‘ഹൃദയ’പൂർവം ചില തിരുത്തുകൾ

heartമനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമേത് എന്നു ചോദിച്ചാൽ ഭൂരിപക്ഷം പേരും ‘ഹൃദയം’ എന്നായിരിയ്ക്കും പറയുക. ജീവശാസ്ത്രപരമായി കരളും മസ്തിഷ്‌കവും ഹൃദയത്തേക്കാൾ താഴ്‌ന്നവയാണെന്നു പറയുക ബുദ്ധിമുട്ടാണെങ്കിലും, മനുഷ്യബന്ധങ്ങളെപ്പറ്റി പറയുന്നിടത്ത്, പ്രത്യേകിച്ച് സാഹിത്യത്തിൽ, ഹൃദയത്തിനുള്ള സ്ഥാനം മറ്റൊരവയവത്തിനുമില്ല. ചങ്കിൽ കൈ വെച്ചുകൊണ്ടു പറയുക, ചങ്കിൽ കുത്തുക, ചങ്കുപൊട്ടി കരയുക എന്നിങ്ങനെ എഴുത്തിലുള്ള വികാരപ്രകാശനങ്ങളിൽ ഹൃദയത്തിനോളം സ്ഥാനം കരളിനോ മസ്തി‌ഷ്‌കത്തിനോ ഇല്ല.

അങ്ങനെ കൈ കഴുകി തൊടേണ്ട ‘ഹൃദയ’ത്തിനു പകരം ‘ഹ്രുദയം’ എന്ന് ആവർത്തിച്ചുപയോഗിച്ചിരിയ്ക്കുന്നത്, പ്രവാസിരചനകൾക്കു മുൻഗണന നൽകുന്ന ചില മലയാളം ബ്ലോഗ്സൈറ്റുകളിൽ ഇയ്യിടെ വന്നൊരു ബ്ലോഗിൽ കാണാനിടയായി. ഭാവി ബ്ലോഗുകളിലെങ്കിലും ‘ഹൃദയം’ ‘ഹ്രുദയ’മായിപ്പോകാതിരിയ്ക്കാൻ സഹായിയ്ക്കണമെന്നു തോന്നിയതിൻ ഫലമാണീ ലേഖനം.

ഹൃദയശസ്ത്രക്രിയയെപ്പോലെ ‘ഹൃദയം’ എന്ന പദത്തിന്റെ ഓൺലൈനെഴുത്തും മുമ്പ് എളുപ്പമായിരുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ യൂണിക്കോഡ് ഫോണ്ടുകളുപയോഗിച്ചുള്ള മലയാളം ട്രാൻസ്ലിറ്ററേഷൻ അനായാസമായിത്തീർന്നിട്ടുണ്ട്. കീബോർഡിലെ ഇരുപത്താറു കീകളും ഷിഫ്റ്റുമുൾപ്പെടെ, ആകെ 27 കീകൾ കൊണ്ട് എഴുതാനാകാത്ത അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും മലയാളത്തിലുള്ള 460 ലിപികളിൽ ഇന്നില്ല എന്നു തന്നെ പറയാം.

മലയാളം ട്രാൻസ്ലിറ്ററേഷന് വ്യത്യസ്ത സോഫ്റ്റ്‌വെയറുകളുപയോഗിയ്ക്കപ്പെടുന്നുണ്ട്. വ്യത്യസ്ത സോഫ്റ്റ്‌വെയറുകളിൽ വ്യത്യസ്തരീതികളുപയോഗിച്ച് (വ്യത്യസ്ത കീകളുപയോഗിച്ച്) ആയിരിയ്ക്കാം, ‘ഹൃ’ എഴുതുന്നത്. ഈ ലേഖകനുപയോഗിയ്ക്കുന്ന ഇൻകി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ‘ഹൃ’ എഴുതാനുള്ള കീ സ്‌ട്രോക്കുകളിവയാണ്: ആദ്യം ഇംഗ്ലീഷക്ഷരം ‘എച്ച്’ അടിയ്ക്കുക. ഷിഫ്റ്റ് അമർത്തിപ്പിടിച്ചുകൊണ്ട് ഇംഗ്ലീഷക്ഷരം ആർ അടിയ്ക്കുക: ‘ഹൃ’ വന്നു കഴിഞ്ഞിരിയ്ക്കും. ലളിതം! ഒരു വ്യഞ്ജനത്തോട് ഋ എന്ന സ്വരം ചേർക്കാൻ ഷിഫ്റ്റ് ആർ അടിയ്ക്കണമെന്നു ചുരുക്കം. ഋ ചേർത്ത മറ്റു ചില അക്ഷരങ്ങളുടെ കീ സ്‌ട്രോക്കുകൾ താഴെ കൊടുക്കുന്നു:

