എനിക്കും അറിയണം

 

 

“ഡാ, ആ വെളക്കൊന്നു കത്തിച്ചാ”

കോലായിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന അമ്മ അരുണിനോട് ആവശ്യപ്പെട്ടു.

“എപ്പൂം അമ്മയല്ലേ കത്തിക്കല്. ഇന്നെന്നാ? കൂലി കിട്ടിയ ദിവസായൊണ്ടാ? പണിയെടുക്കാൻ ഒരു മടി”

“ചെക്കന്റെ എടന്തേറ് പറച്ചില് കൊറച്ച് കൂടുന്നുണ്ട്. വോട്ട് ചെയ്യാൻ പ്രായായീന്നൊന്നും ഞാൻ നോക്കൂല. ചെരട്ടക്കയിലിന്റെ കണകൊണ്ട് നിട്ടക്കങ് തെരും. പറഞ്ഞേക്കാ”

മറിച്ചുകൊണ്ടിരുന്ന പത്രത്തിന്റെ താളിളക്കി ശക്തമായി അമ്മ അതിലൊന്നടിച്ചു.

“ഇന്ന് രാവിലീം കൂടി അമ്മയല്ലേ കത്തിച്ചിന്. അപ്പൊ, വൈന്നേരൂം അമ്മക്കെന്നെ കത്തിച്ചാലെന്താ? എനക്ക് അമ്പലത്തിൽ പോണം. അമ്മു, ബാലേട്ടന്റെ പീട്യെന്റെടുക്ക കാത്തുനിക്കും”

കുളിച്ചൊരുങ്ങി ഇറങ്ങാൻ തയ്യാറെടുത്ത അരുൺ ആ പണിയൊന്നൊഴിഞ്ഞു കിട്ടാൻ ആവത് ശ്രമിച്ചു. പക്ഷെ;

” നീ പറയുന്നത് കേക്ക്. എനക്ക് കത്തിക്കാൻ പറ്റൂല്ല. കൂടുതല് ചോദ്യോന്നും വേണ്ട. പറഞ്ഞാകൂട്ടാക്കാണ്ട് പോയത് പരമാർത്ഥണെങ്കില് ഞാൻ ഏട്ടൻ വിളിച്ചാ പറയും. പിന്നെ കിട്ടുന്നത് നീയെന്നെ മേണിക്കേണ്ടിവരും”

പട്ടാളത്തിലുള്ള മൂത്ത മകനാണ് വരുൺ; ഏട്ടൻ. വരുണിന്റെ ഫോൺ വിളി ദിവസവും പതിവുള്ളതാണ്. വീട്ടിലെയും നാട്ടിലെയും വിശേഷങ്ങളൊക്കെ അവൻ ചോദിച്ചറിയും. പുതിയ വിശേഷങ്ങളൊന്നും പറയാനില്ലാത്ത അവനെപ്പോലുള്ളവർക്ക് നാട്ടിലെ അമ്പലക്കുളത്തിൽ വെള്ളം നിറഞ്ഞതുപോലും ഒരു പുതുവിശേഷമാണ്.

ഇനി രക്ഷയില്ല. വിളക്ക് കത്തിച്ചേപറ്റൂ. അമ്മയുടെ അടിയുടെ വേദന പിന്നേം സഹിക്കാം പക്ഷെ ഏട്ടന്റെ കലമ്പിന്റെ ചൂട് അടുത്ത കലമ്പുവരെ ഇണ്ടാകും. അരുൺ വിളക്കുകത്തിച്ചുപുറത്തുകാട്ടി. അമ്മ അല്പം മാറി നിന്നു.

“ഓള് വീട്ടിന്നെറങ്ങിയോന്ന് വിളിച്ചു ചോയിച്ചുവാ? ഇല്ലേ, നീ പോയി കൂട്ടീട്ട് അമ്പലത്തിലേക്ക് പോയാമതി. ആ പാവത്തിനെ വെറുതെ അത്രത്തോളം നടത്തിക്കണ്ട”

കുറച്ചുമുൻപ് വരെ അരുണിന് അമ്മയോടുണ്ടായിരുന്ന ദേഷ്യം പെട്ടെന്നെവിടെയോപോയി. അമ്മയുടെ ഈ കഴിവാണ് അച്ഛനെയും ഏട്ടനേയും പെട്ടെന്ന് തണുപ്പിക്കുന്നത്.

“ഞാൻ വിളിക്കാ….”

അരുൺ ഫോൺ തുറന്ന് പ്രിയപ്പെട്ട നമ്പറുകളിൽ നാലാമത്തേത് അമർത്തി.

