൽ നടന്നു.
അപ്പോഴാണ് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷൻ നിർമ്മലിന്റെ ശ്രദ്ധയിൽ പെട്ടത്.
അവിടെ ചെന്നു വരാന്തയിലുള്ള കോൺസ്റ്റബിളിനോട് കാര്യം പറഞ്ഞു.
” സി ഐ യും എസ് ഐ യും ഇപ്പൊ ഇറങ്ങിയതേ ഉള്ളൂ …അഞ്ച് മിനുട്ട് വൈകി പോയി ” കോൺസ്റ്റബിൾ പറഞ്ഞു.
വീണ്ടും നിരാശ തന്നെ…
നിർമ്മലിന്റെ അവസ്ഥ കോൺസ്റ്റബിളിന് മനസ്സിലായത് കൊണ്ടോ എന്തോ , അദ്ദേഹം നിർമ്മലിനോട് പറഞ്ഞു …
” വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ അവിടെ ഉണ്ടോ എന്ന് നോക്കൂ … ഗേറ്റ് തുറന്നു കിടക്കുന്നുണ്ട് “
“ശരി സാർ ”  ഒരു പിടിവള്ളി കൂടി അവശേഷിക്കുന്നുണ്ട് , ആശ്വാസമായി ,
അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞെങ്കിൽ നാളെ രാവിലെ തന്നെ ബാംഗ്ലൂരിലേക്ക് മടങ്ങണം, അതാണ് നിർമ്മലിന്റെ പ്ലാൻ
റോഡ് മുറിച്ചു കടന്നു നിർമ്മൽ സ്കൂളിൽ എത്തി …
എവിടെയും ആളനക്കമില്ല … പലവട്ടം, പലകാര്യങ്ങൾക്ക് ആ സ്കൂൾ അങ്കണത്തിൽ എത്തിയിട്ടുണ്ട് ,
അതൊക്കെ ഓർത്തുകൊണ്ട് അയാൾ പ്രിൻസിപ്പാളിന്റെ റൂം ലക്ഷ്യമാക്കി നീങ്ങി….
പ്രിൻസിപ്പാളും പ്യുണും വേറൊരു അദ്ധ്യാപകനും അവിടെ ഉണ്ട്.
നേരെ കയറി ചെന്നു…. കാര്യം പറഞ്ഞു ..
മുന്നിലെ കസേര ചൂണ്ടി പ്രിൻസിപ്പാൾ നിർമ്മലിനോട് ഇരിക്കാൻ പറഞ്ഞു.
നിർമ്മലിന്റെ സർട്ടിഫിക്കറ്റുകളുടെ ഒറിജിൻ അയാളുടെ കൈവശം ഉണ്ട്,
പക്ഷെ സഹോദരന്റെയും സഹോദരിയുടെയും ആധാറിന്റെ ഒർജിനൽ ഇല്ല , സഹോദരന്റെ പാൻകാർഡും ഒറിജിനൽ ഇല്ല …
വീണ്ടും അയാൾ ആശയക്കുഴപ്പത്തിലായി ..
പ്രിൻസിപ്പലിനോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുള്ള ശ്രമത്തിനിടയിൽ നാടും വീടും എല്ലാം പറഞ്ഞു ,
പ്രിൻസിപ്പാൾ അപ്പോഴാണ് നിർമ്മലിന്റെ അച്ഛനെ കുറിച്ച് ചോദിച്ചത്. റിട്ടയേർഡ് അദ്ധ്യാപകനായിരുന്ന നിർമ്മലിന്റെ അച്ഛനെ അദ്ദേഹത്തിന് നല്ല പരിചയം ഉണ്ട്.
ഒടുവിൽ എല്ലാ കോപ്പികളും അറ്റസ്റ്റ് ചെയ്തു ഒരു ഓൾ ഡാ ബെസ്റ്റും പറഞ്ഞു പ്രിൻസിപ്പാൾ അയാളെ യാത്രയാക്കി ..
ഭംഗി വാക്കല്ലാതെ തന്റെ ഹൃദയത്തോട് ചേർത്ത് വച്ച് നന്ദി പറഞ്ഞു നിർമ്മൽ സ്കൂളിൽ നിന്ന് ഇറങ്ങി ..
വീണ്ടും നഗരസഭാ കാര്യാലയത്തിലേക്ക് നടന്നു …
തന്റെ മോശമല്ലാത്ത കൈപ്പടയിൽ പൂരിപ്പിച്ച അപേക്ഷയും  ആവശ്യപ്പെട്ട എല്ലാ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും നിർമ്മൽ സമർപ്പിച്ചു. അപേക്ഷ ഫീസടക്കാൻ ആവശ്യപ്പെട്ടു , കാശു കൊടുത്തു , പ്രിന്റ് ചെയത രസീത് നഗരസഭാ ഉദ്യോഗസ്ഥ നിർമ്മലിന് നൽകി.
അയാൾ നെടുവീർപ്പിട്ടു …. അപേക്ഷ സമർപ്പിച്ചല്ലോ …
എന്നിട്ട് വീണ്ടും ആ ഉദ്യോഗസ്ഥയോട് പറഞ്ഞു .. ” മാഡം , ഞാൻ നേരത്തെ പറഞ്ഞല്ലോ ഇത് അത്യാവശ്യമാണ് , ഒന്ന് വേഗത്തിൽ പരിഗണിക്കണം “
” ഇപ്പോൾ ജനിച്ച കുട്ടികളുടേതാണെങ്കിൽ നിങ്ങൾ പറഞ്ഞത് പോലെ നാളെ തന്നെ ശരിയാക്കി തരമായിരുന്നു , ഇത് അങ്ങിനെ പറ്റില്ല , സമയം എടുക്കും,  ” – അവർ പറഞ്ഞു.
” ഒരു പ്രത്യേക പരിഗണ ഉണ്ടാവണം , പ്ലീസ് ” , അയാൾ വീണ്ടും അവരോട് അപേക്ഷിച്ചു..
” ആ , ഇനി എന്തെങ്കിലും  ആവശ്യമുണ്ടെങ്കിൽ നിങ്ങളെ വിളിക്കും , ഇതിൽ തന്ന മൊബൈൽ നമ്പർ ഒക്കെ കറക്റ്റ് ആണല്ലോ , അല്ലേ “
” അതേ മാഡം “
പുഞ്ചിരിയോടെ താങ്ക്‌സും പറഞ്ഞു നിർമ്മൽ കാനത്തൂർ നഗരസഭാ കാര്യാലയത്തിന് പുറത്തിറങ്ങി.
അടുത്ത ഉള്ള പെട്ടിക്കടയിൽ നിന്ന് ഒരു ലൈം സോഡയും കുടിച്ചു അയാൾ വീട്ടിലേക്ക് മടങ്ങി.
അടുത്ത ദിവസം രാവിലെ നിർമ്മൽ ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ചു.
പോകുന്ന വഴി മൈസൂർ റോഡ് എത്തുന്നതിനു മുൻപ് തന്നെ അയാൾക്ക് ഓഫീസിൽ നിന്ന് ഫോൺ വന്നുകൊണ്ടേയിരുന്നു…
വണ്ടി നിർത്തിയതിന് ശേഷം സ്വസ്ഥമായി സംസാരിക്കാം എന്ന് കരുതി അയാൾ ഫോൺ അറ്റൻഡ് ചെയ്തില്ല.
ശ്രീരംഗപട്ടണം എത്തുന്നതിന് തൊട്ടു മുൻപുള്ള ” കാടു മന ” റെസ്റ്റോറന്റിൽ വണ്ടി നിർത്തി അയാൾ പുറത്തിറങ്ങി.