കൃ = k shift r

ജൃ = j shift r

തൃ = th shift r

ദൃ = d shift r

ധൃ = dh shift r

നൃ = n shift r

പൃ = p shift r

ഭൃ = bh shift r

മൃ = m shift r

വൃ = v shift r

ശൃ = S shift r

സൃ = s shift r

മുകളിൽ കൊടുത്തിരിയ്ക്കുന്ന കീ സ്‌ട്രോക്കുകൾ മറ്റു സോഫ്റ്റ്‌വെയറുകളിൽ പ്രവർത്തിച്ചെന്നു വരില്ല. വ്യഞ്ജനങ്ങളോട് ഋ എന്ന സ്വരം ചേർക്കാൻ ഇംഗ്ലീഷക്ഷരം ആറിനോടൊപ്പം ^ എന്ന ചിഹ്നം ഉപയോഗിയ്ക്കുന്ന സോഫ്റ്റ്‌വെയറുണ്ടെന്നും മനസ്സിലായിട്ടുണ്ട്.

വ്യഞ്ജനത്തോട് ഋ ചേർക്കുന്നത് ഇന്നു ദുഷ്‌കരമല്ലെങ്കിലും, തിരക്കിട്ടെഴുതുമ്പോൾ ഋ ചേർക്കേണ്ടിടത്തു റകാരം ചേർത്തുപോകാറുണ്ട്. ഈയബദ്ധം ഒന്നോ രണ്ടോ ഇടങ്ങളിൽ മാത്രമായൊതുങ്ങിയാൽ സാരമില്ല. പക്ഷേ, ഒരേ ബ്ലോഗിൽത്തന്നെ ‘ഹ്രുദയം’ ആവർത്തിച്ചു വരികയും, അതിനു പുറമേ മറ്റനവധി വൈകല്യങ്ങളുമുണ്ടാകുകയും ചെയ്യുമ്പോൾ ബ്ലോഗിന്റേയും ബ്ലോഗ്സൈറ്റിന്റേയും, എല്ലാറ്റിനുമുപരി, ഭാഷയുടെ തന്നെയും മഹിമ നഷ്ടപ്പെടുന്നു. മുകളിൽ പരാമർശിച്ച ബ്ലോഗിൽ കണ്ട വൈകല്യങ്ങളും അവയുടെ ശരിരൂപങ്ങളും ചെറു വിശദീകരണങ്ങളോടൊപ്പം താഴെ കൊടുക്കുന്നു; ബ്ലോഗുകളിലെ മലയാളഭാഷയുടെ ശുദ്ധിയും അഴകും കഴിയുന്നത്ര വർദ്ധിപ്പിയ്ക്കാൻ സഹായിയ്ക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം; അച്ചടിമാദ്ധ്യമത്തിൽ നിന്നു വായനക്കാരെ ബ്ലോഗ്സൈറ്റുകളിലേയ്ക്ക് ആകർഷിയ്ക്കാൻ ഇതാവശ്യമാണ്:

ഹ്രുദയാഭിലാഷം – ഹൃദയാഭിലാഷം

ഹ്രുദയപൂർവ്വം – ഹൃദയപൂർവം

ഹ്രുദയത്തിൽ – ഹൃദയത്തിൽ

ഹ്രുദയത്തിലെ – ഹൃദയത്തിലെ

യുവഹ്രുദയങ്ങളിൽ – യുവഹൃദയങ്ങളിൽ

ഹ്രുദ്യമായ – ഹൃദ്യമായ

ഗ്രഹാതുരമായി – ഗൃഹാതുരമായി

ഗ്രഹാതുരത്വത്തിന്റെ – ഗൃഹാതുരത്വത്തിന്റെ

ഹ്രുസ്വവിവരണങ്ങളും – ഹ്രസ്വവിവരണങ്ങളും (ഇവിടെ ഹ്ര ശരി തന്നെ.)

