തൊട്ടേനെ ഞാൻ

സംഗീതത്തിന് അനിർവചനീയമായ ഒരു ശക്തിയുണ്ട്. അതുകൊണ്ടുതന്നെ അത് ഭൂമിയിലെ മറ്റെല്ലാ കലകളേയും ഉൾക്കൊള്ളുന്നു. ജീവിതം തന്നെ ഒരു താളമാണെന്ന് പറയാറില്ലേ. സംഗീതത്തിന്റെ മാന്ത്രികത ഒരിക്കൽ അനുഭവിച്ചവൻ പിന്നീട് ആ ഭൂമിക വിട്ടുപോകുകയില്ല.വാക്കുകൾ വീഴുന്നിടത്ത് സംഗീതം സംസാരിക്കും എന്നാണല്ലോ.

ഗസലുകളുടെ ലോകം പ്രണയത്തിന്റെയും മരണത്തിന്റെയും ദുഃഖത്തിന്റേയുമാണ്, അവിടെ ആനന്ദം വേദനയിൽ നിന്നാണ് വിരിയുന്നത്. മലയാളത്തിന്റെ പ്രിയ കഥാകാരൻ സുഭാഷ് ചന്ദ്രൻ ഹിന്ദി ഗസൽ മാന്ത്രികൻ പങ്കജ് ഉദാസിനെ കണ്ടുമുട്ടിയ അനുഭവം വിവരിക്കുന്നു.
തൊട്ടേനെ ഞാൻ