ഭക്ഷണം കഴിക്കുന്നതിനു മുൻപ് തന്നെ മാനേജരെ തിരിച്ചു വിളിച്ചു..
പ്രോജെക്ടിലെ മറ്റു കാര്യങ്ങൾ ഒക്കെ സംസാരിച്ചതിന് ശേഷം മാനേജർ പോയ കാര്യം എന്തായി  ? ബർത്ത് സർട്ടിഫിക്കറ്റ് കിട്ടിയോ എന്ന് നിർമ്മലിനോട് ചോദിച്ചു
” അപേക്ഷ സമർപ്പിച്ചിട്ടുണ്ട് , പെട്ടെന്ന് തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ” നിർമൽ പറഞ്ഞു.
മാനേജരുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം അവിടെ നിന്ന് ഭക്ഷണവും കഴിച്ചു അയാൾ യാത്ര തുടർന്നു …
ഒരാഴ്ചക്കുള്ളിൽ കാനത്തൂർ നഗരസഭയുടെ ചെമ്പകശ്ശേരി സോണൽ ഓഫീസിൽ നിന്ന് നിർമലിന് ഫോൺ വന്നു
” താങ്കളുടെ അപേക്ഷയുടെ ഭാഗമായി  ചെമ്പകശ്ശേരി വില്ലേജിലെ കിനാരൂരിൽ നിങ്ങളുടെ തറവാട്ട് വീട്ടിൽ ഞങ്ങൾ പോയിരുന്നു,
അവിടെ താമസിക്കുന്നത് വാടക കാരാണ് , നിങ്ങളെ അറിയില്ല എന്ന് പറഞ്ഞു , അടുത്ത വീട്ടിൽ ചോദിച്ചപ്പോൾ നിങ്ങളുടെ അമ്മാവന്റെ വീട് പറഞ്ഞു തന്നു , കാര്യങ്ങൾ ഒക്കെ ശേഖരിച്ചിട്ടുണ്ട് .. “
” വേറെ എന്തെങ്കിലും ആവശ്യമുണ്ടോ ? ” നിർമ്മൽ ചോദിച്ചു
” ഉണ്ട്, അതിനു  വേണ്ടിയാണ് വിളിച്ചത് , ഒരു ബന്ധുവിന്റേയും  രണ്ട് അയൽവാസികളുടെയും സത്യവാങ് മൂലം വേണം “
” ശരി മാഡം എത്തിക്കാം ”  നിർമൽ പറഞ്ഞു.
ആ ഫോൺ കോളിന് ശേഷം നിർമ്മൽ  കിനാരൂരിൽ ഉള്ള അമ്മാവനെ വിളിച്ചു ക്രൈം കാര്യം പറഞ്ഞു.
അടുത്ത ദിവസം ആ സത്യവാങ് മൂലങ്ങൾ നിർമ്മലിന്റെ അമ്മാവൻ കാനത്തൂർ നഗരസഭയുടെ ചെമ്പകശ്ശേരി സോണൽ ഓഫീസിൽ എത്തിച്ചു.
ഫ്രാൻസിലേക്ക് പോകാനുള്ള എല്ലാ  ഒരുക്കങ്ങളും നിർമ്മലിന്റെ ഓഫീസിൽ തകൃതിയായി നടക്കുന്നുണ്ടായിരുന്നു ,
നിർമ്മലിന്റെ ഭാര്യയും രണ്ടു പെൺമക്കളും നിർമ്മലിനോടൊപ്പം ബാംഗ്ലൂരിൽ തന്നെ ആണ് താമസം. മൂത്തമകൾ അവിടെ പഠിക്കുന്നു.
രണ്ടാമത്തെ മകൾ ജനിച്ചിട്ട് ഏതാണ്ട് ഒന്നര വർഷമേ ആയിട്ടുളളൂ …
ജനന സർട്ടിഫിക്കറ്റ് കിട്ടുമെന്ന ധാരണയിൽ കുറച്ചുമാസങ്ങൾക്ക് മുൻപ് നാട്ടിലേക്ക് പോയ അച്ഛനെയും അമ്മയെയും നിർമ്മൽ വീണ്ടും ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി.
പക്ഷെ ഒന്നും നടന്നില്ല ,….. നിർമ്മലിന്റെ ജനന സർട്ടിഫിക്കറ്റ് അപ്പോഴും ചുവപ്പ് നാടയിൽ തന്നെ
പുതിയ പ്രൊജക്റ്റ്ആയിരുന്നു , ടീം സെറ്റപ്പ് ഒക്കെ ചെയ്യാൻ വളരെ അധ്വാനിച്ച കൂട്ടത്തിൽ ഒരാൾ ആയിരുന്നു നിർമ്മൽ . …
ഒടുവിൽ അയാൾ തനിക്ക് പകരം ടീമിലെ വേറൊരാളെ ഓൺസൈറ്റിലേക്ക് നോമിനേറ്റ് ചെയ്തു.
ഓൺസൈറ്റ് ഇന്റർവ്യൂവിന്റെ കാര്യത്തിൽ നിർമ്മൽ കാര്യമായി തന്നെ  ആന്ധ്ര സ്വദേശിയായ തന്റെ സുഹൃത്ത് കൂടിയായ സഹപ്രവർത്തകനെ സഹായിച്ചു. തന്നോട് ചോദിച്ച ചോദ്യങ്ങൾ എല്ലാം നിർമ്മൽ സുഹൃത്തിനോട് പങ്ക് വെച്ചു.
സുഹൃത്ത് ഇന്റർവ്യൂ ക്ലിയർ ചെയ്തു. ആദ്യ ഘട്ടത്തിലെ മറ്റു എട്ടു പേരോടൊപ്പം  സുഹൃത്തും  വർഷം ഓഗസ്റ്റ് 18 ന് ഫ്രാൻസിലേക്ക് തിരിച്ചു.
ടീമിലേക്ക് വീണ്ടും അടുത്ത ഘട്ടത്തിലേക്ക് ആളുകളെ ഇന്റർവ്യൂ ചെയ്യലും ജൂനിയർ മെമ്പർമാർക്കുള്ള ട്രെയിനിങ്ങും ഒക്കെ ആയി നിർമ്മൽ ജോലിയിൽ വ്യാപൃതനായി , അപ്പോഴും അടുത്ത ബാച്ചിൽ പോകാമെന്ന പ്രതീക്ഷ അയാളിൽ ഉണ്ടായിരുന്നു.
” വീട് കുറേനാൾ പൂട്ടിയിട്ടതാണ് , നാട്ടിൽ നല്ല മഴയാണ്,  വിദേശത്തു പോകാൻ എല്ലാം ശരിയായാൽ വീണ്ടും തിരിച്ചുവരാം വരാം “
നിർമലിന്റെ അച്ഛൻ പറഞ്ഞു….
അങ്ങിനെ ഒരു ശനിയാഴ്ച അച്ഛനെയും അമ്മയെയും കൂട്ടി നിർമ്മൽ നാട്ടിലേക്ക് വന്നു …
അന്ന് പേരും മഴയിൽ കുടക് വഴി മാക്കൂട്ടം ചുരമിറങ്ങിയത് അയാൾ ഭീതിയോടെയേഓർക്കാറുള്ളു …..
ഏതാണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോൾ കാനത്തൂർ നഗരസഭയിൽ നിന്ന് നിർമലിനു ഒരു ഫോൺ വന്നു …
” നിങ്ങളുടെ സർട്ടിഫിക്കറ്റ് ശരിയായിട്ടുണ്ട് നേരിട്ട് വന്നു വാങ്ങണം ” എന്ന് പറഞ്ഞു.