ഹ്രുസ്വസർഗ്ഗങ്ങളിലൂടെ – ഹ്രസ്വസർഗങ്ങളിലൂടെ

സ്രുഷ്ടികൾ – സൃഷ്ടികൾ

സ്രുഷ്ടിച്ച – സൃഷ്ടിച്ച

കാലനുസ്രുതമായ – കാലാനുസൃതമായ

ആക്രുഷ്ടരായി – ആകൃഷ്ടരായി

സംത്രുപ്തരാകുന്നു – സംതൃപ്തരാകുന്നു

‘ഹൃദയ’വൈകല്യമാണ് ഈ ലേഖനമെഴുതാൻ പ്രേരിപ്പിച്ചതെങ്കിലും, മറ്റു ചില വൈകല്യങ്ങൾ കൂടി മുമ്പു പരാമർശിച്ച ബ്ലോഗിൽ കണ്ടതുകൊണ്ട്, അവ കൂടി തിരുത്തിക്കാണിയ്ക്കാൻ ഈയവസരം വിനിയോഗിയ്ക്കുന്നു. ഏകദേശം പത്തു വാക്കുകളിൽ ‘ച്ച’ എന്ന കൂട്ടക്ഷരത്തിനു പകരം ‘ല്ല’ എന്നുപയോഗിച്ചു പോയിട്ടുണ്ട്. അവയുടെ ശരിരൂപങ്ങൾ താഴെ കൊടുക്കുന്നു:

വളർല്ല – വളർച്ച

വിളില്ലു – വിളിച്ചു

വെളില്ലം – വെളിച്ചം

ഏൽപ്പില്ല – ഏല്പിച്ച, ഏൽപ്പിച്ച

നിർവ്വഹില്ലിരിക്കുന്നു – നിർവഹിച്ചിരിക്കുന്നു

നിർവ്വഹില്ലിരിക്കുന്നത് – നിർവഹിച്ചിരിക്കുന്നത്

ജീവിതത്തെക്കുറില്ലൊക്കെ – ജീവിതത്തെക്കുറിച്ചൊക്കെ

നഗരങ്ങളെക്കുറില്ലുള്ള – നഗരങ്ങളെക്കുറിച്ചുള്ള

കെടുതികളെക്കുറില്ല് – കെടുതികളെക്കുറിച്ച്

ഗതിക്കനുസരില്ലുള്ള – ഗതിക്കനുസരിച്ചുള്ള

ഇരട്ടിപ്പുകൾ വേണ്ടിടങ്ങളിൽ അവയുപയോഗിയ്ക്കാതെ പോയ ഏതാനും സന്ധികളും അവയുടെ ശരിരൂപങ്ങളും താഴെ കൊടുക്കുന്നു:

ഒതുങ്ങി കൂടുന്നു – ഒതുങ്ങിക്കൂടുന്നു

ഏറെകാലം – ഏറെക്കാലം

വാരിതേക്കുകയും – വാരിത്തേക്കുകയും

വാങ്ങി കൂട്ടി – വാങ്ങിക്കൂട്ടി

എഴുതികൊടുക്കാൻ – എഴുതിക്കൊടുക്കാൻ

കോരികൊടുക്കുന്ന – കോരിക്കൊടുക്കുന്ന

മേച്ചിൽ പുറങ്ങൾ – മേച്ചിൽപ്പുറങ്ങൾ

തേടിപോകുന്നു – തേടിപ്പോകുന്നു

താഴെ കൊടുക്കുന്ന ഉദാഹരണങ്ങളിൽ ഇരട്ടിപ്പ് ആവശ്യമില്ലാത്തിടത്ത് അതു കൊടുത്തുപോയിരിയ്ക്കുന്നു:

ആവിഷ്‌ക്കാരത്തിലും – ആവിഷ്‌കാരത്തിലും (ഷകാരത്തോടു ചേരുന്ന കകാരം ഇരട്ടിയ്ക്കേണ്ടതില്ല)

