വിശപ്പ്

 

നെറ്റിയിൽ നിന്ന് ഒരു ചാൽ വിയർപ്പ് വിരലുകൊണ്ട് വടിച്ചെറിഞ്ഞ്, ഉടുമുണ്ട് മടക്കിക്കുത്തി, സിലോൺ ഹോട്ടലിലെ പാറാവുകാരുടെ വിനയത്തോടെയുള്ള വരവേല്പും ഏറ്റുവാങ്ങി, എരിവെയിലത്തുനിന്ന് ഏസിയുടെ തണുപ്പിലേക്കു പ്രവേശിക്കുമ്പോൾ അവറാച്ചായന് ആശ്വാസം തോന്നി.

സമയം 1.30മണി, രാവിലെ പെമ്പ്രന്നോത്തിയുണ്ടാക്കിത്തന്ന പാലപ്പോം സ്റ്റ്യൂവും വയറുനിറയെ ചെലുത്തിയതിനാൽ വിശപ്പു തീരെയില്ല. പക്ഷേ 2.30 മണിക്ക് അത്യാവശ്യമായി ഹൈക്കോർട്ട് ജെട്ടിയുടെ അടുത്തുള്ള വൈൻ പാർലറിൽ ചെന്നാലേ റെജിയെ കാണാനാവൂ. എന്നിട്ടുവേണം അവനേയും കൂട്ടി വരാപ്പുഴയ്ക്കു പോകാൻ. അപ്പോൾ പിന്നെ ഊണു കഴിക്കൽ നടക്കില്ല. അതുകൊണ്ടാണ് ഇപ്പോ ഭക്ഷണം കഴിക്കാം എന്നു തീരുമാനിച്ചത്.

ഒന്നാം നിലയിലെ ചില്ലുജനലിനരുകിലെ സീറ്റിലിരുന്ന് അയാൾ ഒരു ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു.
ഓർഡർ ചെയ്ത ഭക്ഷണത്തിനായി കാത്തിരിക്കുമ്പോൾ ഏതൊരു മനുഷ്യനേയും പോലെ അയാൾ ചുറ്റും കണ്ണോടിച്ചു. മിക്കവരും ഫാമിലിയുമായി ഒരു ലഞ്ച് ആസ്വദിക്കാൻ എത്തിയവർ. ഒരു ചെറുപ്പക്കാരനും പെൺകുട്ടിയും തൊട്ടടുത്ത ടേബ്ളിലിരുന്ന് ഫ്രൈഡ് റൈസും ഷെസ്വാൻ ചിക്കനും ആസ്വദിച്ചു കഴിക്കുന്നു.
‘ഇതു പറഞ്ഞാൽ മതിയായിരുന്നു.’ തൊട്ടടുത്തുള്ളവർ കഴിക്കുന്നത് കാണുമ്പോൾ എപ്പോഴും തോന്നും; അത് മതിയായിരുന്നുവെന്ന്.

ഓർഡർ ചെയ്ത ബിരിയാണിയോടൊപ്പം കൊണ്ടുവന്ന കത്തിയും മുള്ളുമെല്ലാം വെയിറ്ററിനു തന്നെ തിരിച്ചു കൊടുത്തുവിട്ടു. ‘അല്ലേലും ബിരിയാണി കഴിക്കാനെന്തിനാ കത്തിയും കമ്പിയുമൊക്കെ. അവറാച്ചൻ തീരെ ഫോർമലല്ല.’ മെയിൻ പ്ലേറ്റിലേക്ക് കുറച്ച് ബിരിയാണി തട്ടിയിട്ട് സാലഡിൽ നിന്ന് കുറച്ചു പകർന്ന് ബിരിയാണിച്ചോറുമായി ചേർത്ത് ആദ്യ പിടി വാരി വായിലേക്കു വയ്ക്കുന്നതിനിടയിൽ അയാളുടെ നോട്ടം ജനലിനു പുറത്തേക്കു നീണ്ടു.
ഒരു കരിപുരണ്ട മുഖം ഹോട്ടലിലേക്കു നോക്കിനില്ക്കുന്നു. ചെറിയൊരു ചെക്കനാണ്. ഒരു പത്തുവയസു കാണും.
‘ഇത്ര വൃത്തിയില്ലാതെ പിള്ളേരെ അഴിച്ചുവിടുന്നതെന്തിനാണ്?’
അയാൾക്ക് അവന്റെ വീട്ടുകാരുടെ അനാസ്ഥയിൽ അതികഠിനമായ ദേഷ്യം തോന്നി.

