മനുഷ്യരല്ല ശത്രുക്കൾ

 

കണ്ണിമചിമ്മാതെ കാഞ്ചി വലിക്കാൻ തുനിഞ്ഞാരെൻകൈയ്യിലേക്കവളൊരു പനിനീർപൂ നീട്ടി

ശാന്തസമുദ്രഗർത്തങ്ങളായവളുടെ കൃഷ്ണമണികൾ ;
തന്നാർദ്രതയിലെൻ്റെ കൈകൾ വിറച്ചു

മണൽക്കാറ്റിലിളകി മാറിയവളുടെ കീറ വസ്ത്രങ്ങൾക്കുള്ളിൽ,
വെടി മുദ്ര പതിഞ്ഞ
മാറുകണ്ടു

മുലകളിൽ പറ്റിയ മണൽ തരികളെ പൂവിതളുകളാൽ തുടച്ചു കൊണ്ടവൾ മൊഴിഞ്ഞു

“ഓർക്കുന്നുവോ നിങ്ങളിതു
യെന്നെ ലക്ഷ്യമാക്കി തന്നതോ;
അതോവുന്നം പിഴച്ചതായ്
വന്നതോ?

നന്ദിയേറെയെനിക്കു നിങ്ങളൊടതൻ്റെ കുഞ്ഞിനേയുമമ്മയേയും.,
ബാക്കിയാക്കിയനാഥരാക്കി!”

ഒന്നും പറയുവാനാകാതെ തൊണ്ട വരണ്ടു നിന്നെൻ്റെ
വായിലേക്കവളൊരു ചെറുകുപ്പിയിൽ വെള്ളം പകർന്നു തന്നു

അതിലൊരു പാൽമണം രുചിച്ചഞാനവളെ ദൈന്യമായ് നോക്കി

“അവളെയുറക്കാനൊരു ഗ്ലാസു പാലിനായ് ടെൻ്റിനു വെളിയിലേക്കിറങ്ങി

എൻ്റെ മുലകൾ ചിതറി തെറിച്ചെന്നു തോന്നി ഞാനാ മണ്ണിൽ മുഖമടിച്ചു വീണു മൃതിയായ്”

അവളുടെ വാക്കു കേട്ടു തളർന്നു ഞാനിരുന്നു
കൈയ്യിലെ വാച്ചു തുറന്നമ്മയെ നോക്കി വിതുമ്പിയവളോടു പറഞ്ഞു

“നിങ്ങളുടെയാളുകളാൽ കൊല്ലപ്പെട്ടെതെന്നമ്മയും
ഞാനുമൊരാനാഥൻ സോദരീ”

അവളെൻ്റെ നെറുകയിൽ
ചുംബിച്ചു ചോദിച്ചു

“ഒരു ജീവനൊരു ജീവൻ പകരമെങ്കിൽ ഞാനൊരായിരം പിറവിയെടുക്കാം
മതിവരുവോളം വെടിയുതിർക്കാം
ഒന്നുമറിയാ മനുഷ്യരെ വെറുതെവിടാം”

ഞാനവളുടെ മാറിൽ വീണു കരഞ്ഞു
അവളുടെ മുലഞ്ഞെട്ടെൻ്റെ
കവിളുകളെ പൊള്ളിച്ചു

ഒന്നു മുരിയാടാതെ തിരിഞ്ഞു നോക്കാതെ ഞാൻ വേഗം നടന്നു നീങ്ങി
പൊടിക്കാറ്റിലെൻ്റെ കണ്ണുനീറി

അമ്മയുടെ മൃതദേഹം കെട്ടി പുണർന്നു കരയുന്നൊരെൻ മാഗസിൻചിത്രമെത്രയാവർത്തിച്ചു കണ്ടിരിക്കുന്നു ഞാൻ

ക്യാമ്പിലെ ഭക്ഷണമില്ലാ ദിനങ്ങളിൽ

മലകൾക്കപ്പുറമൊരു ട്രക്കെന്നെയും കാത്തു കിടപ്പൂ

അസ്തമയ ചുവപ്പു പാകിയ വഴികളെനിക്കു
രക്തവർണ്ണമായിരുന്നു

വാച്ചുതുറന്നമ്മയെ ഒന്നു കൂടി നോക്കി
കൺമുന്നിൽ മനുഷ്യരില്ല
ശത്രുക്കൾ
മനുഷ്യരില്ല ശത്രുക്കളെന്നുരുവിട്ടു ഞാൻ നടന്നു….

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here