രംഗാവിഷ്‌ക്കാരത്തിന്റെ – രംഗാവിഷ്‌കാരത്തിന്റെ

ചില പദങ്ങൾ ചേരുമ്പോൾ ആദ്യപദത്തിന്റെ അന്ത്യത്തിലുള്ള സ്വരം ദീർഘിയ്ക്കും. അങ്ങനെയല്ലാതെ എഴുതിപ്പോയിരിയ്ക്കുന്ന ചില പദങ്ങളും അവയുടെ ശരിരൂപങ്ങളും താഴെ കൊടുക്കുന്നു:

ആരാധനഭാവത്തോടെ – ആരാധനാഭാവത്തോടെ

സഹോദരി പുത്രനായ – സഹോദരീപുത്രനായ

അതെപോലെ – അതേപോലെ

രചനതന്ത്രങ്ങളെ – രചനാതന്ത്രങ്ങളെ

രണ്ടു പദങ്ങൾ അടുത്തടുത്തു വരുമ്പോൾ അവയിലേതെങ്കിലുമൊന്നിനു മിക്കപ്പോഴും മാറ്റമുണ്ടാകും. ഈ മാറ്റം, രണ്ടാമത്തെ പദത്തിന്റെ തുടക്കം സ്വരത്തിലോ വ്യഞ്ജനത്തിലോ എന്നതിനെ ആശ്രയിച്ചിരിയ്ക്കും. സ്വരത്തിലെങ്കിൽ, ഒന്നാമത്തെ പദത്തിന്റെ അവസാനം ചന്ദ്രക്കല (സംവൃതോകാരം) പ്രയോഗിയ്ക്കണം. ചില ഉദാഹരണങ്ങൾ:

ആചാരങ്ങളാണു എല്ലാറ്റിനും

ഇവിടെ രണ്ടാമത്തെ വാക്കായ എല്ലാറ്റിനും എന്ന വാക്കിന്റെ തുടക്കത്തിലുള്ളത് എ; ഒരു സ്വരമാണ് എ. അതുകൊണ്ട്, ഒന്നാമത്തെ വാക്ക് ചന്ദ്രക്കലയിൽ അവസാനിയ്ക്കണം:

ആചാരങ്ങളാണ് എല്ലാറ്റിനും.

അതുപോലുള്ള മറ്റു ചിലത്:

സാഹിത്യരൂപത്തിനു ഇപ്പോൾ – സാഹിത്യരൂപത്തിന് ഇപ്പോൾ, സാഹിത്യരൂപത്തിനിപ്പോൾ

സംസ്കാരമാണു അദ്ദേഹത്തിന്റെ – സംസ്കാരമാണ് അദ്ദേഹത്തിന്റെ

പ്രവാസത്തിനു ഒരു – പ്രവാസത്തിന് ഒരു, പ്രവാസത്തിനൊരു

വിവേചനത്തിനു ഇരകളാകുന്നെങ്കിലും – വിവേചനത്തിന് ഇരകളാകുന്നെങ്കിലും

അലിയിക്കയാണു അല്ലാതെ – അലിയിക്കയാണ്, അല്ലാതെ (ഇവിടെ ചെറിയൊരു നിറുത്തുള്ളതിനാൽ കോമ വേണം)

അടുത്തടുത്തു വരുന്ന രണ്ടു പദങ്ങളിൽ രണ്ടാമത്തേതു തുടങ്ങുന്നതു വ്യഞ്ജനത്തിലാണെങ്കിൽ ഒന്നാമത്തെ പദം ഉകാരത്തിലവസാനിയ്ക്കണം:

വിലങ്ങ്തടിയായി – വിലങ്ങുതടിയായി

തിരിഞ്ഞ്നോക്കുന്നു – തിരിഞ്ഞുനോക്കുന്നു

കാരണം വിശദീകരിയ്ക്കുന്ന വാക്യത്തിൽ, കാരണത്തെ തുടർന്ന് അല്പവിരാമം (കോമ) വേണം:

കാരണം. ഇത്തരം… – കാരണം, ഇത്തരം…

സമാനപദങ്ങളെ ഉം ചേർത്തെഴുതുമ്പോൾ അവയിക്കിടയിൽ കോമ വേണ്ട താനും:

സംസ്കാരവും, വിശേഷങ്ങളും – സംസ്കാരവും വിശേഷങ്ങളും

അകാരത്തിലവസാനിയ്ക്കുന്ന വാക്കിനെത്തുടർന്ന് ഇരട്ട കകാരം വരുമ്പോൾ യകാരം ചേർക്കണം:

ഒറ്റക്ക് – ഒറ്റയ്ക്ക്

ബ്ലോഗിൽ എഴുതിക്കണ്ട മറ്റു ചില പ്രയോഗങ്ങളുടെ അല്പം കൂടി നല്ല രൂപങ്ങൾ താഴെ കൊടുക്കുന്നു:

നമുക്ക് കുടിയേറിയ രാജ്യം അവകാശപ്പെട്ടിട്ടും – നാം കുടിയേറിയ രാജ്യം നമുക്കവകാശപ്പെട്ടിട്ടും, കുടിയേറിയ രാജ്യം നമുക്കവകാശപ്പെട്ടിട്ടും

നിഘണ്ടുവിൽ നിന്നും – നിഘണ്ടുവിൽ നിന്ന്

യാത്രകളിൽ നിന്നും – യാത്രകളിൽ നിന്ന്

സഹതാപസ്ഥിതിയിൽ മനമലിഞ്ഞ് – പരിതാപസ്ഥിതിയിൽ, ദയനീയസ്ഥിതിയിൽ

മെൽടിങ്ങ്പോട്ടിനും – മെൽറ്റിംഗ് പോട്ടിനും

ഹൂസ്റ്റൻ – ഹ്യൂസ്റ്റൻ

സുരക്ഷിതാബോധവും – സുരക്ഷാബോധവും, സുരക്ഷിതത്വബോധവും

ഒരു വാക്യത്തിലെ പദങ്ങളുടെ പ്രാധാന്യം വ്യത്യസ്തമായിരിയ്ക്കും. പ്രാധാന്യം കുറഞ്ഞ വാക്കുകൾ കഴിവതും പ്രധാനപ്പെട്ട പദങ്ങളുമായോ പരസ്പരമോ ചേർത്തെഴുതുന്നതു നന്ന്:

എന്ന ഒരു – എന്നൊരു

മേലെ ഒരു – മേലൊരു

ചുറ്റിലും ഉള്ള – ചുറ്റിലുമുള്ള

ർ എന്ന ചില്ലിനു ശേഷം ക, ച, ട, ത, പ, ന എന്നിവയൊഴികെ മറ്റക്ഷരങ്ങൾ ഇരട്ടിയ്ക്കേണ്ടതില്ല:

വിവാഹപൂർവ്വദിനങ്ങളിൽ – വിവാഹപൂർവദിനങ്ങളിൽ

സർഗ്ഗങ്ങളിലൂടെ – സർഗങ്ങളിലൂടെ

ഘടകപദങ്ങൾ സമാസിച്ചുണ്ടാകുന്ന സമസ്തപദം ചേർത്തെഴുതണം:

ജാതി വ്യവസ്ഥയുടെ – ജാതിവ്യവസ്ഥയുടെ

സമാസിക്കാത്ത പദങ്ങൾ ചേർക്കാതെഴുതണം:

പുതിയലോകം – പുതിയ ലോകം

യാത്രയുഗങ്ങളായി – യാത്ര യുഗങ്ങളായി

പുരോഗതിതേടിയുള്ള – പുരോഗതി തേടിയുള്ള

അതിനെസ്വന്തമാക്കാൻ – അതിനെ സ്വന്തമാക്കാൻ

വിവാഹത്തിനുമുമ്പുള്ള – വിവാഹത്തിനു മുമ്പുള്ള

പുതിയതലമുറ – പുതിയ തലമുറ

മറ്റു ചില തിരുത്തുകൾ

നേഴുമാരെ – നേഴ്‌സുമാരെ

സ്‌ര്‌തീകളുടെ – സ്ത്രീകളുടെ

വിസേഷദിവസങ്ങൾ – വിശേഷദിവസങ്ങൾ

വിശുദ്ധിപ്പോലെ – വിശുദ്ധി പോലെ

പലുതരാനും – പാലു തരാനും

കുടുമ്പം – കുടുംബം

മലയാളി കുടുമ്പം – മലയാളികുടുംബം

കൂട്ടുകുടുമ്പങ്ങളുടെ – കൂട്ടുകുടുംബങ്ങളുടെ

കാണൂക – കാണുക

ചൂഷണങ്ങൽ – ചൂഷണങ്ങൾ

പാശ്ചാത്തലത്തിൽ – പശ്ചാത്തലത്തിൽ

യാഥസ്ഥിതത്തോടെ – യഥാതഥമായി, യാഥാർത്ഥ്യബോധത്തോടെ

ആശയ വില്ലേഷണം – ആശയപ്രകാശനം (ആശയവിശ്ലേഷണം എന്നുമാകാം, പക്ഷേ, അർത്ഥം വ്യത്യസ്തമാകും.)