‘പങ്കജ് ഉദാസിനെ ആദ്യമായി നേരില്‍ കാണുകയാണ്. കോഴിക്കോട്ടെ പുരുഷാരത്തിനിടയില്‍ ഇരുന്ന്, ആര്‍ക്കുമറിയാത്ത ഒരു അധികമിടിപ്പുള്ള ഹൃദയത്തോടെ. ഇന്നലെ.ഗസല്‍ ചക്രവര്‍ത്തിയായിരുന്ന മെഹ്ദി ഹസ്സനേയും ഗസല്‍ രാജാവ് ഗുലാം അലിയേയും കോഴിക്കോട് എനിക്കു മുന്നേ കാണിച്ചുതന്നിട്ടുണ്ട്‌. അവര്‍ക്കുമുന്നില്‍ ഒരു രാജകുമാരന്‍ മാത്രമായ പങ്കജ് ഉദാസിനെ നേരില്‍ കാണുന്നതില്‍ പിന്നെ ഈ അധികമിടിപ്പ് എന്തിന്? ഞാന്‍ ഹൃദയത്തോട് ചോദിച്ചു.ഹൃദയം പറഞ്ഞു: കേരളത്തിന്റെ നൂറുവര്‍ഷത്തെ വൈകാരിക ചരിത്രം രേഖപ്പെടുത്തിയ ഒരു നോവലില്‍ ഒരേയൊരു ഹിന്ദി ഗസലേ പരാമര്‍ശിക്കപ്പെടുന്നുള്ളൂ. ആ ഗസലിന്റെ മലയാള തര്‍ജമയും അതില്‍ എഴുത്തുകാരന്‍ നിര്‍വഹിച്ചിട്ടുണ്ട്. മുന്നിലിരുന്നു പാടുന്ന ഈ ഗായകന്റേതാകുന്നു ആ ഗസല്‍. ആ നോവല്‍ എഴുതിയ ആളാകുന്നു ഇപ്പോള്‍ സദസ്സിലിരുന്ന് അദ്ദേഹത്തെ ആദ്യമായി നേരില്‍ കാണുന്നത്!ഗാനങ്ങളുടെ ചരിത്രം മനുഷ്യവികാരങ്ങളുടെ ചരിത്രം കൂടിയാകുന്നു. മനുഷ്യന് ഒരു ആമുഖം എന്ന നോവലില്‍ അങ്ങനെയാണ് രണ്ടിടത്തായി രണ്ട് മലയാള സിനിമാഗാനങ്ങള്‍ പരാമര്‍ശിക്കപ്പെട്ടത്. ‘പൂന്തുറയിലരയന്റെ പൊന്നരയത്തീ’ എന്ന ഗാനമാണ് അതിലൊന്ന്. മറ്റേത് ജിതേന്ദ്രന്‍ അവസാനമായി കേട്ടു കണ്ണടയ്ക്കുന്ന ‘കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍’ എന്ന ഗാനവും. എന്നാല്‍ ഒരു ദേശത്തിന്റെ വൈകാരിക ചരിത്രം എഴുതുമ്പോള്‍ ആ ദേശക്കാരുടെ ഭാഷയിലുള്ള ഗാനങ്ങള്‍ മാത്രമല്ലല്ലോ പിന്നണിയിലുണ്ടാവുക. അങ്ങനെയൊരു തോന്നലില്‍നിന്നാവാം അതില്‍ ഒരു ഗസലും ഇടം പിടിച്ചത്. മുഖ്യ കഥാപാത്രമായ ജിതേന്ദ്രന്‍ കാണുന്ന ഒരു സ്വപ്‌നത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഗസലും അതിന്റെ വിവര്‍ത്തനവും പക്ഷേ ആ നോവലിന്റെ എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട ഗസൽഗായകരായ മെഹ്ദി ഹസ്സന്റേതോ ഗുലാം അലിയുടേതോ ആയിരുന്നില്ല, ഈ പങ്കജ് ഉദാസിന്റേതായിരുന്നു.അതെന്താ മെഹ്ദിസാബിന്റേയോ ഗുലാം അലിയുടേയോ ഗസല്‍ ചേര്‍ക്കാതെ പങ്കജ് ഉദാസിന്റെ പാട്ടെടുത്തത്?, എന്റെ ഗസല്‍ പ്രണയം അറിയാവുന്ന കൂട്ടുകാര്‍ നോവല്‍ വായിച്ചുകഴിഞ്ഞു ചോദിച്ചു.
‘ദീവാരോം സേ മില്‍കര്‍ രോനാ, അച്ചാ ലഗ്താ ഹൈ, ഹംഭീ പാഗല്‍ ഹോജായേംഗേ, ഐസാ ലഗ്താ ഹൈ’ എന്നു തുടങ്ങുന്ന ഗസല്‍. അത് ഞാനാസ്വദിച്ചിട്ടുള്ള ഗസലുകളില്‍ ഏറ്റവും മുന്തിയതല്ല. എന്തിന് പങ്കജ് ഉദാസിന്റെ ഗസലുകളില്‍ത്തന്നെയും അതാണ് ഏറ്റവും മികച്ചത് എന്നും പറയുക വയ്യ. പിന്നെ?
ചില പാട്ടുകള്‍ അങ്ങനെയാണ്. ചില പ്രത്യേക ജീവിതസാഹചര്യത്തില്‍ അതാദ്യമായി നമ്മുടെ ഹൃദയത്തില്‍ ഒട്ടിയാല്‍ പറിച്ചെറിയുക അസാധ്യം! മഹാരാജാസില്‍ പഠിക്കുന്ന കാലത്താണ് അതാദ്യം കേട്ടത്. ‘ചുമരുകളോടൊത്ത് കരയുന്നത് എനിക്കിപ്പോള്‍ രസമായിരിക്കുന്നു. ഞാനും ഭ്രാന്തനായിത്തീരുമെന്ന് തോന്നുന്നു!’ എന്നു തുടങ്ങുന്നു അത്. ഉദാസിന്റെ ഏതോ ഒരാല്‍ബത്തില്‍നിന്ന് അന്നേ അതു മനസ്സില്‍ കയറിയതാണ്. പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കു ശേഷം നോവലെഴുതുമ്പോഴേക്ക് എനിക്ക് ഉദാസിനേക്കാള്‍ മുന്തിയ ഗസല്‍ ഗായകരുടെ ആയിരക്കണക്കിന് ഗസലുകള്‍ പരിചിതമായിക്കഴിഞ്ഞിരുന്നു. എന്നിട്ടും ഒരു പ്രത്യേക ജീവിതസന്ദര്‍ഭത്തെ അക്ഷരങ്ങളിലേക്ക് ആവാഹിക്കുന്ന നേരത്ത് എനിക്ക് ഈ സ്വരം തന്നെ ഓര്‍മയില്‍ തികട്ടി വന്നു. ആ ഗാനം എന്നിലുണര്‍ത്തുന്ന ആ പ്രത്യേക അനുഭൂതിയ്ക്കപ്പുറം മറ്റൊന്നും അവിടെ പകരം വയ്ക്കാനാവില്ലെന്നു വന്നു.പങ്കജ് ഉദാസിന്റെ ഗസലുകള്‍ ഓരോന്നായി കാതില്‍ പെയ്‌തൊഴിഞ്ഞു കൊണ്ടിരുന്നു. ഓരോ പാട്ടും അത് ആദ്യമായി കേട്ട കാലത്തിലേക്ക് എന്നെ റാഞ്ചിയെടുത്ത് പറക്കുന്നതറിഞ്ഞ് കണ്ണടച്ചിരുന്നു. അത് കണ്ണീരു തൂവാതിരിക്കാനുള്ള ഒരു സൂത്രം കൂടിയായിരിരുന്നു. പോയ കാലത്തിന്റെ തൂവൽ കൊഴിയാതിരിക്കാൻ!ഗാനസന്ധ്യ അസ്തമിക്കുന്നു. ഗായകന്‍ മടങ്ങുകയായി.
പ്രിയ പങ്കജ് ഉദാസ്, താങ്കളെ എനിക്കൊന്നു തൊടണമായിരുന്നു. എന്റെ നോവലില്‍ ഒരു പേരും പാട്ടും സമ്മാനിച്ചതിന്റെ ഓര്‍മയ്ക്ക്. എത്രയോ നേരത്തേ എന്റെ ഹൃദയത്തെ തൊട്ടതിനു പ്രതികാരമായി!
സാരമില്ല. അത് ഇനിയൊരിക്കലാകാം. ഗാനം അവസാനിക്കുന്നില്ലല്ലോ…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here