അരുണിന് അമ്മു പ്രിയപ്പെട്ടവളാണ്. അതുപോലെ തിരിച്ചും. പ്രായംകൊണ്ട് അമ്മുവാണ് മൂത്തവൾ; പത്ത് ദിവസം.

പത്താംതരം വരെ ഒരുമിച്ചുള്ള പഠനം. പഠനവിഷയത്തിൽ സ്വന്തം വഴി തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം കിട്ടുന്ന പ്ലസ്‌-വൺ കാലത്ത്, രണ്ടുപേരും രണ്ടുവഴി തിരഞ്ഞെടുത്തു. അതും രണ്ടു വിദ്യാലയങ്ങളിലായി. അതെവര്ഷം തന്നെ അമ്മു പുതിയ വീട്ടിലേക്ക് താമസം മാറി.

കൈക്കുമ്പിളിലെടുത്ത മഴവെള്ളം പോലെ തെളിഞ്ഞ സൗഹൃദം. ശനി ഞായർ ദിവസങ്ങളിൽ പരസ്പരം കണ്ടുമുട്ടാൻ കിട്ടുന്ന അവസരങ്ങൾ അവർ പാഴാക്കാറില്ല.

അതുപോലെ കിട്ടിയ ഒരവസരമാണ് ഇന്ന്; ഇരുവരും അമ്പലത്തിലേക്ക് പോകാറുള്ള ശനിയാഴ്ച.

പാവാടയും മേൽക്കുപ്പായവുമിട്ട് മുടിയറ്റം കെട്ടി അമ്മുവരും. എമ്പ്രാശൻ തരുന്ന തുളസിയോ പൂവോ ആ അറ്റത്ത് സ്ഥാനം പിടിക്കും. മുണ്ടും കുപ്പായവും ഇട്ട് സൈക്കിളിൽ അരുണും. പൂവും തുളസിയും അവൻ ചെവിയിൽ തിരുകും.

“നീ വെരുന്നില്ലേ?”

അരുണിന്റെ മൂന്നാമത്തെ ദൈർഘ്യമേറിയ ശ്രമത്തിലാണ് മറുതലയ്ക്കൽ ആളനക്കമുണ്ടായത്.

“ഇല്ലെടാ നീ പോയിക്കോ”

അമ്മുവിൻറെ ശബ്ദത്തിനു ക്ഷീണമുണ്ടായിരുന്നു

“എന്നാ സുഖൂല്ലേ? പനിയാ?”

അരുണിന്റെ വാക്കുകൾ അമ്മുവിലേക്കും നോട്ടം അമ്മയിലേക്കും പോയി

അമ്മ തലവെട്ടിച്ചു നിരത്തിലേക്ക് നോക്കി

“പനിയല്ല. സുഖൂല്ല. എനക്ക് വരാൻ പറ്റൂല്ല. ഇന്ന് നീ ഒറ്റക്ക് പോയാമതി. അടുത്തയാഴ്ച നമ്മക്ക് ഒപ്പരം പോവാ”

“എന്നാ ശെരി. ഞാൻ വിളിക്കാ”

ചോദ്യങ്ങൾക്കിനി പ്രസക്തിയില്ലെന്ന് മനസ്സിലാക്കിയ അരുൺ ഫോൺ വെച്ചു.

അമ്മയോട് യാത്രപോലും പറയാതെ, അവൻ സൈക്കിളെടുത്തു നീങ്ങി. ചാവി തിരിച്ചിളക്കിയ പാവപോലെ അവൻ പ്രദക്ഷിണവും ദർശനവും കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തി.

അമ്മയോടവൻ മിണ്ടിയില്ല. മനഃപൂർവ്വമല്ല ചോദ്യങ്ങളുടെ നൂലാമാലകൾ അവന്റെ ചിന്തകളെ കുടുക്കിയിരിക്കയായിരുന്നു.

അമ്മ അടുക്കളയിൽ തിരക്കിലാണ്.

അച്ഛൻ ടിവിയിൽ വാർത്തകൾ തിരയുകയാണ്.

“ഹലോ”

“ആ ഹലോ. നീ പോയിട്ട് നേരത്തെ വന്നിനാ?”

മറുപടി പെട്ടെന്നുതന്നെ വന്നു. ഈയൊരു വിളിക്കായി പ്രതീക്ഷിച്ചിരുന്ന പോലെ

“ആ ഞാൻ പോയിന്, വന്നിന്. എന്റെ മൂടൊക്കെ പോയിരുന്നു”

“എന്നിട്ടോ, പോയ മൂടിപ്പം വന്നുവാ?”