മാനേജരോട് കാര്യം പറഞ്ഞു, സന്തോഷത്തോടെ അയാൾ മൂന്നാമത്തെ ദിവസം നാട്ടിലേക്ക് യാത്രതിരിച്ചു.
ബാംഗ്ലൂരിൽ നിന്ന് അയാൾ നേരെ പോയത് കാനത്തൂർ നഗരസഭാ കാര്യാലയത്തിലേക്കായിരുന്നു.
അപേക്ഷ സമർപ്പിക്കുമ്പോൾ ഉണ്ടായ അതെ ഉദ്യോഗസ്ഥ തന്നെ പ്രിന്റ് ചെയ്ത ഒരു സർട്ടിഫിക്കറ്റ് അയാൾക്ക്‌ നൽകി …
അത് വാങ്ങി , ഒന്നോടിച്ചു നോക്കി , അയാൾ അവരോട് ചോദിച്ചു
” മാഡം എന്റെ ബർത്ത് സർട്ടിഫിക്കറ്റ്  ? “
അപ്പോൾ അവർ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു
” താൻ  ആൾ കൊള്ളാമല്ലോ ? ഇത് ക്ലീയറൻസ് അഥവാ  നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആണ് ,
  അതായത് , കാനത്തൂർ നഗരസഭയിലും പരിസര പഞ്ചായത്തുകളിലും , പരിസര  നഗരസഭകളിലും താങ്കളുടെ  ജനനം രെജിസ്റ്റർ ചെയ്തിട്ടില്ല എന്നും അതുകൊണ്ട് പുതുതായി കാനത്തൂർ നഗരസഭയിൽ താങ്കളുടെ ജനനം രജിസ്റ്റർ ചെയ്യാവുന്നതാണ് “
നിർമ്മലിന്റെ മുഖത്ത് പല രസങ്ങളും, ഒരുമിച്ചു തെളിയുന്നത് പോലെ മുന്നിലിരിക്കുന്ന ഉദ്യോഗസ്ഥക്ക് തോന്നിയിട്ടുണ്ടാകാം
” അപ്പൊ മാഡം ഇനി എന്താണ് ചെയ്യേണ്ടത്  ”  നിർവികാരതയോടെ നിർമൽ ചോദിച്ചു.
” ഇതുമായി ചെമ്പകശ്ശേരി വില്ലജ് ഓഫീസിൽ പോയാൽ അടുത്ത നടപടികൾ അവർ പറഞ്ഞുതരും …
കൗണ്ടറിൽ പറഞ്ഞാൽ ഒരു അപേക്ഷാ ഫോറം കിട്ടും , അത് വാങ്ങിക്കോ ? “
” ശരി മാഡം “
അയാൾ അവിടെ നിന്ന് ഇറങ്ങി
അപ്പോൾ ആണ് അയാൾ സ്വയം തിരിച്ചറിഞ്ഞത് തന്റെ ജനന സർട്ടിഫിക്കറ്റ് ശരിയായിട്ടില്ല എന്ന് ..
വീണ്ടും ധൃതിയിൽ അയാൾ ആ ഉദ്യോഗസ്ഥയെ കാണാൻ പോയി ..
” അല്ല മാഡം , ഇതൊന്നും ഞാൻ കഴിഞ്ഞ തവണ വന്നപ്പോൾ നിങ്ങൾ  പറഞ്ഞില്ല , എനിക്ക് അത്യാവശ്യമാണ് , ആദ്യ ബാച്ചിൽ പോകേണ്ടതായിരുന്നു ഞാൻ , ബർത്ത് സർട്ടിഫിക്കറ്റ് ഇല്ലത്തത് കൊണ്ട് പോകാൻ കഴിഞ്ഞില്ല , ഒരു ബാച്ച് കൂടി അടുത്ത് തന്നെ പോകുന്നുണ്ട് , സർഫിക്കറ്റ് ശരിയായി എന്ന് പറഞ്ഞു ഇവിടെ നിന്ന് വിളിച്ചു പറഞ്ഞത് കൊണ്ട് ഞാൻ ഓഫീസിൽ ഓക്കേ പറഞ്ഞു , വിസ അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്തു , വിസ ഇന്റർവ്യൂ ഷെഡ്യൂൾ ചെയ്തു കഴിഞ്ഞു , ഇനി ഞാൻ എന്ത് ചെയ്യും “
ഒറ്റ ശ്വാസത്തിൽ അയാൾ പറഞ്ഞു നിർത്തി …
” അത് ഞങ്ങളോടാണോ ചോദിക്കേണ്ടത് ?
നിങ്ങളുടെ രക്ഷിതാക്കൾ രെജിസ്റ്റർ ചെയ്യാത്തതിന് ഞങ്ങളോട് പറഞ്ഞിട്ട് എന്ത് കാര്യം ?
ജനനം രജിസ്റ്റർ ചെയ്യാത്ത ത്തിനു രക്ഷിതാക്കളെ പരിഹസിക്കുക കൂടി ആയതോടെ നിർമ്മലിന്റെ ശബ്ദം കുറച്ചു ഉറക്കെ ആയി .
“ഇവിടെ  ഇരിക്കുന്ന നിങ്ങൾ എല്ലാവർക്കും ജനന സർട്ടിഫിക്കറ്റ് ഉണ്ടോ ? “
ആരും മറുപടി പറഞ്ഞില്ല , കുറച്ചു കഴിഞ്ഞപ്പോൾ താരതമ്യേന പ്രായക്കുറവുള്ള ഒരാൾ പറഞ്ഞു ” എനിക്കുണ്ട് “
” ഏതാ ജനന വർഷം ? ” അയാൾ തിരിച്ചു ചോദിച്ചു
” 1989 “
“എഴുപതുകളിൽ , 1980 നു മുൻപ് ജനിച്ച ആർക്കെങ്കിലും ഉണ്ടോ “
അതിനു മറുപടി ഒന്നും ഉണ്ടായില്ല ..
” നിങ്ങൾ സമയം കളയാതെ ചെമ്പകശ്ശേരി വില്ലേജ് ഓഫീസിലേക്ക് ചെല്ലൂ …” അവിടെ ഉള്ള മറ്റൊരു ഉദ്യോഗസ്ഥൻ സൗമ്യമായി പറഞ്ഞു..
” എന്റെ കൂടെ പഠിച്ച നാട്ടിലെ സഹപാഠികൾക്കോ , സമ പ്രായക്കാർക്കോ ജനന സർട്ടിഫിക്കറ്റ് ഉള്ളതായി എനിക്കറിയില്ല.”
എന്ന് കൂടെ പറഞ്ഞു വച്ച് നിർമൽ അവിടെ നിന്ന് ഇറങ്ങി …
യാത്ര മദ്ധ്യേ കുറിച്ച രണ്ട് കട്ടൻ ചായകൾ അല്ലാതെ വേറൊന്നും അയാളുടെ വയറ്റിൽ ഉണ്ടായിരുന്നില്ല …
ചെമ്പകശ്ശേരി വില്ലേജ് ഓഫീസിൽ കൂടി പോയതിനു ശേഷം വല്ലതും കഴിക്കാം ..
തത്കാലത്തേക്ക് ഒരു കട്ടൻ ചായയും പഫ്‌സും മതി …
അതും കഴിച്ചു നിർമൽ  ചെമ്പകശ്ശേരി വില്ലേജ് ഓഫീസിലേക്ക് യാത്ര തിരിച്ചു.
ജനന സർട്ടിഫിക്കറ്റ് യാത്ര – അദ്ധ്യായം -2
????????????
