തിരിച്ചൊഴുകണമെനിക്ക്

 

 

ഞാനീനാടിന്നാത്മഗംഗ; യല്ലമൃതഗംഗ!
എന്നെക്കുറിച്ചെത്രയമരഗാഥകൾ
ഞാനോടിത്താണ്ടിയമന്വന്തരകാതങ്ങൾ
ഞാൻ തഴുകിയൊഴുകിയുയർത്തിയ നേരിന്റെ
വെട്ടംവിതറുമെത്രയോനിസ്തുലസംസ്കൃതികൾ
ഞാൻ വിഹായസ്സിലേക്കുയർത്തിയപതംഗങ്ങൾ
എന്നിലലിഞ്ഞെന്നിൽനിന്നുയർന്നു നിങ്ങളായ്
വളർന്ന സാരംഗസിത്താരഷേണായികളാo
പുഷ്കല നാദബ്രഹ്മക്ഷേത്രങ്ങൾ……..
എന്നിലഴുകിയൊഴുകിയ കബന്ധങ്ങൾ
എൻ തീരങ്ങളിലാടിയ പുറാട്ടുകൾ
എൻ ഹൃദയം നുറുക്കിയ പടയോട്ടങ്ങൾ
എന്നിൽ മുങ്ങി നിവർന്നൊഴുക്കിയ പാപങ്ങൾ
എന്നിലേക്കെറിഞ്ഞ് നിങ്ങളോടിയ വിസർജ്യങ്ങൾ
ഉത്തുംഗശൃംഗങ്ങളിൽ നിന്നെന്റെ പതനപാതാളങ്ങൾ
നിങ്ങൾ തൻ നിർദയമാമടരാടുകൾ….
എന്നേ ഞാൻ മലീമസ; നിങ്ങൾതൻ
വിസർജ്ജപാപങ്ങളേറ്റ് വിണ്ടവൾ
ആഴങ്ങളിലവയൊക്കെയുമേറ്റമെത്ര-
യൊഴുക്കിയിട്ടുമെത്താത്ത സമുദ്രങ്ങൾ
ഇന്നീ വിമലീകരണശ്രമതാളങ്ങളിൽ
ബുൾഡോസറിൻരാക്ഷസബാഹുക്കളാലേ
അന്തരാത്മാവിന്നടരുകളിൽനിന്നല്ലാതെ
നിങ്ങൾ നീക്കുന്നൊരീയഴുക്കിന്നളവെത്ര തുച്ഛം!
സ്വച്ഛസാന്ദ്രമൊഴുകും കുളിർനീരായെന്നെമാ-
റ്റുന്നൊരാപുണ്യകർമ്മങ്ങളെന്ന വായ്ത്താരി-
യെത്രകപടമോർത്താൽ, മുച്ചൂടുംനിരർത്ഥകം!
തെളിനീരൊഴുക്കിയെന്നിൽ നിങ്ങൾ വാകുലുക്കി-
യൊഴിക്കുമാവിഷദ്രാവകപദാവലികളെ-
ന്നാത്മാവിനെ തച്ചുതകർക്കുമമരദ്രവ്യം!
എൻ തീരങ്ങളിൽ നിങ്ങൾ തീർക്കുന്നൊരാ-
കൃഷ്ണശിലാതല്പങ്ങളിയലലൊലി-.
കൊൾവതൊരേയാസുരരാഗം, ദിഗന്തം.
എത്ര തെളിനീരായൊഴുകിയാലുമീ
നാടിൻ വാഴ്‌വുതീരങ്ങളെയാകെക്ക-
ലുഷത്തിൻ തീപടർത്തുമാദ്രാവകവാഹിനി-
യാകാനെനിക്കില്ലതെല്ലുമാഗ്രഹം!
തിരിഞ്ഞൊഴുകട്ടെ ഞാനീ തീരങ്ങൾ
തിരിച്ചെടുത്തെൻ മുഗ്ദ പാതാളങ്ങളിലേക്കെൻ
ഗൃഹാതുരത്തിനാദി കാലങ്ങളിലേക്ക്
സുഷുപ്തി തന്നുജ്ജ്വല ജടകളിലേക്ക് .
ഹിമവൽ സന്നിധിയിലേക്കമരട്ടെ; യവ-
ളെൻസരസ്വതിപോല; വനിവാഴ്‌വിൻലാഞ്ചന-
യമ്പേയൊടുങ്ങി വിസ്മൃതപരകോടിയാകട്ടെ!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English