വളരെ ദുർബലനായ ഒരു ബാലനായിരുന്നു അവൻ. ചെമ്പൻ തലമുടി പാറിപ്പറന്നുകിടക്കുന്നു.മുഖത്ത് മുളയിലേ വാടിപ്പോയ പുൽനാമ്പിന്റെ നിസഹായ ഭാവം.ശരീരത്തിലാകമാനം സൂര്യാഘാതമേറ്റപോലെ പൊള്ളിയ പാടുകൾ. അവൻ നിന്നിരുന്ന സ്ലാബിനടിയിലെ കാനയിൽത്തന്നെയാണവൻ ജീവിക്കുന്നതെന്നു തോന്നുംവിധം അഴുക്കുപിടിച്ച ശരീരം.ഗോട്ടിപോലുള്ള കണ്ണുകളിൽ അപ്പോഴും ചെറിയ പ്രസന്നത ബാക്കിയുണ്ടായിരുന്നു. തന്റെ കാഴ്ചയിലുടക്കിയ തടിയനായ ആൾ തന്നെ അടുത്തുവിളിക്കുമെന്നും കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഒരു പിടിയെങ്കിലും തനിക്കു തരുമെന്നുമുള്ള പ്രതീക്ഷയാവാം ആ പ്രസന്നതയ്ക്കു കാരണം.അങ്ങനെ ഒരു സൂചന കിട്ടിയാൽ ഓടിച്ചെല്ലാൻ റെഡിയായി അവൻ അയാളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നപോലെ ആ നട്ടുച്ചവെയിലിൽ ഒരു തണൽ പോലുമില്ലാത്ത റോഡരുകിൽ കണ്ണിമ ചിമ്മാതെ നിന്നു. ഒരു തുള്ളി ജലബാഷ്പം പുൽത്തുമ്പിൽ വൈരം പതിപ്പിക്കുന്നപോലെ അവന്റെ കണ്ണുകൾ തിളങ്ങിക്കൊണ്ടിരുന്നു.

രണ്ടാമത്തെ ഉരുളയുരുട്ടി വായിൽ വെച്ച് തൊടുവിരൽ കൊണ്ടല്പം അച്ചാറു തൊട്ടു നാവിൽ വെച്ചപ്പോഴാണ് അവന്റെ നോട്ടത്തിന്റെ ഫ്രെയിമിൽ അയാളാണ് അകപ്പെട്ടിരിക്കുന്നത് എന്നയാൾക്കു മനസിലായത്. ജനലിനരികിലുള്ള സീറ്റായതുകാരണം അയാളെ മാത്രമേ അവനു വ്യക്തമായി കാണാനാവുന്നുണ്ടായിരുന്നുള്ളൂ. അയാൾ ഓരോ ഉരുളയുരുട്ടി വായിൽ വെയ്ക്കുമ്പോഴും അവന്റെ കണ്ണുകൾ ആ പിടിയാഹാരത്തെ അയാളുടെ വായ വരെ പിന്തുടരുന്നു.
അതൊരു രസകരമായ കളിയായി അയാൾക്കു തോന്നി. പയ്യൻ കൊതികൊണ്ടു വലഞ്ഞിരിക്കുകയാണെന്ന് അയാൾക്കു മനസിലായി. മുഖത്ത് രണ്ട് ഗോട്ടിപോലത്തെ കണ്ണുകൾ രണ്ടു കുഴികളിലോടിക്കളിക്കുന്നു.
അവൻപോലും അറിയാതെ തുറന്നിരിക്കുന്ന വായിൽ വള്ളംകളി നടത്താനുള്ള വെള്ളം നിറഞ്ഞിട്ടുണ്ടെന്ന് കണ്ടാലറിയാം.
‘എന്തായാലും കഴിച്ചു തീരുന്നതുവരെ ഒരു വിനോദമായി.’

അയാളും അവനും തമ്മിലുള്ള കളി ഓരോ ഉരുളയിലും കൂടുതൽ ആവേശകരമായിക്കൊണ്ടിരുന്നു. വായിലേക്കുവെയ്ക്കുന്ന ഓരോ ഉരുളയോടുമൊപ്പം താൻ റെജിയുടെയൊപ്പം വരാപ്പുഴയിൽ പോകുന്നതിനെക്കുറിച്ചായിരുന്നു അയാൾ ചിന്തിച്ചത്. അവിടെ വളരെ ലാഭകരമായ ഒരു സ്ഥലക്കച്ചവടം ഉറപ്പിക്കാൻ പോകുന്നു എന്നത് അയാളിൽ ആവേശം ഉണർത്തി.