ചെമ്പകശ്ശേരി വില്ലേജ് ഓഫീസിൽ…
അവിടെ എത്തിയ നിർമ്മൽ ആദ്യ സീറ്റിൽ ഇരിക്കുന്ന ഉദ്യോഗസ്ഥനോട് കാര്യങ്ങൾ വിശദമായി തന്നെ പറഞ്ഞു..
വർഷങ്ങൾക്ക് ശേഷം ജനനം റെജിസ്റ്റർ ചെയ്യാനുള്ള  നടപടിക്രമങ്ങൾ എന്തൊക്കെയാണ് എന്ന് അദ്ദേഹം വിശദമായി നിർമലിനു പറഞ്ഞുകൊടുത്തു. ഒപ്പം ആവശ്യമുള്ള ഡോക്യൂമെന്റുകൾ ഏതൊക്കെ എന്ന് വ്യക്തമാക്കുന്ന ഒരു ലിസ്റ്റ് അടങ്ങിയ ഒരു പേപ്പറും നൽകി.
നിർമലിനെ സമാധാനിപ്പിക്കാനും അദ്ദേഹം മറന്നില്ല …
” ടെൻഷൻ വേണ്ട , നാളെ തന്നെ ഇതൊക്കെ ഇവിടെ എത്തിച്ചാൽ അടുത്ത ദിവസം നേരിട്ട് ആർ ഡി ഓ ഓഫീസിൽ എത്തിക്കാം “
അദ്ദേഹത്തിന്റെ വാക്കുകൾ അയാൾക്ക് ഒരു ആശ്വാസമായി തോന്നി ..
അവിടെ നിന്ന് ഇറങ്ങി നേരെ വീട്ടിലേക്ക്….
ദീർഘ ദൂര യാത്രയുടെ ക്ഷീണം അയാളെ തെല്ലല്ലാതെ അലട്ടുന്നുണ്ടായിരുന്നു.
വീട്ടിലെത്തി , ഭക്ഷണം കഴിച്ചു അയാൾ വീണ്ടും ഇറങ്ങി …
അയാളുടെ ആധാർ , എസ് എസ് എൽ സി ബുക്കിന്റെ ആദ്യ പേജ്, വോട്ടർ ഐഡി , സഹോദരന്റെയും സഹോദരിയുടെയും ജനനം തെളിയിക്കുന്ന രേഖകളായി ആധാർ, സഹോദരന്റെ പാൻകാർഡ് ഇവയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ എടുത്തു.
ഇവയൊക്കെ ഗസറ്റഡ് ഓഫീസറെ കൊണ്ട് അറ്റസ്റ്റ്ചെയ്യിക്കണം .
ഒപ്പം
നേരത്തെ സത്യവാങ്മൂലം കൊടുത്ത ഒരു ബന്ധു , രണ്ടു അയൽവാസികൾ , അച്ഛൻ , അമ്മ എന്നിവരുടെ രണ്ട് വീതം സത്യവാങ്മൂലം വേണം
ഒരു ബന്ധു , രണ്ടു അയൽവാസികൾ , അച്ഛൻ , അമ്മ നേരിട്ട് ചെമ്പകശ്ശേരി വില്ലേജ് ഓഫീസിൽ  എത്തിക്കണം.
നിർമ്മൽ അമ്മാവനെ വിളിച്ചു കാര്യം പറഞ്ഞു , അദ്ദേഹം രണ്ടു അയൽവാസികളോടും അടുത്ത ദിവസം ചെമ്പകശ്ശേരി വില്ലേജ് ഓഫീസിൽ പോകുന്ന കാര്യം അവതരിപ്പിച്ചു … രണ്ടു പേരും വരാമെന്നു പറഞ്ഞു..
നിർമ്മൽ തന്റെ സുഹൃത്തായ ഹയർസെക്കണ്ടറി അദ്ധ്യാപകനെ കൊണ്ട് സർട്ടിഫിക്കറ്റ് കോപ്പികൾ അറ്റസ്റ്റ് ചെയ്യിച്ചു.
എല്ലാ രേഖകളുമായി അടുത്ത ദിവസം രാവിലെ തന്നെ നിർമൽ  ചെമ്പകശ്ശേരി വില്ലജ് ഓഫീസിൽ എത്തി ,
കഴിഞ്ഞ ദിവസം കണ്ട ഉദ്യോഗസ്ഥൻ അവിടെ ഉണ്ടായിരുന്നു…
കുശലാന്വേഷണങ്ങൾ നടത്തിയതിന് ശേഷം അദ്ദേഹം ചോദിച്ചു  ” എല്ലാവരും എത്തിയോ ? “
” അവിടെ നിന്ന് പുറപ്പെട്ടു ,  ഇപ്പൊ ഇവിടെ എത്തും  ” നിർമൽ പറഞ്ഞു …
” അല്പം വൈകിയാലും പ്രശ്നമില്ല , ഓഫീസർ രാവിലെ ഒരു സൈറ്റിൽ പോയതാണ് , ഇവിടെ അടുത്ത് തന്നെ ആണ്”
സത്യവാങ് മൂലം നൽകിയ എല്ലാവരും നേരിട്ട് എത്തണം
നിർമ്മലിന്റെ അച്ഛൻ വേറൊരു വണ്ടിയിൽ കിനാരൂരിലെ മൂന്ന് പേരെയും കൂട്ടി ചെമ്പകശ്ശേരി വില്ലജ് ഓഫീസിൽ എത്തി .
മുപ്പത്  മിനുട്ട് കാത്തിരിപ്പ്  ….
ആദ്യത്തെ ഉദ്യോഗസ്ഥൻ പറഞ്ഞ സമയം ഏതാണ്ട് ശരിവെച്ചു കൊണ്ട് വില്ലേജ് ഓഫീസർ എത്തി
വില്ലജ് ഓഫീസറുടെ മുന്നിൽ വച്ച് എല്ലാവരും സത്യവാങ് മൂലം  ഒപ്പിട്ടു കൊടുത്തു …
” അമ്മക്ക് ചെറിയ അസുഖമാണ് ഇന്ന് ഇവിടെ വരാൻ ബുദ്ധിമുട്ട് ഉണ്ട് ” നിർമ്മൽ പറഞ്ഞു
” സാരമില്ല , മറ്റുള്ളവരെല്ലാം എത്തിയതല്ലേ , നിങ്ങൾ ഒപ്പിടുവിച്ചു സത്യവാങ് മൂലം എത്തിച്ചാൽ മതി ” ശാന്തമായി തന്നെ ഓഫീസർ നിർമ്മലിനോട് പറഞ്ഞു.
ഉടൻ തന്നെ അവിടെ നിന്ന് പേപ്പറുമായി നിർമ്മൽ വീട്ടിലേക്ക് പോയി, സത്യവാങ് മൂലത്തിൽ അമ്മയുടെ ഒപ്പിട്ട് തിരിച്ചു വന്നു..
അപ്പോഴാണ് പറയുന്നത് ഒരു നോട്ടറിയുടെ സത്യവാങ് മൂലം വേണം എന്ന് ,
മറ്റുള്ളവരെ എല്ലാം വീട്ടിലേക്ക് അയച്ചു നോട്ടറിയുടെ സത്യവാങ് മൂലത്തിനായി നിർമ്മൽ കാനത്തൂരിലേക്ക് പോയി.
വക്കീലിനെ കണ്ടു… കാര്യം പറഞ്ഞു…
സത്യവാങ് മൂലം കിട്ടി …
ഏതാണ്ട് മൂന്ന് – മൂന്നരയോടെ സത്യവാങ് മൂലം ചെമ്പകശ്ശേരിയിൽ എത്തിച്ചു.
