ഹൃദയമേ നീ ഇന്നു പൊട്ടിക്കരയുക
നഷ്ടമായുള്ളൊരാ പ്രണയത്തിനായ്
ഇടനെഞ്ഞു പൊട്ടി കരഞ്ഞുകൊണ്ടിന്നിതാ
നിൽക്കുന്നു ഞാൻ നിൻ മുന്നിലായി
മഞ്ഞിൻ തണുപ്പുള്ള മരണപുതപ്പിൽ
മിഴിപൂട്ടി മിണ്ടാതെ നീ കിടപ്പൂ
അറിയുന്നു ഞാനിന്നു അറിയാതെ പോയൊരാ
അലിവാർന്ന ഹൃത്തിൻ ആശകളൊക്കെയും
കാണാതെ പോയി നിൻ മിഴിയിലെ പ്രണയം
കേൾക്കാതെ പോയി നിൻ ഹൃത്തിൻ തുടിപ്പുകൾ
മിഴികൾ തുറക്കു നീ ഇനിയൊന്നു നോക്കു നീ
മിഴികൾ നിറഞ്ഞിതാ നിൻ മുന്നിൽ നിൽക്കുന്നു
ഒരു നോക്കു കാണുവാൻ ഒരു വാക്കു കേൾക്കുവാൻ
ഒരുമിച്ചു നിന്നോടൊത്തൊന്നിരിക്കുവാൻ
കയ്യെത്തും ദൂരത്ത് നീ നിന്ന നേരം
കയ്യൊന്നു നീട്ടാൻ ഞാൻ മടിച്ചു
ഇന്നു ഞാൻ നീട്ടും കൈ പിടിച്ചീടുവാൻ
നീ ഇല്ല നിൻ നിഴൽ പോലുമില്ല
എത്താൻ കഴിയാത്ത ലോകത്തിലേക്കിന്നു
എന്നെ തനിച്ചാക്കി നീ യാത്രയായ്
ഇനിയെത്ര ജന്മമെടുത്താലും തോഴി
നീ തന്നെ വേണം തുണയായി
കാത്തിരിക്കാം ഞാൻ ജന്മങ്ങളോളം
നീ കൈവന്നു ചേരും നിമിഷത്തിനായ്
കാത്തിരിക്കാം ഞാൻ ജന്മങ്ങളോളം
നിനക്കായ് തോഴി നിനക്കായ് മാത്രം