അമ്മു ചോദിച്ചു.

“അതെ എനക്കൊരു സംശയം. നമ്മളെല്ലും തൊറന്ന് പറയലിണ്ട്. അതുകൊണ്ട് നീതന്നെ എന്റെയീ സംശയവും തീർക്കണം”

അരുൺ ഗൗരവത്തിലാണ്

“നീയീ തെന്നാലിരാമൻ പണ്ട് പശൂനെ വരച്ചത് പോലെ പറയല്ല. കാര്യം എന്നാണ് വെച്ചാ, നേരേ ചൊവ്വേ ചോദിക്ക്”

“ചെലസമയത്ത് നീ അമ്പലത്തിൽ വെരൂല്ല. കാര്യായ രോഗവും അന്നേരം ഇണ്ടാവൂല്ല. നീ ക്ലാസ്സിനൊക്കെ പോകൂം ചെയ്യും. അതെന്നാ അങ്ങനെ? കൊറേക്കാലായി ഞാനിത് ചോയിക്കണെന്ന് നിരീക്കിന്ന്”

“എടാ പൊട്ടാ അതേ, പെണ്ണുങ്ങക്ക് മാസത്തിലൊരിക്കൽ ദേഹത്തിനകത്തൊരു മാറ്റം ഇണ്ടാകും. നമ്മള് പറയൂല്ലേ പ്രകൃത്യാലിണ്ടാവുന്ന മാറ്റം. ഇത് മരുന്നുകഴിച്ച് സമയം മാറ്റാനും ഒഴിവാക്കാനും ഒക്കെ പറ്റും എന്നാണ് കേട്ടത്. പക്ഷെ അങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്നും കേട്ടു”

“ശെരി, അതും അമ്പലവും തമ്മിൽ എന്താ ബന്ധം?”

അരുണിന്റേത് തികച്ചും ന്യായമായ ചോദ്യം

“എന്ത് ബന്ധം എന്നൊന്നും ഞാൻ അന്വേഷിക്കാൻ പോയില്ല. അമ്മയും അമ്മമ്മയും പറഞ്ഞു ആ സമയത്ത് വെളക്ക് വെക്കാനും അമ്പലത്തിൽ പോവാനും പറ്റൂല്ലാന്നു. അത് ഞാൻ അക്ഷരംപ്രതി അനുസരിക്കുന്നൂന്നുമാത്രം. മാത്രല്ല, ഇത് കൊറച്ചു ദിവസം ഇണ്ടാകും”

“ഓഹോ, അപ്പൊ വെളക്കിന്റെ കാര്യം പിടികിട്ടി. കൊറച്ച് ദിവസന്ന് വെച്ചാ?”

“എനക്കെല്ലും ആദ്യത്തെ മൂന്നുദിവസം നല്ല വേദനയുണ്ടാകും. എല്ലാരിക്കും അങ്ങനെ ആയിക്കൊള്ളണന്നില്ല. നമ്മളെ മേത്തുമുറിഞ്ഞു ചോരപോവുമ്പം ഇണ്ടാവുന്ന വേദനയില്ലെ. ആ ഏതാണ്ടതുപോലെ. അടിവയറ്റിൽ”

“ഇത് എപ്പാണ് വെരുവാന്നു പറയാൻ പറ്റുവാ?”

“ഇല്ല മോനെ. പക്ഷെ ചില ലക്ഷണങ്ങൾ നമ്മക്ക് തോന്നും”

“അപ്പൊ പരീക്ഷെന്റെ സമയത്ത് വന്നാല് എന്താക്കും?”

“മരുന്ന് കഴിക്കും. ധന്വന്തരം ഗുളികയുണ്ട്. അതുരണ്ടെണ്ണം തിന്ന് നല്ലോണം വെള്ളൂം കുടിക്കും. പക്ഷെ എപ്പൂം മരുന്ന് തിന്നു വേദന പൊക്കൂല്ല. അത് നല്ലതല്ല പോലും. കടിച്ചമർത്തും സഹിക്കും”

അരുൺ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. അടുക്കളയിൽ നിന്നും പാത്രം വീഴുന്നതിന്റെ ഒച്ച കേട്ടു; അമ്മ

അമ്മു തുടർന്നു…..