അവിടത്തെ ജീവനക്കാർ എല്ലാവരും നല്ല രീതിയിൽ ആണ് ഇടപെട്ടത്
ഈ സത്യവാങ് മൂലങ്ങളും മറ്റു ഡോക്യൂമെന്റുകളും ആർ ഡി ഓ ഓഫീസിൽ  അയച്ചു അവർ അന്വേഷണം നടത്തി  അതിന്റെ വിവരം കോർപറേഷനിൽ കൊടുക്കും എന്ന് പറഞ്ഞു …
” ടെൻഷൻ വേണ്ട , നാളെ നേരിട്ട് ആർ ഡി ഓ  ഓഫീസിൽ  എത്തിക്കാം  “
ആദ്യം മുതൽ ഒരു സഹോദരനെ പോലെ സഹായിച്ച പേരറിയാത്ത ആ ഉദ്യോഗസ്ഥൻ നിർമ്മലിന് ഉറപ്പ് നൽകി .
അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു നിർമ്മൽ അവിടെ നിന്ന് ഇറങ്ങി.
” ഹോ … രണ്ടു ദിവസത്തെ നെട്ടോട്ടം വെറുതെ ആയില്ല ” നിർമ്മൽ ആശ്വസിച്ചു ….
പിറ്റേന്ന് തിരിച്ചു ബാംഗ്ലൂരിലേക്ക് പോകാൻ പ്ലാൻ ചെയ്തു .
വീട്ടിലെത്തിയതിന് ശേഷം ഒരു ചായയും കുടിച്ചു നിർമ്മൽ വീണ്ടും പുറത്തേക്കിറങ്ങി ..
നാട്ടിലെത്തിയാൽ അയാളുടെ രാത്രികൾ ഏതാണ്ട് പത്തുമണി വരെ സുഹൃത്തുക്കളോടൊപ്പം ആയിരിക്കും
രാത്രി ഒരു ഒൻപതു മണിയായപ്പോൾ ചെമ്പകശ്ശേരി വില്ലജ് ഓഫീസിലെ ഉദ്യോഗസ്ഥൻ വിളിച്ചു. .
” അച്ഛനും അമ്മയും ചെമ്പൻമല വില്ലേജിലെ താമസക്കാരായതിനാൽ അപേക്ഷ ചെമ്പൻമല വില്ലേജ് വഴിയാണ് ആർ ഡി ഓ ക്കു സമർപ്പിക്കേണ്ടത്
നാളെ രാവിലെ വന്നാൽ ഫയൽ നേരിട്ട് കൈയിൽ തരാം ,
ചെമ്പൻമല വില്ലേജ് ഓഫീസിൽ ഞാൻ തന്നെ നാളെ വിളിച്ചു പറയാം ”  അദ്ദേഹം ഫോണിലൂടെ നിർമ്മലിനോട് പറഞ്ഞു.
” ശരി സാർ ” നിർമ്മൽ പറഞ്ഞു….
ഒരു വക കരക്കടുപ്പിച്ചത് വീണ്ടും പ്രശ്നമാകുമോ എന്ന ആശങ്ക ആ രാത്രി മുഴുവൻ നിർമ്മലിന് ഉണ്ടായിരുന്നു.
ആ രാത്രി എങ്ങിനെയൊക്കെ നേരം വെളുപ്പിച്ചു …
ജനന സർട്ടിഫിക്കറ്റ് യാത്ര – അദ്ധ്യായം -3
????????????
അടുത്ത ദിവസം രാവിലെ തന്നെ നിർമ്മൽ ചെമ്പകശ്ശേരി വില്ലജ് ഓഫീസിൽ പോയി …
അവിടത്തെ പേരറിയാത്ത ആ ഉദ്യോഗസ്ഥൻ ഒരു കെട്ടു ഡോക്യൂമെന്റുകളും സത്യവാങ്മൂലങ്ങളും അപേക്ഷയും അടങ്ങുന്ന ഫയൽ നിർമ്മലിനെ
ഏൽപ്പിച്ചു.
നിർമ്മലിന്റെ മുന്നിൽ വച്ച് തെന്നെ ചെമ്പൻമല വില്ലജ് ഓഫീസിലേക്ക് വിളിച്ചു കാര്യം പറഞ്ഞു ,
” അത്യാവശ്യമാണ്, പെട്ടെന്ന് ചെയ്തു കൊടുക്കണം ” എന്ന് കൂടി പറയുന്നത് നിർമ്മൽ കേട്ടിരുന്നു….
അവിടെ നിന്ന് ഇറങ്ങാൻ നേരം ആ ഉദ്യോഗസ്ഥൻ വീണ്ടും നിർമ്മലിനോട് പറഞ്ഞു ..
” കിട്ടുമെങ്കിൽ ഫയൽ നേരിട്ട് വാങ്ങിക്കോ , ഉച്ചക്ക് മുൻപേ ഇവിടെ എത്തിച്ചാൽ ഇന്ന് തന്നെ ആർ ഡി ഓ ഓഫീസിൽ എത്തിക്കാം “
” ശരി സാർ  ” നിർമ്മൽ പറഞ്ഞു ..
ആ ഉദ്യോഗസ്ഥനോട് നിർമ്മലിന് വലിയ ബഹുമാനം തോന്നി …
ചെമ്പകശ്ശേരിയിൽ നിന്ന് ചെമ്പൻമല  വില്ലജ് ഓഫീസിലേക്ക് അയാൾ പോയി
അവിടെ എത്തി … ആദ്യ സീറ്റിൽ ഇരിക്കുന്ന ആളോട് കാര്യം പറഞ്ഞപ്പോൾ തിരക്കാണ് കുറച്ചു സമയം കാത്തിരിക്കൂ എന്ന് പറഞ്ഞു
പിന്നെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് …
ക്ഷമ കെട്ടു നിർമ്മൽ വീണ്ടും അകത്ത് കയറി
വീണ്ടും കാത്തിരിക്കാൻ പറഞ്ഞു
വീണ്ടും കയറിയപ്പോൾ ആദ്യം ഇരിക്കുന്ന ആൾ ഫയൽ വാങ്ങി…
ഫയൽ മറിച്ചു നോക്കിയശേഷം പരിഹാസത്തോടെ ചോദിച്ചു
” ജനനം രജിസ്റ്റർ ചെയ്യണം എന്നത് അറിയില്ലേ  ?”
“രജിസ്റ്റർ ചെയ്യാത്തത് കൊണ്ടല്ലേ സാർ അപേക്ഷയുമായി വന്നത്  ? ” നിർമ്മൽ തിരിച്ചു ചോദിച്ചു.
നഗരസഭയിൽ ചോദിച്ച അതെ ചോദ്യം നിർമ്മൽ അവിടെയും ആവർത്തിച്ചു …
” നിങ്ങൾക്കൊക്കെ ജനന സർട്ടിഫിക്കറ്റ് ഉണ്ടല്ലോ അല്ലെ ? “
ആരും മറുപടി പറഞ്ഞില്ല
പിന്നെ തകൃതിയായ ഫയൽ പരിശോധന …
” സഹോദരിയുടെ ജനന തീയ്യതി തെളിയിക്കാൻ ആധാർ പോരാ, എസ് എസ് എൽ സി ബുക്ക് വേണം ” ആ ഉദ്യോഗസ്ഥൻ പറഞ്ഞു
അതും പറഞ്ഞു ഉദ്യോഗസ്ഥൻ ഫയൽ നിർമലിന് നേരെ നീട്ടി …
” സാർ , ആധാർ എന്തുകൊണ്ടാണ് സ്വീകാര്യം അല്ലാത്തത് ” നിർമ്മൽ ചോദിച്ചു
” ജനന തീയ്യതി തെളിയിക്കാൻ വർഷം മാത്രം പോരാ , ജനന തീയ്യതി ഉള്ള സർട്ടിഫിക്കറ്റുമായി വാ ” ആ ഉദ്യോഗസ്ഥൻ പറഞ്ഞു.