അത്മറ്റു സംസ്കാരങ്ങളെ – അത് മറ്റു സംസ്കാരങ്ങളെ

ഭരിക്കുന്നത്തങ്ങളാണോ – ഭരിക്കുന്നത് തങ്ങളാണോ

നല്ലത്തന്നെ – നല്ലത് തന്നെ

കുടിയേറ്റക്കരുടേതായ – കുടിയേറ്റക്കാരുടേതായ

മധ്യതിരുവതാംക്കൂറിന്റെ – മധ്യതിരുവിതാംകൂറിന്റെ

നിഷക്കളങ്കരായ – നിഷ്‌കളങ്കരായ

ബ്രഡ് – ബ്രെഡ്

അതിഥികളുടെ മുമ്പാകെ ആദരപൂർവം വിളമ്പുന്ന ഭക്ഷണത്തിൽ കല്ലുണ്ടാകരുത്. അതിഥികൾക്കു വിളമ്പുന്ന ഭക്ഷണത്തിനു തുല്യമാണു ബ്ലോഗർ പൊതുജനസമക്ഷം അവതരിപ്പിയ്ക്കുന്ന ബ്ലോഗ്. വൈകല്യങ്ങൾ കഴിവതും ഒഴിവാക്കി, ശ്രദ്ധയോടെ വേണം അതവതരിപ്പിയ്ക്കാൻ. തെറ്റു പറ്റാത്തവരില്ലെന്നതു ശരി തന്നെ. പക്ഷേ, തെറ്റുകളധികമായാലോ, അതു വായനക്കാരോടുള്ള അനാദരവാകും.

മലയാളം ബ്ലോഗെഴുത്ത് ഏകദേശം ഒരു ദശാബ്ദം തികയ്ക്കാറായിട്ടും, ബ്ലോഗുകളിൽ ഇത്തരത്തിൽ നിരവധി തെറ്റുകളുണ്ടാകുന്നത് ഒഴിവാക്കേണ്ടിയിരിയ്ക്കുന്നു. മലയാളം ബ്ലോഗെഴുത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന കുറേയേറെ തെറ്റുകൾക്കു കാരണം സാങ്കേതികവിദ്യയുടെ ന്യൂനതയായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങൾകൊണ്ടു സാങ്കേതികവിദ്യ സ്വന്തം തെറ്റുകൾ തിരുത്തി, വികാസം പ്രാപിച്ചിട്ടുണ്ട്; നാം, ബ്ലോഗർമാരാണ് ഇനി സ്വയം തിരുത്തേണ്ടത്.

ഗഹനമായ ആശയങ്ങളുൾക്കൊള്ളുന്ന രചനകൾ സൃഷ്ടിയ്ക്കാനുള്ള ചിന്താശക്തി സാധാരണക്കാരായ നമുക്കില്ല. പക്ഷേ, തെറ്റുകളില്ലാത്ത മലയാളമെഴുതാൻ നമുക്കാവും. അതിന് പതിവായുള്ള പത്രവായനയേ വേണ്ടൂ. തെറ്റുകളൊഴിവാക്കി, ബ്ലോഗുകളുടെ ഗുണനിലവാരമുയർത്താൻ ബ്ലോഗർമാർ ശ്രദ്ധിച്ചെങ്കിൽ മാത്രമേ, മലയാളം ബ്ലോഗ്സൈറ്റുകൾക്കും ബ്ലോഗർമാർക്കും വളരാനാകൂ. കല്ലുകളുള്ള ഭക്ഷണം സൗജന്യമായാൽത്തന്നെയും, അതു ഭുജിയ്ക്കാൻ ആരാണു വരിക!

sunilmssunilms@rediffmail.com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English