അല്ലയോ ജന്മനാ അന്ധനായ
വിലങ്ങുവാഹകാ ഈ നിമിഷം
നിനക്ക് കീഴടങ്ങിക്കിടക്കുന്നത്
കരുത്ത് കുറഞ്ഞിട്ടോ
പാപഭീതീകൊണ്ടോ അല്ല,
ഈ മണ്ണിലിങ്ങനെ മുഖമമർന്ന്
കിടക്കുമ്പോൾ എന്റെ പൂർവ്വികന്മാർ
നയിച്ച ജന്മനാടിന്റെ സമരകാഹളം കേൾക്കുന്നതുകൊണ്ടു മാത്രമാണ്.
വാഗ്ദത്തഭൂമി കിനാക്കണ്ട്
രക്തസാക്ഷികളായവരെപ്പോലെ
എനിക്കും ഒരു സ്വപ്നമുള്ളതുകൊണ്ടാണ്.
ഓർക്കുക അധികാരത്തിന്റെ
കരിങ്കുപ്പായമഴിച്ചുവെച്ചാൽ
നീയും ഞാനും മനുഷ്യരാണ്
നമ്മുടെ സ്വപ്നങ്ങളെ ചുറ്റിയൊഴുകുന്ന
മിസിസിപ്പിയിലെ കുളിർക്കാറ്റേറ്റു
വളർന്നുവന്ന പച്ചമനുഷ്യർ.
എന്റെയും നിന്റെയും പൂജാമുറികളിൽ
ക്രൂശിക്കപ്പെട്ടിരിക്കുന്നത് ഒരേ ദൈവമാണ്
നാളെ അവനു മുന്നിൽ നിന്റെ കാൽമുട്ടുകൾ
വിറകൊള്ളുന്നെങ്കിൽ കുറ്റവാളി ഞാനായിരുന്നില്ലെന്നവനൊപ്പം
ഒരേവർണ്ണമണിഞ്ഞീദേശം
വിളിച്ചു പറയുന്ന കാലം വിദൂരമല്ല.
തൊലി കറുത്തവരൊക്കേയും
മരണയോഗ്യരെന്ന നീതിശാസ്ത്രം
നിർമ്മിച്ചെടുത്ത കോട്ടകളൊക്കേയും
തകർന്നടിയും, എന്തെന്നാൽ
കറുപ്പിനെ ഉലയൂതി
വെളുപ്പിച്ചെടുത്തതാണല്ലോ
നിന്റെയീ നായ്ക്കൾ കാവലിരിക്കുന്ന
വെളുത്ത കൊട്ടാരം.
ഇപ്പോൾ നിങ്ങളീ കാലുകൾ പിൻവലിക്കുക
നിങ്ങളെന്റെ കഴുത്തിൽ അമർത്തുകയാണ്
എനിക്ക് ശ്വാസംമുട്ടിക്കൊണ്ടേയിരിക്കുന്നു ; ”
(*2020 മെയ് 25ന് അമേരിക്കയിലെ മിന്നീപോളീസിൽ ‘ഡെറക് ഷോളോവിൻ എന്ന പോലീസുകാരൻ ശ്വാസംമുട്ടിച്ചു കൊന്ന ജോർജ്ജ് ഫ്ലോയിഡിന്റെ അവസാന വാക്കുകൾ)
നല്ല കവിത. എഴുത്ത് സമകാലിക വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഇനിയും കവിതകൾ അവതരിപ്പിക്കാൻ കഴിയട്ടെ അഭിനന്ദനങ്ങൾ