നിർമ്മലിന് ആകെ കൂടി ദേഷ്യം ഇരട്ടിക്കാൻ തുടങ്ങി … ഇനി എല്ലാം ശരിയായാൽ തന്നെ ഇതൊക്കെ ഇന്ന് ചെമ്പകശ്ശേരി ഓഫീസിൽ എത്തിക്കാൻ കഴിയില്ല , സമയം അത്രയേറെ ആയി ,  അതിനിടയിൽ ആണ് ഇയാളുടെ ആധാർ പ്രശ്നം.
മിഥുനം സിനിമയിൽ മോഹൻലാലിൻറെ ദാക്ഷായണി ബിസ്കറ്റ് കമ്പനി പരിശോധിക്കാൻ ഉദ്യോഗസ്ഥൻ വന്നപ്പോൾ
” ഐ എസ് ഐ സർട്ടിഫിക്കറ്റ് എവിടെ ? ” എന്ന ചോദ്യത്തിന്
”  സൂക്ഷിച്ചു നോക്ക് സാറേ , അപ്പോൾ കാണും ” എന്ന ഇന്നസെന്റിന്റെ മറുപടിയാണ് നിർമ്മലിന്റെ മനസ്സിൽ എത്തിയത്.
” ചെമ്പകശ്ശേരി  വില്ലജ് ഓഫീസിലും കാനത്തൂർ നഗരസഭാ ഓഫീസിലും ഇത്  സ്വീകാര്യമായിരുന്നു സാർ “
” സാർ സൂക്ഷിച്ചു നോക്കൂ , എന്നാൽ ജനന തീയ്യതി അതിൽ കാണാം ” നിർമ്മൽ പറഞ്ഞു …
എന്നിട്ട് സംശയ നിവാരണത്തിന്ന് തന്റെ കൈയിൽ ഉള്ള കോപ്പി നിർമ്മൽ പരിശോധിച്ചു …
തന്റെയും സഹോദരിയുടെയും ആധാറിൽ ജനന തീയ്യതി കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് അയാൾ ഉറപ്പിച്ചു.
കുറെ നേരത്തെ തർക്കത്തിനൊടുവിൽ നിർമ്മൽ ആ ഉദ്യോഗസ്ഥനോട് പറഞ്ഞു :.
” ഈ ആധാർ ഇവിടെ ജനന തീയതി തെളിയിക്കാൻ ഉപയോഗിക്കാൻ കഴിയില്ല എന്ന് നിങ്ങൾ എഴുതി ഒപ്പിട്ടു നൽകിയാൽ ഞാൻ സഹോദരിയുടെ ജനന തീയ്യതി തെളിയിക്കാൻ വേറെ സർട്ടിഫിക്കറ്റ് ഹാജരാക്കാം “
ഒടുവിൽ ആ ഫയൽ വില്ലേജ് ഓഫീസർ അശ്വതിയുടെ മേശപ്പുറത്ത് ….
ആ തർക്കത്തിന്റെ ഒടുവിലത്തെ സീനാണ് നമ്മൾ നേരത്തെ കണ്ടത്.
പുറത്തെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന നിർമ്മലിനെ രത്നാകരൻ വിളിച്ചു.
നീണ്ട സമയത്തെ തർക്കത്തിന് ഒടുവിൽ നിർമ്മലിന്റെ സഹോദരിയുടെ ആധാറിന്‌ ചെമ്പൻമല വില്ലേജ് ഓഫീസിൽ അംഗീകാരം കിട്ടി.
പിന്നെയും പ്രശ്നങ്ങൾ അവസാനിച്ചില്ല ….
നേരത്തെ ചെമ്പകശ്ശേരി വില്ലേജ് ഓഫീസിൽ കൂട്ടികൊണ്ടുപോയ എല്ലാവരെയും ചെമ്പൻമല ഓഫീസിൽ എത്തിക്കണം എന്നായി ,
അതിനെ  കുറിച്ചും വാഗ്വാദം തുടർന്നു ….
നിർമ്മൽ ചെമ്പകശ്ശേരിയിലെ വില്ലജ് ഓഫീസിൽ വിളിച്ചു ഫോൺ ചെമ്പൻമലയിലെ ഓഫീസർക്ക് നൽകി….
അവർ തമ്മിൽ സംസാരിച്ചു …
അങ്ങിനെ ആ  നിബന്ധനയിലും ഇളവ്കിട്ടി …
.
“അച്ഛനും അമ്മയും ഇവിടെ വരണം ബാക്കി മൂന്നു പേര് വേണ്ട , ” എന്ന് ഓഫീസർ അശ്വതി പറഞ്ഞു ..
” അമ്മക്ക് നല്ല സുഖമില്ല , സത്യവാങ് മൂലം തന്നാൽ ഞാൻ അമ്മയെ കൊണ്ട് ഒപ്പിടുവിച്ചു തിരിച്ചെത്തിക്കാം ” നിർമ്മൽ പറഞ്ഞു.
” അതൊന്നും പറ്റില്ല ” അവർ പറഞ്ഞു.
“ഇവിടെ നിന്ന് ആരെങ്കിലും വരികയാണെങ്കിൽ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകാം ” നിർമ്മൽ പറഞ്ഞു
കുറച്ചു സമയത്തെ സംസാരത്തിനു ശേഷം അത് അംഗീകരിച്ചു.
അങ്ങിനെ ചെമ്പകശ്ശേരിയിൽ നിന്നെഴുതിയ അച്ഛന്റെയും  അമ്മയുടെയും സത്യവാങ്മൂലം മാറ്റിയെഴുതാൻ തുടങ്ങി …
അതിലെ ചില  പ്രയോഗങ്ങൾ വീണ്ടും തർക്കത്തിന് കാരണമായി
” മൂത്ത  മകന്റെയും മകളുടെയും ജനനം രേജിസ്റെർ ചെയ്‌തെങ്കിലും ഇളയ മകന്റേതു രജിസ്റ്റർ ചെയ്തില്ല “
എന്ന വാക്യം ചെമ്പകശ്ശേരിയിലെ സത്യവാങ് മൂലത്തിൽ ഉണ്ടായിരുന്നില്ല ,
ചെമ്പൻമലയിൽ അത് ഉൾപ്പെട്ടു ….
” മൂന്നു പേരുടെ ജനനവും രെജിസ്റ്റർ ചെയ്തിട്ടില്ല ,
അതുകൊണ്ട് അത്തരമൊരു ക്ലോസ് ആവശ്യമില്ല , അത് പിന്നീട് പ്രശ്നമാണ്, അവരുടെ സർട്ടിഫിക്കറ്റ് വേണമെന്നു ആവശ്യപ്പെട്ടാൽ എന്ത് ചെയ്യും ? ” നിർമ്മൽ ചോദിച്ചു ,….
അതിനു വീണ്ടും കുറെ തർക്കം …
” ചെമ്പകശ്ശേരി ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഇവിടെ ഉള്ളത്  ? രണ്ടും വില്ലേജ് ഓഫീസ് തന്നെ അല്ലേ ? “
നിർമ്മൽ രോഷാകുലനായി ചോദിച്ചു.