“തീർന്നില്ല. അടിക്കടി മനംമാറ്റമുണ്ടാവും, പെട്ടെന്ന് ദേഷ്യം വെരും. നീ പറയുന്ന തമാശകൾ പോലും ചിലപ്പോൾ ഉൾക്കൊള്ളാൻ എനക്കാവൂല്ല. എന്നാലും ദേഷ്യം പൊറത്ത് കാണിക്കതെ നോക്കും. പടച്ചോൻ പരമാവധി സഹനശക്തി ഒരു പെണ്ണിന് കൊടുത്തിട്ടുണ്ട്”

“ഉം”

അരുൺ പ്രതികരണം ഒരു മൂളലിലൊതുക്കി

“അതുകൊണ്ട് ചങ്ങായി, മൂഡൗട്ടാവണ്ടാ. ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് നിന്റെമ്മേനെ പോലുള്ളവരാ. വീട്ടിൽ വേറെ പെണ്ണുങ്ങൾ ഇല്ലെങ്കിൽ, ആ വേദനയും ദേഷ്യവും കടിച്ചമർത്തി, എന്നത്തേയും പോലെ അവർ പെരുമാറും. ഞാൻ നേരത്തേ പറഞ്ഞില്ലേ, ആ സിദ്ധി തന്നിട്ടുണ്ട് ദൈവം. ആ മൂന്നു ദിവസം വീട്ടിലെ ഒരു പണിയും ഞാൻ എടുക്കൂല”

“ശെരി, എനിമുതൽ ഇങ്ങനെയുള്ള സമയത്ത് നീ എന്നോട് പറയണം. ഇന്ന് പറഞ്ഞപോലെ സുഖൂല്ലാന്നുമാത്രം പറഞ്ഞാമതി”

“ഉം”

“എന്നിട്ട് ഇതിപ്പോ എത്രാമത്തെ ദിവസാ?”

“ദൈവേ, ഇന്നുകൂടിയെ വേദന തിന്നണ്ടൂ”

“എന്നാ ശെരി. ഞാൻ നാളെ വിളിക്കാ”

“ആ ശെരി. ഗുഡ് നൈറ്റ്”

അച്ഛനും അമ്മയും അരുണും ഒന്നിച്ചിരുന്ന് അത്താഴം കഴിച്ചു. ജോലിക്കിടയിൽ ഉണ്ടായ തമാശകൾ അമ്മ ചിരിച്ചുകൊണ്ട് പങ്കുവെക്കുന്നുണ്ടായിരുന്നു.

=================================

സമയം പുലർച്ചെ അഞ്ചുമണി

അരുൺ എഴുന്നേറ്റ് അടിച്ചുവാരി, വെള്ളം തെളിച്ചു, വിളക്ക് വെച്ചു.

നാരായണജപം കേട്ട് അമ്മ എഴുന്നേറ്റു വന്നു.

ഉണ്ടാക്കിയ ചായയിൽനിന്ന് ഒരുപങ്ക് അരുൺ അമ്മയ്ക്ക് കൊടുത്തു.

അമ്മയും മകനും കസേരയിൽ ഇരുന്ന് ചായ കുടിക്കുകയാണ്.

“എന്നാടാ, ഇന്ന് സൂര്യൻ പടിഞ്ഞാറിന്നാണാ ഉദിച്ചേ?”

അരുൺ അമ്മയെ നോക്കി ഒന്ന് ചിരിച്ചു. ആ നോട്ടം കുറച്ചു സമയത്തേക്ക് നീണ്ടു. ഒപ്പം ചില നിശബ്ദചോദ്യങ്ങളും

“ആരുണ്ടമ്മേ, എനക്കിതൊക്കെ പറഞ്ഞുതരാൻ? എനിക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നിരുന്നെങ്കിൽ, ഈ ഒരു ഗ്ലാസ് ചായ, ഇതിലുംമുന്നേ അമ്മയ്ക്ക് കിട്ടുമായിരുന്നില്ലേ?”

ശരിയാണ്, ഒരു നാൾ എല്ലാ പുരുഷന്മാരും സ്ത്രീകളിലുണ്ടാകുന്ന ഈ മാറ്റത്തെക്കുറിച്ച് ബോധവാന്മാരാകും. പക്ഷെ ആ ഒരു സമയം വളരെ വൈകിപ്പോയെന്ന തോന്നൽ പുരുഷന്മാരിലുണ്ടാക്കാതെ നോക്കേണ്ടത് അവരുമായി അടുത്തിടപഴകുന്ന സ്ത്രീകളാണ്. അതൊരുപക്ഷേ അമ്മയാകാം, സഹോദരിയാകാം, കൂട്ടുകാരിയാകാം. എന്തിനേറെ, അച്ഛനോ മുതിർന്ന സഹോദരനോ പോലും അറിവ് പകരുന്നവന്റെ വേഷം സ്വയം ഏറ്റെടുക്കാവുന്നതാണ്

-തീർന്നു

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English