കൂനൻ

 


മുതുകത്ത് കൂനുമായ്
ജീവിതത്തിൻ ആദ്യനാൾ മുതൽ
മാംസഭാരം പേറാൻ വിധി.

ക്ലാസ് മുറിയിലെ ബെഞ്ചിൽ
ഏറ്റവും പിന്നിൽ
സഹപാഠികളാൽ നിറഞ്ഞൊരു
ചവറ്റു കൊട്ടയ്ക്ക് ചാരെ
സ്ഥാനം.

മാഷുടെ കണ്ണിൽ
ഉത്തരക്കടലാസിൽ
വാക്കുകൾ അക്ഷരം
തെറ്റാതിരുന്നാൽ മിടുക്കൻ.

ചൂരലും ചോദ്യശരങ്ങളു മേൽക്കാതെ
പാഠശാല അവഗണന തീർത്തൊരു തടവറ.

മുഖം വായിക്കാത്ത
കൗമാരമിഴികൾ
നോട്ടത്താൽ കൂനിനെ
മലയാക്കി മാറ്റുന്നു.

ചുമരിൽ കമിഴ്ന്നു ചാരിയ
വീണകൾ പോലെ സുന്ദരിമുഖികൾ
തിരിഞ്ഞുനിന്നെന്തെല്ലാമോ മൊഴിയുന്നു.

കൂനിന്റെ ഭാരത്താൽ വരും വർഷങ്ങൾ
ജീവിതപ്പടവുകളെന്നത്
ഓർമ്മയിൽ നിന്നും മായുന്നു

പലതുണ്ട് കണ്ണുകൾ മുന്നിൽ കാട്ടിത്തരുന്നു,
നേടുവാനൊന്നുമില്ലെന്നോർക്കുമ്പോൾ
കൂനായി മാറി നിരാശയും…



അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. സഹപാഠികളാൽ നിറഞ്ഞൊരു
    ചവറ്റു കൊട്ടയ്ക്ക് ചാരെ
    സ്ഥാനം.

    nannayi….

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here