പിന്നെയും ഏറെ നേരം വാഗ്വാദങ്ങൾ
നിയമവും സമയവും ഒക്കെ പറഞ്ഞു വെച്ച് താമസിപ്പിക്കുന്നതിന്റെ ഭീഷിണി വേറെയും  …
ക്ഷമയുടെ എല്ലാ അതിർവരമ്പുകളും കഴിഞ്ഞു എന്ന് ബോധ്യപ്പെട്ട നിർമ്മൽ തന്റെ ജനനം റെജിസ്റ്റർ ചെയ്യാനുള്ള ഉദ്യമം എന്നന്നേക്കുമായി ഉപേക്ഷിക്കാം എന്ന തീരുമാനത്തിൽ എത്തി
എല്ലാറ്റിനും മറുപടി ആയി അയാൾ ആ ഓഫീസറോട് പറഞ്ഞു
” ഇന്ന ഇന്ന കാരണങ്ങളാൽ എന്റെ അപേക്ഷ സ്വീകരിക്കാൻ കഴിയില്ല എന്ന് വെള്ളപേപ്പറിൽ എഴുതി ഒപ്പിട്ട് സീല് വെച്ച് തന്നാൽ ഞാൻ പോയിക്കൊള്ളാം “
ഇത്തവണ രാജീവനും സന്ധ്യയും അവരുടെ സീറ്റിൽ തന്നെയാണ്,  അപ്പോൾ രത്‌നാകരൻ വീണ്ടും എത്തി ,
” ഞാൻ ഇയാളുടെ കൂടെ പോയി ഇയാളുടെ അച്ഛന്റെയും അമ്മയുടെയും സത്യവാങ് മൂലം വാങ്ങിക്കോളാം ” രത്നാകരൻ അശ്വതിയോട് പറഞ്ഞു.
വീണ്ടും പേപ്പർ മാറ്റി നിർമ്മലിന്റെ അച്ഛന്റെയും അമ്മയുടെയും സത്യവാങ് മൂലം എഴുതി..
നിർമ്മലും രത്നാകരനും നിർമ്മലിന്റെ വീട്ടിലെത്തി …
സത്യവാങ് മൂലത്തിൽ നിർമ്മലിന്റെ അച്ഛനും അമ്മയും ഒപ്പിട്ടു …
ആ രേഖകളുമായി അവർ മടങ്ങുമ്പോൾ രത്‌നാകരൻ ചോദിച്ചു
” മാഷുടെ മകനായിരുന്നു , അല്ലേ “
” അതെ ” നിർമ്മൽ മറുപടി പറഞ്ഞു…
നിർമ്മലിന്റെ അച്ഛനുമായി രത്നാകരന് കുറേക്കാലമായുള്ള പരിചയം ഉണ്ട്. അയാൾ അത് നിർമ്മലിനോട് പറഞ്ഞു.
തിരിച്ചുള്ള യാത്രയിൽ അവർ കുറെ കാര്യങ്ങൾ സംസാരിച്ചു
നിർമ്മൽ അയാളുടെ നിലപാടുകളും രാഷ്ട്രീയ കാഴ്ചപ്പാടുകളും ഒക്കെ ഒരു മറയും ഇല്ലാതെ രത്നാകരനോട് പങ്ക് വെച്ചു.
ചെമ്പൻമലയിലെ ചില നേതാക്കളുടെ പേര് പറഞ്ഞുകൊണ്ട് രത്നാകരൻ തുടർന്നു ….
” ഇവരിൽ ആരെയെങ്കിലും കൂടെ കൂട്ടിയിരുന്നെങ്കിൽ  അശ്വതിയും രാജീവനും ഇത്രയും തടസ്സങ്ങൾ പറയില്ലായിരുന്നു “
” ഏതൊരു പൗരനും നിയമപരമായി ലഭിക്കേണ്ട നീതി ലഭിക്കണം ..
അതിനു കൈക്കൂലിയോ രാഷ്ട്രീയ നേതാക്കളുടെ ശുപാര്ശയോ ആവശ്യമില്ല എന്ന പക്ഷക്കാരാണ് ഞാൻ  ” നിർമൽ പറഞ്ഞു.
പിന്നെ അതിനെ കുറിച്ച് രത്‌നാകരൻ ഒന്നും പറഞ്ഞില്ല.
രാജീവനും അശ്വതിയും ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത് , രത്നാകരന് വലിയ റോളില്ല എന്ന് നിർമ്മലിന് തോന്നി.
തോന്നലായിരുന്നില്ല, അതായിരുന്നു സത്യം.
ഒടുവിൽ ചെമ്പൻമല വില്ലേജ് ഓഫീസിൽ അപേക്ഷ ഫീസും അടച്ചുപോകാൻ നേരത്ത്
” അഥവാ ബിരിയാണി കൊടുത്താലോ ” എന്ന മട്ടിൽ വെറുതെ നിർമ്മൽ ചോദിച്ചു
”  മാഡം , നേരിട്ട് ഫയൽ തന്നാൽ ചെമ്പകശ്ശേരി വില്ലേജ് ഓഫീസിൽ നിന്ന് ഇന്ന് തന്നെ ആർ ഡി ഓ ഓഫീസിൽ എത്തിക്കും എന്ന് പറഞ്ഞിരുന്നു ,
ഫയൽ എന്റെ കൈയിൽ തരുമോ ? വേണമെങ്കിൽ അവിടെവിളിച്ചു  നിങ്ങൾക്ക് ചോദിക്കാം  “
പരിഹാസ  രീതിയിൽ ആണ് അവർ മറുപടി പറഞ്ഞത്
” എവിടെ എപ്പോൾ  എങ്ങിനെ കൊടുക്കണം എന്ന് ഞങ്ങൾക്കറിയാം , നീ തൽക്കാലം ഞങ്ങളുടെ ജോലി ഏറ്റെടുക്കേണ്ട “
പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കണം എന്ന് നിർമ്മലിന് തോന്നിയില്ല …
എന്നിട്ടും അയാൾ ഇറങ്ങാൻ നേരത്ത് ചോദിച്ചു ….
” ഇനിയെന്തെങ്കിലും ആവശ്യമുണ്ടോ ? ഞാൻ ഇന്ന് രാത്രി തിരിച്ചു ബാംഗ്ലൂരിലേക്ക് പോകും “
” ഇപ്പോൾ ഒന്നും വേണ്ട, ആവശ്യമുണ്ടെങ്കിൽ വിളിക്കും ” അശ്വതിയുടെ മറുപടിയുടെ ആ അദ്ധ്യായവും അവസാനിച്ചു.
നിർമ്മൽ ബാംഗ്ലൂരിൽ എത്തി രണ്ടാഴ്ച  കഴിഞ്ഞപ്പോൾ ചെമ്പൻമല വില്ലേജ് ഓഫീസിൽ നിന്ന് ഫോൺ
രത്നാകരൻ ആണ് ഫോണിൽ
“അപേക്ഷകൻ എന്ന നിലയിൽ നിർമലിന്റെ സത്യവാങ്മൂലം ചെമ്പകശ്ശേരിയിലേതാണ് ഉള്ളത്, അത് ചെമ്പൻമലയിലെത്താക്കണം “
” അപ്പൊ സാർ , ഇത് വരെ ആർ ഡി ഓ ഓഫീസിലേക്ക് അയച്ചില്ലേ ? ” നിർമ്മൽ ചോദിച്ചു
” ഇല്ല , ഇവിടെ പല  തിരക്കുകളും  ഉണ്ടായിരുന്നു , 14 ദിവസം നിയമപരമായി തന്നെ ഇവിടെ വെക്കാം ” ഇത് പറയുമ്പോൾ രത്നാകരന്റെ വാക്കുകളിൽ ഒരു ഇടർച്ച ഉണ്ടായിരുന്നു ….
