ഇവിടെ കടം കൊണ്ട സ്വപ്നങ്ങളും
പിന്നെ, സ്മൃതിയിലായ് മറയുന്ന മനുഷ്യത്വവും
മറപറ്റി മറവിതന്‍ ചിതല്‍ കൂടു പണിയുന്ന,
ചരിതമാണോമലേ ഹൃദയമെന്നും…
പാടും പുഴവക്കിലൊരാനന്ദ കേളിയായ്
ഉണര്‍ത്തുന്നു പുതിയതാം മര്‍മ്മരങ്ങള്‍,
ഓളങ്ങളൊരുമിച്ചു ചേര്‍ന്നാ,ത്തിര പോലെ
എന്നെയും കൊണ്ടുപോമാഴങ്ങളില്‍.
വിശ്രുത രാഗമാണോമലേ നിന്‍ പദം
സത്യമായെന്‍ മനം കൊതിച്ചിരുന്നു.
ഇനിയൊരു പുഴയുടെ ലളിതമാ,മലകളില്‍
കാണുമോ പ്രണയത്തി,നിലയനക്കം…
നീളും കടല്‍ പോലെ,യാഴങ്ങളില്‍
മുള പൊട്ടും കതിരിന്നു നോവറിഞ്ഞു.
മാറുന്ന നവയുഗ മാറ്റത്തിന്‍ ധ്വനികളില്‍
ആ നെല്‍ക്കതിരും പകച്ചു നിന്നു.
തന്നിളം കതിരൊന്നു,ക്കൊത്തിപ്പെറുക്കുവാ-
നില്ലയോ പച്ച,പനന്തത്തയും
ചുണ്ടില്‍ കൊരുത്തൊരാ മധുരമനോഹര,
ഗാനങ്ങളൊരുവേള കേട്ടില്ല ഞാന്‍…
കേള്‍ക്കുന്നു ഭൂമി തുരന്നു കൊണ്ടാരോ,
തേടുന്ന മുജ്ജന്മ കല്ലുകളും.
മഴയില്ല മാനത്ത്, രതി കേളിയാടുന്ന
ഇടവത്തില്‍ പെയ്ത്തും വഴിമറന്നു.
പൊള്ളുന്ന വെയിലിലും മരിക്കുന്ന ഭൂമിയെ
പിളര്‍ക്കുന്ന കോടാലി, യുണ്ടിവിടെ…
കാണുന്നു, പുഴകളും മലകളും നാടും
പ്രകൃതിതന്‍ സുന്ദര സൃഷ്ടികളും.
മറയുന്നു കാലമാം വികൃതി കുടങ്ങളില്‍
ഒരു തുള്ളിയില്ല ദാഹജലം;
ഇനിയൊരു പ്രണയത്തിന്‍ തപ്തനിശ്വാസങ്ങള്‍
എവിടെ കടം കൊള്ളു മാതിരേ നീ…?
മഞ്ഞും മഴയും വസന്തവും വേനലും
ശ്രുതി തെറ്റിയെങ്ങോ കടന്നു പോയി,
മറവിതന്‍ മാറാല മൂടിയ മനസ്സിന്റെ
മാറാത്ത ഭാരമുറഞ്ഞിടുമ്പോള്‍
ഇവിടെ തപം കൊള്ളുമാര്‍ദ്ര മോഹങ്ങളും
പതിരടര്‍ന്നഴുകുന്ന കതിര്‍ കുലയും,
ഒരു പ്രേമ സിന്ദൂരരേഖ പോലൊരു ദു:ഖ_
സായാഹ്ന മൊഴുകുന്നു വിശ്വമാകെ…