പാലപ്പത്തിന് ദഹിക്കാനുള്ള സമയം കിട്ടാത്തതുകൊണ്ട് ബിരിയാണിക്കു കടന്നുചെല്ലാൻ കുറച്ചു സ്ഥലമേ അവറാച്ചായന്റെ വയറ്റിലുണ്ടായിരുന്നുള്ളൂ. പകുതി ബിരിയാണി യും രണ്ടു ചിക്കൻ കഷണവും പ്ലേറ്റിലിനിയും ബാക്കിയുണ്ട്. എന്നാലെന്താ, മൂക്കറ്റവും അതിനപ്പുറവും തിന്നു കഴിയുമ്പോൾ പിന്നെ ബിരിയാണിയും വിഷമായിത്തോന്നും. അത്രയും നേരം സ്വാദോടെ ഭക്ഷിച്ചതിന്റെ പേരു കേൾക്കുമ്പോഴേ മനംപിരട്ടും.അവറാച്ചായൻ അത്യാവശ്യം പെരുവയറനാണെങ്കിലും മനുഷ്യനാണല്ലോ. അതുകൊണ്ടുതന്നെ അവറാച്ചായനു വല്ലവിധേനയും പ്ലേറ്റിന്റെ മുന്നീന്ന് എഴുന്നേറ്റു പോയാൽ മതീന്നായി.

‘ചായ വല്ലോം കുടിച്ചേച്ചും പോയാൽ മതിയായിരുന്ന്. ഇതിപ്പോ വെശപ്പില്ലാതെ ബിരിയാണി വാങ്ങീത് അബദ്ധായി.’ അയാൾ മനസിലോർത്തു.

റോഡിൽ കൊതിയോടെ നില്ക്കുന്ന ഒരുജോഡി കണ്ണുകളുമായുള്ള കളിയിൽ നിന്ന് മനസില്ലാമനസോടെ പിൻവാങ്ങി അയാൾ പാഴായ ഭക്ഷണം പ്ലേറ്റിലുപേക്ഷിച്ച് എഴുന്നേറ്റ് വാഷ്റൂമിലേക്കു പോയി. വായ കഴുകീട്ടും എത്ര തവണ കുലുക്കൊഴിഞ്ഞിട്ടും ഏതോ പല്ലിൽ ചിക്കൻ കഷണം കുടുങ്ങിയിരുന്നത് പുറത്തെടുക്കാൻ പറ്റുന്നില്ല. നാവുകൊണ്ട് പരതി നോക്കിക്കൊണ്ടിരുന്നപ്പോൾ വേറെയും രണ്ടുമൂന്നുപേർ കൈകഴുകാൻ വരുന്നതു കണ്ട് അവറാച്ചായൻ വായ കൊണ്ടുള്ള കോക്രി അവസാനിപ്പിച്ച് പുറത്തിറങ്ങി.

വെയ്റ്റർ ബിൽ കൊണ്ടുവന്ന് മെനുവിനുള്ളിൽ വച്ചിട്ടുണ്ട്. അവറാച്ചായൻ പോക്കറ്റിൽ നിന്നും രൂപയെടുത്ത് മെനുവിനുള്ളിൽ വെച്ചു. ചെറിയൊരു ബൗളിൽ സൂക്ഷിച്ചിരുന്ന ടൂത്പിക്കിൽ നിന്നൊരെണ്ണമെടുത്ത് അയാൾ ഹോട്ടലിന് പുറത്തിറങ്ങി, പല്ലിൽ കുടുങ്ങി അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഇറച്ചിക്കഷണത്തെ തോണ്ടി പുറത്താക്കാൻ ശ്രമിച്ചുകൊണ്ട് കാറിലേക്കു കയറി.

അയാളുടെ കാറിനെ രണ്ടു ഗോട്ടികൾ പിന്തുടരുന്നുണ്ടായിരുന്നു.അടുത്തവളവിൽവെച്ച് കാഴ്ചയിൽനിന്ന് മറയുന്നതുവരെ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English