” എനിക്ക് ഇപ്പോൾ വരാൻ കഴിയില്ല , ഇനി എന്ത് ചെയ്യും , ഞാൻ ചോദിച്ചതല്ലേ ഇനി എന്തെങ്കിലും വേണോ എന്ന് “
ഫോണിലൂടെ ആണെങ്കിലും തന്റെ അനിഷ്ടം നിർമ്മൽ മറച്ചു വെച്ചില്ല
ഒടുവിൽ രത്നാകരൻ പറഞ്ഞു ” ഒപ്പിട്ട രണ്ട് വെള്ളപേപ്പറുകൾ അയച്ചാൽ മതി, ഞാൻ ശരിയാക്കാം “
ഫോൺ വച്ച് നിർമ്മൽ ആലോചിച്ചു …
എന്ന് പറഞ്ഞാൽ എത്ര കണ്ട് വൈകിക്കാൻ കഴിയുമോ അത്രയും വൈകിപ്പിച്ചു, അതാണ് ചുരുക്കം ..
അടുത്ത ദിവസം രണ്ട് വെള്ളപേപ്പറുകളിൽ ഒപ്പിട്ട് സ്പീഡ് പോസ്റ്റിൽ ചെമ്പൻമല വില്ലേജ് ഓഫീസിലേക്ക് നിർമ്മൽ അയച്ചുകൊടുത്തു …
അന്ന് പോസ്റ്റ് ഓഫീസിനു സമീപം പാർക്ക് ചെയ്‌തെത്തിനു നിർമ്മലിന്റെ വണ്ടി  ട്രാഫിക് പോലീസ് കെട്ടി വലിച്ചു കൊണ്ട് പോയി….
ആയിരത്തി അഞ്ഞൂറ് രൂപ ആവശ്യപ്പെട്ട ബാംഗ്ലൂർ ട്രാഫിക് പോലീസിനോട് ആദ്യം തർക്കിച്ചും പിന്നെ അപേക്ഷിച്ചും 800 രൂപയിലൊതുക്കി.
പിന്നെയും ദിവസങ്ങൾ …. ആഴ്ചകൾ … മാസങ്ങൾ  …
ആർ ഡി ഓ ഓഫീസിൽ നിന്ന് കാര്യങ്ങൾ തിരക്കി ഒരു ദിവസം ഫോൺ വന്നു.
” എല്ലാം ശരിയയായിട്ടുണ്ട് ,നഗരസഭാ ഓഫീസിലേക്ക് റിപ്പോർട് അയച്ചിട്ടുണ്ട് ” എന്ന് പറഞ്ഞു.
നഗരസഭാ ഓഫീസിൽ നിന്ന് ഫോൺ വരാൻ പിന്നെയും രണ്ടാഴ്ച വേണ്ടി വന്നു
നിർമ്മൽ വീണ്ടും നാട്ടിലേക്ക് യാത്ര തിരിച്ചു ,
ജനന സർട്ടിഫിക്കറ്റ്  – അദ്ധ്യായം – 4
 ????????????
കാനത്തൂർ നഗരസഭാ ഓഫീസിലെത്തിയ നിർമ്മലിനോട് വേറൊരു  ഫോം പൂരിപ്പിച്ചു നല്കാനും കാശ് അടക്കാനും പറഞ്ഞു ,
അതായിരുന്നു അയാളുടെ ജനന സർട്ടിഫിക്കറ്റിനുള്ള അവസാനത്തെ അപേക്ഷ ….
തന്റെ കൈപ്പടയിൽ അപേക്ഷ പൂരിപ്പിച്ചു വരുമ്പോൾ സീറ്റിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥ ബാഗുമെടുത്തു ഇറങ്ങുന്നു ….
” മാഡം , ഇതാ ഫോം , ഫീ എത്രയാണ്  ?” നിർമ്മൽ ചോദിച്ചു
” നിങ്ങൾ നാളെ വരൂ , എന്റെ ട്രെയിൻ സമയമായി ” യാതൊരു കൂസലും ഇല്ലാതെ അവർ ഇറങ്ങിപ്പോയി.
പിന്നെ അവിടെ സംഭവിച്ചത് ഊഹിക്കാവുന്നതേ ഉള്ളൂ …
അയാളുടെ ശബ്ദം ഉച്ചസ്ഥായിലായി …
” എല്ലാം ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ട് ഇത് സോഷ്യൽ മീഡിയയിൽ നിറയും ….
ചാനലുകൾ ഏറ്റെടുക്കും …”  നിർമ്മൽ പറഞ്ഞു …
ഒപ്പം ജനന സർട്ടിഫിക്കറ്റിന്‌ വേണ്ടി ആറര മാസം അയാൾ അലഞ്ഞ കഥയും ……
ഇത്രയും ആയപ്പോൾ നേരത്തെ ഇറങ്ങിപ്പോയ ഉദ്യോഗസ്ഥയുടെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ആൾ അപേക്ഷ വാങ്ങി ഒപ്പം അപേക്ഷാ ഫീസും പ്രിന്റ് ചെയ്ത റെസിപ്റ് കൊടുക്കുമ്പോൾ നിർമ്മലിനോട് ഒരു വെബ്സൈറ്റ് അഡ്രസ് നോട്ട് ചെയ്തു വെക്കാൻ പറഞ്ഞു …
” ജനന സർട്ടിഫിക്കറ്റ് റെഡി ആണ് , എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം ” അദ്ദേഹം പറഞ്ഞു.
” താങ്ക്സ് സാർ “
അദ്ദേഹത്തോട്‌ ഒരു നന്ദിയും പറഞ്ഞു നിർമ്മൽ കാനത്തൂർ നഗരസഭാ കാര്യാലയത്തിൽ നിന്നറങ്ങി.
റോഡിലേക്ക് എത്തുന്നതിന് മുൻപ് തന്നെ അയാൾ ആ വെബ്സൈറ്റ് തന്റെ മൊബൈലിൽ ഓപ്പൺ ചെയ്തു …
നീണ്ട പോരാട്ടത്തിനൊടുവിൽ കിട്ടിയ ജനന സർട്ടിഫിക്കറ്റ് കൺകുളിർക്കെ കണ്ടു … തന്റെ ഫോണിലേക്ക് ഡൌൺലോഡ് ചെയ്തു …
എസ് എസ് എൽ സി ബുക്കും പാസ്സ്പോർട്ടും ആധാറും പാൻകാർഡും ഡ്രൈവിംഗ് ലൈസൻസും വോട്ടർ ഐഡി കാർഡും ഒക്കെ ഉണ്ടായിട്ടുംഅയാൾ ജനിച്ചു എന്ന് ബോധ്യപ്പെടാൻ,  സർക്കാർ രേഖയിൽ ഉൾപ്പെടുത്താൻ എടുത്ത ആറര മാസം പിന്നിടുമ്പോഴേക്കും നിർമ്മലിന് ആ സർട്ടിഫിക്കറ്റ് കൊണ്ട് ഒരു പ്രയോജനവും ഇല്ലാതായിരുന്നു.
അപ്പോഴേക്കും അയാളുടെ പ്രോജെക്ടിൽ നിന്ന് 18 പേരും ഫ്രാൻസിൽ എത്തി ജോലി തുടങ്ങിയിരുന്നു  ……

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

2 COMMENTS

  1. Sundaramaya ശൈലി.s k pottakkadinte yatravivaranam വായിക്കുന്നദ് പോലുള്ള ഒരനുഭവം ഒപ്പം സമൂഹത്തിൽ ഇന്ന് കാണുന്ന ചില പുഴുക്കുത്തുകളുടെ തനിയാവർത്തനവും.all the best

    • നല്ല വായനക്കും അഭിപ്രായത്തിനും നന്ദി ?

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here